•  


    എന്‍റെ അനാമിക / കഥ / K.K മേനോന്‍, ചെന്നൈ


    എന്‍റെ അനാമിക

    ശീർഷകം വായിക്കുമ്പോൾ സംശയം തോന്നേണ്ട. അനാമിക എന്റെ കാമുകിയോ ഭാര്യയോ അല്ല. എന്റെ കഥയിലെ നായിക.എന്റെ ചിന്തകളിലും, ഭാവനകളിലും, സ്വപ്നങ്ങളിലും എന്റെ കൂടെ സഞ്ചരിക്കുന്നവൾ. എന്റെ സഹയാത്രിക. എന്റെ സൃഷ്ടിയാണ് അവൾ. അനാമിക എന്റെതു മാത്രമാണ്. അവളുടെ സൗന്ദര്യവും, ആ ചിരിയും, ആരെയും ആകർഷിക്കുന്ന പെരുമാറ്റവും, നടന്നകലുന്ന മദാലസ മായ രൂപഭംഗിയും - ആരെയും തന്നിലേക്ക് ആകർഷിക്കാൻ തക്കം മൂർച്ചയുള്ള കമാസ്ത്ര ങ്ങളാണ് അവയെല്ലാം, എന്നവൾക്കറിയാമായിരുന്നു. അതിന്റെ കുറച്ചൊക്കെ അഹങ്കാരം ഇല്ലേ അവൾക്ക്, എന്ന് തോന്നിപ്പോകും വിധത്തിൽ ആയിരുന്നു അവളുടെ ഓരോ ചലനങ്ങളും. പക്ഷേ കാപട്യമില്ലാത്ത,മൂടുപടം ഇല്ലാത്ത പെരുമാറ്റം - അതവളുടെ സ്വഭാവമഹിമ ആണെന്ന്തന്നെ പറയാം .

    അനാമിക ആരാണ്? ഉത്തരേന്ത്യയിൽ ജനിച്ചുവളർന്ന്, കൃത്യമായി പറഞ്ഞാൽ ഗോളിയോറിൽ, അവിടുത്തെ സംസ്കാരവുമായി ഇഴുകിച്ചേർന്നു, വസ്ത്രധാരണത്തിൽ പോലും അവിടുത്തെ രീതികൾ മാത്രം പിന്തുടരുന്ന അവളുടെ മുഖത്ത് പ്രകടമാകുന്ന നേരിയ വിഷാദ ഭാവവും, ആരെയോ തിരയുന്ന ആ നോട്ടങ്ങളും - അവൾ എന്തൊക്കെയോ മറച്ചു വയ്ക്കുന്നുണ്ട് എന്നു തോന്നാം.


    അനാമിക്ക് ഉത്തരേന്ത്യൻ സംഗീതത്തോട് - ഗസൽ, ഖയാൽ തുടങ്ങി വൈവിധ്യത പുലർത്തുന്ന സംഗീത ശാഖകളോട് അഗാധമായ പ്രതിപത്തിയും, പാണ്ഡിത്യവും ആണ്. കാമുകൻ സിദ്ധാർത് ഒരു നല്ല കവിയും, ചിത്രകാരനും ആണ്. അനാമിക ആലപിക്കുന്ന രാഗങ്ങൾക്കു, വർണ്ണ വിസ്മയം സൃഷ്ടിച്ചുകൊണ്ട് നല്ല ചിത്രങ്ങൾ വര ച്ചെടുക്കാൻ കഴിവുള്ള, അതുല്യ പ്രതിഭയുള്ള ഒരു ചിത്രകാരൻ. അവനു മാത്രം കഴിയുന്ന അമൂല്യ സൃഷ്ടികൾ. കൂടെ ജീവിച്ചു തീർക്കാനുള്ള അടങ്ങാത്ത മോഹം മനസ്സിൽ ബാക്കി വെച്ച്, വിവാഹത്തിന് മുൻപ് തന്നെ ഒരു കാർ അപകടത്തിൽ പെട്ടു ദാരുണമായി സിദ്ധാർഥ് കൊല്ലപ്പെടുന്നു. ആസ്വദിച്ച് തീരുന്നതിനു മുൻപ് വിധിയുടെ ക്രൂര ഹസ്തങ്ങൾ തട്ടിയെടുത്ത ആ ജീവൻ. എല്ലാം മറന്ന് ആലപിച്ച കൊണ്ടിരുന്ന മാൽകോൺസ്  രാഗം പാടി തീരുന്നതിനു മുൻപ്, പെട്ടെന്ന് നിർത്തേണ്ടി വന്ന അവസ്ഥ. വേദന പുറത്തുകാണിക്കാതെ, എല്ലാം ഉള്ളിലൊതുക്കി  , മണിക്കൂറുകളോളം തനിച്ച് മുറിയിൽ, സിദ്ധാർത്തിന്റെ ഓർമ്മകളിൽ എല്ലാം മറന്ന്, ജനാലയിലൂടെ ദൂരെ നോക്കി, അവൻ ഇനിയും തന്നെ കാണാൻ തിരിച്ചുവരുമോ എന്നോർത്ത് അവൾ ഇരിക്കാറുണ്ട്.

    അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി കേശവദാസുമായുള്ള വിവാഹം നടക്കുന്നു-വയസ്സു കൊണ്ടും സ്വഭാവം കൊണ്ടും വലിയ അന്തരം ഉണ്ടായിരുന്നെങ്കിൽ കൂടി. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ അച്ഛന്റെ മരണം. താങ്ങും തണലും ആയിരുന്ന അച്ഛന്റെ വിയോഗം അനാമികകു താങ്ങാവുന്നതിലുപരിയായിരുന്നു. ദാസിന്റെ കൂടെയുള്ള ജീവിതം തുടർന്നു കൊണ്ടിരിക്കുമ്പോൾ, ദാസിന്റെ കൂടെ കൂടെയുള്ള യാത്രകൾ, ബിസിനസ് യാത്രകൾ എന്ന് വിശേഷിപ്പിച്ച്- പൊതുവേ അന്തർമുഖൻ ആയിരുന്ന ദാസ് കൂടുതലൊന്നും പറയാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ആ യാത്രകളിൽ എന്തൊക്കെയോ നിഗൂഢതകൾ ഇല്ലേ എന്ന് പലപ്പോഴും അനാമികക്ക് തോന്നിയിട്ടുണ്ട്.


    മതിയാവോളം സ്നേഹിക്കാനോ, അനുഭവിച്ചറിയുവാനോ ആ പുരുഷഗന്ധം മതിയാവോളം ശ്വസിച്ചു മതിമറന്ന് ആടാനോ, ആ ശക്തിയിൽ അലിഞ്ഞമർന്ന് ഒന്നാകാനോ, വിധിച്ചിട്ട് ഇല്ലാത്ത, നഷ്ട നിർഭാഗ്യങ്ങളുടെ ഒരു വലിയ ഭാണ്ഡം ചുമന്നു തളർന്നു, അനാമിക ആ നഗരത്തിലെത്തുന്നു.

     പുതിയ നഗരത്തിൽ ജയദേവ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ, വാതോരാതെ  നർമ്മരസത്തോട് കൂടി, സംസാരിക്കാൻ അസാധാരണമായ കഴിവുള്ള, കളങ്കമില്ലാത്ത ഒരു പ്രത്യേക ചിരി സമ്മാനിക്കാറുള്ള ജയദേവിനെ അനാമികകു ഇഷ്ടപ്പെട്ടു. അവനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു, അടുക്കുന്നു.ഒരു ശലഭത്തിന്റെ നിഷ്കളങ്കതയോടെ. നിർവചിക്കാൻ പറ്റാത്ത ഒരു സ്നേഹം, കൂടെക്കൂടെ കാണാനുള്ള ഒരു മോഹം.


    അവൻ അങ്ങോട്ടും അതേമാതിരി, ഒരുപക്ഷേ അനാമികകു തന്നോടുള്ള ഇഷ്ട ത്തേക്കാൾ ഏറെയാണ് ജയദേവന് അവളോടുള്ള ആരാധനയും സ്നേഹവും. ചില ഇഷ്ടങ്ങൾ, ബന്ധങ്ങൾ അനിർവചനീയമാണ്.

    അനാമികയുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആ നഗരത്തിൽ  തുടങ്ങുന്നു. ഭർത്താവ്  ദാസിന്റെ തിരോധാനം അനാമിക ജയദേവിനോട് സൂചിപ്പിക്കുന്നു. ഒരു പുതിയ യാത്ര,  ജയദേവിന്റെ കൂടെ. തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന പല ചോദ്യങ്ങൾക്കും അവനിലൂടെ ഉത്തരങ്ങൾ കണ്ടെത്താൻ സാധിക്കും എന്ന അവളുടെ അമിത വിശ്വാസം ആണോ, അവന്റെ സാമീപ്യം എപ്പോഴും ആഗ്രഹിച്ചിരുന്ന അനാമികയുടെ മനസ്സിൽ? അതോ- പുരുഷന്റെ സാമിപ്യം ആഗ്രഹിച്ച രാത്രികളിൽ, ജയദേവനിലെ പുരുഷത്വത്തിനെ അവൾ മോഹിച്ചിരുന്നുവോ? അറിയില്ല - അനാമികയുടെ മനസ്സ് അവൾക്ക് തന്നെ അറിയില്ല.

     ജയദേവന് അവന്റെ ഏകാന്തതകളിലെ കൂട്ടുകാരിയാണ് അനാമിക. സ്വന്തം ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പല ചലനങ്ങളും, നേട്ടങ്ങളും കൈവരിക്കാൻ തന്നെ സഹായിച്ച, തന്നോടൊപ്പം നിന്ന അനാമിക. തന്റെ ജീവിതം അവൾക്ക് കടപ്പെട്ടതല്ലേ എന്നവൻ  സ്വയം ചോദിക്കാറുണ്ട്.

    അതീന്ദ്രിയജ്ഞാനം അല്ലെങ്കിൽ clairvoyanve  എന്ന വളരെ അപൂർവ്വവും എന്നാൽ വളരെ പ്രതേകതയുമുള്ള ഒരു കഴിവ് അല്ലെങ്കിൽ സിദ്ധി ഉള്ള ഒരു വ്യക്തിയാണ് അനാമിക. ജയദേവിന്റെ കാര്യത്തിൽ അനാമിക പറയുന്ന കാര്യങ്ങളെല്ലാം ഓരോന്നായി സംഭവിക്കുന്നു. അവന്റെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങളും അനാമിക തന്റെ പ്രത്യേക സിദ്ധികൊണ്ട് പ്രവചിക്കുന്നു.

    അനാമിക തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെല്ലാം ജയദേവിനോട് തുറന്നു പറയുന്നു. ഭർത്താവ് കേശവദാസിന്റെ തിരോധനത്തെക്കുറിച്ചു അന്വേഷിക്കാൻ ആ നഗരത്തിൽ എത്തിചേർന്ന അനാമികക്ക് ജയദേവനിൽ നിന്ന് വളരെ വിലപ്പെട്ട ചില വിവരങ്ങളും തെളിവുകളും ലഭിക്കുന്നു.

    സ്വന്തം സഹോദരിയുടെ  കാമുകൻ അഭിനവിന്റെ കൊലപാതകത്തിൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ ജയദേവ് അറസ്റ്റ് ചെയ്യപ്പെടുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമൂഹവും ഒരേ പോലെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി, എത്ര ശ്രമിച്ചിട്ടും നിരപരാധിത്വം തെളിയിക്കുവാനാകാതെ ജയദേവ് കഷ്ടപെടുമ്പോൾ, ജാമ്യത്തിൽ ജയിലിൽ നിന്നും ഇറക്കി, കുറ്റാന്വേഷണത്തിലും, തുടർന്നുള്ള വിചാരണ നടപടികളിലും കൂടെ നില്കുവാൻ അനാമിക തീരുമാനിക്കുന്നു.


    വളരെ അപ്രതീക്ഷവും എന്നാൽ പോലീസ് ഡിപ്പാർട്മെന്റിനു പ്രയോജനകരവുമായ ചില പ്രധാനപെട്ട വിവരങ്ങളും, തെളിവുകളും അനാമിക നൽകിയതിന്റെ അടിസ്ഥാനത്തിൽ ശരിയായ കുറ്റവാളിയെ കണ്ടു പിടിക്കുന്നു. കൊല്ലപ്പെട്ട അഭിനവിന്റെ business partner  ആയ ഫിലിപ്പോസ് ആണ് അവനെ കൊല്ലുന്നത്. ബധിരയും മൂകയും ആയ സ്വന്തം മകളെ അഭിനവ് ക്രൂരമായി ബലാത്സംഗം ചെയ്തു എന്നറിഞ്ഞ ദുഖത്തിലും അടക്കാനാവാത്ത കോപത്തിലും, സ്വന്തം അനിയനെ പോലെ സ്നേഹിച്ച അഭിനവിനെ ഫിലിപ്പോസ് കൊല്ലുന്നു.

    കുറ്റവാളിയെ തുടർന്നുള്ള ചോദ്യം ചെയ്യലിലും, വിലയേറിയ മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും, കേശവദാസിന്റെ തിരോധനത്തിൽ അവൻ ഫിലിപ്പോസ് ഉത്തരവാദിയാണെന്ന് തെളിയുന്നു. കേശവദാസ് നൽകേണ്ടിയിരുന്ന ഭീമമായ തുക എങ്ങിനെയെങ്കിലും വാങ്ങിക്കുവാനായി,  കേശവദാസിനെ തട്ടിക്കൊണ്ടു പോയി, ഭീഷണിപ്പെടുത്തി, അനാമികയുടെ കയ്യിൽ നിന്നും വാങ്ങാമെന്ന ഒരു പദ്ധതിയുമായി അവർ അയാളെ കടത്തികൊണ്ട് പോകുന്നു. അതിനിടയിൽ മർദ്ദനവും, ഭീഷണിയും താങ്ങാനാവാതെ ഹൃദ്രോഗിയും, ആസ്മാരോഗിയും ആയ കേശവദാസ് ശ്വാസം മുട്ടി മരിക്കുന്നു. പിടിക്കപ്പെടാതിരിക്കാൻ അവർ കേശവദാസിന്റെ മൃതദേഹം നശിപ്പിക്കുന്നു.

    ദുരന്തങ്ങൾ ഓരോന്നായി തന്നെ വേട്ടയാടി കൊണ്ടിരുന്നപ്പോൾ, ഒരിറ്റു സ്നേഹത്തിനായി കാത്തുനിന്ന മനസ്സിലേക്ക് പേമാരി പെയ്തിറങ്ങുന്ന പോലെ, സ്നേഹം കൊണ്ട് തന്നെ മൂടി പൊതിഞ്ഞ ജയദേവ്. തന്നെക്കാണാൻ അവൻ വരും എന്ന് ആഗ്രഹിച്ചു കാത്തിരുന്ന രാത്രികൾ. ഇനിയൊരു ദുഃഖമോ വേർപാടോ, താങ്ങാൻ തനിക്ക് ആവുമോ എന്ന് സ്വയം ചോദിക്കുമ്പോൾ, രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉറക്കമൊഴിച്ചു ജയദേവിനെ കാത്തിരുന്ന നിമിഷങ്ങളിൽ, പലതും സ്വയം ആലോചിച്ചു, തീരുമാനം എടുക്കുവാൻ അവളുടെ മനസ്സു നിർബന്ധിതയാവുന്നു.


    ജയദേവന് വേണ്ടി കാത്തിരിക്കുന്ന, അവനെ മാത്രം സ്വപ്നം കണ്ട് കഴിയുന്ന ദീപികയ്ക്ക് വേണ്ടി, അവൾക്കൊരു നല്ല ജീവിതത്തിനു വേണ്ടി, അവളുടെ സന്തോഷത്തിനുവേണ്ടിഎല്ലാം വിട്ടു കൊടുത്തു, ഒരിറ്റു സ്നേഹത്തിനു പോലും കാത്തു നിൽക്കാതെ അനാമിക ആ നഗരം വിട്ടുപോകാൻ തീരുമാനിക്കുന്നു. ജയദേവ്നോട് ഒരു കത്തിലൂടെ  മാത്രം യാത്ര പറഞ്ഞു, ഇനിയൊരിക്കലും അവന്റെ ജീവിതത്തിലേകോ, ആ നഗരത്തിലേകോ തിരിച്ചു വരികയില്ല എന്നും അവൻ സമ്മാനിച്ച എല്ലാ ആവിസ്മരണീയ മുഹൂർത്തങ്ങൾക്കും, നല്ല ഓർമ്മകൾകും നന്ദി പറഞ്ഞു അവൾ ആ നഗരം വിട്ടുപോകുന്നു.

    അവളുടെ അനന്തമായ യാത്രയിൽ, കൂട്ടിനായി അവൾ ജീവനേക്കാൾ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന സംഗീതവും, തന്റെ ജീവിതത്തിൽ ഒരു വസന്തകാലത്തിന്റെ ആയിരം ചിറകുള്ള ഓർമ്മകൾ സമ്മാനിച്ച ജയ് ദേവനെകുറിച്ചുള്ള നല്ല സ്മരണകളും.

    അനാമിക എന്നെങ്കിലും തിരിച്ചുവരും എന്നു പറഞ്ഞ് സ്വയം സമാധാനിപ്പിച്ചു അവൾക്കായി കാത്തിരിക്കുന്ന ജയദേവന് സാന്ത്വനം ഏകാൻ മിയാമൽഹാർ, യമൻ രാഗങ്ങൾ ഒരിളം കാറ്റ് പോലെ അവനെ തഴുകിക്കൊണ്ടിരുന്നു. അവനറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. വേർപാടിന്റെ ദുഃഖം അവനറിഞ്ഞു.അനാമിക, അവൾ തനിക്ക് ആരെല്ലാമോ ആയിരുന്നു. അവളുടെ ഓർമ്മകൾക്ക് കണ്ണുനീരിന്റെ ഗന്ധമെന്ന് അവൻ അറിഞ്ഞു. സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞ ജീവിതത്തിൽ അനാമിക നൽകിയ സ്നേഹത്തിന്റെ  പുത്തൻ പൂച്ചെണ്ടുകൾ വാടാമലരുകൾ ആയി എന്നും തന്റെ കൂടെ തന്നെ ഉണ്ടാവും എന്നവൻ സ്വയം പറയുന്നു.

    K.K മേനോന്‍, ചെന്നൈ

    (Tea estates ൽ മാനേജർ ആയി തുടങ്ങിയ k. K. Menon, 1980 ൽ HMV സരിഗമയിൽ തുടങ്ങി ഒരു നീണ്ട സംഗീതയാത്ര ആരംഭിച്ചു...നീണ്ട മൂന്ന് പതിറ്റാണ്ടോളാം മ്യൂസിക് ഇൻഡസ്ട്രിയിൽ വളരെ സജീവമായിരുന്നു ABCL ജനറൽ മാനേജർ ആയിരുന്ന മേനോൻ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും ചെറുകഥകളും online ൽ പ്രസിദ്ധീകരിച്ചിട്ടുള്ള K. K. Menon, ഇന്ദ്രനീലം എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കുടുംബം : ഭാര്യ, മകൾ  താമസം : ചെന്നൈ)


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *