•  


    'നന്‍പകല്‍ നേരത്ത് മയക്കം' ഒരു അസാധാരണ പ്രേതകഥ


     

    'നന്‍പകല്‍ നേരത്ത് മയക്കം' ഒരു അസാധാരണ പ്രേതകഥ

    ലിജോ ജോസ് പെല്ലിശേരിയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ചിത്രം എന്ന് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയെ വിശേഷിപ്പിക്കാം. തന്‍റെ ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തമാകണം എന്ന കടുത്ത വാശിയുടെ പ്രതിഫലനം ഈ സിനിമയിലുമുണ്ട്. ജെല്ലിക്കെട്ട്, ചുരുളി എന്നീ സിനിമകളുടെ ഒരു നിറവും ഈ സിനിമക്കില്ല. ചുരുളിക്ക് തിരക്കഥയെഴുതിയ എസ് ഹരീഷ് തന്നെയാണ് ഈ സിനിമക്കും തിരക്കഥയെഴുതിയത്. മലയാള സിനിമക്ക് അന്യമായ ഒരു ആഖ്യാനശൈലി ഈ സിനിമയില്‍ അവലംബിച്ച ലിജോ വളരെ കരുതലോടെയാണ് ഓരോ ഫ്രെയ്മും നിര്‍ണയിച്ചത്. മമ്മൂട്ടി എന്ന നടന്‍റെ അഭിനയപാടവം സൂക്ഷ്മമായി പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞ സിനിമയാണിത്. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളിലെ രണ്ട് വ്യക്തികളായി നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി. 

    കുടുംബ സമേതം ഒരു വേളാങ്കണ്ണി തീര്‍ത്ഥയാത്രക്ക് പോയി മടങ്ങി വരുന്ന വേളയില്‍ തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തു വച്ച് ഒരു ഉച്ചമയക്കവേളയില്‍ ബസ് നിര്‍ത്തിച്ച് ഒരു കോളനിയിലേക്ക് പോവുകയാണ് മമ്മൂട്ടിയുടെ ജെയിംസ് എന്ന കഥാപാത്രം. കോളനിയിലെ ഒരു വീട്ടിലേക്ക് വന്നു കയറുന്ന ജെയിംസ്, സുന്ദരം എന്ന തമിഴ് കോളനി നിവാസിയായി മാറുകയാണ് പിന്നീട്. വെറും ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ സുന്ദരമായി ജെയിംസ് മാറിക്കഴിഞ്ഞു. ആ സ്ഥലത്തിന്‍റെ മുക്കും മൂലയും ആളുകളേയും സംഭവങ്ങളേയും വ്യക്തമായറിയാം ജെയിംസിന്‍റെ സുന്ദരത്തിന്. രണ്ട് വര്‍ഷം മുമ്പ് ജെയിംസ് വന്നുകയറിയ ആ വീട്ടിലെ ഗൃഹനാഥനായ വ്യക്തിയെ കാണാതായിരുന്നു.അയാളുടെ പേരാണ് സുന്ദരം. 


    സുന്ദരത്തെ പോലെ ജെയിംസ് പെരുമാറാന്‍ തുടങ്ങി.ജെയിംസിനെ അന്വേഷിച്ച് ബസിലെ ആളുകള്‍ കോളനിയിലെത്തി. ഒപ്പം ജെയിംസിന്‍റ ഭാര്യയും മകനുമുണ്ട്. സുന്ദരമായി മാറിയെ ജെയിംസിനെ കണ്ട് അവര്‍ അമ്പരക്കുന്നു. അതുപോലെ സുന്ദരത്തിന്‍റെ ഭാര്യയും മകളും വീട്ടുകാരും അമ്പരക്കുന്നു. ജെയിംസിനെ തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആളുകളെ ജെയിംസ് തട്ടിമാറ്റുന്നു. കാരണം ജെയിംസ് ഇപ്പോള്‍ സുന്ദരമാണ്. സുന്ദരം ചെയ്തിരുന്നതെല്ലാം അയാളും ചെയ്യുന്നു. 


    ഒരു ലൂണയുമായി അയാള്‍ പാല്‍ക്കച്ചവടത്തിന് പോകുന്നു, അമ്പലത്തില്‍ പോകുന്നു, കള്ളു കുടിക്കുന്നു, ഇതിനിടയില്‍ ജെയിംസിനെ കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കി തിരികെ കൊണ്ടുപോകാന്‍ സുന്ദരത്തിന്‍റെ വീട്ടുകാരുടെ സഹായത്തോടെ ബസിലെ സഹയാത്രികര്‍ പ്ലാന്‍ ചെയ്യുന്നു. പക്ഷേ ബാര്‍ബറുടെ അടുത്തു ചെന്ന സുന്ദരത്തെ ഒരു കാര്യം ഞെട്ടിച്ചു, സുന്ദരത്തിന്‍റെ മുടി വെട്ടിയിരുന്ന പെരിയസ്വാമി ആറുമാസം മുമ്പ് മരിച്ചുപോയത്രേ. മാത്രമല്ല, താന്‍ പോയ വഴിയിലൊക്കെ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. കാടുമൂടിക്കിടന്ന ഒരു സ്ഥലത്ത് ക്ഷേത്രം പണിയുന്നു, മാത്രമല്ല തന്നെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ ചില പ്രശ്നങ്ങള്‍ സുന്ദരത്തെ അലോസരപ്പെടുത്തി. സുന്ദരം വീട്ടില്‍ വന്ന് ഊണുകഴിച്ച് ഉച്ചമയക്കത്തിലായി. ആ ഉച്ചമയക്കത്തില്‍ തലേന്നു ഉച്ചമയക്കത്തില്‍ ജെയിംസില്‍ കയറിക്കൂടിയ സുന്ദരത്തിന്‍റെ ആത്മാവ് വിട്ടകലുന്നു. ജെയിംസിന് സ്വബോധം തിരികെ കിട്ടുന്നു. 


    ജെയിംസും സംഘവും തിരികെ ബസില്‍ കയറി സ്ഥലം വിടുന്നു. തിരികെ പോകുന്ന ബസ് പക്ഷേ സാരഥി തീയേറ്റേഴ്സ് എന്ന നാടകട്രൂപ്പിന്‍റെ വണ്ടിയായി കാണിക്കുന്നുണ്ട്. മാത്രമല്ല സംവിധാനം  തിലകന്‍ എന്ന് എഴുതി കാണിക്കുന്നുമുണ്ട്. അങ്ങനെ ഒരു പ്രേതകഥ പറഞ്ഞു എന്ന നാണക്കേടിന്‍റെ  ഉത്തരവാദിത്വത്തില്‍ നിന്ന് ബുദ്ധിപപൂര്‍വം തലയൂരുകയും ചെയ്യുന്നുണ്ട് ലിജോ ജോസ് പെല്ലിശേരി. ചിത്രത്തിന് ഒരേയൊരു കുഴപ്പമേയുള്ളൂ, സംഭാഷണങ്ങള്‍ ഒന്നും തന്നെ വ്യക്തമല്ല.  എന്തെങ്കിലും മനസിലാകണമെങ്കില്‍ ഇംഗ്ലീഷ് സബ്ടൈറ്റിലുകളുടെ സഹായം തേടണം. ഷോട്ടുകളുടെ പ്രത്യേകത കൊണ്ട് നടീനടന്മാരെ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ജെല്ലിക്കെട്ടിലും ചുരുളിയിലും കാണിക്കുന്ന ചില ബുദ്ധിജീവി ട്രിക്ക് ഷോട്ടുകള്‍ ഇതില്‍ വേണ്ടായിരുന്നു. മറ്റ് രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് തെറിയും ഇല്ല. 

    പിന്നാമ്പുറം - ഈ ചിത്രം കാണാന്‍ ഇത്രയും വൈകിയതിന് കാരണമുണ്ടായിരുന്നു. ഇതൊരു ലാഗ് പടമാണ്. ഒന്നും മനസിലാകില്ല, വട്ടാകും തുടങ്ങിയ റിവ്യൂകളാണ് എനിക്കു കിട്ടിയത്. പക്ഷേ ലിജോ ജോസ് വീണ്ടും ഞെട്ടിച്ചു എന്നു തന്നെ പറയുന്നു.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *