•  


    തൂത്തുക്കുടിയിലെ കൊലയാളിപ്പോലീസ്


    തൂത്തുക്കുടിയിലെ കൊലയാളിപ്പോലീസ്
    തമിഴ്നാട് തൂത്തുക്കുടിയില്‍ ഒരു അച്ഛനേയും മകനേയും പോലീസ് ക്രൂരപീഢനത്തിന് ഇരയാക്കി കൊന്നു കളഞ്ഞു. ലോക് ഡൗണ്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് പോലീസ് ഇവരെ ക്രൂര പീഢനത്തിന് വിധേയരാക്കിയത്. കൊടിയ കുറ്റവാളികൾ പോലും അനുഭവിച്ചിട്ടില്ലാത്ത ക്രൂരതയ്‌ക്കൊടുവിലാണ് അവർ രക്തം വാർന്നു വാർന്നു മരിച്ചത്. മനുഷ്യനു വിവരിക്കാൻ പോലുമാകാത്ത പോലീസ് സ്റ്റേഷൻ ഭീകരതക്കു മുന്നിൽ ജീവൻ വച്ചുകീഴടങ്ങിയ നിരപരാധികളായ രണ്ടു മനുഷ്യർ.
    ലോക്ക്ഡൗൺ കർഫ്യു ലംഘിക്കുകയും എട്ടുമണിയും കടന്നു മൊബൈൽ ഷോപ്പിന്റെ ഷട്ടറിടാൻ പത്തു മിനിറ്റ് വൈകുകയും ചെയ്തതായിരുന്നു അവർ ചെയ്ത കൊലക്കുറ്റം. സാധാരണക്കാരായ, നിത്യജീവിതത്തിന്റെ കോവിഡ് പ്രാരാബ്ധങ്ങളിൽ ജീവിക്കാൻ പാടുപെട്ടുകൊണ്ടിരുന്ന രണ്ടു മനുഷ്യർ.

    പിതാവ് ജയരാജിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അത് ചോദ്യം ചെയ്യാനും തടയാനും ശ്രമിച്ച മകൻ ഫെനിക്‌സിനെയും തൂത്തുക്കുടി പോലീസ് തൂക്കിയെടുത്തു കൊണ്ടുപോയി. അതിക്രൂരവും പ്രാകൃതവുമായ മർദ്ദനങ്ങളാണ് അവർക്കു നേരിടേണ്ടി വന്നത്.

    പൂർണ നഗ്നരാക്കി, കാൽമുട്ടുകൾ അടിച്ചു തകർത്തു, രഹസ്യഭാഗങ്ങളിൽ ലാത്തിയും കമ്പിയും കയറ്റി, ആന്തരികാവയവങ്ങളിൽ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിട്ടും വൈദ്യസഹായം നൽകാൻ തയ്യാറായില്ല.
    പ്രതിഷേധക്കാര്‍ക്കെതിരെ മെഷീന്‍ഗണ്ണുമായി പോലീസ്
    മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാവാൻ കാത്തുനിന്ന നാലുമണിക്കൂറിൽ രക്തസ്രാവം നിമിത്തം ഏഴു ലുങ്കികളാണ് ഫെനിക്‌സിനു മാറ്റേണ്ടി വന്നതെന്നു ദൃക്‌സാക്ഷികൾ. വീണ്ടും മർദിച്ചാലോ എന്നുഭയന്നു മജിസ്‌ട്രേറ്റിനോടു പോലും തുറന്നുപറഞ്ഞില്ല.

    തിങ്കളാഴ്ച രാത്രി ഫെനിക്‌സ് ബോധരഹിതനായി, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. രണ്ടുമാസങ്ങൾക്കപ്പുറം വിവാഹിതനാകേണ്ടിയിരുന്ന, അമ്മയും മൂന്നു സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ആൺതുണ.

    നെഞ്ചിൽ അതിഭീകരമായ പോലീസ് മർദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന പിതാവ് ജയരാജ് ചൊവ്വാഴ്ച രാവിലെയും മരണപ്പെട്ടു.

    പോലീസുകാര്‍ അരും കൊല ചെയ്ത ജയരാജും മകന്‍ ഫെനിക്സും
    നാലഞ്ചുദിവസം കഴിയുന്നു, ലോകം ഇപ്പോഴും ഇതറിഞ്ഞിട്ടില്ല, എന്തിനു ഇന്ത്യ മുഴുവൻ പോലും ഇതൊരു ഞെട്ടലായി ഇനിയും എത്തിച്ചേർന്നിട്ടില്ല! പോലീസ് ഭീകരത തച്ചുതകർത്ത രണ്ടു നിരപരാധികളുടെ മരണം നമ്മൾ കണ്ടതായി പോലും ഭാവിക്കുന്നില്ല!

    ഇവരുടെ മരണം നമ്മളെ പൊള്ളിക്കാത്തത് എന്തുകൊണ്ടാണ്? ഇവരുടെ ചോരയിൽ കുതിർന്ന ലുങ്കികൾ നമ്മളുടെ ഉറക്കം കളയാത്തത് എന്തുകൊണ്ടാണ്? ഇവരുടെ നീതി നമ്മളുടെ അമർഷമായി ആളിപ്പടരാത്തത് എന്തുകൊണ്ടാണ്? ആ അച്ഛനേയും മകനേയും അതിക്രൂരമായി കൊന്നു കളഞ്ഞ മുഴുവന്‍ പോലീസുകാരും വധശിക്ഷക്ക് വിധിക്കപ്പെടും വരെ ഈ അമര്‍ഷം ആളിപ്പടരണം. ഇനിയൊരു സംസ്ഥാനത്തും ഇതാവര്‍ത്തിക്കരുത്. കേരളത്തിലോ പോലീസുകാരും കൊലപാതകം ചെയ്യാന്‍ മോശക്കാരല്ലെന്ന് ഈ അടുത്ത വര്‍ഷങ്ങളിലുണ്ടായ ലൊക്കപ്പ് കൊലപാതകങ്ങള് തന്നെ സത്യമായി തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്നുണ്ടല്ലോ. അതിലെ കൊലപാതകികള്‍ മിക്കവരും തന്നെ രാഷ്ട്രീയ സ്വാധീനങ്ങളാല്‍ ചെറു സസ്പെന്‍ഷനുകള്‍ കഴിഞ്ഞ ജോലിക്ക് കയറുകയും ചെയ്തല്ലോ. നമോവാകം സര്‍ക്കാരേ..

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *