•  


    കാനനം /കഥ /വിനോദ് നാരായണന്‍


     ആകാശം മേഘകവചിതമായിരുന്ന ഇരുണ്ട രാത്രിയുടെ കറുത്ത ചുവരുകളെ ഇറുകെ പിടിച്ചു കൊണ്ട് ആ കൂറ്റന്‍ ഇലവുമരം നിലകൊണ്ടു. അതിന്‍റെ ഇലച്ചാര്‍ത്തിനുള്ളില്‍ ഏറുമാടം, ഒളിഞ്ഞിരിക്കുന്ന ചോരന്‍റെ നിശബ്ദതയോടെ പതിയിരുന്നു. ആകാശം മേഘാവൃതമായിരുന്നതിനാല്‍ മീനമാസമായിരുന്നിട്ടും മുതുവാന്‍ കുന്നില്‍ നിന്നും കോടമഞ്ഞ് ഇറങ്ങിവന്ന് കാനനത്തില്‍ ശീതളഛായ പടര്‍ത്തി. ഏറുമാടത്തില്‍ നല്ല തണുപ്പുണ്ടായിരുന്നു. ഈറ്റവരിഞ്ഞുകെട്ടിയ തറയില്‍ പനമ്പ് വിരിച്ച് അതില്‍ തഴപ്പായ ഇട്ടിരുന്നു. അതിന്മേല്‍ രണ്ടറ്റങ്ങളിലായി സുമേരനും അമുദയും കിടന്നു. അവര്‍ ഉറങ്ങാതെ പര്സ്പരം നോക്കിക്കിടക്കുകയായിരുന്നു. അന്നു പകല്‍ അല്‍പസമയം പുറത്തുപോയതൊഴിച്ചാല്‍ അമുദ അവനോടൊപ്പം ഏറുമാടത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. ഭയം അവളുടെ സിരകളെ പിടികൂടിയിരിക്കുന്നു. കാരണം അമ്മ ഭയക്കുന്നതിനെയെല്ലാം അവളും ഭയക്കാന്‍ പഠിച്ചിരിക്കുന്നു. മാതംഗി ഒന്നിനേയും ഭയമില്ലാത്തവളാണ്. മാതംഗി ഏതെങ്കിലും ഒന്നിനെ ഭയക്കുന്നുണ്ടെങ്കില്‍ അത് അത്രയും അപകടകാരിയാണെന്നര്‍ത്ഥം. 

    അമുദ, സുമേരനെ നോ്ക്കിക്കിടക്കുകയാണ്.

    അവന്‍ ഉറങ്ങിയിട്ടില്ലെന്ന് വ്യക്തമാണ്.

    "ഉറങ്ങിയില്ലേ?"

    "ഇല്ല."

    "എന്തേ?"

    "അതിസുന്ദരിയായ ഒരു പെണ്ണ് ഒരു ഏറുമാടത്തില്‍ കുളിരുള്ള തണുപ്പില്‍ ഇങ്ങനെ അരികെ കിടക്കുമ്പോള്‍ എങ്ങനെ ഉറക്കം വരും."

    "അയ്യടാ.. ഞാനരികെയല്ലല്ലോ. ഇങ്ങു മാറിയല്ലേ കിടക്കുന്നത്. നിങ്ങളുറങ്ങിയിട്ടുവേണം എനിക്കൊന്നുറങ്ങാന്‍. അല്ലേല്‍ എന്തൊക്കെ വേണ്ടാതീനങ്ങള്‍ ചെയ്യുമെന്നാര്‍ക്കറിയാം. വേഗം ഉറങ്ങ് ചെക്കാ.. "

    "തണുത്തിട്ടു വയ്യ . ഇവിടെ അരികില്‍ വന്ന് ഒന്നു കെട്ടിപ്പിടിച്ചു കിടന്നാല്‍ പെട്ടെന്നുറങ്ങാമായിരുന്നു."

    സുമേരന്‍ കുസൃതിയോടെ പറഞ്ഞു.

    അമുദ ദേഷ്യപ്പെട്ടു

    "ദേ എന്‍റെ അരയില്‍ ഒരു സാധനമിരിക്കുന്നുണ്ട്."

    സുമേരന്‍ അര്‍ത്ഥം വ്ച്ചു മൂളി 

    "ഊം... അതും എനിക്കറിയാം.."

    "ഛെ.. അതല്ല.. ദേ ഇത്."

    അതും പറഞ്ഞ് അമുദ അവളുടെ കഠാര പുറത്തെടുത്തു കാണിച്ചു.

    "ചെക്കന്‍റെ സംഗതി ചെത്തിയെടുത്ത് ഈ ജാലകം വഴി താഴേക്കൊരു വീക്കു കൊടുക്കും. വല്ല കുറുക്കനും കൊണ്ടുപോയി തിന്നും. കുടിയിലുള്ള തെമ്മാടികളെ പേടിച്ചാണ് ഇവിടെ വന്നു കിട്ക്കുന്നത്. ഏതായാലും ഞാന്‍ ജീവന്‍ രക്ഷിച്ചയാളാണല്ലോ ആ നന്ദി കാണിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് ഈ സാഹസമൊക്കെ കാണിക്കുന്നത്." 

    അമുദയുടെ സ്വരം കടുത്തപ്പോള്‍ സുമേരന്‍ വല്ലാതായി.

    "ക്ഷമിക്കണം. ഞാ്ന്‍ തമാശ പറഞ്ഞതാണ്."

    "ങ്ഹും."

    അമുദ അമര്‍ത്തിയൊന്നു മൂളിയിട്ട് തിരിഞ്ഞു കിടന്നു ചിരിച്ചു.

    ചെക്കന്‍ ശരിക്കും പേടിച്ചു. ഇനി ശല്യമേ ഉണ്ടാവില്ല

    അവള്‍ മനസില്‍ നിരൂപിച്ചു. തന്‍റെ അമ്മ മാതംഗി ഇപ്പോള്‍ എന്തു ചെയ്യുകയാവും എന്നറിയില്ല. പാവം തനിക്കുവേണ്ടി വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. തന്‍റെ മാനം ര്ക്ഷിക്കാന്‍ അമ്മ ആരോടൊക്കെ കള്ളം പറഞ്ഞാലാണ്. തന്നെ പറ്റി ആരു ചോദിച്ചാലും അമ്മക്ക് ഒരുത്തരമേ ഉള്ളൂ, അവള്‍ അങ്ങ് പാണ്ടിഊരിലെ കൊച്ചക്കയുടെ കുടിയിലാണ്. ചന്നനും കൊതുമ്പനും തീര്‍ച്ചയായും അമ്മയെ ഉപദ്രവിക്കാന്‍ ചെല്ലും. അവര്‍ മൂപ്പന്‍റെ അനന്തരക്കാരാണെന്നുള്ള ധാര്‍ഷ്ട്യം ഉണ്ട്. മൂപ്പന്‍ അവരുടെ ഭാഗത്തേ നില്‍ക്കൂ. അതുകൊണ്ട് കുടിക്കാരും അവരുടെ ഭാഗത്തു നില്‍ക്കും. അല്ലെങ്കില്‍ത്തന്നെ എല്ലാവരുടേയും കണ്ണില്‍ അമ്മ കൊള്ളരുതാത്തവളാണല്ലോ. നാട്ടില്‍പോയി തമ്പ്രാക്കന്മാരുടെ കൂടെ കിടക്കുന്നവള്‍ എന്നാണ് അമ്മയെ കുടിക്കാര്‍ ആക്ഷേപിച്ചു വിളിക്കുന്നത്. അമുദയുടെ കണ്ണുനിറഞ്ഞു. അവള്‍ അറിയാതെ തേങ്ങിപ്പോയി

    സുമേരന്‍ ചോദിച്ചു

    "എന്താ കരയുന്നേ?"

    "ഇല്ല ഒന്നുമില്ല."

    അമുദ കണ്ണീര്‍ തുടച്ച് തേങ്ങലടക്കി കിടന്നു.  



    രാവേറെ ചെന്നു.

    തണുപ്പിന്‍റെ ആലസ്യത്തില്‍ ഇരുവരും ഉറങ്ങി്പ്പോയി.

    മരം ശക്തമായി കുലുങ്ങുന്നതും എന്തൊക്കെയോ താഴെ വീഴുന്ന ശബ്ദങ്ങളും കേട്ടാണ് അമുദ കണ്ണു തുറന്നത്. അവള്‍ കാതോര്‍ത്തു.

    ഇലവു മരം കുലുങ്ങുന്നുണ്ട്. വള്ളി ഗോവണി താഴേക്കുവീണ ശബ്ദമാണ് കേട്ടത്. അത് വലിച്ചുയര്‍ത്തി വയ്ക്കും, താഴെ നിന്ന് വലിക്കാന്‍ ഒരു കാട്ടുവള്ളി താഴേക്കിടുന്ന പതിവുണ്ട്. 

    അവള്‍ ജാലകം വഴി താഴേക്കു നോക്കി, പക്ഷേ മരച്ചുവട് കാണാന്‍ വയ്യ, മാത്രമല്ല കനത്ത ഇരുട്ടുമാണ്. 

    ആനയോ കാട്ടുപന്നിയോ മരത്തില്‍ കുത്തുന്നതാണോ. അതോ കടവാവലുകള്‍ വന്നു തൂങ്ങുന്നതാണോ. ഇനി വല്ല കരടിയോ മറ്റോ കയറിവരുന്നതാണോ ഒന്നും അറിയാന്‍ പറ്റുന്നില്ല.

    അവള്‍ സുമേരന്‍റെ അടുത്തെത്തി. അവനെ കുലുക്കി വിളിച്ചു

    "ഏയ്.. "

    അവള്‍ അടക്കിപ്പിടിച്ച ശബ്ദത്തില്‍ വിളിച്ചു.

    സുമേരന്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ അമുദയുടെ നിഴല്‍ കണ്ടു.

    "എന്തേ?"

    അവന്‍റെ ശബ്ദത്തില്‍ കോരിത്തരിപ്പുണ്ടായി.

    അമുദയ്ക്ക് ദേഷ്യം വന്നു

    "അത്രക്കങ്ങ് കോരിത്തരിക്കണ്ട. ഞാന്‍ അതിനു വന്നതല്ല. ആരോ താഴെ ഉണ്ട് എന്ന് തോന്നുന്നു. മൃഗമാണോ മനുഷ്യനാണോ എന്നാര്‍ക്കറിയാം." 

    സുമേരന്‍ കണ്ണു തിരുമ്മി എഴുന്നേറ്റു ചുറ്റും നോക്കി.

    അവന്‍ കാതോര്‍ത്തു

    ഇലകള്‍ ചലിക്കുന്നതും കൊമ്പുലയുന്നതുമായ ശബ്ദങ്ങള്‍ നന്നായി കേള്‍ക്കാം.

    "ഇതുപോലെ ഇന്നലെ ഞാനും കേട്ടു. നന്നായി പരിഭ്രമിച്ചുപോയി. അപ്പോഴാണ് അമുദ കയറി വരുന്നത്. അങ്ങനെയാണെങ്കില്‍ ഇത് ഏതെങ്കിലും മനുഷ്യനായിക്കൂടെ."

    സുമേരന്‍ ഏറുമാടത്തിന്‍റെ വാതില്‍ക്കല്‍ പോയി താഴേക്കു നോക്കി.

    ഇരുളില്‍ രണ്ടു നിഴലുകള്‍ ചലിക്കുന്നത് കണ്ടു.

    അത് മുകളിലേക്കു കയറി വരികയാണ്.

    അമുദ പൊടുന്നനെ കത്തിയുമായി വാതില്‍ക്കലേക്കു വന്നു

    "നീ എന്തു ചെയ്യാന്‍ പോകുന്നു?"

    സുമേരന്‍ അവളെ തടഞ്ഞുകൊണ്ട് പതിയെ ചോദിച്ചു

    "ഗോവണിയുടെ വള്ളിയങ്ങു മുറിച്ചാല്‍ പോരെ?"

    അമുദ അടക്കം പറഞ്ഞു

    "മണ്ടത്തരം പറയാതെ അമുദ. വള്ളി മുറിച്ചാല്‍ പല കുഴപ്പങ്ങളുമുണ്ട്. ഒന്നാമതായി നമ്മുടെ വഴി മുടങ്ങും. രണ്ടാമത് ഏറുമാടത്തില്‍ ആള്‍പ്പാര്‍പ്പുള്ളതായി അവര്‍ക്കു മനസിലാകും. അവര്‍ കൂടുതല്‍ ആളുകളെ വിളിച്ചുകൊണ്ടു വന്നു മരം കയറി നമ്മളെ പിടികൂടും. ഇപ്പോള്‍ ഇവര്‍ കയറി വരട്ടെ. നമുക്കു കാത്തിരിക്കാം..."

    സുമേരന്‍ അവളുടെ കാതില്‍ പറഞ്ഞു.

    അമുദയ്ക്കത് സ്വീകാര്യമായില്ല. 

    "ചെക്കാ നീയെന്നെ കൊലയ്ക്കു കൊടുക്കുമോ? എന്‍റെ ഊഹം ശരിയാണെങ്കില്‍ അത് ചന്നനും കൊതുമ്പനുമാണ്. എന്നെ തേടി കാടുമുഴുവന്‍ നടക്കുകയാണവര്‍. അവര്‍ നിസാരന്മാരല്ല." 

    "വരട്ടെ. നീയിങ്ങനെ പേടിച്ചാലോ അമുദ!"

    "ഉവ്വ... നിന്നെപ്പോലൊരു പേടിത്തണ്ടന്‍ മണുക്കൂസല്ലേ കൂടെയുള്ളത്. എങ്ങനെ പേടിക്കാതിരിക്കും. ഞാനെന്തായാലും ഈ വള്ളി അറുക്കാന്‍ പോവുകയാണ്." 

    അമുദ വാതില്‍ കടന്ന് വീതിയേറിയ മരക്കൊമ്പിലേക്കു നീങ്ങി.

    സുമേരന്‍ പൊടുന്നനെ അവളെ വട്ടം പിടിച്ചുയര്‍ത്തി ഏറുമാടത്തിനുള്ളിലേക്കിട്ടു.

    "നിന്നോടല്ലേ പറഞ്ഞത് മാറി നില്‍ക്കാന്‍."

    അമുദ ഒന്നു ഞെട്ടി .

    ചെക്കനിത്രയ്ക്കു കരുത്തുണ്ടോ?

    അവന്‍റെ കൈത്തലം അടിവയറില്‍ അമര്‍ന്നപ്പോള്‍ വല്ലാത്ത ഒരു സുഖം തോന്നി.

    "അവരിങ്ങെത്താറായി. മാറി നില്‍ക്ക്."

    സുമേരന്‍ അതു പറഞ്ഞുകൊണ്ട് വാതിലിനു പിന്നിലേക്കു മാറി. 

    അമുദ ഒരു ഇരുണ്ടമൂലയിലേക്ക് ഒളിച്ചു.

    ആഗതര്‍ മരക്കൊമ്പിലേക്കു കയറി.

    അവര്‍ എന്തോ പിറുപിറുക്കുന്നുണ്ട്.

    അമുദയുടെ ഭയം ഇരട്ടിച്ചു. അവള്‍ സുമേരനെ നോക്കി. അവന്‍ ഇരുട്ടത്ത് പതിയിരിക്കുകയാണ്. ആ ദുഷ്ടന്മാര്‍ തങ്ങളെ കണ്ടുപിടിച്ചാല്‍ എങ്ങനെ എതിരിട്ടു നില്‍ക്കും. അവര്‍ സുമേരനെ കൊന്ന് തന്‍റെ മാനം കവരുമെന്നത് തീര്‍ച്ചയാണ്. അവള്‍ പേടിയോടെ നോക്കി നില്‍ക്കെ ആദ്യത്തെ ഇരുള്‍രൂപം അകത്തേക്കു കടന്നു.

    വാതില്‍ കടന്ന ആ രൂപം മുന്നോട്ടു കടക്കാന്‍ തുനിയുന്നതിനുമുമ്പേ ഞൊടിയിടയില്‍ അണലി ആക്രമിക്കുന്നതുപോലെ തലയടക്കം കൂട്ടിപ്പിടിച്ചു പിന്നോക്കം വലിച്ചു. പിന്നെ ഒരു ഞരക്കം കേട്ടു. താഴെ പനമ്പുതറയില്‍ ചോര ചീറ്റിവീഴുന്ന ശബ്ദം കേട്ടു. ആ രൂപത്തിന്‍റെ പിടച്ചില്‍ നിലച്ചപ്പോള്‍ സുമേരന്‍ അതിനെ താഴെ ചാരിയിരുത്തി. അമുദ അതുകണ്ട് നടുങ്ങിരിക്കുകയായിരുന്നു. ചെക്കന്‍ താന്‍ വിചാരിച്ചപോലെയല്ലല്ലോ. പെട്ടെന്ന് പുറത്തു നിന്ന് വിളി കേട്ടു 

    "ചന്നാ...!"

    മറുപടി കേള്‍ക്കാത്തതു കൊണ്ട് വീണ്ടും ശബ്ദം.

    അത് കൊതുമ്പനായിരുന്നു.

    "എടാ ഇവിടെ ആരുമില്ലേടാ..  ഇവിടെയുമില്ലെങ്കില്‍ പിന്നെ അവള്‍ വേറെ എവിടെ പോകാനാടാ..?"

    കൊതുമ്പന്‍ പതിയെ അകത്തേക്കു കടന്നു.

    തറയില്‍ ചവിട്ടിയപ്പോള്‍ നനവുള്ളതുപോലെ തോന്നി.

    രക്തത്തിന്‍റെ ഗന്ധം അയാളുടെ കാടന്‍ നാസിക പൊടുന്നനെ ആവാഹിച്ചെടുത്തു.

    "ചന്നാ..?"

    അയാള്‍ പരിഭ്രമത്തോടെ വിളിച്ചു.

    ആ നിമിഷം സുമേരന്‍ അയാളെ പിന്നില്‍ നിന്നും കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പരല്‍മീനെപ്പോലെ വഴുതി മാറി. അയാളുടെ കൈയില്‍ ഒരു കത്തി പ്രത്യക്ഷപ്പെട്ടു. അയാള്‍ ഇരുളില്‍ പതിയിരിക്കുന്ന സുമേരനു നേരേ തിരിഞ്ഞു.


    KUKU FM ല്‍ വിനോദ് നാരായണന്‍റെ രചനയില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന 'രുദ്രയാമം' എന്ന മെഗാ ഓഡിയോ വെബ് സീരിസിലെ ഒരു എപിസോഡിന്‍റെ രചനാരൂപമാണിത്. രുദ്രയാമം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്തോളൂ




    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *