•  


    മണര്‍കാട് പാപ്പനും ആനക്കാട്ടില്‍ ഈപ്പച്ചനും


     മണര്‍കാട് പാപ്പനും ആനക്കാട്ടില്‍ ഈപ്പച്ചനും

    സംഭവബഹുലമായ ഒരു ജീവിതകഥ

    മണർകാട് പാപ്പൻ എന്ന ജോസഫ് മൈക്കിളിനെ മലയാളികൾ പലരും അറിയുന്നത്‌ പ്രശസ്തനായ ഒരു അബ്കാരി എന്ന നിലയിൽ മാത്രമായിരിക്കും. ഈ അതികായനെ ആണ് സോമൻ ലേലം എന്ന സിനിമയിൽ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തിലൂടെ   അനശ്വരമാക്കിയത്. സ്വന്തം വ്യക്തിപ്രഭാവവും, കൂര്‍മ്മ ബുദ്ധിയും കൈമുതലാക്കി പല മേഖലകളിലും അദ്ദേഹം തന്റെ വ്യതിരിക്തമായ കൈയ്യൊപ്പ് ചാർത്തി. മദ്യ വ്യവസായി, അതുല്യനായ സ്പോർട്സ് സംഘടകൻ, ഹോട്ടൽ വ്യവസായി, പ്ലാന്റേഷൻ മേഖലയിലെ അതികായൻ, തിയേറ്റർ ഉടമ, രാഷ്ട്രീയ നേതാവ്, പത്രമുടമ, ഉദാരമതി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അസാമാന്യ വ്യക്തി പ്രഭാവത്തിന് ഉടമയായിരുന്നു അദ്ദേഹം.

    പാലാ ടൌൺ വിദേശ മദ്യ ഷാപ്പ് വാശിയേറിയ ലേലത്തിൽ പാച്ചി ഫിലിപ്പ് പിടിച്ചു. പക്ഷേ പ്രതീക്ഷിച്ചതുപോലെ കച്ചവടം ഉണ്ടായില്ല. എന്നാൽ ടൗണിൽ പാപ്പന്റെ മദ്യം ഇഷ്ടംപോലെ ലഭ്യം. എക്സൈസ്കാര്‍ക്ക് ഇതറിയാം. പാച്ചി അവരോട് പരാതിപ്പെട്ടിട്ട ഫലമുണ്ടായില്ല. മുകളിൽ നിന്നുള്ള ഓർഡർ ആണ് തന്റെ ദുരവസ്ഥക്ക് കാരണമെന്ന് അന്വേഷണത്തിൽ പാച്ചിക്ക് മനസ്സിലായി.അയാള്‍ എക്സ്സൈസ് മന്ത്രി ഗൗരിയമ്മയെ പോയി കണ്ടു. "ഞാൻ പറഞ്ഞിട്ടാണ് " മന്ത്രി വെട്ടിത്തുറന്നു പറഞ്ഞു. "പാപ്പൻ വളരെ നഷ്ടത്തിലാണ്" . തിരിച്ചെത്തിയ പാച്ചി നേരെ പാപ്പന്റെ വീട്ടിലേക്കാണ് പോയത്. 

    പാപ്പന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്ന ഒന്നായിരുന്നു. സർക്കാർ പാപ്പരായി പ്രഖ്യാപിച്ച് എഴുതിത്തള്ളിയ അപ്പന്റെ കടങ്ങൾ കഠിനാധ്വാനത്തിലൂടെ വീട്ടിയ മകൻ, ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ കൊടുത്ത അബ്കാരി മുതലാളി, ഏറ്റവും വലിയ മദ്യവ്യവസായി എന്ന സ്ഥാനം നിലനിൽക്കുമ്പോൾ തന്നെ അതു നിർത്തിയ വ്യത്യസ്തൻ. 


    അപാരമായ ഓർമ്മശക്തി അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. തന്റെ റേഞ്ചിലുള്ള ഏതു കടയിലേയും ആൾക്കാരുടെ പേരും, ഫോൺ നമ്പറും,  കണക്കും ഒക്കെ ഹൃദിസ്ഥമായിരുന്നു എന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരികൾ പറയുന്നു. 

    പിതാവ് മണർകാട്ട് കുഞ്ഞ് എന്ന എം എം ജോസഫിന്റെ ബിസിനസ് പരാജയങ്ങളെ തുടർന്ന് വളരെ ചെറുപ്പത്തിലേ വിദ്യാഭ്യാസം ഉപേക്ഷിച്ചു സ്വന്തം ജീവിത മാർഗം തേടേണ്ടതായിട്ടു വന്നു പാപ്പന്. പിന്നീട് രാജധാനി ഹോട്ടൽ ഉടമയായ അപ്പുവുമായി ചേർന്ന് ഒരു ടാക്സി കാർ വാങ്ങിയാണ്‌ തുടക്കം. 



    പാലാ ടൌൺ കള്ളു ഷാപ്പ് ലേലത്തിൽ പിടിച്ചുകൊണ്ടാണ് തന്നെ രാജാവാക്കിയ അബ്കാരി വ്യവസായത്തിലേക്കു മണർകാട്ട് പാപ്പൻ ആദ്യ ചുവട് വെച്ചത്. അതുവരെ കത്തോലിക്കാ സഭയുടെ സ്വാധീനത്താൽ മദ്യ വ്യവസായത്തിൽ നിന്ന് വിട്ടുനിന്ന കാത്തോലിക്കർ കേരള സംസ്ഥാന രൂപീകരണത്തോടെ അതുവരെ ഈഴവരുടെ കുത്തക ആയിരുന്ന മദ്യ വ്യവസായത്തിലേക്കു ക്രിസ്ത്യാനികൾ ഇരച്ചു കയറി. 1967 ൽ ഈ എം എസ്‌ മന്ത്രിസഭ ചാരായം റേഞ്ച് അടിസ്ഥാനത്തിൽ ലേലം ചെയ്തു തുടങ്ങിയതോടെയാണ്  അബ്കാരി മുതലാളിമാർ എന്ന പുതിയ ഒരു വർഗം കേരളത്തിൽ ഉടലെടുത്തത്. 

    പുതിയ മുതലാളിമാരിൽ കോട്ടയം ജില്ലയിൽ അതിവേഗം  മുൻപന്തിയിൽ എത്തിയത് നാലു കത്തോലിക്കർ ആണ്.  കാഞ്ഞിരപ്പള്ളിക്കാരൻ തോമസ് ചാക്കോ മുക്കാടൻ,  പാലാക്കാരൻ മണർകാട്ട് പാപ്പൻ,  ഇലഞ്ഞിക്കാരൻ കുരീത്തടം ഐസക്,  ക്നാനായ കത്തോലിക്കൻ ആയ കിടങ്ങൂർക്കാരൻ  പാച്ചി ഫിലിപ്പ്  എന്നിവർ.


    നയതന്ത്രരംഗത്തെ ഒരു ചൊല്ലുപോലെ മദ്യ വ്യവസായത്തിലും  സ്ഥിരം സുഹൃത്തുക്കളോ സ്ഥിരം ശത്രുക്കളോ ഇല്ല, പണമുണ്ടാക്കാനായി ആരുമായും ഏതു സമയത്തും കൂട്ടുകൂടും. ലേലത്തിൽ തോറ്റാലും എതിരാളികൾ പരസ്പരം  സൗഹാർദ്ദം നടിക്കും. വ്യക്തി ബന്ധങ്ങൾ തകരാതെ നോക്കുകയും ചെയ്യും. പക്ഷെ അവസരം വരുമ്പോൾ പിറകിൽ നിന്ന് പാരവെക്കും. 

    പക്ഷെ ചുരുങ്ങിയ കാലം കൊണ്ട് മറ്റെല്ലാവരെയും കടത്തി വെട്ടി പാപ്പൻ ഒന്നാമനായി. തുടക്കത്തിൽ മദ്യം തലച്ചുമടായിവരെ കൊണ്ട്നടന്ന് പാപ്പൻ വിൽപ്പന നടത്തിയിട്ടുണ്ട്.  മദ്യ വിൽപ്പനയാണ് ബിസിനസ്സ് എങ്കിലും ഒരു തുള്ളിപോലും കഴിക്കില്ലായിരുന്നു. പാർട്ടികളിലും മദ്യം വിളമ്പാറില്ലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. 


    പാപ്പനെ സ്വന്തം തട്ടകമായ പാലായിൽ വെല്ലു വിളിക്കാനുള്ള സാഹസം ഒരാളെ കാണിച്ചുള്ളൂ. കൂടല്ലൂർ  എന്ന  സ്ഥലത്തെ ഒറ്റ കള്ളു ഷാപ്പിൽ നിന്ന് ആരംഭിച്ച  ബിസിനസ് തെക്കനാട്ട്  വൈൻസ് എന്ന പ്രസ്ഥാനം ആയി വളർത്തി എടുത്ത  പാച്ചി ഫിലിപ്പ്. പാപ്പന്റെ കയ്യിലിരുന്ന പാലാ ടൌൺ വിദേശ മദ്യ ഷാപ്പ് വാശിയേറിയ ലേലത്തിൽ പാച്ചി ഫിലിപ്പ് പിടിച്ചു. പണം കായ്ക്കുന്ന ഒരു മരം സ്വന്തമാക്കി എന്നേ പാച്ചി ഫിലിപ്പ് കരുതിയുള്ളൂ. എന്നാൽ പ്രതീക്ഷിച്ചതുപോലെ കച്ചവടം ഉണ്ടായില്ല.

    എന്നാൽ ടൗണിൽ പാപ്പന്റെ മദ്യം ഇഷ്ടംപോലെ ലഭ്യം. ഇതറിയുന്ന എക്സ്സൈസ്കാർ പരാതിപ്പെട്ടിട്ടും അനങ്ങുന്നില്ല. മുകളിൽ നിന്നുള്ള ഓർഡർ ആണ് തന്റെ ദുരവസ്ഥക്ക് കാരണമെന്ന് അന്വേഷണത്തിൽ മനസ്സിലായി. എക്സ്സൈസ് മന്ത്രി ഗൗരിയമ്മയെ പോയി കണ്ടു. "ഞാൻ പറഞ്ഞിട്ടാണ് " മന്ത്രി വെട്ടിത്തുറന്നു പറഞ്ഞു. "പാപ്പൻ വളരെ നഷ്ടത്തിലാണ്" . തിരിച്ചെത്തിയ പാച്ചി നേരെ പാപ്പന്റെ വീട്ടിലേക്കാണ് പോയത്. 

    "ഒരു അബദ്ധം പറ്റി.  കട ചേട്ടൻ തന്നെ നടത്തിയാൽ മതി.  എനിക്ക് ഞാൻ അടച്ച കാശു മാത്രം തന്നാൽ മതി" . പാച്ചി അപേക്ഷിച്ചു. "നിന്റെ ഇഷ്ടം പോലെ" പാപ്പൻ പറഞ്ഞു. പാച്ചി പുനലൂർക്കു താവളം മാറ്റി. 

    1965 മുതൽ പൊതുതിരഞ്ഞെടുപ്പുകളിലെ പണമൊഴുക്കുകളിൽ ഏറെയും  മദ്യ മുതലാളിമാർ ആണ് നടത്തിയിരുന്നത്.  67ലെ തിരഞ്ഞെടുപ്പിൽ  കോൺഗ്രസ്സ്കാരനായ പാപ്പൻ ഉൾപ്പെടെ ഉള്ളവർ ഇടതു മുന്നണിയെ ആണ് സഹായിച്ചത്. ഈ എം എസ് തട്ടിക്കൂട്ടിയ സപ്‌തകക്ഷി മുന്നണി അവരുടെ സഹായത്തോടെ ബഹ ദൂരം മുന്നിൽ എത്തി. 


    1967ലെ ഈ എം എസ് മന്ത്രി സഭയിലെ എക്സ്സൈസ്  മന്ത്രി ആയിരുന്ന കെ ആർ ഗൗരി അമ്മയാണ്.  മുൻ കോപക്കാരിയായ അവരുമായി പാപ്പന് ഒരു പാലമുണ്ടാക്കി കൊടുത്തത്  ആർ എസ് പി നേതാവായ ബേബി ജോണും.  കോൺഗ്രസ്കാരനായ പാപ്പനും കേരള  കിസിഞ്ചർ എന്ന് അറിയപ്പെട്ടിരുന്ന ബേബി ജോണുമായി ഇണ പിരിയാത്ത ബന്ധം ഉണ്ടായത് എങ്ങനെയെന്ന് ഇന്നും അറിയപ്പെടാത്ത രഹസ്യം ആണ്. ഗൗരി അമ്മയും ബേബി ജോണും ഉള്ള മുന്നണിയിൽ പാപ്പന്റെ താല്പര്യങ്ങൾ സുരക്ഷിതമായിരുന്നു. 

    പരസ്പരം വൈരാഗ്യ ബുദ്ധിയോടെ മത്സരിച്ച കോൺഗ്രസ്സും കേരള കോൺഗ്രസ്സും വിരലിൽ എണ്ണാവുന്ന അക്കങ്ങളിൽ ഒതുങ്ങി. 

    തന്നെ പിന്തുണക്കുന്ന അബ്കാരികൾ ഉണ്ടാകേണ്ട ആവശ്യം അന്ന് മാണിക്ക് ബോധ്യമായി.  ചാരായ കച്ചവടത്തിൽ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മേൽക്കൈ നേടാൻ പാപ്പൻ തീരുമാനിച്ചു. എല്ലാ രാഷ്ട്രീയക്കാരും ഇതിന് പരിപൂർണ പിന്തുണ നൽകി.  സംസ്ഥാന നേതാക്കൾ അതിനുള്ള നിർദ്ദേശവും നൽകി. താമസിയാതെ എക്സ്സൈസ് ഉദ്യോഗസ്ഥരും, പോലീസും തിരിഞ്ഞു നോക്കാത്ത പീരുമേട് ദേവികുളം മേഖലകളിലെ കിരീടം വെക്കാത്ത രാജാവ് ആയി പാപ്പൻ. 

    മദ്യ മേഖലയിലെ എല്ലാ ചലനങ്ങളും സസൂഷ്മം വീക്ഷിച്ചിരുന്ന പാപ്പന് ഒരു കാര്യം ഉറപ്പായി.  വലിയ കിട മത്സരം ഉള്ള ചാരായ മേഖലയിൽ എല്ലാ കാലത്തും മേധാവിത്വം നില നിർത്താനാവില്ല.  വിദേശ മദ്യത്തിലാണ് ഭാവി. അതും ബാർ ഹോട്ടൽ. 

    പാലായുടെ ഹൃദയഭാഗത്തുപാപ്പന് ഏറ്റവും പ്രിയപ്പെട്ട കുരിശു പള്ളിക്കു അഭിമുഖമായി അത്യാധുനിക ഹോട്ടൽ ഉയർന്നു.

    പാലയിലെ  ആദ്യത്തെ ബാർ ഹോട്ടൽ ആണ് മഹാറാണി. തൊട്ടടുത്തു പഴയ പങ്കാളി അപ്പുവിന്റെ വക ഹോട്ടൽ രാജധാനി മുനിസിപ്പൽ കെട്ടിടത്തിൽ ഉത്ഘാടനം ചെയ്യപ്പെട്ടത് യാദൃച്ഛികം ആകാനാണ് വഴി. അതിനുമുമ്പിൽ ഹോട്ടലിന്റെ ലോബിയിൽ ഒരു വള്ളം പ്രത്യക്ഷപെട്ടു.  വളരെ പണ്ട് മീനച്ചിൽ ആറ്റിലെ കടത്തുകരാർ നടത്തിയ മണർകാട്ട് കുഞ്ഞിനെ ഓർമ്മിക്കാനാണ് എന്ന് എതിരാളികൾ പറഞ്ഞു പരത്തിയത് പക്ഷെ പാപ്പൻ വിശ്വസിച്ചില്ല.  

    മഹാറാണി ഹോട്ടലിന്റെ വിജയം ആ മേഖലയിൽ കൂടുതൽ പണം മുടക്കാൻ പാപ്പനെ പ്രേരിപ്പിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടലായ കോഴിക്കോട്ടെ മഹാറാണി പാപ്പൻ സ്വന്തമാക്കി. 1971 ൽ തോട്ടം വാങ്ങാനായി മൈസൂർക്ക് പോയ പാപ്പൻ ഈസ്റ്റേൺ ടൂറിസ്റ്റ് ഹോം എന്ന പഴയ പേരുള്ള ഈ ഹോട്ടലിൽ തങ്ങാൻ ഇടയായി. അതിന്റെ മുതലാളി ആയിരുന്ന കുന്നംകുളംകാരൻ ജോൺ തന്റെ ഹോട്ടൽ വാങ്ങി തന്നെ കടക്കെണിയിൽനിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അന്നത്തെ കാലത്തെ ഒരു വലിയ തുകയായ 22 ലക്ഷം രൂപ അന്ന് ആ ഹോട്ടലിന് കടമുണ്ടായിരുന്നു. അന്നത്തെ രീതി വച്ച് ഒരിക്കലും ആ ഹോട്ടൽ നടത്തി തവണ അടക്കാൻ സാധിക്കില്ലായിരുന്നെങ്കിലും പാപ്പൻ അത് വാങ്ങി. പിന്നെ സിനിമക്കാരുടെ ഒരു താവളമായി മാറി പ്രശസ്തമാവുകയായിരുന്നു ഈ ഹോട്ടൽ. 

    ഇതിനു പുറകെ കൊച്ചിയിലെ ഹോട്ടൽ യുവറാണിയും പാപ്പൻ സ്വന്തമാക്കി. 

    യുവറാണിയുടെ ഉടമ  ചെമ്മീൻ ചെറിയാൻ എന്നറിയപ്പെട്ട സി.  ചെറിയാൻ ആയിരുന്നു.  ഒരു കാലത്തു പാപ്പനെ വെല്ലു വിളിക്കാൻ അബ്കാരി ലേലത്തിന് ഇറങ്ങിയ ചെറിയാന്റെ ഹോട്ടൽ പാപ്പന്റെ കൈയിൽ ഒതുങ്ങിയതിനെ കാവ്യ നീതി എന്നു മാത്രമേ വിശേഷിപ്പിക്കാൻ ആവൂ. 

    സിനിമ തിയേറ്റർ മേഖലയിലും പാപ്പൻ ഒരു കൈ നോക്കി. പാലായിൽ മഹാറാണി-യുവറാണി തിയേറ്ററുകൾ തുറന്നായിരുന്നു  അത്. 1980 കളിൽ ഐസക് മുതലാളി എറണാകുളത്ത് 'സരിത സവിത സംഗീത' തിയേറ്റർ സമുച്ചയം പണിതത് തന്നെ തന്റെ എതിരാളിയായ പാപ്പൻ പാലായിൽ നിർമ്മിച്ച മഹാറാണി-യുവറാണി തീയേറ്ററിലും ഒരുപടി മുകളിൽ നിൽക്കാനായിരുന്നുവത്രെ... കേരളത്തിലെ തന്നെ ആദ്യകാല A/Cതിയേറ്ററുകളിൽ ഒന്ന്. 

    ഇത്ര വലിയ വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയെങ്കിലും ഇടത്തരക്കാരുമായിട്ടായിരുന്നു പാപ്പന്റെ ചങ്ങാത്തം.മദ്യ വ്യവസായം നൂറു കണക്കിന് മധ്യ വർഗ കുടുംബങ്ങളെ പാപ്പന്റെ ആശ്രിതരാക്കി. 3000ഇൽ പരം ചെറുപ്പക്കാർക്ക് ആണ് പാപ്പൻ ജീവിത മാർഗം ഉണ്ടാക്കി കൊടുത്തത്.  അവർക്കെല്ലാം സർക്കാർ,  ബാങ്ക് ജീവനക്കാരേക്കാൾ ശമ്പളവും ഉണ്ടായിരുന്നു. ജോലിസമയത്ത് മദ്യപിക്കരുതെന്ന പോളിസി അദ്ദേഹം കർശനമായി നടപ്പിലാക്കി. 

    പാപ്പന്റെ ചിന്തകളും പദ്ധതികളും മദ്യ വ്യവസായ രംഗത്തെ മറ്റുള്ളവരെ പോലെ തന്നെ നിഗൂഢങ്ങൾ ആയിരുന്നു.  മറ്റുള്ളവരുമായി അവ പങ്കു വെക്കാൻ പാപ്പൻ ഇഷ്ടപെട്ടിരുന്നുമില്ല. മക്കളും, മരുമക്കളും സഹോദരങ്ങളും എല്ലാവരും ആജ്ഞാനുവർത്തികൾ മാത്രം.

    സ്വാഭാവികമായും പപ്പനെ ചുറ്റിപ്പറ്റി ഒട്ടനവധി കഥകൾ ഉയർന്നു തുടങ്ങി. 

    പാലാ ക്ലബ് ആയിരുന്നു പലതിന്റെയും ഉറവിടം.  വരേണ്യന്മാരുടെ ആ സങ്കേതത്തിൽ ഒരു കാലത്തും പാപ്പന് സ്വാഗതം ഉണ്ടായിരുന്നിട്ടില്ല.  അഭിമാനിയായ പാപ്പൻ അതിനായി ആരുടെയും പുറകെ പോയിട്ടുമില്ല. 

    പാപ്പന്റെ ഹോട്ടലുകൾക്കു മഹാറാണി, യുവറാണി  എന്ന് പേരുകൾ വരാനുള്ള കാരണം എന്താണ് എന്നതായിരുന്നു അത്തരം ഒരു കഥ.  ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മ ആണ് എന്ന് ചില എതിരാളികൾ പ്രചരിപ്പിച്ചു. അതൊന്നും കേട്ട ഭാവം പോലും പാപ്പൻ നടിച്ചില്ല. 

    പെട്ടെന്നൊരുനാളാണ് മണർകാട് പാപ്പൻ ചാരായ ബിസിനസിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്. മദ്യവർജ്ജന സമരങ്ങളും, കത്തോലിക്കാ സഭയുടെ ഇതിനോടുള്ള അനുഭാവവും കൊണ്ട് പൊറുതി മുട്ടിയതാവാം പ്രധാന കാരണം. 


    തോട്ടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ കാര്യങ്ങൾ വഷളായി. കടക്കെണിയിലായി. എറണാകുളത്തെ ഹോട്ടൽ യുവറാണി, ഹോട്ടൽ ടെർമ്മിസനസ് എന്നിവ കൈമാറി. മണർകാട്ട് വോളിമത്സരം അപ്പോഴേക്കും മത്സരമല്ലാതായി. പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയം എട്ടരക്കോടിയിലേറെ ബാധ്യത വരുത്തി. 1999 ൽ ഒരു വേളയിൽ സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഒരവസരത്തിൽ  ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഏറ്റെടുത്തു. 

    സ്വാതന്ത്ര്യസമരത്തിലും വിമോചന സമരത്തിലും പങ്കെടുത്തിട്ടുള്ള പാപ്പന് പൊതുപ്രവർത്തനത്തിൽ അബ്കാരി എന്ന ഇമേജ് എന്നും ഒരു തടസ്സമായിരുന്നു.

    അദ്ദേഹം കോൺഗ്രസ്‌ ഐ യുടെ പാലാ മണ്ഡലം പ്രസിഡന്റും, പാലാ മുനിസിപ്പൽ കൌൺസിലറും ആയിരുന്നു. 

    രണ്ടു തവണ ഇലക്ഷനിൽ സ്ഥാനാർഥിയായി. 80 ൽ പീരുമേട്ടിൽ മത്സരിച്ചു. 1984 ൽ ഇടുക്കിയിൽ നിന്ന് ലോകാസഭയിലേക്ക് സ്ഥാനാർഥിയായി.

    പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി എം.എൽ.എ ആയിരുന്ന ജോസ് കുറ്റിയാനിയുടെ കുറ്റിയാനി കോൺഗ്രസ്സ് പാർട്ടിയിൽ ആണ് മൈക്കിൾ ജോസഫ് എന്ന മണർകാട്ട് പാപ്പൻ തെങ്ങ് ചിഹ്നത്തിൽ മത്സരിച്ചത്.  എതിർ സ്ഥാനാർത്ഥികൾ സി പി ഐ യിലെ സി.എ കുര്യനും കോൺഗ്രസ് സ്ഥാനാർത്ഥി പ്രൊഫ.പി.ജെ കുര്യനും ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്നുള്ള സഹതാപ തരംഗത്തിൽ പി.ജെ കുര്യൻ ഒരു ലക്ഷത്തി നാൽപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മൈക്കിൾ ജോസഫിന് 63000 വോട്ടുകളും ലഭിച്ചു. മൈക്കിൾ ജോസഫ് എന്ന മണർകാട് പാപ്പന്റെ ചുവരെഴുത്ത് കാലം മായ്ക്കാതെ കീരിത്തോട്ടിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഭിത്തിയിൽ ഇപ്പോഴും നിലനിൽക്കുന്നു. 


    1980കളിൽ തന്റെ വ്യാപാരത്തിന് തടസ്സമായ ഗവണ്മെന്റിനെ തന്നെ താഴെയിറക്കാൻ MLA മാർക്ക് 2 കോടി വാഗ്ദാനം ചെയ്ത് സർക്കാരിനെ അടിമുടി വിറപ്പിച്ച ശക്തനായിരുന്നു അദ്ദേഹം. 

    പാലായിലെ കായിക പാരമ്പര്യത്തിനും പാപ്പന്റെ സംഭാവന വളരെ വലുതാണ്. പാലായിൽ ഒറ്റ രാത്രികൊണ്ട് ഒരു സ്റ്റേഡിയം തയ്യാറാക്കിയ കഥയും പാപ്പന്റെ ജീവിത കഥയിലെ ഒരു രജതരേഖയാണ്‌.

    1970 കളിൽ പാലാ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയത്തിനായി നാലേക്കർ റബ്ബർതോട്ടം കണ്ടെത്തി. എന്നാൽ ഉടമ സ്ഥലം വിട്ടുനൽകാൻ തയ്യാറായില്ല. ശനിയും ഞായറും കഴിഞ്ഞാൽ ഉടമസ്ഥർ സ്റ്റേ വാങ്ങിക്കുമെന്ന് മുൻകൂട്ടിക്കണ്ട മുനിസിപ്പൽ കമ്മീഷണർ പാപ്പാനോട് ഒരു രാത്രികൊണ്ട് മരങ്ങൾ വെട്ടി സ്ഥലം കാലിയാക്കാൻ കഴിയുമോയെന്ന് ചോദിച്ചു.

    ഹൈറേഞ്ചിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ ഇറക്കി പാപ്പൻ ഒറ്റരാത്രി കൊണ്ട് സ്ഥലം വെട്ടിത്തെളിച്ചു. 

    ചരിത്രത്തിൽ ആദ്യമായി അഖിലേന്ത്യാ അതലറ്റിക് മീറ്റ് പാലായിൽ നടത്തി പാപ്പൻ താരമായി. വോളിബോളിന്റെ വളർച്ചക്കായും വലിയ സംഭാവനകൾ പാപ്പൻ നൽകിയിട്ടുണ്ട്. 1968 മുതൽ തുടർച്ചയായി 1990 വരെ പാലായിൽ ദേശീയ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.  1976 ൽ പാലായിൽ ദേശീയ കായികമേളക്ക് വേദി ഒരുക്കുവാനും മുന്നിൽ നിന്നു. 

    മണർകാട്ട് പാപ്പനും കത്തോലിക്കാ സഭയുമായുള്ള ബന്ധം കാഴ്ചക്കാർക്ക് എന്നും ഒരു പ്രഹേളിക ആയിരുന്നു. ചെറുപ്പത്തിൽ ഉണ്ടായ ചില തിക്താനുഭവങ്ങളെതുടർന്ന് പാപ്പൻ ചില ഭീക്ഷമ പ്രതിജ്ഞകൾ എടുത്തിരുന്നു. മരണം വരെ അവ പാലിക്കുകയും ചെയ്തു.വരേണ്യരുടെ വിവാഹസത്കാരങ്ങളിൽ പങ്കെടുക്കില്ല എന്നായിരുന്നു അത്. സ്വന്തം കുടുംബാങ്ങളുടെ പോലും വിവാഹത്തിന് പള്ളി മുറ്റം വരെയേ പോകൂ. വിവാഹ പന്തലിൽ എത്തി ആശംസകൾ നേർന്നു മടങ്ങുകയും ചെയ്യും. പക്ഷേ കുടുംബാംഗങ്ങൾ പള്ളിയുടെ ചടങ്ങുകളിൽ സർവാത്മനാ പങ്കെടുക്കുന്നതിൽ പാപ്പനു ഒരു വിരോധവുമില്ലായിരുന്നു താനും.


    ഇതൊക്കെ ആണെങ്കിലും കടുത്ത മരിയ ഭക്തൻ ആയിരുന്നു പാപ്പൻ. എം എം ജെ യുടെ സ്ഥാപനങ്ങളിൽ രണ്ട് പടങ്ങൾ മാത്രമേ കാണുകയുള്ളൂ. തന്റെ പിതാവ് എം എം ജോസഫിന്റെയും കന്യാമറിയത്തിന്റെയും. 

    നൂറ്റാണ്ടുകളായി പാലാ അങ്ങാടിയില്‍ നില നിന്നിരുന്ന കുരിശുപള്ളി പുതുക്കി പണിയാന്‍ 1950 ഇൽ പുതുതായി രൂപീകരിച്ച പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് സെബാസ്റ്റ്യൻ വയലില്‍ തിരുമേനി തീരുമാനിച്ചു. അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാന്‍   പാലാ സെന്‍ട്രല്‍ ബാങ്ക്, വിശേഷിച്ചു അതിന്റെ ഡയറക്ടർ ജോര്‍ജ് തോമസ്‌ കൊട്ടുകാപ്പള്ളി തയാറായി. 

    1960ഇല്‍ പാലാ ബാങ്ക് തകര്‍ന്നതോടെ പണി പൂര്‍ണമായും സ്തംഭിച്ചു. പണി പൂർത്തിയാക്കാൻ ഏറ്റവും കൂടുതൽ ധന സഹായം ചെയ്തത് മണർകാട് പാപ്പൻ ആണ്. കുരിശുപള്ളിയുടെ പൂർത്തീകരണം പാലാക്കാരുടെ മുമ്പിൽ പാപ്പനെ ഒരു ഹീറോ ആക്കി മാറ്റി. എന്നും രാവിലെ പരിവാരസമേതം കപ്പേളയിൽ പോയി മാതാവിനോട് പ്രാർത്ഥിച്ചിട്ടായിരുന്നു ദിവസം തുടങ്ങിയിരുന്നത്. 

    അദ്ദേഹത്തിന്റെ വീടിന്റെ മുന്നിൽ തൊഴിൽ അന്വേഷകരുടെ നീണ്ടനിര എന്നും കാണുമായിരുന്നു. സർക്കാർ ജോലിയേക്കാൾ ആകർഷകത്വം അന്ന് കൂടുതൽ ശമ്പളം കൊടുത്തിരുന്ന അദ്ദേഹത്തിന്റെ കമ്പനികളിലെ പണി ആയിരുന്നു. ഈ അടുത്ത കാലംവരെ എന്നും വീട്ടുമുറ്റത്ത് വിശക്കുന്നവർക്ക് അന്നദാനം നടത്തിയിരുന്നു. കോവിഡ് കാലവും,  ഭിക്ഷാടന നിരോധനവും മൂലം ഇപ്പോൾ ഇത് നിർത്തിയെന്നാണ് അറിവ്. 

    മണര്‍കാട് പാപ്പനെ ചുറ്റിപ്പറ്റി രസകരമായ ഒട്ടേറെ കഥയുണ്ട്. തന്‍റെ കടയിലേക്ക് മദ്യപന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു നല്ല പരസ്യവാചകം വേണമെന്ന് അദ്ദേഹം ഒരിക്കല്‍ തീരുമാനിച്ചു. 

    പരസ്യ വാചകം എഴുതാന്‍ അദ്ദേഹം കണ്ടെത്തിയത് ചലച്ചിത്ര പ്രവര്‍ത്തകനായ ജോണ്‍ എബ്രഹാമിനെ ആയിരുന്നു. മണര്‍കാട് പാപ്പന്‍, ജോണ്‍ എബ്രഹാമിനെ പാലായിലെ മീനച്ചിനാല്‍ തീരത്തുള്ള മഹാറാണി ഹോട്ടലില്‍ താമസിപ്പിച്ച് സല്‍ക്കരിച്ചു. ആറാം നാളിലാണ് ജോണ്‍ എബ്രഹാം പരസ്യവാചകം എഴുതിയത് എന്നാണ് കോട്ടയത്ത് പറഞ്ഞു കേള്‍ക്കുന്ന കഥ. "മണര്‍കാട് പാപ്പന്‍റെ ഷാപ്പീന്ന് കൂടിച്ചേച്ച് പോടാ @@@@… " എന്നായിരുന്നു പരസ്യ വാചകം. 

    മറ്റൊരു രസകരമായ കഥയും മണര്‍കാട് പാപ്പനെ കുറിച്ച് ഉണ്ട് എന്നാണ് കോട്ടയത്തെ സഹൃദയര്‍ പറയുന്നത്. മണര്‍കാട് പാപ്പന്‍ ഇടുക്കിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഇടുക്കിയിലെ അബ്ക്കാരി റേഞ്ചും തോട്ടങ്ങളും മണര്‍കാട് പാപ്പന്‍റെ ആയിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം എല്ലാവര്‍ക്കും പണം കൊടുത്തു. ഇത് കണ്ട് മാനേജര്‍ അദ്ദേഹത്തിനോട് ചോദിച്ചു, ഇവരെല്ലാം നമ്മളുടെ തൊഴിലാളികളാണ്. ഇവര്‍ക്ക് പണം കൊടുക്കാതെ തന്നെ നമുക്ക് വോട്ട് ചെയ്യും. ഇടുക്കിയിലെ പ്രമുഖ അബ്ക്കാരിയായ മണര്‍കാട് പാപ്പന്‍ പറഞ്ഞ മറുപടിയാണ് രസകരം. ഞാന്‍ കൊടുത്ത ഈ പണം മുഴുവനും വൈകുന്നേരം നമ്മുടെ പെട്ടിയില്‍ തന്നെ വീഴും. 



    മണർകാട് പാപ്പൻ  പ്രാർത്ഥിക്കാൻ എത്തിയപ്പോൾ  "തന്റെ കുഞ്ഞാടുകളെ മദ്യം നൽകി നശിപ്പിക്കുന്നതിൽ ധർമ്മരോക്ഷം പൂണ്ട കർത്താവ് പാപ്പനെ ഉപദേശിക്കുന്ന ഒരു കഥയുമുണ്ട്. 

    കർത്താവ് ചോദിച്ചു "നീ എന്താ പാപ്പാ 

    ഇങ്ങനെ കള്ളുകുടിപ്പിച്ച് ദ്രോഹം ചെയ്യുന്നത്? " 

    പാപ്പൻ തലകുനിച്ചു പറഞ്ഞു.

    "കർത്താവേ അവർ പാവങ്ങളാ. അവർക്ക് മദ്യം വേണം. മദ്യം വേണ്ടവർക്ക് മദ്യമല്ലാതെ മറ്റെന്ത് കുടിക്കാൻ കൊടുക്കും? അവർ എന്ന് പാലുകുടിക്കണമെന്ന് പറയുന്നുവോ ആ നിമിഷം ഞാൻ പശുവിനെ വാങ്ങും. ഒരു തുള്ളി വെള്ളം ചേർക്കാതെ നല്ല പാല് കൊടുക്കും. ഇത് ബിസിനസ്‌ ആണ് സത്യസന്ധമായ കച്ചവടം. അത് പാപമാണോ കർത്താവേ..." 

    കർത്താവ് നിശബ്ദനായെന്നാണ് കഥ 

    1996 ഡിസംബർ 9.പാലാ ജൂബിലി പള്ളിയിലെ പെരുന്നാൾ ദിനം. മാതാവിന്റെ രൂപവും വഹിച്ചുള്ള പ്രദിക്ഷണം അന്ന് മഴകരണം പൂർത്തിയാക്കാനായില്ല. അന്ന് ചെന്നൈയിലെ ഒരു ഹോട്ടൽ റൂമിൽ താമസിച്ചിരുന്ന പാപ്പൻ താൻ പെരുന്നാളിന് എത്താത്തതിനാൽ മാതാവ് പിണങ്ങിയതാവും എന്നു പറഞ്ഞ് ഉറങ്ങാൻ കിടന്നു. ആ ഉറക്കത്തിൽ നിന്ന് അദ്ദേഹം പിന്നീട് ഏഴുന്നേറ്റില്ല. നെഞ്ചു വേദനയേത്തുടർന്ന് 66 ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തുനിന്ന് വിടവാങ്ങി. 

    മൃതദേഹം വിമാനത്തിൽ നാട്ടിൽ എത്തിച്ചു. ശവസംസ്കാരത്തിന് കേരത്തിലെ പ്രമുഖരെല്ലാം എത്തിയെങ്കിലും  നൂറു കണക്കിന് യാചകർ നിറമിഴിയുമായി വന്നു നിന്ന കാഴ്ച്ചയാണ്‌ അതിൽ പങ്കെടുത്തവരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്.


    കടപ്പാട്  സാജു ജോസഫ്


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *