•  


    കഥ / ഹൃദയശൂന്യന്‍ / ശാരി ലാല്‍


     കഥ/ ഹൃദയശൂന്യന്‍


    ഹൃദയശൂന്യൻ എന്ന് ചിലർ ഒളിഞ്ഞും തെളിഞ്ഞും പറയും. ചിലരുടെ വിളി വേറെയാണ്. സത്യത്തില്‍ ഞാനൊരു  പോരാളിയായിരുന്നു  എന്ന് തോന്നും ചിലപ്പൊഴെല്ലാം.

    14/17 വയസ്സ് വരെ കുഴപ്പമില്ലായിരുന്നു.. എന്തോ ഒരു സൂക്കേട് വന്നു.. അന്നൊന്നും മരുന്നില്ല അടുത്ത് ആശൂത്രീം .. പതിയെപ്പതിയെ  കാഴ്ച കുറഞ്ഞു. കുറഞ്ഞൂന്ന് വെച്ചാൽ ടോർച്ചടിച്ചാൽ പോലും തരി വെളിച്ചമില്ല.ഡോക്ടർമാര് പറഞ്ഞേ ഞരമ്പിന് പ്രവർത്തനമില്ലാതായെന്ന്.

    20 വരെ തെളിഞ്ഞും മങ്ങിയും കണ്ട കാഴ്ചകൾ.. പിന്നീട് ഓരോരുത്തരായി പറഞ്ഞ് പകർന്ന് തന്ന കാഴ്ചകൾ എല്ലാം പൊടിപ്പും തൊങ്ങലും വെച്ച് അങ്ങ് കാച്ചും ചർച്ചകളിൽ.

    അങ്ങനെ നാട്ടുകാരിൽ ചിലരിൽ സംശയം ഉദിച്ചു.. ഇവന് കാണാം കുറച്ചെല്ലാം.. കാഴ്ചയില്ലെന്നു പറയുന്നത് വെറും പറ്റിക്കൽ..


    അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഞാനെല്ലാം സമയമെടുത്താലും വെടിപ്പായിട്ട് ചെയ്തു തീർക്കും. നന്നായി പണിയെടുത്തു, സമ്പാദിച്ചു.കല്യാണം കഴിച്ചു. മക്കളെ വളർത്തി.ഉറുമ്പ് അരിമണി കൂട്ടുന്നതു പോലെ .കാലങ്ങളിൽ പണിയെടുത്തു കിട്ടിയ കാശ് അരിഷ്ടിച്ച് ചിലവാക്കി. ബാക്കിയുള്ളത് നാട്ടുകാരുടെ ഇടയിൽത്തന്നെ പലിശയ്ക്കു കൊടുത്തു.

    അങ്ങനെ ഞാനൊരു പലിശക്കാരനായി.

    10 പ്രാവശ്യം കണ്ണടച്ച് എണ്ണിയാൽ നിങ്ങൾക്കും തിട്ടം കിട്ടില്ലേ.. നോട്ടിൻ്റെ വലുപ്പവും കനവും..

    ഇതൊക്കെ ചെയ്യുന്നതു കൊണ്ട് കിട്ടിയ പേര് " കണ്ണുപൊട്ടൻ" "പൊട്ടക്കണ്ണൻ"..

    സാരമില്ല ,വിളിച്ചവർ എല്ലാം എൻ്റെടുത്തുന്ന് പലിശയ്ക്ക് കാശ് വാങ്ങി കാര്യം കണ്ടവർ..

    ആരേം ക്ഷണിച്ചതല്ല. അവരുടെ ഇല്ലായ്മയിൽ വന്നു കൈപ്പറ്റിയതു തന്നെ. മനക്കണക്കിൽ എല്ലാം ഭദ്രമായിരുന്നു.

    കിട്ടിയ ഭാര്യയാണെങ്കിലോ അത്രയ്ക്ക് കാര്യശേഷിയില്ലാത്തവളും. അവൾ പറയേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളിലും എൻ്റെ മേൽനോട്ടമില്ലാതെ പറ്റില്ലെന്നായി. എന്തുമാകട്ടെ കിട്ടിയ ജീവിതം എന്നാൽ കഴിയുന്ന രീതിയിൽ ആസ്വദിച്ചു.

    ഇതുവരെ തളർന്നിട്ടില്ല. അല്ല.. തളർച്ച ആരെയും അറിയിച്ചിട്ടില്ല. കണ്ണുള്ളവരുടെ ഇടയിൽ ഈ കണ്ണുപൊട്ടൻ അഹംഭാവിയായിത്തന്നെ നിലകൊണ്ടു. മക്കൾ ഇടത്തും വലത്തുമുണ്ട് സഹായമായി ഇപ്പോൾ. എന്നാലും ഈ ആശുപത്രിക്കിടക്കയിലിങ്ങനെ... വയ്യ...

    കൊറോണയല്ലേ.. നാട്ടിൽ വന്നപ്പോൾ അവനെന്നെയും പിടികൂടി.. അടുത്ത കട്ടിലുകളിൽ കിടക്കുന്നവർ പ്രായഭേദമന്യേ ഓരോരുത്തരായി കിടപ്പൊഴിഞ്ഞ് ജീവിതമൊഴിഞ്ഞ് പോകുന്നു.പുതിയവർ അപ്പപ്പോൾ വരുന്നു.

    ഞാൻ...???

    ഇന്നലെ കഴിച്ചതാണ് കുറച്ച് പൊടിയരിക്കഞ്ഞി.. പിന്നെ കുറേക്കുറേ അസ്വസ്ഥകൾ..

    എന്തൊക്കെയോ കൊണ്ട് മൂക്കും വായും മൂടിവച്ചിരിക്കുന്നു.

    തൊണ്ടയ്ക്കു താഴെ ഒരു മുട്ടലുണ്ട് ഇടയ്ക്കിടെ..

    ഇപ്പോൾ ഹൃദയശൂന്യനല്ല.. 

    ഹൃദയം ഇടയ്ക്കിടെ പണി കുറക്കുന്നു..

    ഡോക്ടർമാർ ശ്രമിക്കുന്നുണ്ട്.. ചിലതെല്ലാം പറയുന്നുമുണ്ട്.. ഒന്നും വ്യക്തമല്ല.. കണ്ണിൽ ഒരു വെട്ടം..പതിയെപ്പതിയെ അത് കൂടുന്നു... മുട്ടൽ കുറഞ്ഞു ഇപ്പോൾ തൊണ്ടയ്ക്കു താഴെ.. തീരെയില്ല എന്നു തന്നെ പറയാം.നല്ല സുഖം ശരീരത്തിന്.. പഞ്ഞി പോലത്തെ കനമേയുള്ളൂ... 

    ശരീരം അങ്ങ് പൊങ്ങുന്ന പോലെ..

    ശാന്തമാണിപ്പോൾ.... 

    സുഖം... 

    സ്വസ്ഥം. .

    ദുഃഖം ഒന്നു മാത്രം, എൻ്റെ മക്കൾ ,ഭാര്യ, കുടുംബം.. 

    ആരെയും അടുത്തു കണ്ടില്ല ഞാൻ.. അറിഞ്ഞില്ല ഞാൻ ..

    ( പതിനാലാം വയസില്‍ കണ്ണിന്‍റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെങ്കിലും പ്രകൃതി നല്‍കിയ അതീജീവനത്തിന്‍റെ ശക്തി ജീവിതത്തില്‍ പകര്‍ത്തി അസാധാരണമായ രീതിയില്‍ ജീവിതം കെട്ടിപ്പടുത്ത കരുത്തനായ ഒരു മനുഷ്യന്‍റെ  ജീവിതകഥയുടെ ഒരു ചെറു കുറിപ്പ് മാത്രമാണിത്. ആ മനുഷ്യന്‍ കഥാകൃത്തായ ശാരിയുടെ ഭര്‍ത്താവിന്‍റെ അച്ഛനാണ്.)

    ശാരി ലാല്‍

     



    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *