ആടിയുലഞ്ഞ് യൂട്യൂബ്, പിന്നാലെ
വമ്പിച്ച ഇളവുകള്‍
വീഡിയോ സ്ട്രീമിങ്ങ് രംഗത്തെ രാജാക്കന്മാരായിരുന്ന യൂട്യൂബിന്‍റെ കുത്തക തകര്‍ന്നതോടെ വിപണിയില്‍ ആടിയുലയുകയാണ് യൂട്യൂബ്. അതോടെ യൂട്യൂബര്‍മാര്‍ക്കുള്ള നിബന്ധനകളില്‍ വലിയ ഇളവുകളാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പ്രധാന എതിരാളി മെറ്റ എന്ന ഫേസ്ബുക്ക് കമ്പനി തന്നെ. ഫേസ്ബുക്ക് വീഡിയോ, റീല്‍സ്, വീഡിയോ ലൈവ് എന്നിവ ശക്തമായതോടെ അതിന്‍റെ ജനപ്രിയതയും കൂടി. അതോടെ യൂട്യൂബിന് പ്രേക്ഷകര്‍ കുറഞ്ഞു. യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞു. യൂട്യൂബില്‍ വീഡിയോ ഇടുന്നവര്‍ക്ക് മാസം തോറും ലക്ഷങ്ങളാണ് വരുമാനം എന്ന പ്രചാരണം ശക്തിപ്പെട്ടതോടെ പലരും ലോണെടുത്തും ആധാരം പണയം വച്ചും യൂട്യൂബ് ചാനല്‍ തുടങ്ങി. കടക്കെണിയിലായ മഹാന്മാരും മഹതികളുമുണ്ട്. കോവിഡ് സമയത്ത് വീട്ടില്‍ ആരും പുറത്തിറങ്ങാതിരുന്ന ലോക് ഡൗണ്‍ സമയമായിരുന്നു ഇവരുടെ വിഹാരകാലം. കൊറോണയെ കെട്ടുകെട്ടിച്ച് എല്ലാവരും പണിക്കു പോയിത്തുടങ്ങിയതോടെ യൂട്യൂബിന്‍റെയും യൂട്യൂബര്‍മാരുടേയും കഷ്ടകാലം തുടങ്ങി. പോരാത്തതിന് ഫേസ്ബുക്ക് കിടിലന്‍ റീല്‍സുമായി വന്നു. യൂട്യൂബിന്‍റെ നിബന്ധനകളോ ജാഡകളോ അവര്‍ക്കൊട്ടില്ലതാനും. കൂട്ടിന് ഇന്‍സ്റ്റാഗ്രാമും കൂടി ഒട്ടിച്ചു ചേര്‍ത്തു വച്ചിരിക്കുന്നതിനാല്‍ ഇരട്ടിഫലമാണ് ഫേസ്ബുക്ക് പ്രേമികള്‍ക്ക് കിട്ടിയത്.
യൂട്യൂബ് ചാനലിന് മോണിടൈസേഷന്‍ (വരുമാനമുള്ള ചാനല്‍ എന്ന പദവി ) കിട്ടണമെങ്കില്‍ കുറഞ്ഞത് 1000 സബ്സക്രൈബേഴ്സ്, ഒരു വര്‍ഷം 4000 മണിക്കൂര്‍ വാച്ച് അവര്, അല്ലെങ്കില്‍ 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്സ് വ്യൂ. ഈ നിബന്ധനകളാണ് യൂട്യൂബ് മാറ്റിയിരിക്കുന്നത്.
ഇളവുകള്‍
കുറഞ്ഞത് 500 സബ്സക്രൈബേഴ്സ്, ഒരു വര്‍ഷം 3000 മണിക്കൂര്‍ വാച്ച് അവര്, അല്ലെങ്കില്‍ 90 ദിവസത്തിനിടെ 30 ലക്ഷം ഷോര്‍ട്സ് വ്യൂ. എന്നിങ്ങനെ യൂട്യൂബ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രഖ്യാപനം നടപ്പായി കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലും ഈ ഇളവുകള്‍ ലഭ്യമാകും. ഇതുകൊണ്ടെങ്ങാനും രക്ഷപ്പെടുമോ യൂട്യൂബ്? കണ്ടറിയണം.
ഒരു സിനിമയുടെയൊക്കെ പണം മുടക്കി യൂട്യൂബിനുവേണ്ടി വെബ്സീരിസ് നിര്‍മിക്കാന്‍ പണം മുടക്കിയ മഹാന്മാരുണ്ട്. ആളുകള്‍ കണ്ടിട്ടു തെറിപറഞ്ഞാലും എന്തു ചീഞ്ഞ സാധനമായാലും വ്യൂവേഴ്സ് ഉണ്ടെങ്കില്‍ യൂട്യൂബ് കാശു തരുമല്ലോ എന്നാരാണ്ടൊക്കെ പ്രേരിപ്പിച്ചു കളത്തിലിറങ്ങിയവരാണ് കുണ്ടി പൊള്ളി മിണ്ടാതിരിക്കുന്നത്.
അതല്ലാതെ യാത്രാ വീഡിയോകളും ഫുഡ് വീഡിയോകളുമാണ് പിന്നെ ട്രെന്‍ഡ് ആയത്. എല്ലാവരും അതിന്‍റെ പിന്നാലെ വച്ചുപിടിച്ചു. പലരും ഭയങ്കര ക്വാളിറ്റി വീഡിയോ ഉണ്ടാക്കാന്‍ വേണ്ടി ആറു ലക്ഷം രൂപയുടെ ക്യാമറ, അതിനൊത്ത വിലപിടിപ്പുള്ള മൈക്രോഫോണ്‍, 25000 രൂപയുടെ ജിംബല്‍, മൂന്നു ലക്ഷത്തോളം മുടക്കി എഡിറ്റിങ്ങിനുള്ള ലാപ്ടോപ്പ്. പിന്നെ ജിബിക്കണക്കിന് വീഡിയോ അപ്ലോഡ് ചെയ്യാന്‍ മാസം 3000 വരെ മുടക്കി ഇന്‍റനെറ്റ് കണക്ഷന്‍.
യൂട്യൂബില്‍ ചാനലിന് മോണിടൈസേഷന്‍ കിട്ടാന്‍ വേണ്ടി, അതായത് 1000 സബ്സക്രൈബേഴ്സും 4000 മണിക്കൂര്‍ വാച്ച് അവറും കൃത്രിമമായി ഉണ്ടാക്കിക്കൊടുക്കാന്‍ വരെ കമ്പനികള്‍ ഉണ്ടായി. 4500 രൂപ കൊടുത്താല്‍ മതിയത്രെ. അങ്ങനെ മോണിടൈസേഷനായാല്‍ പിന്നെ കോടികളല്ലേ യൂട്യൂബ് മാസംതോറും തരുന്നത്.
പിന്നെ ചില ബുദ്ധിമാന്മാര്‍ ഒരു നയാപൈസ മുടക്കാതെ കാര്യം കണ്ടു. അവര്‍ മൊബൈല്‍ സെല്‍ഫി ഓണാക്കി വച്ച് ഷൂട്ടു ചെയ്ത്, മൊബൈലിലെ വീഡിയോ എഡിറ്റിങ്ങ് ആപ്പില്‍ പണം കൊടുക്കാതെ എഡിറ്റു ചെയ്ത് വീഡിയോ ഇട്ടു. അത് ചാത്തന്‍സേവ നടത്തുന്ന ലോക്കല്‍ ജ്യോതിഷന്മാരും പിന്നെ കമ്പിക്കഥ പറയുന്ന ആന്‍റിമാരുമായിരുന്നു. അവര്‍ക്കറിയാം യൂട്യൂബില്‍ നിന്ന് ഒരു തേങ്ങയും കിട്ടില്ലെന്ന്. പക്ഷേ അവരുടെ ബിസിനസ് പച്ചപിടിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ