•  

    ഏതോ കുടിയന്‍ /കഥ /തെളളിയൂര്‍ കരുണാകരന്‍


    ‘ഡേ, ജയദേവാ, ഞാനാടാ, ഗോപി’.

    ‘നാട്ടില്‍ നിന്നാണോ ’

    ‘അതേ, കഴിഞ്ഞ വര്‍ഷം നാട്ടില്‍ വന്നപ്പോള്‍ നമ്പര്‍ തന്നത് ഓര്‍മ്മയില്ലേ’

    ‘ഉണ്ടല്ലോ, പറഞ്ഞാട്ടെ എന്തൊക്കെ വിശേഷങ്ങള്‍’

    ‘നല്ല വിശേഷങ്ങള്‍ തന്നെ; നീ നവി മുംബൈയില്‍ ആണ് താമസം എന്നല്ലേ അന്ന് പറഞ്ഞത്...’

    ‘അതേ ... കുറെ വര്‍ഷങ്ങള്‍ ആയി .. ഇപ്പോഴും ഇവിടെ തന്നെയാണ്.. എന്തേ...’

    ‘അവിടെ ഐ.റ്റി.കമ്പനികളുടെ ഓഫീസുകള്‍ ഒക്കെ ഉള്ള ഒരു സ്ഥലം ഉണ്ടല്ലോ..’

    ‘ഐരോളി... ഐ.റ്റി.ഹബ്ബ് ആണ്... ഞങ്ങള്‍ അവിടെ തന്നെയാണ് താമസം.. എന്തേ അന്വേഷിക്കാന്‍...’

    ‘എന്‍റെ മകള്‍ക്ക് അവിടെ ജോലി കിട്ടി. ആറു മാസമായി. ബി.ടെക്. കഴിഞ്ഞു. കാമ്പസില്‍ നിന്നും കിട്ടിയ സെലക്ഷന്‍ ആണ്... അവള്‍ അവിടെ ഘന്‍ഷോളി എന്ന സ്ഥലത്ത് ഒരു കൂട്ടുകാരിയോടൊപ്പമാണ് താമസം. അത് നിങ്ങള്‍ക്ക് അടുത്താണോ..’

    ‘അതേ,  വളരെ അടുത്തുള്ള സ്ഥലമാണ്...’

    ‘ഈ മാസം പതിനഞ്ചാം തീയതി ആണ് അവളുടെ ജന്മദിനം... പിള്ളേരൊക്കെ ഇപ്പോള്‍ ചെയ്യുന്നത് പോലെ എനിക്കും ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി ചെല്ലാന്‍ ഒരാഗ്രഹം...നേത്രാവതിയില്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്.  പനവേലില്‍ ഇറങ്ങണോ അതോ താനെയില്‍ മതിയോ...’



    ‘താനെ ആണ് അടുത്തത്... നീ ഒരു കാര്യം ചെയ്യ്‌ ആദ്യം എന്‍റെ വീട്ടിലേക്ക് വാ.. പതിനഞ്ചിന് കാലത്ത് തന്നെ ഗിഫ്റ്റുമായി ചെന്ന് മകളെ  സര്‍പ്രൈസ്  ആക്കാമല്ലോ. തന്നെയുമല്ല, ഒറ്റയ്ക്ക് അല്ല മകള്‍ താമസം എന്നല്ലേ പറഞ്ഞത് - മറ്റു പെണ്‍കുട്ടുകള്‍ കൂടി ഉള്ളപ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകേണ്ട.... ഇവിടെ ഇപ്പോള്‍ എന്‍റെ വീട്ടില്‍ ഞാനും ഭാര്യയും മാത്രമേ ഉള്ളൂ. മകന്‍ വിദേശത്താണ് ജോലി’.

    ‘എന്നാല്‍ അങ്ങനെ ആവട്ടെ... നമുക്ക് പതിനാലിന് കാണാം...’

    ‘ശരി ഞാന്‍ താനെ സ്റ്റേഷനില്‍ തന്നെ കാത്തു നില്‍ക്കുന്നുണ്ടാവും. 

    ‘ശരി അങ്ങനെ ആവട്ടെ....’


    കൊങ്കണ്‍ റെയില്‍വേ അങ്ങനെയാണ് – നേത്രാവതി പ്രത്യേകിച്ചും. മഴ മൂളാന്‍ തുടങ്ങിയാല്‍ ടൈം ടേബിള്‍ മാറും. 

    നാട്ടുകാരനും ഒന്നാം ക്ലാസ് തൊട്ട് ഒന്നിച്ചു പഠിച്ചിരുന്നവനുമായ സുഹൃത്തിനെ കാത്തു കാത്തു നിന്ന ജയദേവന് മടുത്തു. ട്രെയിന്‍ എത്താന്‍ മൂന്നു മണി കഴിയും. വീട്ടില്‍ തിരിച്ചു പോയി രണ്ടരക്ക് വീണ്ടും വന്നു. ഒടുവില്‍ വണ്ടി എത്തി. സുഹൃത്തിനെ കൂട്ടി വീട്ടില്‍ വന്നു. 

    എത്തിയതും ഗോപി ഒരു ചെറിയ ചാക്കു കെട്ട് എടുത്തു നീട്ടിയിട്ട്‌ ജയദേവന്‍റെ ഭാര്യയോടു പറഞ്ഞു: ‘ഇത് ഇവനുള്ള എന്‍റെ വക ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ആണ്.. നിങ്ങള്‍ടെ പറമ്പിലെ ആ തേന്‍ വരിക്കയിലെ ചക്ക തന്നെയാണ്... പോരുമ്പോള്‍ നിങ്ങളുടെ അമ്മായി തന്നു വിട്ടു.. കൊച്ചിലെ ഞങ്ങള്‍ രണ്ടാളും കൂടി ആ പ്ലാവിന്‍റെ മണ്ടക്ക് കയറി പഴുത്ത ചക്ക ഒരുപാട് തവണ പൊട്ടിച്ചു തിന്നു നടന്നിട്ടുണ്ട്. ഇതിലും വല്യ ഒരു സമ്മാനം വേറെ എന്തുണ്ട് കൊണ്ടു വരാന്‍..’

    നിധി കിട്ടിയ സന്തോഷത്തോടെ ആ ചക്ക മുറിച്ചു ഗുരുവായൂരപ്പന്‍റെ നിത്യപൂജ ചെയ്യുന്ന പടത്തിന് മുന്നില്‍ വിളക്ക് തെളിച്ചു നാലു ചുളകള്‍ അര്‍പ്പിച്ചു പ്രാർത്ഥിച്ച ശേഷം ആ സ്ത്രീ ചക്കച്ചുളകള്‍ അടര്‍ത്തി രണ്ടു സുഹൃത്തുക്കള്‍ക്കും നല്‍കി. തേന്‍ ഒലിക്കുന്ന അതിന്‍റെ രുചി മഹാനാഗരത്തില്‍ എങ്ങും കിട്ടുന്ന ചക്കപ്പഴങ്ങളില്‍ നിന്നും തീര്‍ത്തും വിത്യസ്തമാണെന്ന്‍ അവരും സമ്മതിച്ചു.


    മൊബൈലില്‍ മകളുടെ ഫോട്ടോ കേരള മാട്രിമോണിയില്‍ ഇട്ടതു ഗോപി ജയദേവന്‍റെ ഭാര്യക്കു കാട്ടി കൊടുത്തു. അത് നോക്കിയതും അവര്‍ ജയദേവനെ അകത്തേക്ക് വിളിച്ചു രഹസ്യമായി പറഞ്ഞു: ‘കണ്ടിട്ട് കൊള്ളാമെന്നു തോന്നുന്നു... നിങ്ങള്‍ ഒന്ന് ആ ഐ.ഡി. നോട്ട് ചെയ്തു പറഞ്ഞു താ.. മോന്‍ അവധിക്കു വരുമ്പോള്‍ നമുക്കും തെരച്ചില്‍ തുടങ്ങാനുള്ളതല്ലേ. തല്‍ക്കാലം അയാളോട് ഒന്നും പറയാന്‍ പോകേണ്ട...’

    ഒന്ന് കുളിച്ചു ഫ്രഷ്‌ ആയ ഗോപിയുമൊത്ത് ജയദേവന്‍ മുറ്റത്തിറങ്ങി. ഒരു ചെറിയ കറക്കം. ദൂരെ വലതു വശത്തായി കാണുന്ന ഉയരമുള്ള കെട്ടിടങ്ങള്‍ ചൂണ്ടി കാട്ടി ജയദേവന്‍ പറഞ്ഞു: ‘ആ കാണുന്നതാണ് ഘന്‍ഷോളി – നിന്‍റെ മകള്‍ താമസിക്കുന്ന ഇടം. ഇങ്ങേ തലയ്ക്കല്‍ ഉയര്‍ന്നു കാണുന്ന കെട്ടിടങ്ങളില്‍ ആണ് ഐ.റ്റി. കമ്പനികള്‍ ഒക്കെയും.

     രണ്ടു പേരും കൂടി അറബിക്കടൽ ഉറന്‍, ട്രോംബേ എന്നീ പ്രദേശങ്ങൾക്ക് നടുവിലൂടെ താനെ വരെ ഉള്ളിലേക്ക് നീണ്ടുകിടക്കുന്ന, മുംബൈയെയും നവി മുംബൈയെയും തമ്മില്‍ വേര്‍തിരിക്കുന്ന താനെ ക്രീക്കിന്‍റെ ഓരങ്ങളില്‍ ഉള്ള കണ്ടല്‍ കാടുകളെ വകഞ്ഞു മാറ്റി ഐരോളിക്കാര്‍ നിത്യം ദേശാടന പക്ഷികളെ കാണാന്‍ പോകാറുള്ള ചെറിയ  പാതയിയൂടെ നടന്നു. വേലിയിറക്കം തുടങ്ങി കഴിഞ്ഞിരുന്ന ക്രീക്കില്‍ നിറയെ ഫ്ലമിംഗോ പക്ഷികള്‍. അവയുടെ കൂട്ടം കൂട്ടമായുള്ള പറന്നു വരവും പോക്കും തന്നെ മനം മയക്കുന്ന കാഴ്ചയായി. നീളമേറിയ കാലുകൾ കൊണ്ട് ചെളിയും മണ്ണും ഇളക്കി മറിച്ച് വെള്ളത്തിനടിയിലെ കൊഞ്ച്, ഞണ്ട് തുടങ്ങിയവയെ  കൊത്തി വലിച്ചു തിന്നുന്ന പിങ്ക് നിറം പൂണ്ട ലക്ഷ കണക്കിന് വരുന്ന അരയന്നങ്ങളുടെ ഗണത്തില്‍ പെട്ട നീർനാരകൾ എന്നും പേരുള്ള ദേശാടന കിളികള്‍. ജയദേവന്‍ പറഞ്ഞു: ‘ഗോപിക്ക് ഭാഗ്യം ഉണ്ട് – കാണാന്‍ പറ്റിയല്ലോ; കുറെ ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഇവറ്റകള്‍ കൂട്ടത്തോടെ അങ്ങു പറന്നു പോകും - ഗുജറാത്ത്‌ തീരങ്ങളിലേക്ക്. പിന്നീട് വരുന്നത് അടുത്ത വര്‍ഷത്തെ സീസണില്‍ ആവും. ഐരോളിയുടെ സവിശേഷത ഈ ഫ്ലമിംഗോ കാഴ്ചകള്‍ തന്നെയാണ്.


    തിരിച്ചു വീട്ടിലേക്കുള്ള വരവില്‍, അവര്‍ രണ്ടാളും ചെറുപ്പത്തില്‍ രണ്ടു പേരും കൂടി കാട്ടികൂട്ടിയിട്ടുള്ള വികൃതികള്‍ അയവിറക്കി ഓരോ മുംബൈ സ്പെഷ്യല്‍ വടാ-പാവും വാങ്ങി തിന്ന് വെറുതെ നടന്നു.

    ‘ഓര്‍മ്മയുണ്ടോ നിനക്ക് ... ആ ചെത്തുകാരന്‍ വാസു എത്തുന്നതിനു മുന്‍പേ കൊച്ചു വെളുപ്പാം കാലത്ത് നീ  തെങ്ങില്‍ കയറി കള്ള് മോഷ്ടിച്ച് നമ്മള്‍ രണ്ടു പേരും കൂടി മാട്ടിയത്. കുടിച്ചപ്പോള്‍ നല്ല മധുരം. ഉച്ച ആയപ്പോള്‍ കിറുങ്ങി തോട്ടില്‍ പോയി ഒന്നര മണിക്കൂര്‍ വെള്ളത്തില്‍ നീന്തി കട്ട് മാറ്റിയത് ഒക്കെ...’

    ‘മറന്നിട്ടില്ല ... നമ്മളെ പേടിച്ച് വാസു കള്ളില്‍ മുയലിന്‍ കാഷ്ടം പൊട്ടിച്ച് ഇട്ടത്.. ഇനി കട്ടു കുടിക്കുന്നവന്‍ മേളോട്ട് പോയത് തന്നെ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് നടന്നതൊക്കെ എങ്ങനെ മറക്കാനാവും. സാംബശിവന്‍റെ കഥാപ്രസംഗം കേട്ടിട്ട് തിരിച്ചു രാത്രി വരുമ്പോള്‍ ഉന്നം തെറ്റാത്ത നീ കള്ളിന്‍ കുടത്തിനു കല്ലെറിഞ്ഞതും നമ്മള്‍ വായ പൊളിച്ചു താഴെ നിന്നു   കുടിച്ചതും ഒക്കെ ഓര്‍ക്കുമ്പോള്‍ ഒരു രസാണ്...’

    ഗോപി മകളുടെ കാര്യം തന്നെ ആണ് അധികവും സംസാരം. വെളിയില്‍ വിടാന്‍ ഒട്ടും മനസ്സില്ലായിരുന്നു – ഉത്തരേന്ത്യയിലെ പെണ്‍കുട്ടികള്‍ എല്ലാം നമ്മള്‍ ആണുങ്ങളെക്കാള്‍ കൂടുതല്‍ അടിച്ചു ഫിറ്റ്‌ ആയി നടക്കും എന്ന് കേട്ടിരിക്കുന്നു. അവരോടൊപ്പം പക്ഷെ മകള്‍ കൂടില്ല അവള്‍ക്കു മലയാളി കൂട്ട് കെട്ട് മാത്രം... കൂടെ താമസിക്കുന്നതും അതേ കാമ്പസില്‍ നിന്നും വന്ന കുട്ടി തന്നെയാണ്...’



    അപ്പോഴാണ്‌ ഓര്‍മ്മ വന്നത്. ജയദേവന്‍ ചോദിച്ചു : ‘നമുക്കും ഒന്ന് കൂടിയാലോ..’

    അവര്‍ രണ്ടാളും കൂടി ബണ്ടി വൈന്‍സ്‌ എന്ന സെക്ടര്‍ ഏഴിലെ കടയിലേക്ക് വെച്ചു പിടിച്ചു. തനിയേ കുടിച്ചാല്‍ ഭാര്യ തുള്ളല്‍ തുടങ്ങും – ഇന്നിപ്പോ പഴയ കൂട്ടുകാരനുമൊത്ത് ഒന്നു മിനുങ്ങിയാല്‍  അവള്‍ക്കും സന്തോഷമേ ഉണ്ടാവൂ. വറത്തതും പൊരിച്ചതും ഒക്കെ റെഡിയാക്കി കൊണ്ട് വരും.

    ബണ്ടി വൈന്‍സിന്‍റെ മുന്നില്‍ വലിയ ക്യൂ.. ഇടതു വശത്ത് നാല് പെണ്‍കുട്ടികള്‍ വലതു വശത്ത് അവരെ ഉപദ്രവിക്കാതെ മാറി നിന്നു സാധനം വാങ്ങുന്ന ആണുങ്ങളും.

    ജയദേവന്‍ പറഞ്ഞു “ഒരു നാല് കൊല്ലം മുന്‍പ് വരെയും ഈ മുംബൈയില്‍ ഒരു വൈന്‍ സ്റ്റോറിലും ഒറ്റ സ്ത്രീകളെ പോലും ആരും ക്യൂവില്‍ കണ്ടിട്ടില്ല.. ഇന്ന് സ്ഥിതി മാറി... ’

    സാധനം വാങ്ങിയ ആണുങ്ങള്‍ ഒക്കെയും വേഗം വേഗം സ്ഥലം കാലിയാക്കി പോകുന്നു.  നാല് പെണ്‍കുട്ടികളും ഇപ്പോഴും എന്തു വാങ്ങണമെന്ന ദീര്‍ഖമായ ചര്‍ച്ചകളില്‍ മുഴുകി അവിടെ തന്നെ സമയം ചിലവഴിക്കുകയാണ്. ജയദേവന്‍റെ ഊഴം എത്തി. ഗോപിയെ കൂട്ടി അയാള്‍ കൌണ്ടെറില്‍ എത്തി നേരത്തെ രണ്ടു പേരും കൂടി തീരുമാനിച്ച നല്ല ബ്രാന്‍ഡ് വിസ്കി ഓര്‍ഡര്‍ ചെയ്തതും ഗോപി മയങ്ങി താഴെ വീണു. ആള്‍ക്കാര്‍ ഓടിക്കൂടി അയാളെ താങ്ങി പിടിച്ചു. 


    ‘എന്താ എന്തു പറ്റി ഗോപി...’ ജയദേവന്‍ ആരോ കൊണ്ട് വന്ന ബിസ്ലേരി മുഖത്ത് തളിച്ച് കൊണ്ടു ചോദിച്ചു. ഗോപിക്ക് മിണ്ടാട്ടം ഇല്ല. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ കൈ കൊണ്ട് ആംഗ്യം കാട്ടി വേഗം തന്നെ ഒരു ഓട്ടോ പിടിച്ചു ഒരു കണക്കിന് ഗോപിയേയും അതില്‍ ഇരുത്തി കൊണ്ട് വീട്ടില്‍ വന്നു. 

    ‘എന്തെ എന്തു പറ്റി’ ജയദേവന്‍റെ ഭാര്യ

    ‘ഒരു തല ചുറ്റല്‍ പോലെ ..സാരമില്ല’ എന്ന് ജയദേവന്‍ 

    ഗോപിക്കു കിണ്ടാട്ടം ഇല്ല. നാവ് ഇറങ്ങി പോയതു പോലെ.

    മകന്‍റെ മുറിയില്‍ ഏ.സീ ഒണാക്കി ഗോപിയെ കൊണ്ടു ചെന്ന് കിടത്തി. ‘എന്നാല്‍ പുള്ളീടെ മോളെ വേഗം വിളിക്ക്’ എന്നായി ജയദേവന്‍റെ ഭാര്യ. ‘വേണ്ട’ എന്ന് അയാള്‍ ആ പാതി അബോധാവസ്ഥയിലും കൈ കൊണ്ട് ആംഗ്യം കാട്ടി. 

    ‘ഇങ്ങനെ വല്ലപ്പോഴും വരാറുണ്ടോ...‘  അവര്‍ തിരക്കി.

    ‘ഇല്ല’ എന്ന് അയാള്‍ വീണ്ടും ആംഗ്യം കാട്ടി.

    ബില്‍ഡിംഗില്‍  ഉള്ള ഒരു ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു. അയാള്‍ നോക്കിയിട്ട് പറഞ്ഞു:

    ‘ഒരു കൊഴപ്പോമില്ല.. പെട്ടെന്നുള്ള എന്തോ ഷോക്ക് ആവാം.. ആള് നോര്‍മല്‍ ആണ്...മരുന്ന് ഒന്നും കൊടുക്കേണ്ട... ഒന്ന് നന്നായി ഉറങ്ങി എഴുന്നോറ്റോട്ടെ, എല്ലാം ശരിയാവും.. 

    ആ അബോധാവസ്ഥയിലും ഗോപി മൊബൈല്‍ ഓഫ്‌ ആക്കി തലയിണ കീഴില്‍ വെച്ചത് ജയദേവന്‍ പ്രത്യേകം ശ്രദ്ധിച്ചു.

    പെട്ടെന്നാണ് ജയദേവന് ഓര്‍മ്മ വന്നത് – ഗോപി വീണതും നാലു പെണ്‍കുട്ടികള്‍ ‘ കോയി ബെവ്ഡ ഗിരാ ഹോഗാ രേ ’ (ഏതോ കുടിയന്‍ ലക്ക് കെട്ട് വീണതാവാം) എന്നു പറഞ്ഞു രണ്ടു വിസ്കി കുപ്പികളും ആറു ബീയര്‍ ടിന്നുകളും വലിയ ഷോപ്പിംഗ്‌ ബാഗില്‍ തിരുകി കയറ്റി നടന്നു പോകുന്നതും ഓര്‍മ്മയില്‍ തെളിഞ്ഞ അയാള്‍  ഗോപി കേള്‍ക്കാതെ തന്നെ ഭാര്യയോടു പറഞ്ഞു നീ ആ കേരള മാട്രിമോണി ഐ.ഡി. ഒന്ന് പറഞ്ഞേ.

    സൈറ്റ് തുറന്നു നോക്കിയതും ജയദേവന് കാര്യം പിടി കിട്ടി. നാളത്തെ ബര്‍ത്ത്ഡേ അടിച്ചു പൊളിക്കാന്‍ അവിടെ മദ്യം വാങ്ങാന്‍ കൂട്ടുകാരുമൊത്ത് വന്നത് അയാളുടെ മകള്‍ തന്നെയായിരുന്നു. അവളെ ആ സ്ഥലത്ത് വെച്ച് കണ്ട മാത്രയില്‍ വീണു പോയതാണ് പാവം. ജന്മദിനത്തില്‍ നെറ്റിയില്‍ അണിയാനുള്ള നാട്ടിന്‍പുറത്തെ അമ്പലത്തില്‍ പൂജിച്ച ചന്ദനവും, അവള്‍ക്കായി വാങ്ങിയ സ്വര്‍ണ്ണ മാലയും സര്‍പ്രൈസ് ഗിഫ്റ്റ് ആയി കൊടുക്കാന്‍ വന്ന ഗോപിക്ക് മകളെ മനസ്സിലായി.

    തെള്ളിയൂര്‍ കരുണാകരന്‍

    (തെള്ളിയൂര്‍ കരുണാകരന്‍ എന്ന പേരില്‍ മലയാളത്തില്‍ എഴുതുന്ന APK Nair, നവി മുംബൈ ഐരോളിയില്‍ സ്ഥിര താമസം.  സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്‌ ബാങ്ക്, DCB ബാങ്ക് എന്നീ രണ്ടു ബാങ്കുകളില്‍ നിന്നും സീനിയര്‍ മാനേജര്‍ പദവി വഹിച്ചു റിട്ടയര്‍ ആയി  ഇംഗ്ലീഷ്, മലയാളം എന്നീ രണ്ടു ഭാഷകളിലും എഴുതാറുണ്ട്. ഇരുപതാമത്തെ വയസ്സില്‍ മനോരാജ്യം വാരികയില്‍ എഴുതിയ ‘ആരതി’ ആണ് ആദ്യത്തെ  കഥ. മൂന്ന് കൃതികള്‍ ഇതിനോടകം (രണ്ട് ഇംഗ്ലീഷ്; ഒരു മലയാളം) പബ്ലിഷ് ചെയ്തിട്ടുണ്ട്.  ഓണ്‍ലൈന്‍ നവ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യം. 'നിര്‍മ്മിത ബുദ്ധിയുടെ ഇരകള്‍' ആണ് നൈന ബുക്സ് പ്രസിദ്ധീകരിച്ച നോവല്‍.)


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *