•  


    ചെമ്പു ദേശത്തിന്‍റെ ചരിത്രവും 1550 ലെ വടുതല യുദ്ധവും


     ചെമ്പു ദേശത്തിന്‍റെ ചരിത്രവും 1550 ലെ വടുതല യുദ്ധവും

    മൂവാറ്റുപുഴയാർ മുറിഞ്ഞപുഴയായി വേമ്പനാട്ടു കായലിൽ ചേരുന്ന ചെമ്പ് എന്ന പ്രദേശം രണ്ടായിരം വർഷത്തിന് മുമ്പുതന്നെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പത്താം നൂറ്റാണ്ടിന് മുമ്പുവരെ വേമ്പനാട്ടുകായൽ ഉൾക്കടലായി തുറന്നുകിടന്നിരുന്നു. ഇന്നത്തെ ചേർത്തല താലൂക്ക് ഉൾപ്പെടുന്ന കരപ്പുറം ദേശം പ്രകൃതിക്ഷോഭങ്ങളുടെ തുടർച്ചയായി രൂപപ്പെട്ടതാണ്. തുടർന്നാണ് കൊച്ചി അഴിമുഖമായി കായൽ പരിണമിക്കുന്നത്.


    മൂവാറ്റുപുഴയാർ കായലിൽ ചേരുന്ന അഴിമുഖവും രൂപാന്തരങ്ങൾക്ക് വിധേയമായി. വെള്ളപ്പൊക്കങ്ങൾ മൂലം നിക്ഷേപിക്കപ്പെട്ട ഏക്കൽ അടിഞ്ഞുകൂടി നദീമുഖത്തോട് ചേർന്ന് നിരവധി തുരുത്തുകൾ രൂപപ്പെട്ടു. മൂവാറ്റുപുഴയാർ രണ്ടായി പിരിഞ്ഞ് ഇത്തിപ്പുഴയായും മുറിഞ്ഞപുഴയായും ഒഴുകി ചെമ്പിലും പൂത്തോട്ടയിലും കായലിൽ ചേർന്നു. ചെമ്പ് ഉൾപ്പെടുന്ന പ്രദേശത്തിൻ്റെ  ഭൂമിശാസ്ത്രപരമായ ഇന്നുള്ള ഘടന അങ്ങനെയാണുണ്ടായത്.

    ക്രിസ്താബ്ദം ആദ്യ നൂറ്റാണ്ടുകളിൽ സെമ്നെ എന്ന് റോമൻ വണിക്കുകളാൽ വിളിക്കപ്പെട്ടിരുന്ന തീരദേശ വ്യാപാരകേന്ദ്രം ഇവിടെ നിലനിന്നിരുന്നതായി ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. വലിയ തുറമുഖങ്ങളായ പെരിയാറിൻ്റെ അഴിമുഖത്തെ മുസിരിസിനും പമ്പയുടെ അഴിമുഖത്തെ ബക്കറെയ്ക്കും ഇടയിലായി യഥാക്രമം ട്രോപ്പിന(തൃപ്പൂണിത്തുറ), ഒദോപ്പെറുറ (ഉദയംപേരൂർ), സെമ്നെ(ചെമ്പ്) എന്നീ തീരദേശ വ്യാപാരകേന്ദ്രങ്ങൾ ഉണ്ടായിരുന്നതത്രെ. ഇവിടെയൊക്കെയും കുരുമുളക്, കറുവപ്പട്ട, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളാണ് കൂടുതലായും വിറ്റഴിക്കപ്പെട്ടിരുന്നത്.

    സെമ്നെ എന്ന സ്ഥലനാമത്തിനോട് സാദൃശ്യമുള്ള ചെമ്മനാകരി എന്ന സ്ഥലം ചെമ്പിനോട് ചേർന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. പുരാതനമായ ഒരു വാണിജ്യകേന്ദ്രത്തിൻ്റെ മറ്റു യാതൊന്നു ലക്ഷ്യങ്ങളും ഈ പ്രദേശത്ത് ഇന്ന് നിലവിലില്ല.

    പോർച്ചുഗീസ് കൊളോണിയൽ കാലഘട്ടത്തിലും ചെമ്പിന് വലുതായ വ്യാപാരപ്രാധാന്യം ഉണ്ടായിരുന്നു. അക്കാലത്ത് വടക്കുംകൂർ നാട്ടുരാജ്യത്തിൻ്റെ ഭാഗമായിരുന്നു ഇവിടം. തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള മലഞ്ചരക്കുവിഭവങ്ങൾ കയറ്റിയ തോണികൾ ചെമ്പിലൂടെ കടന്ന് കൈതപ്പുഴകായലിൽ പ്രവേശിച്ചാണ് കൊച്ചി തുറമുഖത്തേക്ക് പോയിരുന്നത്.

    കൊച്ചിരാജ്യത്തിൻ്റെയും വടക്കുംകൂറിൻ്റെയും വേമ്പനാട്ടുകായലിൽ കയറിയിറങ്ങിക്കിടക്കുന്ന ഇവിടെ വാണിജ്യപരമായും രാഷ്ടീയപരമായും ഏറെ തന്ത്രപ്രധാന്യമുള്ളതിനാലാവാം പതിനഞ്ചാം നൂറ്റാണ്ടിൽ ചേർത്തലയ്ക്ക് വടക്ക് കായൽതീരത്തെ വടുതലയിൽ വടക്കുംകൂർ ആധിപത്യമുറപ്പിച്ചതും ആസ്ഥാനമാക്കുന്നതും. ഇവിടെ നിന്ന് കിഴക്കോട്ട് വീക്ഷിച്ചാൽ തെക്കൻ പറവൂരും പെരുമ്പളം ദീപുമുൾപ്പെടെ   വടക്കുംകൂറിൻ്റെ തീരപ്രദേശങ്ങൾ കാണാമെന്നതിനാൽ കായലിലെ ചരക്കുനീക്കവും സൈനികനീക്കവും നിരീക്ഷിക്കുവാൻ സാധിച്ചിരുന്നു. കൊച്ചിയെയും വടുതലയെയും വേർതിരിക്കുന്ന കായലിലെ പൊഴി കൃത്യമായി നിരീക്ഷണത്തിൽ വയ്ക്കാൻ കഴിഞ്ഞിരുന്നു എന്നതാണ് വടുതലയിലെ വടക്കുംകൂർ ആസ്ഥാനത്തെ പ്രാധാന്യമുള്ളതാക്കിയത്.

    പോർച്ചുഗീസ് അധികൃതർ വൻതോതിൽ കുരുമുളക് വടക്കുംകൂറിൽ നിന്നു വാങ്ങിയിരുന്നതു കൂടാതെ കപ്പൽ നിർമ്മാണത്തിനായി തടി ഉരുപ്പടികളും വാങ്ങിയിരുന്നു. മൂവാറ്റുപുഴയാറ്റിലൂടെ ചെമ്പിലെത്തിച്ചിരുന്ന തടികൾ ഇവിടെ നിന്ന് പറങ്കികൾ വാങ്ങി കൊച്ചിയിലേക്ക് കൊണ്ടുപോയിരുന്നു. ആഞ്ഞിലിത്തടിയാണ് ഇവിടെ ഏറെയും വിറ്റഴിക്കപ്പെട്ടിരുന്നത്.

    ഈ മേഖലയിൽ വടക്കുംകൂറിനുണ്ടായിരുന്ന രാഷ്ട്രീയസ്വാധീനം കുറയ്ക്കുന്നതിന് തങ്ങൾക്ക് അവകാശപ്പെട്ട കരപ്പുറത്തുൾപ്പെടുന്ന വടുതലയിൽ നിന്ന് വടക്കുംകൂറിനെ ഒഴിവാക്കാനായിരിക്കണം വടുതലയിലെ ഒരു ക്ഷേത്രത്തിൻ്റെ കോയ്മ അവകാശം കൊച്ചി ഉന്നയിച്ചതും അത് തർക്കത്തിലേക്ക് വളർന്നതും. AD1548 മുതൽ ഈ വിഷയത്തെ ചൊല്ലിയുണ്ടായ സംഘർഷങ്ങൾ മൂർച്ഛിച്ചാണ് 1550ലെ ചരിത്രപ്രശസ്തമായ വടുതലയുദ്ധമായി പരിണമിക്കുന്നത്.

    കൊച്ചിക്കു വേണ്ടി പോർച്ചുഗീസ് സൈന്യമാണ് പ്രധാനമായും പോർക്കളത്തിലിറങ്ങിയത്. വടക്കുംകൂറിനോടൊപ്പം മറുപക്ഷത്ത് തെക്കുംകൂർ, വെട്ടത്തു രാജാവ്, സാമൂതിരി എന്നിവരുടെ സൈന്യവും സഹായത്തിനെത്തി. ചെമ്പും കായലിലെ പെരുമ്പളം ദ്വീപും കേന്ദ്രീകരിച്ചാണ് വടക്കുംകൂർ സൈനിക നീക്കങ്ങൾ നടത്തിയത്. കായലിലും കരയിലുമായി പലയിടങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളിൽ നൂറുകണക്കിന് സൈനികർ കാലപുരി പൂകി. ഇരുവിഭാഗത്തും ആൾനഷ്ടമുണ്ടായെങ്കിലും പോർച്ചുഗീസ് സൈനികശക്തിക്കെതിരെ പിടിച്ചുനിൽക്കാൻ വടക്കുംകൂറിനായില്ല. ആൾബലത്തിൽ പിന്നിലായിരുന്നെങ്കിലും ആയുധശേഷിയിൽ പോർച്ചുഗീസ് സൈന്യം മികച്ചു നിന്നതിനാൽ വടക്കുംകൂർ സഖ്യത്തെ പരാജയപ്പെടുത്താൻ കൊച്ചിയ്ക്ക് സാധിച്ചു. വടക്കുംകൂർ രാജാവുൾപ്പെടെ രാജകുടുംബത്തിലെ മുഴുവൻ പുരുഷന്മാരും വടുതലയുദ്ധത്തിൽ പണ്ടാരച്ചാവായി. തുടർന്ന് ഒരു റാണിയാണ് വടക്കുംകൂറിൻ്റെ ഭരണമേറ്റെടുത്ത് നടത്തിയത്. രാജാവിനെയും ഇളമുറത്തമ്പുരാൻമാരെയും കൊലപ്പെടുത്തിയതിൽ പ്രതികാരദാഹികളായ വടക്കുംകൂറിലെ ചാവേർ സൈന്യം കൊച്ചിയിലേക്ക് പട നയിക്കുകയും കൊച്ചി നഗരത്തിൽ കടന്ന് കണ്ണിൽ കണ്ടവരെയൊക്കെ വെട്ടി നുറുക്കി മുന്നേറിയെന്നുമാണ് ചരിത്രം. കൊച്ചിരാജാവിൻ്റെ അപകടനില മനസ്സിലാക്കി സഖ്യകക്ഷികളുടെ ഇടപെടലോടെയാണ് ചാവേറുകളെ അടക്കിയത്. തെക്കുംകൂറിൽ നിന്ന് സൈന്യത്തിൻ്റെ ഒരു ദലം ചാവേറുകൾക്കൊപ്പം ചേർന്നിരുന്നു എന്നും വാമൊഴിയായി കേൾക്കുന്നു. വീരാംഗനയായ തട്ടുങ്കൽ കുഞ്ഞന്നയുടെ നേതൃത്വത്തിലാണ് തെക്കുംകൂർ സൈന്യം മുന്നേറിയതെന്നും തെക്കുംകൂർ രാജാവ് സൈന്യത്തെ മടക്കിവിളിച്ചിരുന്നില്ല എങ്കിൽ കൊച്ചിയെ പരാജയപ്പെടുത്തിയിരുന്നേനെ എന്നും ഈ വാമൊഴിചരിത്രത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്. തട്ടുങ്കൽ കളരിയുടെ നാഥയായ കുഞ്ഞന്നയെ ബഹുമാനിച്ച് മീനച്ചിലാറ്റിൽ നടക്കുന്ന ജലോത്സവത്തിന് കുഞ്ഞന്നയുടെ വീട്ടുകടവിൽ വച്ച്

    നാവികപ്പട നയമ്പുയർത്തി "തട്ടുങ്കൽ കുഞ്ഞന്ന വാഴട്ടെയെന്നെന്നും അയ്യയ്യ തിത്തിത്തക ...." എന്നു തുടങ്ങുന്ന വഞ്ചിപ്പാട്ട്  പാടിയിരുന്നതായി ചരിത്രകാരൻ കൂടിയായ ഡോ.സഖറിയാ മാണിയിൽനിന്ന് അറിയാൻ കഴിയുന്നു.

    വടുതലയുദ്ധം പോർച്ചുഗീസ്കാർക്കും കഷ്ടനഷ്ടങ്ങളാണ് സമ്മാനിച്ചത്. തുടർന്നുള്ള രണ്ടു വർഷക്കാലത്തേക്ക് ലിസ്ബണിൽ നിന്ന് ഒരു കപ്പൽപോലും കൊച്ചി ലക്ഷ്യമാക്കി വരികയോ കൊച്ചിയിൽ നിന്ന് ലിസ്ബണിലേക്ക് നീങ്ങുകയോ ഉണ്ടായില്ല. കുരുമുളക് വ്യാപാരത്തിലൂടെ ലഭിച്ചു കൊണ്ടിരുന്ന കനപ്പെട്ട വരുമാനമാണ് അത്രയും കാലം പറങ്കികൾക്ക് നഷ്ടമായത്. യുദ്ധത്തിൻ്റെ അനന്തരഫലമെന്നോണം വടക്കുംകൂർ വടുതല ഒഴിഞ്ഞു പോവുകയും കൊച്ചിക്ക് വിധേയരായി കപ്പം കെട്ടി അധികാരം നിലനിർത്തേണ്ടതായും വന്നു. പിന്നീട് വടക്കുംകൂർ കൊച്ചിയുടെ സാമന്തരായാണ് അറിയപ്പെട്ടത്.


    ചാവേർ ആക്രമണത്തെ തുടർന്ന് ശത്രുഭയം ശക്തമായതിനാലാവാം വടക്കുംകൂർ റാണി കടുത്തുരുത്തി വിട്ട് മുട്ടുചിറയിലേക്ക് തൻ്റെ ആസ്ഥാനം മാറ്റി. AD 1600 ൽ കീഴ്മലനാട്ടിലെ രാജാവിനെ വടക്കുംകൂർ റാണി ദത്തെടുത്തതോടെ കീഴ്മലനാട്ടുരാജവംശത്തിൻ്റെ പരമ്പരകൾ വടക്കുംകൂറിൻ്റെ പിൽക്കാല ഭരണാധികാരികളായി. തലസ്ഥാനം തൊടുപുഴയിലേക്ക് മാറ്റുകയും ചെയ്തു.

    AD 1752-ൽ തിരുവിതാംകൂറിൻ്റെ ആക്രമണത്തോടെ വടക്കുംകൂർ പൂർണ്ണമായും മാർത്താണ്ഡവർമ്മയുടെ അധികാരത്തിന് കീഴിലായി. കൊച്ചിയും തിരുവിതാംകൂറുമായി വേർതിരിക്കുന്ന ചെമ്പിന് കിഴക്കുള്ള ബ്രഹ്മമംഗലത്ത് തിരുവിതാംകൂർ കോട്ട കെട്ടി. അതോടെ ചെമ്പും പൂത്തോട്ടയും വീണ്ടും തന്ത്രപ്രാധാന്യമുള്ള സ്ഥലങ്ങളായി മാറി.

    വേലുത്തമ്പി ദളവയുടെ അനുചരനും തിരുവിതാംകൂറിലെ നാവികത്തലവനുമായിരുന്ന ചെമ്പിലരയൻ്റെ സ്വദേശം ചെമ്പായിരുന്നു എന്നതും ചെമ്പ് ദേശത്തെ ചരിത്രപരമായി അടയാളപ്പെടുത്തുന്ന മറ്റൊരു വസ്തുതയാണ്.

    1 അഭിപ്രായം:

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *