•  


    Chandamama ചന്ദാമാമ ആർട്ടിസ്റ്റ് ശങ്കർ


    ചന്ദാമാമ ആർട്ടിസ്റ്റ് ശങ്കർ

    'അമ്പിളി അമ്മാവൻ' ('ചന്ദാമാമ') ബാലമാസികയുടെ ആർട്ട് എഡിറ്റർ ആയിരുന്ന ആർട്ടിസ്റ്റ് ശങ്കർ നിര്യാതനായിട്ട്  ഒരു വർഷമായി. 'വിക്രം വേതാൾ' കഥയുടെ 'ആമുഖ ചിത്രം' നമ്മുടെ മനസിലെ ഐക്കൺ ആയി മാറ്റിയ അനുഗൃഹീത കലാകാരനാണ് ശങ്കർ.

    കെ. സി. ശിവശങ്കരൻ (കാരത്തോളുവ് ചന്ദ്രശേഖരൻ  ശിവശങ്കരൻ) എന്നാണ് യഥാർത്ഥ പേര്. 'പത്മശ്രീ' പുരസ്കാരം നേടിയ അപൂർവം (എന്റെ അറിവിൽ ഏക ) ബാലകഥാചിത്രകാരനാണ്, ശങ്കർ. ചന്ദമാമയിൽ ഫീച്ചർ ചെയ്ത വിക്രം, വേതാള പരമ്പരയിലെ സിഗ്നേച്ചർ ചിത്രം,  അദ്ദേഹം 'ചന്ദമാമ'യ്ക്കായി സൃഷ്ടിച്ച ആയിരക്കണക്കിന് ചിത്രങ്ങളിൽ ഒന്നു മാത്രമാണ്. 


    തമിഴ്‌നാട്ടിലെ ഈറോഡിന് അടുത്തുള്ള ഗ്രാമത്തിലാണ് ശങ്കർ ജനിച്ചത്. ശങ്കറിന്റെ അച്ഛൻ ഒരു പ്രാദേശിക സ്കൂളിൽ അദ്ധ്യാപകനായിരുന്നു;  അമ്മ ഒരുവീട്ടമ്മയും. അദ്ദേഹത്തിന് നാല് സഹോദരങ്ങളുണ്ട്. അദ്ദേഹത്തിന്റെ പൂർവ്വികർ തമിഴ്നാട്ടിലെ ധാരാപുരത്തിനടുത്തുള്ള കാരത്തോലുവ് ഗ്രാമത്തിൽ നിന്നുള്ളവരാണ്. 1934 -ൽ തമിഴ്നാട്ടിലെ ചെന്നൈയിൽ താമസിക്കുന്ന ഒരു അടുത്ത ബന്ധു മരിച്ചപ്പോൾ, ശങ്കറിന്റെ കുടുംബം മരിച്ചയാളുടെ കുടുംബത്തോടൊപ്പം താമസിക്കാൻ ചെന്നൈയിലേക്ക് മാറി.

    ശങ്കറിൽ കുട്ടിക്കാലം മുതൽ ചിത്രകലയോട് അഭിനിവേശം വളർന്നിരുന്നു. ശങ്കർ സ്കൂളിൽ പഠിക്കുമ്പോൾ ചരിത്ര വിഷയത്തിലുള്ള പരീക്ഷകളിൽ ഉത്തരത്തോടൊപ്പം ചരിത്ര നായകനാരുടെ ചിത്രങ്ങളും വരച്ചു ചേർക്കുമായിരുന്നുവത്രേ! എന്നിരുന്നാലും, കുട്ടിയായ ശങ്കറിന് ചിത്രരചനാ സാമഗ്രികൾ വാങ്ങി നല്കാനുള്ള സാമ്പത്തികശേഷിയൊന്നും ആ കുടുംബത്തിനില്ലായിരുന്നു. അതിനായി അദ്ദേഹം തന്റെ ഡ്രോയിങ് ടീച്ചറുടെ സഹായിയായി കൂടി; വാരാന്ത്യങ്ങളിൽ മറ്റ് വിദ്യാർത്ഥികളുടെ ഡ്രോയിംഗുകൾ തിരുത്തി ശരിയാക്കാൻ ശങ്കർ തന്റെ ഡ്രോയിംഗ് ടീച്ചറെ സഹായിക്കും; പകരമായി സൗജന്യ ഡ്രോയിംഗ് മെറ്റീരിയലുകൾ സമ്പാദിച്ച് ചിത്ര വര നടത്തുകയും ചെയ്യും.


    1941-ൽ 12-ാം ഗ്രേഡ്  യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയ ശേഷം ശങ്കർ, ചിത്രകലാ അധ്യാപകന്റെ ഉപദേശപ്രകാരം ചെന്നൈയിലെ ഗവൺമെന്റ് സ്കൂൾ ഓഫ് ആർട്സിൽ (ഇന്നത്തെ ഫൈൻ ആർട്സ് കോളേജിൽ) ചേർന്നു. രംഗത്ത് ആണ് തന്റെ ഭാവി ജീവിതമെന്ന് സ്വപ്നം കണ്ട് ശങ്കർ  മുന്നേറി; കലാരംഗത്ത് വിജയസാധ്യത മുന്നിൽകണ്ടു കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. തന്റെ പക്കലുള്ള ചിത്രരചനാ വസ്തുക്കൾ ഗുണനിലവാരവും (വിലയും) തീരെ കുറഞ്ഞതാണെങ്കിലും സവിശേഷമായ ചില ബ്രഷ് ടെക്നിക്കുകളും മറ്റും പ്രയോഗിച്ച് മികച്ച രചനാ സാമർത്ഥ്യം കാട്ടി ശങ്കർ പ്രൊഫസർമാരെ ആകർഷിച്ചു; താൻ ചെയ്യുന്ന ചിത്രങ്ങൾ കൂടുതൽ മെച്ചമാക്കാനുള്ള അസാധാരണമായ കഴിവ് ആ കലാവിദ്യാർത്ഥി പ്രകടിപ്പിച്ചിരുന്നതായി അക്കാലത്തെ അദ്ധ്യാപകർ അഭിപ്രായപ്പെട്ടിരുന്നു.

    സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഡിപ്ലോമ നേടിയ ഉടൻ തന്നെ ശങ്കർ ഒരു തമിഴ് പ്രസിദ്ധീകരണത്തിൽ ജോലി നേടി: 1946-ൽ ആരംഭിച്ച  പ്രമുഖ മാസികയായ 'കലൈമകൾ' കലൈമഗലിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ജോലി. അടുത്തവർഷം , 1947-ൽ, ആരംഭിച്ച 'ചന്ദാമാമ' യിലേക്ക് പിന്നീട്, 1952-ൽ, ശങ്കർ മാറി.

    കഥ പറച്ചിലിനോടൊപ്പം സവിശേഷരീതിയിലുള്ള മനോഹരമായ ചിത്രങ്ങൾ കൂടി 'ചന്ദാമാമ' മാസികയുടെ സവിശേഷതയായിരുന്നുവല്ലോ. പല പതിറ്റാണ്ടുകളായി 'ചന്ദമാമ'യുടെ പ്രശസ്തിക്കു പിന്നിൽ ചിത്രകാരന്മാർ പ്രധാന പങ്ക് വഹിച്ചിരുന്നുവല്ലോ... എം. ടി. വി. ആചാര്യ, ടി. വീര രാഘവൻ, ('ചിത്ര' എന്ന പേരിൽ ഒപ്പിട്ടിരുന്ന ചിത്രകാരൻ) ;  വദ്ദാദി പപ്പയ്യ (ഒപ്പിൽ 'വാപ്പ'); കേശവ റാവു (ഒപ്പിൽ 'കേശവ'); എം. ഗോഖലെ തുടങ്ങി പല പ്രമുഖരും... ശക്തിദാസ് ; എം.കെ. ബാഷ (റാസി); ഗാന്ധി അയ്യ ( ഗാന്ധി); പി.മഹേഷ് (മാഹി), പോലുള്ള പിൽക്കാല കലാകാരന്മാർ പാരമ്പര്യം ഇവരുടെ പരമ്പര്യം തുടർന്നു.)

    1951-ൽ 'ചന്ദമാമ'യിൽ ചേർന്ന ശങ്കർ (എന്ന കെ.സി.ശിവശങ്കരൻ), 2013-ൽ 'ചന്ദാമാമ' യുടെ പ്രിൻറ് എഡീഷൻ പ്രസിദ്ധീകരണം അവസാനിപ്പിക്കും വരെ അവിടെ തുടർന്നു... അറുപത്തിരണ്ടു വർഷത്തെ ബന്ധം - കലാസപര്യയും!

    ശങ്കർ ഭാര്യ ഗിരിജയ്ക്കും മകൾക്കും കുടുംബത്തിനുമൊപ്പം ചെന്നൈയിൽ താമസിച്ചുവന്നു. ശങ്കറിന് അഞ്ച് കുട്ടികളുണ്ടായിരുന്നു; നാല് ആൺമക്കളും ഒരു മകളും ആറ് കൊച്ചുമക്കളും. അദ്ദേഹത്തിന്റെ മൂത്ത മകനും കുടുംബവും കാനഡയിൽ താമസിക്കുന്നു; മൂന്നാമത്തെ മകനും ഭാര്യയും ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. 2020 സെപ്റ്റംബർ 29-ന്, 96-ാം വയസ്സിൽ, അദ്ദേഹംഅന്തരിച്ചു. മരണാനന്തരം, 2021-ൽ അദ്ദേഹത്തിന് 'പത്മശ്രീ' ലഭിച്ചു.


    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *