•  


    വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ നരേന്ദ്ര മോദി; നട്ടം തിരിഞ്ഞ് ജനങ്ങള്‍..!

     

    വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ നരേന്ദ്ര മോദി

    നട്ടം തിരിഞ്ഞ് ജനങ്ങള്‍

    കോവിഡ് 19 ഉം രണ്ട് ദീര്‍ഘമായ ലോക്ക് ഡൗണുകളും സൃഷ്ടിച്ച ശക്തമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ ഉഴലുകയാണ്. അപ്പോഴും കാരുണ്യമില്ലാത്ത സാമ്പത്തിക നയങ്ങളുമായി വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ കഴിയുകയാണ് നരേന്ദ്രമോദി. പെട്രോള്‍ വില പലയിടത്തും നൂറ് രൂപ കടന്നു. 


    ഇന്ധനവിലയുടെ ഈ കുതിച്ചുകയറ്റം രാജ്യത്ത് സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കും എന്ന് അറിയാത്തതല്ല മോദിക്ക്. അതുകൂടാതെയാണ് എല്‍പിജി ഗ്യാസിന്‍റെ വന്‍ വിലക്കയറ്റം. സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നല്‍കും എന്ന് പ്രഖ്യാപിച്ച് എല്ലാ വീട്ടമ്മമാരെ കൊണ്ടും അക്കൗണ്ട് എടുപ്പിച്ച മോദി ഒടുവില്‍ ജനത്തെ വിഡ്ഢികളാക്കി. ഇപ്പോള്‍ ഗ്യാസ് സബ്സിഡി നിര്‍ത്തലാക്കിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഒരു കുറ്റി ഗ്യാസിന്‍റെ വില 1000 രൂപയോട് അടുത്തു.


     നോട്ട് നിരോധനം, ജിഎസ്ടി എന്നീ രണ്ട് വമ്പന്‍ മണ്ടന്‍ പ്രഖ്യാപനങ്ങള്‍ സ്വസ്ഥമായി ജീവിച്ചു വന്ന ഇന്ത്യന്‍ ജനതയുടെ നടുവൊടിച്ചതിന്‍റെ പിന്നാലെയാണ് കോവിഡും ലോക്ക് ഡൗണും കടന്നു വരുന്നത്. അതോടെ ഇടി വെട്ടിയവന്‍റെ തലയില്‍ പാമ്പു കടിച്ചതുപോലെയായി. 

    മേക്കപ്പിലും ഡ്രെസ് കോഡിങ്ങിലും മാത്രം ശ്രദ്ധിക്കുന്ന ഒരു പ്രധാന മന്ത്രി ഇന്ത്യന്‍ ജനതയുടെ കഞ്ഞിയില്‍ മണ്ണു വാരിയിട്ടു എന്ന് പറയുന്നതാകും ശരി. തെറ്റായ ബുദ്ധി കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഒരു നേതാവിന്‍റെ ഗതികേടാണ് അത്. 

    കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് വിലയില്ലാതെ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്ന ഇന്ത്യയില്‍ മോഡി കൊണ്ടു വന്ന ഒരു പരിഷ്കാരമായിരുന്നു 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു കൊടുക്കുന്നു എന്ന പ്രഖ്യാപനം. കര്‍ഷകരായിരുന്നോ അതിന്‍റെ ഉപഭോക്താക്കള്‍. ഒരു ചോടി പോലും വയ്ക്കാത്തവനൊക്കെ ക്യൂ നിന്ന് 6000 വാങ്ങി പുട്ടടിച്ചപ്പോള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ വായ് പൊളിച്ചു നില്‍ക്കുകയായിരുന്നു. ആ തുക യഥാര്‍ത്ഥ കര്‍ഷകനല്ലേ കൊടുക്കേണ്ടിയിരുന്നത്.

    ഭക്ഷ്യസുരക്ഷയുടെ പേരില്‍ കാര്‍ഡുകള്‍ക്ക് നിറമുണ്ടാക്കി മഞ്ഞ, ചുവപ്പ് കാര്‍ഡുകാര്‍ക്ക് വാരിക്കോരി കൊടുക്കുമ്പോഴും വെള്ളയും നീലയും കാര്‍ഡുകളുടെ ഉടമകള്‍ മാസം ഒരു കിലോ അരികൊണ്ടും അരക്കിലോ അരികൊണ്ടും തൃപ്തിപ്പടേണ്ടി വന്നു. ഈ കാര്‍ഡുകളുടെ വിഭജനം അതാത് സംസ്ഥാനങ്ങളിലെ പാര്‍ട്ടിക്കാരുടെ കാര്യം മാത്രമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. നിരവധി ദരിദ്രര്‍ വെള്ളക്കാര്‍ഡും കൊണ്ട് നടന്ന് ഒരു കിലോ അരി വാങ്ങി തൃപ്തിയടയുന്നു. 

    അതേ സമയം പണമുള്ളവര്‍ ബിപിഎല്‍ കാര്‍ഡുകള്‍ കൈവശം വച്ച് ക്വിന്‍റല്‍ കണക്കിന് അരി വാങ്ങി മറിച്ചു വിറ്റു പണമുണ്ടാക്കുകയോ കോഴിക്കോ പശുവിനോ കൊടുക്കുകയും ചെയ്യുന്നു. ഈ അഭ്യാസങ്ങള്‍ക്ക് പകരം പൊതുവിപണിയില്‍ ഭക്ഷ്യസുരക്ഷ ഉണ്ടാക്കാകുയല്ലേ വേണ്ടത്. പലതരം കാര്‍ഡുകള്‍ സൃഷ്ടിച്ച് സൗജന്യങ്ങള്‍ കൊടുത്ത് രാഷ്ട്രീയ സ്വന്തക്കാരുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കുന്ന പ്രത്യേക തരം അജണ്ട കൊണ്ടുവന്നത് മോദിയാണ്. രാജ്യത്ത് തൊഴില്‍ സാഹചര്യങ്ങള്‍ ഇല്ലാതാകുന്നു. ഇടത്തരക്കാര്‍ ജീവിക്കാന്‍ നെട്ടോട്ടമൊടുന്നു. കോര്‍പറേറ്റുകളും രാഷ്ട്രീയ സ്വന്തക്കാരായ ബിപിഎല്ലുകാരും മാത്രം ജീവിച്ചാല്‍ മതി എന്ന അജണ്ട കൊണ്ടുവരുന്നത് രാജ്യത്തെ പട്ടിണിക്കിട്ട് നട്ടം തിരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. ഇന്ത്യയെ സാമ്പത്തിക അരാജകത്വത്തിലേക്ക് ഇങ്ങനെ തള്ളിവിട്ട ഒരു ഭരണം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.


     ലോക്ക്ഡൗണില്‍ നട്ടം തിരിഞ്ഞ ജനതക്ക് ഒരു സാമ്പത്തിക പാക്കേജുകളും കേന്ദ്രം പ്രഖ്യാപിച്ചില്ല. ലോണുകളുടെ മൊറട്ടോറിയത്തിന് ഒരു നടപടിയും ഉണ്ടായില്ല. ജനത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ നിര്‍മലാ സീതാരാമന്‍ ചില പ്രഖ്യാപനങ്ങളുമായി വന്നു. 120 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ 25 ലക്ഷം പേര്‍ക്ക് 25000 രൂപ ലോണ്‍. അത് കൊടുക്കേണ്ടത് ബാങ്കുകള്‍. തിരിച്ചടവും ശേഷിയും ഈടുമില്ലാതെ ഒരു ബാങ്കും ലോണ്‍ കൊടുക്കില്ല എന്നത് ഒരു സത്യമാണ്. മൂന്ന് മാസം തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കുകള്‍ ഈട് വച്ച വസ്തു ജപ്തി ചെയ്യാനുള്ള സര്‍ഫാസി നയമാധികാരവും ഉണ്ടാക്കിക്കൊടുത്തത് മോദിയാണ്. എന്നിട്ട് എന്തിനാണ് ഇത്തരം അഭ്യാസങ്ങള്‍. യഥാര്‍ത്ഥത്തില്‍ ബാങ്കുകളും പെട്രോളിയം കമ്പനികളും ചേര്‍ന്ന് ഇന്ത്യയെ കൊള്ളയടിക്കുകയാണ്. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ എന്ന മോദി ആന്‍ഡ് കമ്പനിയും ചേരുന്നു എന്നു മാത്രം.       


    #കേന്ദ്ര സാമ്പത്തിക നയം

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *