•  


    ഹണി ട്രാപ്പ്, അധ്യായം 2 ഒരു സിനിമാക്കഥ

     


    ഹണി ട്രാപ്പ്

    നോവല്‍

    വിനോദ് നാരായണന്‍

    അധ്യായം 2

    ഒരു സിനിമാക്കഥ

     

    2020 ജൂലെ 16

    ഗോവയിലെ ലാമകിന്‍ഡ്ലാ ബീച്ച് റിസോര്‍ട്ടില്‍ നിന്നു നോക്കിയാല്‍ അന്തമില്ലാത്ത കടല്‍പ്പരപ്പ് കാണാം. പിന്നെ പഞ്ചാര മണല്‍ പുതച്ച നീളന്‍ കടലോരം.

    ആ സായാഹ്നത്തില്‍ ഗോവന്‍ ബീച്ച് നിശബ്ദമായിരുന്നു. മാഹാമാരി ലോകമെങ്ങും താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 ലോക് ഡൗണ്‍ ടൈം ഇപ്പോള്‍ ഇന്ത്യയില്‍ ആറുമാസം പിന്നിട്ടിരിക്കുന്നു. ബീച്ചുകളൊന്നും തുറക്കാന്‍ ഇനിയും അനുമതി കിട്ടിയിട്ടില്ല.

    “നിവിന്‍ ഞാന്‍ ഇപ്പോള്‍ ഉറപ്പായും പറയും. അതായത് നമ്മുടെ ഈ സിനിമ  മര്‍ഡര്‍ ഇന്‍ ലോക് ഡൗണിന്‍റെ വിജയത്തോടെ മലയാള സിനിമിയുടെ ഗതി മാറാന്‍ പോകുന്നു.”

    സംവിധായകന്‍ ഫരീദ് ബാഫക്കി റിസോര്‍ട്ടിന്‍റെ രണ്ടാം നിലയിലെ മുള കൊണ്ടുള്ള കൈവരിയില്‍ ചാരി നിന്നുകൊണ്ട് പറഞ്ഞു

    അയാളില്‍ നിന്ന് തെല്ലകലെ സ്ഫടിക ഗ്ലോബില്‍ ചാഞ്ചാടിക്കളിച്ചുകൊണ്ടിരുന്ന ഗോള്‍ഡന്‍ ഫിഷുകളെ കൗതുകത്തോടെ നോക്കിക്കൊണ്ടിരിക്കുകയാണ് തിരക്കഥാകൃത്ത് നിവിന്‍ സുബ്രഹ്മണ്യം.

    അവന്‍ ഒരു വെങ്കല ചഷകത്തില്‍ ജിന്‍ മോന്തിക്കൊണ്ടിരുന്നു.

    റിസോര്‍ട്ടുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി ഇല്ലെങ്കിലും അവരുടെ പുതിയ സിനിമയായ ‘മര്‍ഡര്‍ ഇന്‍ ലോക് ഡൗണ്‍’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത് വിജയിച്ചതിന്‍റെ ആഘോഷം നടത്തുവാന്‍ വേണ്ടി കൂടിയിരിക്കുകയാണ് സംഘാംഗങ്ങള്‍ എല്ലാം.

    “മലയാള സിനിമയുടെ ഗതി മാറണം. മാറുമെന്ന് ഞാന്‍ നേരത്തെ പ്രവചിച്ചതല്ലേ ഫരീദേ. രണ്ടോ മൂന്നോ സൂപ്പര്‍ താരങ്ങള്‍ ചേര്‍ന്ന് സിനിമയെ കൈയടക്കിവച്ച് പ്രേക്ഷകരെ പൊട്ടന്‍ കളിപ്പിക്കുന്ന രീതി മാറുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ട്വിസ്റ്റ് വീണു കിട്ടിയാല്‍ മതി. ഒരു തീപ്പൊരി. അതുണ്ടേല്‍ ആ ഗതിമാറ്റം നേരത്തേ വന്നേനെ. ഇപ്പോള്‍ കണ്ടോ. കൊറോണ ലോക്ഡൗണ്‍. ആറുമാസമായി സിനിമ സ്തംഭിച്ചു. തീയറ്ററുകളെല്ലാം പൂട്ടി.”

    “തീയറ്ററുകാരുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി.”

    ഫരീദ് ജിന്‍ കുടിച്ചു തീര്‍ത്തിട്ട് ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു.

    “എന്തൊക്കെയായിരുന്നു പുകില്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് തീയറ്ററുകാര്‍ അങ്ങോട്ട് അഡ്വാന്‍സ് കൊടുക്കുന്നു. ഏതെങ്കിലും സൂപ്പര്‍സ്റ്റാര്‍ ചിത്രം എത്തിയാലുടന്‍ തന്നെ കളിച്ചുകൊണ്ടിരുന്ന എല്ലാ നല്ല ചിത്രങ്ങളും എടുത്ത് വെളിയിലിട്ട് തീയറ്ററുകാര്‍ ഒന്നടങ്കം എട്ടരപ്പൊട്ടനെ നൂറുകോടി ക്ലബില്‍ എത്തിക്കാന്‍ തലകുത്തി മറിയും.”

    നിവിന്‍ രോഷം കൊണ്ടു.

    “മലയാള സിനിമ എട്ടോ പത്തോ പേരടങ്ങുന്ന ഒരു ഗ്യാങ്ങിന്‍റെ കളിയാണ്. നിര്‍മാതാക്കളുടെ സംഘടനയേയും താരങ്ങളുടേയും ടെക്നീഷ്യന്‍സിന്‍റേയും സംഘടനകളേയും തീയറ്ററുകാരുടെ സംഘടനയേയും നിയന്ത്രിക്കുന്നത് ഇവന്മാരുടെ ഗ്യാങ്ങാണ്. ഇവര്‍ പറയുന്നതേ നടക്കൂ എന്നതാണ് സ്ഥിതി. ഇവര്‍ക്ക് ഇഷ്ടമില്ലാത്തവനെ വിലക്കും. ഇഷ്ടമുള്ളവരെ സിനിമയില്‍ തിരുകി കയറ്റി സ്റ്റാര്‍ഡം ഉണ്ടാക്കിക്കൊടുക്കും. ഇതിലെവിടെയാടാ ഫരീദേ കല. ഇത് അധോലോക മാഫിയ അല്ലേ..”

    “അധോലോക മാഫിയ തന്നെ. മുംബാ അധോലോകെ ബോളിവുഡ് നിയന്ത്രിക്കുന്നതുപോലെ മലയാള സിനിമ നിയന്ത്രിക്കുന്നത് ഒരു പത്തംഗ ഗ്യാങ്ങാണ്. “

    “പക്ഷേ ഫരീദേ നമ്മുടെ ഈ സിനിമ മര്‍ഡര്‍ ഇന്‍ ലോക്ഡൗണ്‍ ആ മാഫിയക്ക് ഉണ്ടാക്കിയ ഞെട്ടല്‍ ചില്ലറയല്ല കേട്ടോ. ഒടിടി പ്ലാറ്റ്ഫോമിയില്‍ ഒരു മലയാള സിനിമ സൂപ്പര്‍ഹിറ്റായതു കണ്ടിട്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് സിനിമാ ലോകം.”

    “അതുകൊണ്ടാണല്ലോ നിവിന്‍ മാഫിയയുടെ ഏറാന്‍ മൂളികളെല്ലാം കൂടി ഒടിടി പ്ലാറ്റ്ഫോമിനെ ചീത്തവിളിച്ചു നടക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഓരോ വീട്ടിലും ആളുകള്‍ ഇപ്പോള്‍ വീട്ടില്‍ കുത്തിയിരുന്ന് സിനിമ കാണുന്നു. കാശുള്ളവര്‍ ഹോംതീയറ്റര്‍ വീടുകളിലുണ്ടാക്കി അതേല്‍ സിനിമ കാണുന്നു. അല്ലാത്തവര്‍ മൊബൈലില്‍ സിനിമ കാണുന്നു. ഒടിടി വഴി റിലീസ് വന്നാല്‍ ഇത് വലിയ നേട്ടമല്ലേ. ഒടിടി വ്യാപകമായാല്‍ നല്ല സിനിമ മാത്രമേ ആളുകള്‍ കാണൂ. തീയറ്ററുകാരുടെ ഉഡായിപ്പൊന്നും നടക്കില്ല. സാധാരണഗതിയില്‍ തീയറ്ററുകാര്‍ നല്ല സിനിമകള്‍ പൂഴിത്തി വച്ച് മാഫിയയുടെ പൊട്ടസിനിമകള്‍ ജനത്തെ അടിച്ചേല്‍പ്പിക്കും. ജനം സിനിമ കാണാന്‍ തിയറ്ററില്‍ വരില്ല. എന്നിട്ട് ഫിലിം ഇന്‍ഡസ്ട്രി തകര്‍ന്നു എന്നു പറഞ്ഞ് നിലവിളിച്ചുകൊണ്ട് നടക്കും.”

    ഫരീദ് ബാഫക്കി രോഷത്തോടെ ശബ്ദമുയര്‍ത്തി.



    “ഹലോ..”

    ഇരുവരും ശബ്ദം കേട്ടിടത്തേക്ക് നോക്കി.

    നിര്‍മാതാവ് റിന്‍സണ്‍ കൂപ്പര്‍.

    കൂപ്പര്‍ ഫിലിംസിന്‍റെ ബാനറില്‍ മര്‍ഡര്‍ ഇന്‍ ലോക് ഡൗണ്‍ നിര്‍മിച്ചിരിക്കുന്നതും റിലീസ് ചെയ്തിരിക്കുന്നതും റിന്‍സണാണ്.

    “എടാ പൊട്ടന്‍ ക്ണാപ്പന്‍മാരേ, നീയൊക്കെ എന്‍റെ വയറ്റത്തടിക്കരുത്. ഇവിടെ നിന്ന് കാറിക്കൂവി ആ ഹെല്‍ത്ത്കാരു വന്ന കേസെടുപ്പിക്കരുത്. റിസോര്‍ട്ട് എന്‍റേയാണ്. ലോക്ഡൗണും നൂറ്റി നാല്‍പത്തിനാലും ഒക്കെയുണ്ട് പിള്ളാരേ.. നിന്‍റെയൊക്കെ ഒച്ച അങ്ങ് ലക്ഷദ്വീപില്‍ കേള്‍ക്കാമല്ലോടാ..”

    “ഓ അതാണോ  ... നമ്മള് ക്വാറന്‍്റീനിലാണെന്ന് പറഞ്ഞാല്‍പ്പോരേ..”

    നിവിന്‍ നിസാരമട്ടില്‍ പറഞ്ഞു.

    “ഓ അപ്പോഴേക്കും തിരക്കഥാകൃത്തിന്‍റെ ബുദ്ധിക്ക് ഓളം വച്ചു.”

    “പിന്നല്ലാതെ.”

    “എടാവേ, നീയൊക്കെ ഇവിടെ കിടന്ന് കാറിക്കൂവുന്നത് ഞാന്‍ കേട്ടു. ഒരു തിരക്കഥക്ക് മലയാളസിനിമയില്‍ അമ്പതുലക്ഷത്തിനുമേല്‍ പ്രതിഫലം വാങ്ങുന്ന നിവിന്‍ സുബ്ഹ്മ്രണ്യന്‍. മലയാളത്തിന്‍റെ വിപ്ലവ സംവിധായകന്‍ ഫരീദ് ബാഫക്കി. നിനക്കൊക്കെ ബ്ലാക്കിലും വൈറ്റിലും ഗാന്ധിക്കുട്ടന്മാരെ എടുത്ത് വീശുന്നത് ആ മറ്റേ ഗ്യാങ്ങല്ലേ. എന്തോന്ന് ങാ...മഫിയ. ഇനി കോവിഡൊക്കെ കഴിഞ്ഞ് അങ്ങോട്ട് ചെല്ല് അവന്മാര് നിന്നെയൊക്കെ മുത്തമിടും.”

    റിന്‍സമ് അതു പറഞ്ഞിട്ട് ടീപ്പോയിലെ ജിന്‍കുപ്പി അപ്പാടെയെടുത്ത് വായിലേക്ക് കമിഴ്ത്തി.

    അതുകണ്ട് ഫരീദ് വായ് പൊളിച്ചു.

    “മൊതലാളി പതിയെ .. ജിന്നാണ് കേട്ടോ ..പറഞ്ഞില്ലെന്ന് വേണ്ട..”

    “കോപ്പാണ്.. ഒന്നു പോടാവേ. .ഇതുപോലെ മൂന്നു കുപ്പി ഞാന്‍ കുടിക്കും..”

    റിന്‍സണ്‍ ഈസിയായി അത് കുടിച്ചു തീര്‍ത്തിട്ട് പറഞ്ഞു.

    “ഇനി ഞങ്ങളെന്നാ എടുത്ത് അടിക്കും..”

    നിവിന്‍ പരാതി പറഞ്ഞു.

    റിന്‍സണ്‍ രണ്ടുപേരേയും തോളില്‍ കൈ വച്ച് അടക്കത്തില്‍ ചേര്‍ത്തുപിടിച്ചു നിര്‍ത്തി

    “ജിന്നടിച്ച് തലക്ക് പിടിപ്പിച്ച് ബോധം കെട്ടു കിടക്കരുത്. നടിമാര് രണ്ടെണ്ണം വന്നിട്ടുണ്ട്. മൂന്നാമത്തെ ഒരുത്തി വരുന്ന വഴി പോലീസിന്‍റെ ബ്ലോക്കില്‍ പെട്ടുകിടക്കുവാണ്. എന്താണോ എന്തോ. ഒന്നു വിളിച്ചുനോക്കട്ടെ.”

    റിന്‍സണ്‍ ഫോണെടുത്ത് നടിയെ വിളിച്ചു.

    “ഹലോ മരിയ നിങ്ങളെവിടെയെത്തി .. ഓക്കേ.. വേഗം വാ..ഇവിടെ കേക്കു മുറിക്കാന്‍ പോകുവാ..”

    കോള്‍ കട്ട് ചെയ്ത് ഫോണ്‍ പോക്കറ്റിലിട്ട് റിന്‍സണ്‍ തുടര്‍ന്നു. മദ്യം നന്നായി അയാളുടെ തലക്ക് പിടിച്ചിരുന്നു.

    “ഓള് മിടുക്കിയാ.. ഹോസ്പിറ്ററില്‍ കോവിഡ് ടെസ്റ്റിന് പോകുവാണെന്ന് പറഞ്ഞ്. പോലീസ് കൈയും കൂപ്പി പൊക്കോളാന്‍ പറഞ്ഞു..ഈ പെണ്ണുങ്ങളുടെ ഒടുക്കത്തെ ബുദ്ധിയാണ് കേട്ടോ.. പിന്നെ ഞാന്‍ കാര്യത്തിലേക്ക വരാം. പേഴ്സണലി എനിക്കു നിന്നെയൊന്നും അറിയത്തില്ല. പറഞ്ഞതു കേട്ടല്ലോ.”

    റിന്‍ണ്‍റെ സംസാരം കേട്ട് ഇഷ്ടപ്പെടാത്ത മട്ടില്‍ നിവിന്‍ ഫരീദിനെ നോക്കി.

    ഫരീദ് കണ്ണടച്ചു കാണിച്ചു.

    റിന്‍സണ്‍ തുടര്‍ന്നു

    “ഇതു നമ്മുടെ ആദ്യ സംരംഭമാണ്. അത് വിജയിച്ചു. ഇനിയും സംരംഭങ്ങളുണ്ടാവും. അതെല്ലാം നമുക്ക് അടിച്ചു പൊളിക്കണം. കള്ള്,...പെണ്ണ്. .എന്താ വേണ്ടതെന്ന് വച്ചാല്‍ പറഞ്ഞോ..റെഡി..”

    “അയ്യോ ..നമ്മളെ വിട്ടേക്ക് റിന്‍സണ്‍... നമ്മളില്ലേയ്”

    നിവിന്‍ കൈ കൂപ്പി

    റിന്‍സണ്‍ അതിഷ്ടപ്പെടാതെ അവനെ ആപാദചൂഡം നോക്കി.

    “അതെന്താടേയ് നീയ് വെജിറ്റേറിയനാണോ.. ജിന്ന് മോന്തിക്കൊണ്ട് ഊളത്തരം പറയരുത്.”

    റിന്‍സണിന്‍റെ സംസാരം നിവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.

    അവന്‍ രോഷത്തോടെ പറഞ്ഞു

    “എടോ റിന്‍സണ്‍ മോനേ, നീയീ സിനിമേടെ പ്രൊഡ്യൂസറായിരിക്കും. എന്നു കരുതി നിവിന്‍റെ പ്രൊഡ്യൂസര്‍ നീയല്ല. ആ ലെവലില്‍ നിന്നു കൊണ്ടുവേണം നീയെന്നോട് സംസാരിക്കാന്‍. നീ കുറേ നേരമായി ചൊറിയുന്നു.”

    റിന്‍സന്‍റെ നാവടങ്ങിപ്പോയി.

    “റിന്‍സണ്‍ ഇപ്പോള്‍ പോ...”

    ഫരീദ് റിന്‍സണെ ഉന്തിത്തള്ളി പറഞ്ഞുവിട്ടു.

    ഇടനാഴിയിലൂടെ നടന്നുപോകവെ അയാള്‍ തിരിഞ്ഞു നിന്ന പറഞ്ഞു

    “സോറി നിവിന്‍..”

    നിവിന്‍ ഒന്നും മിണ്ടിയില്ല.

    “പോട്ടെടാ ഒരു കഥയില്ലാത്തോനാ.”

    നിവിന്‍ പറഞ്ഞു

    “ഫരിദെ ഇവനെപ്പോലെയുള്ള പ്രൊഡ്യൂസര്‍മാര്‍ക്ക് ഒരു ധാരണയുണ്ട്. ഇവനൊക്കെ മുതലാളിയും നമ്മളൊക്കെ കൂലിക്കാരുമാണെന്ന്.”

    “അതു പറഞ്ഞപ്പോഴാണോര്‍ത്തത്. .എന്തായി സ്റ്റെഫിന്‍റെ വിഷയം.. കോടതി വിധി നിനക്കനുകൂലമായില്ലേ. അവന്‍ തിരക്കഥ തിരികെ തന്നോ.”

    ഫരീദ് ചോദിച്ചു.

    “പിന്നെ തരാതെ അവന്‍ എവിടെ പോകാന്‍.  അഞ്ചാറ് വര്‍ഷമായി അവന്‍ രണ്ട് ലക്ഷം അഡ്വാന്‍സും തന്ന് ഒരു തിരക്കഥ ബ്ലോക്ക് ചെയ്തു വച്ചിട്ട്.  ആയിരം കോടി മെഗാ ബ്ലോക്ക് ബസ്റ്റര്‍ സിനിമ നിര്‍മിക്കാനാണെന്നും പറഞ്ഞ് എത്ര വര്‍ഷമായി എന്നെ പറ്റിച്ചുകൊണ്ടിരിക്കുന്നു. തിരക്കഥ തിരികെ കിട്ടാന്‍ ഞാന്‍ കേസുകൊടുത്തു. കൊറോണക്ക് മുമ്പ് കോടതി വിധി എനിക്കനുകൂലമായി. അവന്‍ തന്ന രണ്ട് ലക്ഷം തിരികെ കൊടുത്ത് തിരക്കഥ ഞാന്‍ മടക്കി വാങ്ങി. ഇനി എനിക്കിഷ്ടമുള്ളവര്‍ക്ക് ആ തിരക്കഥ ഞാന്‍ കൊടുക്കും.”

    നിവിന്‍ അതു പറയുമ്പോള്‍ ദൂരെ ഗോവന്‍ സമുദ്ര ചക്രവാളത്തില്‍ സൂര്യന്‍ ചായാന്‍ തുടങ്ങിയിരുന്നു. അണയാന്‍ പോകുന്ന പകല്‍ സായംസന്ധ്യയുടെ അരുണിമ ചൂടി നിന്നു.

    ഫരീദ് മുന്നറിയിപ്പ് കൊടുത്തു.

    “നിവിന്‍, സ്റ്റെഫിന്‍ ഒരു വിഷപ്പാമ്പാണ്. സൂക്ഷിക്കണം. അവന്‍റെ കളികള്‍ ടോട്ടലി ലോക തെമ്മാടികളുമായാണ്..”

    “എന്നും വച്ച് ഞാനവനെ പേടിച്ചിരിക്കണോ?”

    “നീ സൂക്ഷിക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ..”

    ഫരീദ് അതു പറഞ്ഞിട്ട് അലക്ഷ്യമായി കടലിലേക്ക് നോക്കി.

    കടല്‍ക്കാക്കകള്‍ കൂട്ടമായി പറന്നുയരുന്നതു കണ്ടു.

    ദൂരെ നിന്ന് ഐലന്‍റിലെ പണി പൂര്‍ത്തിയാകാത്ത കെട്ടിട സമുച്ചയങ്ങള്‍ക്കിടയിലെ ഇത്തിരി പച്ചപ്പിലേക്ക് കടല്‍ക്കാക്കളുടെ സംഘം ചേക്കേറാനായി പോയി.

    നിവിന്‍റെ ഫോണ്‍ ശബ്ദിച്ചു

    അവന്‍ ഫോണെടുത്തു നോക്കി.

    പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പാപ്പനം കോട് സാബുവിന്‍റെ നമ്പറാണ്.

    അവന്‍ ഫോണെടുത്തു.

    “എന്താ സാബു?”

    “സാറേ ഒരു  നിര്‍മാതാവ് നമ്പര്‍ ചോദിക്കുന്നുണ്ട്. കൊടുത്തോട്ടെ.

    “എടോ സാബു, നിര്‍മാതാവ് നമ്പര്‍ ചോദിച്ചാല്‍ നമ്പറു കൊടുത്തേക്കണം. അതിന് പ്രത്യേകിച്ച് ചോദിക്കണോ.

    “എന്‍റെ സാറെ നിര്‍മാതാവാണെന്നും പറഞ്ഞു വന്ന ഒരുത്തന് ഒരു നടീടെ നമ്പര്‍ കൊടുത്ത പ്രൊഡക്ഷന്‍ കണ്ട്രോളര്‍ പുതുക്കാട് സുലൈമാന് കിട്ടിയ പണി മറക്കാന്‍ പറ്റുമോ. അതോണ്ടാ ചോദിച്ചത്.”

    “ഓ അതു ശരി.  ഇതാരാ ഈ നിര്‍മാതാവ്?”

    “ഒരു പെണ്ണാ..”

    “പെണ്ണിന് പേരില്ലേ സാബു…?’

    “സാന്ദ്രാ നെറ്റിക്കാടന്‍. ഒരു ബിഗ് ബജറ്റ് സിനിമയാ അവരു പ്ലാന്‍ ചെയ്യുന്നത്.”

    “നീ ധൈര്യമായി നമ്പറ് കൊടുക്ക സാബു.”

    “ശരി സാറേ.”

    പാപ്പനംകൊട് സാബു ഫോണ്‍ വച്ചു.

    ആ സമ്മതം പക്ഷേ ജീവിതത്തില്‍ ഇതുവരെയില്ലാത്ത ഒരു ദുരന്തത്തിലേക്കുള്ളതാണെന്ന് നിവിന്‍ സുബ്രഹ്ണണ്യത്തിന് അറിയില്ലായിരുന്നു. 

    (തുടരും)

     

     ഒന്നാം അധ്യായം വായിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

     

     

     

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *