ഒരു കണ്ണുള്ള ദുര്‍ഗാദേവി പ്രതിഷ്ഠ കേരളത്തില്‍
ലോകത്തിലെ ഒറ്റക്കണ്ണ് ഉള്ള ഏക ദേവി പ്രതിഷ്ഠ എവിടെയാണ് എന്ന് അറിയണ്ടേ?
108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ പൂവത്തിശ്ശേരി കാർത്ത്യായനീ ദേവിക്ഷേത്രത്തിലാണ് ഈ പ്രതിഷ്ഠ .
ഏതാണ്ട് 800 കൊല്ലങ്ങൾക്ക് മുമ്പ് ഈ ക്ഷേത്രത്തിൽ ഒരു ബിംബംമാറ്റിവയ്ക്കൽ കലശം ഉണ്ടായിരുന്നു. അന്ന് പുതിയ ബിംബം കൊത്തിയത് ദേവി ഭക്തനായ ഒരു ശിൽപിയാണ്. ശിൽപ്പിക്ക് കാർത്ത്യായനി എന്ന ഒരു മകളും ഉണ്ട്. വിഗ്രഹത്തിന്റെ പണികൾ മിക്കവാറും പൂർത്തിയായി വരുകയായിരുന്നു. പണി തീർത്തു കൊടുക്കുവാൻ ഊരാളൻമാർ തിരക്ക് കൂട്ടി തുടങ്ങി.
പ്രതിഷ്ഠാദിനത്തിന് രാവിലെ മുതൽ ആ ശില്പി വിശ്രമമില്ലാതെ പണി തുടർന്ന് കൊണ്ടിരുന്നു. വലത്തേ കണ്ണിന്റെ പണി കഴിഞ്ഞു. ഇടത്തെ കണ്ണ് കീറുന്നതിന് തുനിയുമ്പോൾ ഉളിയുടെ മുന ഒടിഞ്ഞ് പോയി. ഉടനെ അടുത്ത ഉളി കൊണ്ടു വന്ന് പണി തുടങ്ങുന്നതിന് മുമ്പ് വളരെ ദാഹം തോന്നുകയും വെള്ളം കൊണ്ടു വരുന്നതിനായി തന്റെ മകളെ അയാൾ ഉറക്കെ വിളിച്ചു. രണ്ട് തവണ വിളിച്ചിട്ടും വിളി കേൾക്കാതെ വന്നപ്പോൾ കോപവും ദാഹവും കൊണ്ട് വിവശനായ ശിൽപി വീണ്ടും ഉറക്കെ 'കാർത്ത്യായനീ' എന്നയാൾ വിളിക്കുകയും അപ്പോൾ കൊത്തിയ ബിംബത്തിന്റെ അന്തർഭാഗത്തു നിന്ന് 'എന്താ' എന്ന് ഗംഭീര ശബ്ദത്തോടെ വിളികേൾക്കുകയും ഒരു ദിവൃതേജസ്സ് ഉയരുകയും ചെയ്തു. ഇത് കണ്ട് ശിൽപി ബോധരഹിതനായി വീണു. പ്രതിഷ്ഠയുടെ സമയമായതിനാൽ വേഗത്തിൽ ഇടത്തെക്കണ്ണ് തെളിയിക്കുന്നതിന് മുമ്പ് വിഗ്രഹം പ്രതിഷ്ഠിച്ചു.
ഇന്നും ഒരു കണ്ണ് പൂർത്തിയാക്കാതെയാണ് ദേവിയുടെ നിൽപ്.
ചതുർബാഹുവായിട്ടാണ് വിഗ്രഹം. വലതു കരത്തിൽ ചക്രം, ഇടതു കരത്തിൽ ശംഖ് താഴത്തെ ഇടതുകരം എളിയിൽ വച്ചിരിക്കുന്നു. വലതു കരം വരദാനമുദ്രയും ആണ്. ചക്രം
പിടിച്ചിരിക്കുന്നത് മുമ്പോട്ടായി പ്രയോഗചക്രമായിട്ടാണ്. കുടുതൽ ശക്തിയുള്ള പ്രതിഷ്ഠകൾക്ക് ആണ് ഇങ്ങിനെ കാണുക.
പടിഞ്ഞാറെപ്പാട്ടുമനയുടെ ക്ഷേത്രമാണ്.
തന്ത്രം നെടുമ്പിള്ളി തരണനല്ലൂർ മന.
അന്നമനട - മൂഴിക്കുളം റൂട്ടിൽ പൂവത്തിശ്ശേരിലാണ് ക്ഷേത്രം.
കടപ്പാട്
Also read അത്ഭുതങ്ങളുറങ്ങുന്ന വസിഷ്ഠേശ്വര ക്ഷേത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ