•  


    മലയാളത്തിന്‍റെ അത്ഭുതം മൈ ഡിയര്‍ കുട്ടിച്ചാത്തന് 36 വയസ്


     
    മലയാളത്തിന്‍റെ അത്ഭുതം മൈ ഡിയര്‍ കുട്ടിച്ചാത്തന് 

    36 വയസ്

    മലയാളത്തിന്‍റെ എക്കാലത്തേയും മഹാത്ഭുതമായിരുന്നു ജിജോയുടെ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. അതിനുശേഷം ടെക്നോളജി വികസിച്ച ഈ ആധുനിക കാലത്തുപോലും ഒരു ത്രീഡി ചിത്രം മലയാളത്തില്‍ എടുത്തു വിജയിപ്പിക്കാന്‍ ഇവിടെ ആര്‍ക്കും കഴിഞ്ഞില്ല എന്നത് തന്നെയാണ് ജിജോയുടെ വിജയം.   1984 ജൂലൈ മാസത്തിൽ സെൻസറിംഗ് എത്തിയ ഒരു മലയാള സിനിമ, സെൻസർ ബോർഡിലെ അംഗങ്ങളെല്ലാം അമ്പരിപ്പിച്ചു കളഞ്ഞു. ഈ അത്ഭുത സിനിമയെക്കുറിച്ചുള്ള വാർത്ത അന്നത്തെ CFBC ചെയർമാനായ വിക്രം സിംഗ് വഴി രാജ്യത്തിന്റെ പ്രഥമ പൗരനായ ഗ്യാനി സെയിൽ സിംഗിന്റെ ചെവിയിലുമെത്തി. അധികം താമസിയാതെ കാക്കനാടുള്ള നവോദയ സ്റ്റുഡിയോയിലേക്ക് ഒരു ട്രങ്ക് കോളെത്തി "ഇന്ത്യയുടെ രാഷ്ട്രപതിക്ക് ഈ സിനിമ കാണാൻ ആഗ്രഹമുണ്ട് എന്നതായിരുന്നു അതിലെ സന്ദേശം". വൈകാതെ നവോദയ അപ്പച്ചനും സംഘവും പ്രൊജക്ടറുകളും സ്പെഷ്യൽ സ്ക്രീനുകളുമായി ന്യൂഡൽഹിയിലെ രാഷ്ട്രപതിഭവനിൽ എത്തുകയും, സിനിമ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സിനിമയിലെ ചരിത്രമായി മാറിയ ഈ സിനിമയുടെ പേരാണ് 'മൈഡിയർ കുട്ടിച്ചാത്തൻ'.

    സിനിമയുടെ പത്രപ്പരസ്യം

    എന്തിരനും,  ബഹുബലിയും,  KGF ഉം ഒക്കെ കണ്ട കേരളത്തിലെ പുതിയ തലമുറ ചിന്തിക്കുന്നുണ്ടാവും രാജമൗലിയെ പോലെയോ ഷങ്കറിനെ പോലെയോ ഒക്കെ ബ്രഹ്മാണ്ഡ ചിത്രങ്ങളെടുക്കുന്ന ഒരു സംവിധായകൻ മലയാളത്തിൽ ഇല്ലാതെ പോയല്ലോ എന്ന്. അതിനുള്ള മറുപടി ഒരു സിനിമ ഡയലോഗിന്റെ ഭാഷയിൽ തന്നെ പറയാം. ഷങ്കറും രാജമൗലിയും ഒക്കെ പണി പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ആക്കാൻ പറ്റിയ ഒരു ഐറ്റം നമ്മുടെ മലയാളസിനിമയിലും ഉണ്ടായിരുന്നു,അതാണ് "ജിജോ പുന്നൂസ്".

    സിനിമയുടെ ക്രൂവിനോടൊപ്പം ജിജോ

    ഒരിക്കൽ CNBC ചാനൽ ലേഖകൻ മണിരത്നവുമായുള്ള ഒരു അഭിമുഖത്തിൽ ഇങ്ങനെ ചോദിച്ചു ഇന്ത്യയിലെ No.1 സംവിധായകനായി താങ്കളെ രാജ്യമാകെ വിലയിരുത്തുന്നു. ഈ പദവി അങ്ങ് എങ്ങനെ ആസ്വദിക്കുന്നു?. അദ്ദേഹത്തിൻറെ മറുപടി വളരെ പെട്ടെന്നായിരുന്നു. "അതു ജിജോ മൈഡിയർ കുട്ടിച്ചാത്തന് ശേഷം സിനിമകൾ ഒന്നും ചെയ്യാത്തത് കൊണ്ടായിരിക്കാം, അദ്ദേഹം തുടർന്നും സിനിമകൾ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകർ എന്ന് കരുതുന്നവർ പലർക്കും അദ്ദേഹത്തെക്കാൾ ഒരുപാട് താഴെ മാത്രമാകും സ്ഥാനമുണ്ടാകുക" മണിരത്‌നം കൂട്ടിച്ചേർത്തു.

    എല്ലാരും സഞ്ചരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാതെ കല്ലും മുള്ളും കാടും മലയും വെട്ടിത്തെളിച്ച്, ഇന്ത്യൻ സിനിമയിലെ പുതുലോകം തന്നെ സൃഷ്ടിച്ച ജിജോയുടെ മൈഡിയർ കുട്ടിച്ചാത്തന്റെ അത്ഭുത ലോകത്തിലേക്ക് നമുക്ക് യാത്ര തുടങ്ങാം....

    മുന്നിലേയ്ക്ക് നീട്ടിപ്പിടിച്ചിരിയ്ക്കുന്ന ഐസ്ക്രീം കണ്ട് കൊതി സഹിക്കാൻ കഴിയാതെ വെള്ളമിറക്കുന്ന കുട്ടി.. ഐസ്ക്രീമിന് മുകളിൽ വച്ചിരിക്കുന്ന ചുമന്നു തുടുത്ത ചെറി പൊടുന്നനെ തെന്നി താഴേയ്ക്ക് വീഴുന്നു... കുട്ടികളിൽ പലരും അത് പിടിയ്ക്കാൻ കൈകൾ നീട്ടി, മുതിർന്നവരിൽ ചിലരിലെ കുട്ടികൾ മടിയിലേക്ക് നോട്ടം പായിച്ചു... 1984ലെ ഓണറിലീസുകളിൽ ഒന്നായി എത്തിയ ഇന്ത്യയിലെ ആദ്യ ത്രിമാനചിത്രം പ്രേക്ഷകരെ വിസ്മയിപ്പിച്ച, ഭ്രമിപ്പിച്ച ഒരു രംഗമാണ് മുകളിൽ പറഞ്ഞത്.

    നവോദയ അപ്പച്ചന്‍

    മലയാളസിനിമാ നിർമാതാക്കളിൽ മുൻനിരക്കാരനും എന്നാൽ സിനിമയെ വെറും ബിസിനസ്സായി മാത്രം കാണാതെ വികാരമായി തന്നെ ഉൾക്കൊണ്ട 'നവോദയ' അപ്പച്ചൻ, നവീന സാങ്കേതിക വിദ്യകൾ മലയാളത്തിൽ അവതരിപ്പിക്കാൻ മുൻകൈ എടുത്ത ആളായിരുന്നു. നവോദയയുടെ തച്ചോളി അമ്പു (1978) ആയിരുന്നു മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം. അപ്പച്ചൻ നിർമ്മിച്ച് മകൻ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം (1982) മലയാളത്തിലെ ആദ്യ 70MM ചിത്രവും. പ്രേംനസീർ, ലക്ഷ്മി, മധു, താരതമ്യേന പുതിയ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ അഭിനയിച്ച പടയോട്ടം പക്ഷേ സാമ്പത്തികമായി പരാജയമായിരുന്നു. അതിനു ശേഷം അടുത്ത ചിത്രത്തിനായി വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്ന ജിജോയുടെ അടുത്ത് "American Cinematographer"ന്റെ ഒരു പതിപ്പുമായി ഛായാഗ്രാഹകൻ രാമചന്ദ്രബാബു എത്തി. അതിൽ 3D സാങ്കേതിക വിദ്യയെ കുറിച്ചുള്ള ഒരു ലേഖനം അദ്ദേഹം ജിജോയെ കാണിച്ചു. അങ്ങനെയാണ് മലയാളത്തിൽ ഒരു 3D സിനിമ എന്ന ആശയം നാമ്പെടുക്കുന്നത്.

    സംവിധായകന്‍ ജിജോ പുന്നൂസ്

    ജിജോ പലതവണ കാലിഫോർണിയയിലേക്ക് യാത്ര ചെയ്ത് 3D സാങ്കേതിക വിദ്യയെ കുറിച്ച് ആഴത്തിൽ പഠിച്ചു. ആയിടയ്ക്കാണ് അമേരിക്കയിൽ Jaws എന്ന സിനിമയുടെ മൂന്നാം ഭാഗം (Jaws 3 1983) 3ഡി യിൽ പുറത്തിറങ്ങിയത്. അമേരിക്കയിൽനിന്ന് അദ്ദേഹം ഇതിന്റെ ഒരു പ്രിന്റുമായാണ് നാട്ടിൽ തിരിച്ചെത്തിയത്.ഇത് പ്രദർശിപ്പിക്കാനായി നവോദയ സ്റ്റുഡിയോയിലെ സ്ക്രീനിംഗ് ഹാൾ സിൽവർ മിശ്രിതം പൂശിയ സ്ക്രീൻ ഉപയോഗിച്ച് നവീകരിച്ചു.അമേരിക്കയിൽ നിന്ന് പ്രത്യേകം കൊണ്ട് വന്ന 3D കണ്ണടകൾ ഉപയോഗിച്ച്, അപ്പച്ചനും സിനിമ രംഗത്തിലെ പ്രമുഖരും ഈ സിനിമ കണ്ടു.3D എന്ന ആശയത്തിൽ ആകൃഷ്ടനായ അപ്പച്ചൻ പുതിയ സിനിമക്കായി 40 ലക്ഷം രൂപ അനുവദിച്ചു.


    ഇന്ത്യയിലെ ഏതു സൂപ്പർ താരത്തെ ആവും ജിജോ 3D യിൽ അവതരിപ്പിക്കുക എന്നതായിരുന്നു അടുത്ത ചോദ്യം.എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം വമ്പൻ താരങ്ങൾക്ക് പകരം കുട്ടികളെയാണ് ഉപയോഗിച്ചത്. കുറച്ചു കാലമായി ജിജോയുടെ മനസ്സിലുണ്ടായിരുന്ന നല്ലവനായ കുട്ടിച്ചാത്തൻ എന്ന ആശയമായിരുന്നു ഇതിവൃത്തം. ജിജോ, അമർചിത്രകഥയുടെ എഡിറ്ററായ അനന്ത് പൈ, കഥാകൃത്തായ സക്കറിയ, കാർട്ടൂണിസ്റ്റ് ടോംസ്, സംവിധായകൻ പത്മരാജൻ എന്നിവരുമായി ചർച്ചകൾ നടത്തി. ഒടുവിൽ രഘുനാഥ് പലേരി തിരക്കഥാകൃത്തായി എത്തി. മൂന്നു കുട്ടികളും, അവരുടെ ചങ്ങാതിയായി മാറുന്ന കുട്ടിചാത്തന്റെയും കഥ പലേരി തിരക്കഥയാക്കി.

    അമേരിക്കയിൽ നിന്നും ക്രിസ് കോൺഡൻ എന്ന വിദഗ്ദ്ധന്റെ സഹായത്തോടെ ഛായാഗ്രാഹകനായ അശോക് കുമാറിനും സഹായികൾക്കും വേണ്ടുന്ന പരിശീലനം കൊടുത്തു തയ്യാറാക്കി. നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചതാണ് അശോക് കുമാറിനെ തിരഞ്ഞെടുക്കാൻ ഹേതുവായത്. 90 ദിവസമായിരുന്നു ഷൂട്ടിങ്. സാധാരണ മലയാള സിനിമകൾക്ക് അതിന്റെ മൂന്നിലൊന്നുപോലും എടുക്കാറില്ലായിരുന്നു എന്നതിൽ നിന്നും ഈ സിനിമ എത്ര ശ്രമകരമായിരുന്നു എന്ന് മനസിലാക്കാം.

    ജിജോ സംവിധാനം ചെയ്ത ആദ്യ സിനിമയായ പടയോട്ടത്തിലെ പോസ്റ്റർ ഡിസൈനും വസ്ത്രാലങ്കാരവും നിർവഹിച്ച K ശേഖറിനെയാണ് കുട്ടിച്ചാത്തന്റെ കലാസംവിധായകനായി അദ്ദേഹം തെരഞ്ഞെടുത്തത്. സിനിമയുടെ രചനയ്ക്കായി തിരക്കഥാകൃത്തായ രഘുനാഥ് പലേരിയും ശേഖറും ഒരുമിച്ചാണ് നവോദയയുടെ കോട്ടേജിൽ താമസിച്ചിരുന്നത്. അവരുടെ ചർച്ചയ്ക്കിടയിൽ പലേരിയാണ് കുട്ടിച്ചാത്തന്റെ സഹായത്തോടെ ഭിത്തിയിലൂടെ കുട്ടികൾ നടക്കുന്ന ഒരു ഗാനത്തിന്റെ സാധ്യത അവതരിപ്പിക്കുന്നത്. ജിജോ അപ്പോഴേക്കും അവരുടെ മുറിയിലെത്തി ചർച്ചയിൽ പങ്കാളിയായി. 1968 ൽ പുറത്തിറങ്ങിയ സ്റ്റാൻലി കുബ്രിക്കിന്റെ 2001: A Space Odyssey എന്ന സിനിമയിൽ ഇതേ ആശയം അവതരിപ്പിച്ചിട്ടുണ്ടെന്നും, കറക്കാനാവുന്ന തരത്തിലുള്ള സെറ്റ് നിർമിച്ചാണ് അവരത് ചെയ്തതെന്നും ശേഖർ തന്റെ അറിവ് പങ്കുവച്ചു. Jerome Angel ന്റെ 'The making of kubrick's 2001:Space Odyssey' എന്ന പുസ്തകത്തിലൂടെ ജിജോയും ഈ സാങ്കേതികവിദ്യയുടെ പ്രായോഗികതയെക്കുറിച്ച് പഠിച്ചു.

    30 അടി നീളവും 14 അടി വീതിയും 9 അടി ഉയരവും ഏകദേശം 5-6 ടൺ ഭാരവും താങ്ങാനാവുന്നതുമായ സെറ്റിന്റെ നിർമ്മാണത്തിനായി ജിജോ സമീപിച്ചത് ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന SILK (Steel Industries Kerala Ltd) എന്ന സ്ഥാപനത്തിനെയാണ്. അവിടുത്തെ ചീഫ് എൻജിനീയറായ രാജേന്ദ്രൻ, ജിജോയുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞു. എന്നിട്ട് അതിന്റെ പ്രത്യേകതകളെക്കുറിച്ചും ബജറ്റിനെ കുറിച്ചും വിശദീകരിച്ചു. 20 ടൺ വരുന്ന ഈ സെറ്റിന് ഒരു മാസത്തെ നിർമ്മാണ സമയം ആവശ്യമാണ്. 1.2 ലക്ഷം രൂപയാണ് ആകെ വരുന്ന നിർമ്മാണച്ചിലവ്. അപ്പച്ചനുമായി കാര്യങ്ങൾ ചർച്ചചെയ്ത ജിജോ അന്നുതന്നെ സെറ്റിന്റെ നിർമാണ കാര്യങ്ങൾക്ക് തുടക്കം കുറിച്ചു . 96 മിനിട്ടുള്ള സിനിമയുടെ 4.5 മിനിറ്റ് വരുന്ന ഗാനത്തിന്റെ ചിത്രീകരണത്തിനായി ആകെ ബജറ്റ് ആയി 40 ലക്ഷത്തിന്റെ 3% ചിലവഴിച്ചത് ഒരിക്കലും ഒരു നഷ്ടമായി മാറിയില്ല. ആകെ സിനിമാ ചിത്രീകരണത്തിനായി ചെലവഴിച്ച 90 ദിവസങ്ങളിൽ 14 ദിനങ്ങൾ ഈ ഗാനത്തിന്റെ ചിത്രീകരണത്തിനായാണ് ഉപയോഗിച്ചത്. ഇളയരാജയുടെ മാന്ത്രിക സംഗീതത്തിന് ഗാനരചന നിർവഹിച്ചത് ബിച്ചു തിരുമലയായിരുന്നു. ജാനകിയുടെയും ശൈലജയുടെ അനുഗ്രഹീത നാദത്തിലൂടെ 35 വർഷങ്ങൾക്കിപ്പുറവും ഈ ഗാനം മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു.

    കൊട്ടാരക്കര ശ്രീധരന്‍ നായര്‍

    MP രാമനാഥ് ആണ് കുട്ടിച്ചാത്തനായി എത്തിയത്. സോണിയ, മാസ്റ്റർ അരവിന്ദ്, മാസ്റ്റർ മുകേഷ്, സൂര്യകിരൺ, കൊട്ടാരക്കര ശ്രീധരൻ നായർ, രാജൻ പി ദേവ്, ആലുമ്മൂടൻ, ലത്തീഫ്, സൈനുദ്ധീൻ, ദലീപ് താഹിൽ എന്നിവരായിരുന്നു അഭിനേതാക്കൾ. നെടുമുടി വേണു ചാത്തന്റെ ശബ്ദമായി എത്തി. മൈ ഡിയർ കുട്ടിച്ചാത്തൻ, എം ടിയുടെ തിരക്കഥയിൽ ഒരുങ്ങിയ ഓപ്പോൾ എന്നീ സിനിമകളിലെ അഭിനയത്തിനായി രാമനാഥിന് രണ്ടു തവണ ദേശീയ പുരസ്‌ക്കാരങ്ങൾ ലഭിച്ചു. T R ശേഖർ ആയിരുന്നു കുട്ടിച്ചാത്തന്റെ ചിത്രസംയോജനം. SBT യിലെ ഉദ്യോഗസ്ഥനായിരുന്ന T.K രാജീവ് കുമാർ ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിഞ്ഞതും ഈ സിനിമയിലൂടെയായിരുന്നു.

    വെല്ലുവിളികൾ ഇനിയും കിടക്കുന്നതേ ഉണ്ടായിരുന്നുള്ളു. 3D സിനിമ പ്രദർശിപ്പിക്കാൻ പ്രത്യേകം സജ്ജീകരിക്കേണ്ട സ്‌ക്രീനുകളും കണ്ണടകളും ആവശ്യമാണ്‌.ഇന്ത്യയിലെ ഏറ്റവും ആധുനിക സിനിമ ശാലകളിൽ പോലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. നവോദയ തന്നെ സിനിമയുടെ വിതരണവും ഏറ്റെടുത്തു, തിരഞ്ഞെടുത്ത തിയറ്ററുകളിൽ സിൽവർ മിശ്രിതം കൊണ്ട് പൂശിയ സ്ക്രീനുകൾ പിടിപ്പിച്ചു, അഡയാറിൽ ത്രിമാനകണ്ണടകൾ നിർമ്മിച്ചു. പ്രൊജക്റ്ററുകളിൽ പ്രത്യേകതരം ലെൻസുകൾ ഘടിപ്പിച്ചു. റിലീസിന് തലേദിവസം ഓരോ തിയറ്ററുകളിലും പ്രത്യേക സാങ്കേതികസംഘം എത്തി എല്ലാ ഒരുക്കങ്ങളും കുറ്റമറ്റതാക്കി.

    1984 ആഗസ്റ്റ് ഇരുപത്തിനാലാം തിയതി ചിത്രം തിയറ്ററുകളിൽ എത്തി. ഐസ്ക്രീം കണ്ട് കൊതിച്ചും, തീ വരുന്നത് കണ്ടു ഭയന്നും, അമ്പുകളിൽ നിന്ന് ഒഴിഞ്ഞു മാറിയും, പൊട്ടിച്ചിരിച്ചും അവസാനം ചാത്തൻ വിടപറയുമ്പോൾ നൊമ്പരപ്പെട്ടും പ്രേക്ഷകർ പ്രായഭേദമെന്യേ കുട്ടിച്ചാത്തനെ ഏറ്റെടുത്തു. ഒരു അത്ഭുത ലോകത്തിൽ നിന്ന് ഇറങ്ങിവരുന്നവരെ പോലെ ആയിരുന്നു ,സിനിമകണ്ടിറങ്ങിയ ഓരോത്തരുടെയും അനുഭവം. സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും മൊഴിമാറിയെത്തി. എല്ലാ ഭാഷയിലും സിനിമ വൻ വിജയം നേടി. മലയാളത്തിൽ രണ്ടര കോടിയോളം നേടി അക്കാലത്തെ ഏറ്റവും വലിയ വിജയമായി മറ്റൊരു ചരിത്രവും കുട്ടിച്ചാത്തൻ സൃഷ്ടിച്ചു.

    T.K രാജീവ് കുമാറിന്റ സംവിധാനത്തിൽ K.P നമ്പ്യാതിരി ചിത്രീകരിച്ച കുറച്ചു രംഗങ്ങളും ചേർത്ത് 1997ൽ കുട്ടിച്ചാത്തൻ വീണ്ടും പ്രദർശനത്തിനെത്തി. മലയാളത്തിൽ ജഗതി ശ്രീകുമാർ, ജഗദീഷ്,ഇന്ദ്രൻസ്, കലാഭവൻ മണി,സലിം കുമാർ,നാദിർഷ എന്നിവരുടെ രംഗങ്ങൾ പുതിയതായി ചേർത്താണ് സിനിമ എത്തിയത്. ഹിന്ദിയിൽ ഊർമിളയുടെ ഏതാനും രംഗങ്ങൾ പുതിയതായി ചേർത്ത് ഛോട്ടാ ചേതൻ എന്ന പേരിലും തമിഴിൽ സന്താനം, പ്രകാശ് രാജ് എന്നിവരുടെ രംഗങ്ങൾ ചേർത്തു ചുട്ടി ചാത്തൻ എന്ന പേരിലുമാണ് കുട്ടിച്ചാത്തൻ എത്തിയത്. ഈ വരവിലും ചാത്തൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി.

    ചില്ലറ വിവാദങ്ങളും സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായി. കണ്ണടകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കണ്ണിന് അസുഖം ഉണ്ടാക്കുന്നു എന്ന് തമിഴ്‌നാട്ടിൽ ഒരു അഭ്യൂഹം പരന്നു. Madras Eye എന്ന പേരിൽ ഇരട്ടപേര് വീണ അസുഖത്തിന് കണ്ണടയുടെ ഉപയോഗവുമായി ബന്ധമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒടുവിൽ നടന്മാരെ ഉപയോഗിച്ച് വീഡിയോ ഇറക്കേണ്ടി വന്നു. പ്രേംനസീർ, രജനികാന്ത്, നാഗാർജുന, അമിതാഭ് ബച്ചൻ തുടങ്ങിയവർ ഇത്തരത്തിൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു.

    കുട്ടിച്ചാത്തൻ മായി ബന്ധപ്പെട്ട് ചില കൗതുകങ്ങൾ നമുക്ക് നോക്കാം

    1. രണ്ടരക്കോടി ജനസംഖ്യ ഉണ്ടായിരുന്ന കേരളത്തിൽ അന്ന് ഒരുകോടിയിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്.

    2.ഡബ്ബിങ് ചിത്രങ്ങൾക്ക് നിരോധനം ഉണ്ടായിരുന്നതിനാൽ ദക്ഷിണേന്ത്യയിൽ കന്നഡ ഭാഷയിൽ മാത്രം കുട്ടിച്ചാത്തന് പതിപ്പ് ഉണ്ടായില്ല.പക്ഷേ തെലുങ്ക് ഹിന്ദി പതിപ്പുകളിലൂടെ കുട്ടിച്ചാത്തൻ കർണാടകയിലും 100 ദിവസങ്ങൾ പിന്നിട്ടു.

    3. 1997 ൽ പുറത്തിറങ്ങിയ കുട്ടിച്ചാത്തന്റെ രണ്ടാം പതിപ്പ് ആണ് മലയാളത്തിലെ ആദ്യ DTS ചിത്രം.

    4.തിയേറ്ററിൽ ഇറങ്ങി 19 വർഷങ്ങൾക്ക് ശേഷം 2003 ഏപ്രിൽ 15ന് വിഷുദിനത്തിൽ ഏഷ്യാനെറ്റിലൂടെയാണ് ചാത്തൻ മലയാളികളുടെ സ്വീകരണമുറി എത്തിയത്.

    5. 85000 പ്രദർശനങ്ങളിലൂടെ 4.3 കോടി ത്രീഡി കണ്ണാടികൾ ആണ് കുട്ടിച്ചാത്തനെ കാണാൻ ഇന്ത്യയിൽ അന്ന് ഉപയോഗിച്ചത്.

    (കടപ്പാട്)

    വിനോദ് നാരായണന്‍റെ 
    ക്രൈം ത്രില്ലര്‍ നോവലുകള്‍ക്ക് 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *