നോവല്‍
വിനോദ് നാരായണന്‍
അധ്യായം മൂന്ന്
ഒരു യുവതിയുടെ തിരോധാനം
ചെമ്പിച്ച താടിരോമങ്ങളില്‍ വിരലോടിച്ചുകൊണ്ട് അയാള്‍ സ്റ്റെഫിനോട്
പറഞ്ഞു
“ നിവിന്‍ സുബ്രഹ്മണ്യന്‍റെ ഇപ്പോഴത്തെ എല്ലാ തിരക്കഥകളും ട്രെന്‍ഡ്
സെറ്റില്‍ഡാണ്. മലയാള സിനിമ ഇപ്പോള്‍ എങ്ങോട്ടു തിരിയണം എന്നു നിശ്ചയിക്കുന്നത് തന്നെ
അവനാണ്. ഓരോ തിരക്കഥക്കും അമ്പത് ലക്ഷത്തിനുമേല്‍ പ്രതിഫലം വാങ്ങുന്ന ഹിറ്റ്മേക്കര്‍.”
“അവനെ പൂട്ടാന്‍ നിങ്ങള്‍ക്കു കഴിയുമോ?”
സ്റ്റെഫിന്‍റെ കണ്ണുകളില്‍ വെറുപ്പും പകയും കലര്‍ന്ന് രക്തച്ഛവി
പടര്‍ന്നിരുന്നു.
“എങ്ങനെ?”
“എങ്ങനെ വേണമെങ്കിലും.”
“കൊല്ലാനോ?”
“അങ്ങനെയുമാകാം.”
“എനിക്കത് നിഷ്പ്രയാസം പറ്റും. പക്ഷേ കത്തിജ്വലിച്ചു നില്‍ക്കുന്ന
ഒരു നക്ഷത്രം ഒരു നാള്‍ പൊടുന്നനെ അണഞ്ഞാല്‍ അതിന്‍റെ അന്വേഷണം തീവ്രമായിരിക്കും. മാത്രമല്ല
ജനമനസില്‍ അവന്‍റെ സ്ഥാനം അണയാതെയിരിക്കും. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നവര്‍ക്ക്
ലഭിക്കുന്ന സ്നേഹം അനശ്വരമാണ് സ്റ്റെഫിന്‍.”
“പിന്നെന്തു ചെയ്യും?”
“അവനെ കൊല്ലാതെ കൊല്ലുന്ന ഒരു വിദ്യയുണ്ട്.”
അതുകേട്ട് സ്റ്റെഫിന് ആകാംക്ഷയോടെ അവനെ നോക്കി
അപ്പോള്‍ മരവാതിലില്‍ മുട്ടു കേട്ടു.
കണ്ണുകള്‍ എഴുതിയ കിളരം കൂടിയ ഒരു പയ്യന്‍ വന്നു മുഖം കാണിച്ചു
“ഇംപീരിയല്‍ ബ്ലൂ അല്ലെങ്കില്‍ റോയല്‍ സ്റ്റാഗ്... “
ദൈത്യന്‍ പയ്യനോട് പറഞ്ഞിട്ട് സ്റ്റെഫിനോട് ചോദിച്ചു:
“അത് മതിയോ തനിക്ക്?”
സ്റ്റെഫിന്‍ ഒന്നും പറഞ്ഞില്ല.
“ഇതിന്‍റെയൊക്കെ ബില്‍ നീ പേ ചെയ്യണം.”
ദൈത്യന്‍റെ ശബ്ദം ഭീഷണമായി.
“അതൊന്നും പ്രശ്നമല്ല... എന്‍റെ മുന്നില്‍ പ്രശ്നമായി നിവിന്‍
സുബ്രഹ്മണ്യം മാത്രമേയുള്ളൂ.”
ദൈത്യന്‍ ന്യൂനമായ ഒരു ചിരിയോടെ പയ്യനെ പറഞ്ഞു വിട്ടു.
മരവാതില്‍ കൊട്ടിയടഞ്ഞു.
ദൈത്യന്‍ പാതിയെരിഞ്ഞ പാര്‍ട്ടഗാസ് ക്യാപിറ്റോള്‍ നിലത്തിട്ട്
ബൂട്ടുകൊണ്ട് ഞെരിച്ചിട്ടു പറഞ്ഞു
“പ്രണയം ഒരു കൊടിയ വിഷമാണ്. ഏത് വലിയ ശക്തനേയും നിഷ്പ്രയാസം
കൊല്ലാന്‍ പറ്റുന്ന ആയുധം. നിവിന്‍ സുബ്രഹ്മണ്യന്‍ ഒരു പ്രണയക്കടലിലേക്ക് ആഴ്തപ്പെടുന്നു.
ആ കടലിന്‍റെ അഗാധതയില്‍ അവന്‍ മുക്കിത്താഴ്തപ്പെടുന്നു. പിന്നെ അവന്‍റെ പേന ചലിക്കില്ല.
അവന്‍ പ്രണയത്തിന്‍റെ തീയില്‍ ഉുരുകിയുരുകിത്തീരും. ഇരയെ വലയ്ക്കു നടുവിലേക്ക ആകര്‍ഷിച്ചുകൊണ്ടു
വരുന്ന പെണ്‍ചിലന്തിയെപ്പോലെ അവള്‍ അവനെ വലിച്ചടുപ്പിക്കും. തീക്ഷണമായ പ്രണയത്തില്‍
അവന്‍ സ്വപ്നത്തിലെന്നതുപോലെ ആറാടുമ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കും, പിന്നെ എന്നേക്കുമായി
അപ്രത്യക്ഷമാകും. നിവിന്‍ സുബ്രഹ്മണ്യന്‍ എന്ന തിരക്കഥാകൃത്ത് പിന്നെയില്ല. അവന്‍റെ
ക്ലൈന്‍റുകളെ അവന്‍ നിരാശപ്പെടുത്തും. അവരവനെ മീഡിയയിലൂടെ പുലഭ്യം പറയും. ഒടുവില്‍
കടുത്ത വിഷാദരോഗം ബാധിച്ച് അവന്‍ സൈക്ക്യാട്രിക് സെല്ലിലേക്ക് ആനയിക്കപ്പെടുകയോ സുശാന്തിനെപ്പോലെ
മരിക്കപ്പെടുകയോ ചെയ്യും.”
ദൈത്യന്‍റെ പദ്ധതി കേട്ട് സ്റ്റെഫിന്‍ സംശയത്തോടെ അവനെ നോക്കി.
“നിവിന്‍ സുബ്രഹ്മണ്യനെ കുരുക്കാന്‍ മാത്രമുള്ള പെണ്ണുങ്ങള്‍
ഏതാണ്. കഥാപാത്രങ്ങളേയും മനുഷ്യമനസുകളേയും കൈകളിലിട്ട് അമ്മാനമാടുന്ന ഒരുവന്‍. ആണ്‍പെണ്‍
സൈക്കോളജിയുടെ സകലവിദ്യകളും ഒരു സൈക്യാട്രിസ്റ്റിനേക്കാള്‍ ഭദ്രമായി അറിയാവുന്നവന്‍.
തട്ടിപ്പുമായി ചെല്ലുന്ന ഏത് സ്ത്രീയുടേയും വിദ്യകള്‍ അവന്‍റെ മുന്നില്‍ ചീട്ടുകൊട്ടാരം
പോലെ തകര്‍ന്നുവീഴും.”
അവന്‍റെ പറച്ചില്‍ കേട്ട് ദൈത്യന്‍ വെറുപ്പോടെ ചോദിച്ചു
“ദൈത്യന്‍റെ കരങ്ങളില്‍ സംശയമുണ്ടോ സ്റ്റെഫിന്. എന്‍റെ പെണ്‍കുട്ടികളില്‍
കാള്‍ഗേളുകള്‍ മാത്രമല്ല ഉള്ളത്.”
ദൈത്യന്‍ ഒന്നു നിര്‍ത്തിയിട്ട് സ്റ്റെഫിനെ തുറിച്ചു നോക്കി.
അയാളുടെ അഭിമാനത്തെ ചോദ്യം ചെയ്തപോലുള്ള പക അപ്പോള്‍ ദൈത്യന്‍റെ
കണ്ണുകളിലുണ്ടായിരുന്നു.
“അവളാണെന്‍റെ തുറുപ്പുചീട്ട. കാനഡയിലും സിംഗപ്പൂരിലും സിഡ്നിയിലും
ബ്രാഞ്ചുകളുള്ള മള്‍ട്ടി നാഷണല്‍ കമ്പനിയുടെ സൗത്തിന്ത്യന്‍ കോര്‍ മാനേജരാണവള്‍. അവള്‍
അവതരിക്കുന്നത് ആ കമ്പനിയുടെ സിഇഒ ആയിട്ടാണ്. അവളുടെ പേരാണ് മെറിന്‍ സിന്‍ഡ്രല്ല. എന്‍റെ
പെണ്‍കുട്ടികളുടെ ഇടയിലെ രാജ്ഞി. അവളെ കണ്ടാല്‍ ഇളകാത്ത ഒരു ഋഷ്യശൃംഗനും ഈ ഭൂമിയിലില്ല.”
ദൈത്യന്‍റെ കണ്ണുകളില്‍ ആത്മവിശ്വാസം ഊറിക്കൂടി.
സ്റ്റെഫിന്‍ അയാളെ അടിമുടി നോക്കി.
അവന്‍ ബാഗില്‍ കൈയിട്ട് രണ്ട് കെട്ടു നോട്ടുകള്‍ ദൈത്യന്‍റെ
മുന്നിലേക്ക് ഇട്ടുകൊടുത്തു.
രണ്ടായിരം രൂപാ നോട്ടുകളുടെ രണ്ട് കെട്ടുകള്‍.
“ ഇത് രണ്ട് ലക്ഷം രൂപയുണ്ട്.”
ദൈത്യന്‍ ആര്‍ത്തിയോടെ ആ തുക എടുത്ത് കീശയില്‍ തിരുകി വച്ചു.
സ്റ്റെഫിന്‍ ചിന്തിച്ചു
നിവിന്‍ സുബ്രഹ്മണ്യന്‍ തിരികെ തന്ന അഡ്വാന്‍സ് തുകയാണത്. രണ്ട്
ലക്ഷം രൂപ. അതവന്‍റെ തന്നെ നാശത്തിനായി താന്‍ ചിലവാക്കുന്നു.
സ്റ്റെഫിന്‍ ഉള്ളില്‍ തികട്ടി വന്ന സന്തോഷത്തോടെ റോയല്‍ സ്റ്റാഗ്
കുപ്പിയില്‍ നിന്ന് അല്‍പം പകര്‍ന്ന് കുടിച്ചിട്ട് ദൈത്യനെ നോക്കി.
അയാള്‍ ആരേയോ ഫോണില്‍ ശ്രമിക്കുകയായിരുന്നു.
അയാള്‍ സ്റ്റെഫിനോട് പറഞ്ഞു
“ നോക്കൂ.. ഞാനെന്‍റെ പണി തുടങ്ങിക്കഴിഞ്ഞു. മെറിന്‍ സിന്‍ഡ്രല്ല
അവളുടെ ചൂണ്ടയുമായി ഇരപിടിക്കാനിറങ്ങുന്നത് കാണൂ.”
അപ്പോഴേക്കും ദൈത്യന്‍റെ ഫോണിന്‍റെ മറുതലക്കല്‍ മധുര ശബ്ദം മുഴങ്ങി
“ ദൈത്യന്‍ എനിക്കെന്തെങ്കിലും ഓഫറുണ്ടോ..?”
“ തീര്‍ച്ച യായും ഹണി.”
ദൈത്യന്‍ ആവേശത്തോടെ പറഞ്ഞു.
00000000
നിവിന്‍റെ ഫോണ്‍ ശബ്ദിച്ചു.
ഗോവന്‍ ബീച്ച് റിസോര്‍ട്ടിലെ ഏകാന്തമായ ഒരു പുലരിയിലായിരുന്നു
അവന്‍.
നിശബ്ദമായ കടല്‍.
ബാഗാ ബീച്ചും അര്‍ജുനയും ബട്ടര്‍ ഫ്ളൈയുമെല്ലാം ഇതുപോലെ നിശബ്ദമായിരിക്കുമെന്ന്
അവനോര്‍ത്തു.
ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ കൈയിലെടുത്തുകൊണ്ട് അവന്‍ ബാല്‍ക്കണിയിലേക്കു
വന്നു.
സമുദ്രത്തിരകളിലൂടെ തഴുകി വന്ന ഉപ്പുകാറ്റ് അവന്‍റെ മുഖത്തു
ചുംബിച്ചു.
“ഹലോ..?”
അവന്‍ ഫോണെടുത്തു.
റിന്‍സണാണ്.
“ എന്തേയ് റിന്‍സണ്‍..”
അപ്പുറത്ത് റിന്‍സണിന്‍റെ ശബ്ദം അടഞ്ഞ രീതിയിലായിരുന്നു.
ശബ്ദത്തില്‍ പരിഭ്രമം നിഴലിച്ചു.
“ നിവിനെ കാണാന്‍ ഒരാള്‍ വന്നിട്ടുണ്ട്.
“ ആര്
“ പേര് പറഞ്ഞില്ല. പോലീസില്‍ നിന്നാണെന്ന് പറഞ്ഞു.
“ ദാ ഞാന്‍ താഴേക്ക് വരാം.
നിവിന്‍ സ്റ്റെയര്‍കേസിറങ്ങി വേഗം താഴെയെത്തി.
കിളരം കൂടിയ ഒരു മനുഷ്യന്‍ റിസപ്ഷനടുത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ജീന്‍സും ടീ ഷര്‍ട്ടുമാണ് വേഷം.
നിവിനെ കണ്ട് അയാള്‍ തിരിഞ്ഞു നോക്കി.
“ ഹലോ നിവിന്‍ സുബ്രഹ്മണ്യന്‍ സര്‍, ഞാന്‍ നീരവ് സുബ്ര. റൂറല്‍ എസ്പി ഫ്രം കേരള”
നിവിന്‍ അയാള്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്തുകൊണ്ട് സ്വീകരിച്ചു.
“നിവിന്‍ സര്‍ തന്ന പരാതിയിന്മേല്‍ ഞങ്ങള്‍ അന്വേഷണം നടത്തുകയാണ്.
പക്ഷേ ഇതില്‍ സുപ്രധാനമായ ഒരു വിഴിത്തിരിവ് സംഭവിച്ചിരിക്കുന്നു.”
“ എന്താണ് സര്‍. ..?”
“ നമുക്ക് ഇരുന്നു സംസാരിക്കുന്നതാണ് നല്ലത്.”
“ വരൂ .... നമുക്ക് അങ്ങോട്ടിരിക്കാം.”
നിവിന്‍ ഉദ്യാനത്തിലേക്ക് കൈ നീട്ടി.
അവിരുവരും ഉദ്യാനത്തിലേക്ക് പോയി.
കസേരയില്‍ നിവിനെതിരെ ഇരിപ്പുറപ്പിച്ചുകൊണ്ട് എസ് പി നീരവ് സുബ്ര
പറഞ്ഞു
“ നിവിന് സംഭവിച്ച ഈ ഹണിട്രാപ്പ് കേസ് കേരള പോലീസ് കാര്യക്ഷമമായി
അന്വേഷി്ച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇത്തരം കേസുകള്‍ ധാരാളമായി വരുന്നുണ്ട്. പലതും
സ്ത്രീകളുടെ മൊഴികളെ ആശ്രയിച്ചു മാത്രം പുറത്തുവരുന്ന കോടതിവിധികളുടെ നിയമപ്പഴുതുകള്‍
മുതലെടുത്തുകൊണ്ടുള്ളതാണ്. നിങ്ങള്‍ ഈ വിഷയം ആസ്പദമാക്കി ചെയ്ത സിനിമ ലോക്ക്ഡൗണ്‍ മര്‍ഡര്‍
ഒടിടിയില്‍ വന്‍ വിജയമായതൊക്കെ കേരളം ആഘോഷിക്കുകയല്ലേ. “
നിവിന്‍ ആലോചനയിലായിരുന്നു. അവന്‍ പക്ഷേ പറഞ്ഞത് മറ്റൊന്നായിരുന്നു
“ സര്‍ സ്ത്രീയുടെ ശരീരവും മനസും പവിത്രമല്ലേ... അതു വച്ച് ചില
സ്ത്രീകള്‍ സ്വയം മാനത്തിന് വില പേശി എല്ലാ സ്ത്രീകളുടേയും മാനം നശിപ്പിക്കുന്നു. “
“ മി. നിവിന്‍, ഡോ. ആര്യാദേവി എന്ന് നിങ്ങള്‍ പറയുന്ന ആ സ്ത്രീ
ഒരു പക്കാ ഫ്രോഡാണ്. ആ സ്ത്രീ ഡോക്ടറൊന്നുമല്ല. കോഴിക്കോട്ടെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ
ടെപററി നേഴ്സ് ആയിട്ടാണവര്‍ പുറമേ അറിയപ്പെടുന്നത്. പക്ഷേ അവരുടെ പ്രധാന ജോലി അതൊന്നുമല്ല.
ഷി ഈസ് എ കാള്‍ ഗേള്‍. ടൂര്‍ എസ്കോര്‍ട്ടിങ്ങാണ് പ്രധാനം. ടൂര്‍ പോകുന്ന ജെന്‍റ്സിന്
ഏതാനും ദിവസത്തെ താല്‍ക്കാലിക ഭാര്യയുടെ റോള്‍ ചെയ്യുന്ന ഒരു പ്രോസ്റ്റിറ്റ്യൂട്ട്.
“
“ മൈ ഗോഡ്”
നിവിന്‍ തലയില്‍ കൈ വച്ചു.
നീരവ് സുബ്ര തുടര്‍ന്നു
“ കോഴിക്കോട്ടെ മാംബ്രാ ബ്രിഡ്ജിനടുത്തുള്ള ഒരു പഴയ ഹോസ്റ്റലിലാണ്
ഇവരുടെ താവളം. അവരെ അടുത്തറിയാവുന്ന സത്യ, രമ്യ എന്നീ രണ്ട് പെണ്‍കുട്ടികളേയും ഹോസ്റ്റല്‍
വാര്‍ഡനേയും ചോദ്യം ചെയ്തു. പലപ്പോഴും ഇവര്‍ ഹോസ്റ്റലില്‍ ഉണ്ടാകാറില്ല. ഹോസ്പിറ്റലില്‍
ഡ്യൂട്ടിക്കും കയറാറില്ല. ഇവരെക്കുറിച്ച് കൂടുതലൊന്നും അവര്‍ക്കും അറിയില്ല. ഹോസ്പിറ്റല്‍
ഇവര്‍ക്ക് മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലും ഇവര്‍ അവിടെ തുടരുന്നത് വളരെ സംശയാസ്പദമാണ്.
മാനേജ്മെന്‍റില്‍ ഇവര്‍ക്ക് പിടിയുണ്ട്. സൈക്കാട്രിക് ഡിപ്പാര്‍ട്ട്മെന്‍റിലാണ് ഇവരുടെ ഡ്യൂട്ടി. ഇവരുടെ തലവന്‍ സീനിയര്‍ സൈക്യാട്രിസ്റ്റ്
ഡോ. സുകേശാണ്. അയാളെ ഞങ്ങള്‍ ചോദ്യം ചെയ്തു. വിചിത്രമെന്നും പറയട്ടെ ആ സ്ത്രീ ഒരു പാവമാണെന്നും
ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിന് അടിമയാണ് അവരെന്നുമാണ് അയാളുടെ ഭാഷ്യം. അയാളെ
കണ്ടാലറിയാം ഒരു കോഴിയാണെന്ന്.”
“ ആ സ്ത്രീയുടെ എക്സ് ഹസ്ബെന്‍ഡ് മനോരോഗിയാണെന്നും അതിനാലാണ്
അയാളെ ഡിവോഴ്സ് ചെയ്തത് എന്നുമാണ് ആ സ്ത്രീ എന്നോട് പറഞ്ഞത്.”
നിവിന്‍ മെല്ലെ പറഞ്ഞു.
“ ആ സ്ത്രീ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ് നിവിന്‍ സര്‍. എല്ലാ
കുറ്റവാളികളും മനോരോഗികളാണ്. മാനസിക ആരോഗ്യമുള്ള ഒരാളും കുറ്റകൃത്യങ്ങള്‍ ചെയ്യുകയില്ലല്ലോ.
ആ സ്ത്രീ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരാഗത്തിന് അടിമയാണ് .പക്ഷേ ആഡോക്ടര്‍ പറഞ്ഞതുപോലെ
അവര്‍ പാവമൊന്നുമല്ല. അവര്‍ക്ക് ആരേയും സ്നഹിക്കാന്‍ കഴിയില്ല. അവര്‍ പുരുഷډാരെ തന്നിലേക്ക്
ആകര്‍ഷിക്കുന്നു. അവര്‍ ഒരേ സമയം പലരേയും പ്രേമിക്കുന്നതായി അഭിനയിക്കുന്നു. അവരുടെ
ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ് മുഴുവന്‍ നിരവധി പുരുഷډാരുടെ
ഫോണ്‍ നമ്പറുകളാണ്. വാട്ട്സാപ്പും മെസഞ്ചറും ഉപയോഗിച്ച് പുലരുവോളം അവര്‍ സെക്സ് ചാറ്റ്
നടത്തുന്നു. പലരില്‍ നിന്നും പണം വാങ്ങുന്നു. പലരോടൊപ്പം ടൂറുകള്‍ പോകുന്നു. ഉപയോഗശൂന്യമായവരെ
കോണ്ടാക്ട് ലിസ്റ്റില്‍ നിന്ന് വെട്ടി നീക്കുന്നു. അത്തരം ആളുകള്‍ ഇനി അവരെ ബന്ധപ്പെടാതിരിക്കാന്‍
വാട്സാപ്പും മെസഞ്ചറും കോള്‍ ലിസ്റ്റും ബ്ലോക്ക് ചെയ്തു വയ്ക്കുന്നു. പല കുറ്റവാളികളും
ചെയ്യുന്നതുപോലെ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടും ലോക്ക്ഡ് ആണ്. “
“ അതെ. ആ സ്ത്രീയുടെ ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക്ഡ് ആണ്.പക്ഷേ
അവരെന്നെ എല്ലാ അക്കൗണ്ടുകളില്‍ നിന്നും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. “
“ കാരണം നിങ്ങളെക്കൊണ്ട് ഇനി അവര്‍ക്ക് പ്രയോജനമില്ല. നിങ്ങളില്‍
നിന്ന് അവര്‍ ആറു ലക്ഷം രൂപ തട്ടിയെടുത്തിരിക്കുന്നു. അതിനെന്തായിരുന്നു അവര്‍ കാരണം
പറഞ്ഞത്.”
“ അവരുടെ എക്സ് ഭര്‍ത്താവ് ഒരു ബിസിനസ് മാഗ്നറ്റാണത്രേ. ഒരു
മനോരോഗിയാണ് അയാള്‍ എന്നത് അവരില്‍ നിന്നും മറച്ചുവച്ചതിന് അവര്‍ അയാള്ക്കെതിരെ അഞ്ചുകോടി
രൂപ നഷ്ടപരിഹാരം തേടി ഒരു കേസ് കൊടുത്തിരുന്നുവന്നൊണ് പറഞ്ഞത്. കോടതിയില്‍ കെട്ടി വക്കാന്‍
പത്തുലക്ഷം രൂപ വേണമായിരുന്നത്രേ. അവര്‍ അത്രയും വിശ്വാസത്തോടെ പററഞ്ഞതുകൊണ്ട് ഞാനത്
ചെയ്തു.”
അതുകേട്ട് എസ് പി നീരവ് സുബ്ര ചിരിച്ചു
“ നിവിന്‍ സര്‍. താങ്കളെപ്പോലെ ഒരു തിരക്കഥാകൃത്ത, മനുഷ്യമനസുകളെയും
കഥാപാത്രങ്ങളേയും കൈകളില്‍ അമ്മാനമാടുന്നവര്‍, ഒരു മൂന്നാം കിട പ്രോസ്റ്റിറ്റ്യൂട്ടിന്‍റെ
കെണിയില്‍ വീണൂപോയതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു.”
നിവിന്‍ തല താഴ്ത്തിയിരുന്നു.
“ ഈ മൗനം ദുരൂഹമാണ് സര്‍.”
നീരവ് സുബ്ര പൊടുന്നനെ പറഞ്ഞതുകേട്ട് നിവിന്‍ ഞെട്ടലോടെ തലയുയര്‍ത്തി.
“ എന്തേയ്..?”
“ ഒന്നുമില്ല... കാര്യം ഗൗരവമുള്ളതാണ്.”
“ എന്താണ് സര്‍.. പറയൂ.”
“ ആ സ്ത്രീ മിസ്സിങ്ങാണ്.”
“ വാട്ട്?”
“ യേസ്... മൂന്നാഴ്ചയായി അവരെ പറ്റി ഒരു വിവരവുമില്ല. അവരെവിടെപ്പോയാലും
രണ്ട് ദിവസത്തിലൊരിക്കല്‍ ആ വാര്‍ഡനെ വിളിക്കുന്നതാണ്. ആര്യാദേവിക്ക് അഞ്ച് ഫേസ്ബുക്ക്
അക്കൗണ്ടുകളുണ്ട്. പതിനാല് സിം കാര്‍ഡുകളില്‍ നാലെണ്ണം ഉപയോഗത്തിലുള്ളതാണ്. ഇതെല്ലാം
ഞങ്ങള്‍ ട്രാക്ക് ചെയ്തു. പക്ഷേ മൂന്നാഴ്ചയായി ഇവയെല്ലാം നിര്‍ജീവമാണ്. അവരുടെ ഓണ്‍ലൈന്‍
അക്കൗണ്ടുകളും നിര്‍ജീവമാണ്. വേര്‍ ഈസ് ഷീ..? ആ അന്വേഷണത്തിലാണ് ഞങ്ങള്‍.”
നിവിന്‍ ചിരിച്ചു.
“ സര്‍,അവര്‍ക്കൊരു പുതിയ മരം കിട്ടിക്കാണും. അതിലേക്ക് ചാഞ്ഞു
കയറാനുള്ള കഠിനശ്രമത്തിലാവും അവര്‍ . അതിനുവേണ്ടി പുതിയൊരു സിം…! പുതിയ ഫേസ്ബുക്ക്
അക്കൗണ്ട്…! പുതിയ വാട്സാപ്പ് അക്കൗണ്ട്…! ഇതൊക്കെ എടുത്തിട്ടുണ്ടാവും. പഠിച്ച ഒരു
കള്ളിക്ക് ഇതിനാണോ പ്രയാസം.”
“ ഈ കേസിനോട് ക്ലബ് ചെയ്ത് മറ്റൊരു മിസിങ്ങ് കേസുകൂടി ഉണ്ട്.”
“ അതെന്താണ് സര്‍?”
നിവിന്‍ ആകാംക്ഷയോടെ ചോദിച്ചു.
“ തൃശൂരെ ഒരു പൂജാരി മിസിങ്ങാണ്. പേര് മണിക്കുട്ടന്‍. ഒരു ജാതിസംഘടനയുടെ
നേതാവ് കൂടിയാണ് അയാള്‍. ഈ സ്ത്രീയുമായിഫോണിലൂടെ നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തിയ
വ്യക്തിയായിരുന്നു അയാള്‍. അയാളുമായുള്ള ഈ സ്ത്രീയുടെ നൂറുകണക്കിനു കോളുകള്‍. വാട്ട്സാപ്പ്
വീഡിയോ കോളുകള്‍. ചാറ്റുകള് എല്ലാം സൈബര്‍ വിങ്ങ് കണ്ടെത്തിയിട്ടുണ്ട്. ടോട്ടലി അശ്ലീലം.
ഈ സ്ത്രീയുമായുള്ള റിലേഷന്‍ കാരണമായിരിക്കാം അയാളുടെ ഭാര്യ പിണങ്ങി അകന്നു താമസിക്കുകയാണ്.
ഒരു മുതിര്‍ന്ന മകളുണ്ട്.”
“ അവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അവരുടെ കാണപ്പെട്ട ദൈവമാണ് അയാളെന്ന്.
ഒരു ജ്യോത്സ്യനും പൂജാരിയുമാണ് അയാള്‍.”
“ പോലീസിന് മനസിലാകുന്ന ഒരു കാര്യം, ഒന്നുകില്‍ ആ പൂജാരിയാണ്
ഈ സ്ത്രീയുടെ പിന്നിലെ ചാലകശക്തി. അല്ലെങ്കില്‍ അയാള്‍ ഇപ്പോള്‍ ആ സ്ത്രീയുടെ ഇരയാണ്.
എന്തായാലും ഈ രണ്ട് വ്യക്തികളും ഇപ്പോള്‍ ദുരൂഹമായി അപ്രത്യക്ഷമായിരിക്കുന്നു.”
“ സിംപിള്‍ കാര്യമല്ലേ സര്‍. കുറേ പണം കളക്ട് ചെയ്ത് രണ്ടും
കൂടി നാടു വിട്ടുകാണും.”
“ അത് സാമാന്യബുദ്ധിയുടെ ലോജിക്. ഒരു തിരക്കഥാകൃത്ത് ഒറ്റ നോട്ടത്തില്‍
ക്ലിഷേ രീതിയില്‍ ചിന്തിച്ചിട്ടാണ്. പക്ഷേ പോലീസ് ഇതില്‍ കാണുന്നത് മറ്റൊരു സമാനതയാണ്.”
“ അതെന്താണ്?”
“ ആ സ്ത്രീ, പൂജാരി, പിന്നെ സര്‍.. നിങ്ങള്‍ ഒരു കാസ്റ്റില്‍
പെട്ടവരാണ്. ആ സ്ത്രീ സാറുമായി കോണ്ടാക്ട് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് ഭക്തിപരിവേഷമുള്ള ഒന്നായിരുന്നില്ലേ?”
“അതെ സര്‍... അതിന്‍റെ സിംപിള്‍ ലോജിക് എന്നിക്കിപ്പോഴാണ് മനസിലായത്.
ഭക്തി പരിവേഷം തട്ടിപ്പിന് എന്നുമൊരു മറയായിരുന്നല്ലോ.”
“യേസ് അതുപോലെ ആ സ്ത്രീയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ഫ്രണ്ട്സ് ലിസ്റ്റില്‍ നിറയെ നിങ്ങളുടെ കാസ്റ്റിലെ
ജാതിനേതാക്ക ന്മാരാണ്. എല്ലാം നല്ല അസല്‍ പൂവന്‍ കോഴികള്‍.”
നീരവ് സുബ്ര ചിരിച്ചു.
“ഇവരില്‍ പലരുമായും
ഈ സ്ത്രീ പല രീതിയിലുള്ള ചാറ്റുകളും നടത്തിയിരിക്കുന്നത് പോലീസ് കളക്ട് ചെയ്തിട്ടുണ്ട്.
അവരെയെല്ലാം ഞങ്ങള്‍ ചോദ്യം ചെയ്യാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍റെ ചോദ്യം ഇതാണ്..”
“ പറയൂ സര്‍.”
“ ഈ ജാതിനേതാക്കന്മാരില്‍ ആരെങ്കിലും സാറിനോട് വൈരാഗ്യം ഉള്ളവര്‍
ഉണ്ടോ..?”
“ അങ്ങനെ ചോദിച്ചാല്‍...?”
“ ഉണ്ട്.. അതല്ലേ ഉത്തരം.. ആ സ്ത്രീയുടെ ചാറ്റുകളില്‍ നിന്ന്
ഞങ്ങള്‍ക്കത് ലഭിച്ചു.”
എസ് പി നീരവ് സുബ്ര അത് പറഞ്ഞു നിര്‍ത്തുന്നതിനിടെ അദ്ദേഹത്തിന്‍റെ
മൊബൈല്‍ ശബ്ദിച്ചു.
ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു അങ്ങേത്തലക്കല്‍…!
(തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ