•  


    സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ വന്‍മാറ്റം വരുന്നു. തരിശുനിലങ്ങളില്‍ സര്‍ക്കാര്‍ കൃഷി ചെയ്യും

    സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ വന്‍മാറ്റം വരുന്നു. തരിശുനിലങ്ങളില്‍ സര്‍ക്കാര്‍ കൃഷി ചെയ്യും. വെറുതെ കിടക്കുന്ന കുളങ്ങളില്‍ മത്സ്യക്കൃഷി ചെയ്യാനും സര്‍ക്കാര്‍ തീരുമാനം.
    കാർഷിക മേഖലയിൽ വലിയ പരിവർത്തനമുണ്ടാക്കി നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനും സർക്കാർ വലിയൊരു കർമ പദ്ധതിക്ക് ഒരാഴ്ചയ്ക്കകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിയന്തരമായി ഈ പദ്ധതിക്ക് രൂപം നൽകാൻബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേർന്നു. അടുത്ത ബുധനാഴ്ച വീണ്ടും യോഗം ചേർന്ന് കർമ പദ്ധതിക്ക് അവസാന രൂപം നൽകും. ഇതു നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ കാലവർഷത്തിന് മുമ്പുതന്നെ ആരംഭിക്കും.

    യോഗത്തിൽ കൃഷി, ജലസേചനം, തദ്ദേശസ്വയംഭരണം, ക്ഷീര വികസനം വകുപ്പ് മന്ത്രിമാരും, ആസൂത്രണ ബോർഡ് വൈസ് ചെയർമാനും പങ്കെടുത്തിരുന്നു. തരിശുനിലങ്ങളിൽ പൂർണമായും കൃഷിയിറക്കുക എന്നതാണ് ഇതിൽ മുഖ്യമായി കാണുന്നത്. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ആസൂത്ര ബോർഡ് കണ്ടെത്തും.

    കൃഷി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇഴുകിച്ചേർന്ന് പ്രവർത്തിക്കുക എന്നത് പ്രധാനമാണ്. അതോടൊപ്പം, ജലസേചനം, ക്ഷീര വികസനം, സഹകരണ വകുപ്പുകളും പങ്കാളികളാകണം.

    കൃഷിയുടെ പരമ്പരാഗത സങ്കേതങ്ങളിൽ കടിച്ചുതൂങ്ങാതെ പുതിയ സാധ്യതകളിലേക്ക് തിരിയണം. മണ്ണിൽ മാത്രമാണ് കൃഷി എന്ന സങ്കൽപം മാറി. വെള്ളത്തിലും മട്ടുപ്പാവിലും ഗ്രോ ബാഗുകളിലും സമൃദ്ധമായ വിള ലഭിക്കുന്ന കൃഷി രീതികളുണ്ട്. മത്സ്യകൃഷി കായലിലും കൃത്രിമ ജലാശയങ്ങളിലും മാത്രമല്ല, കടലിൽ തന്നെ ചെയ്യാവുന്ന സാങ്കേതിക വിദ്യയും രീതിയും നമുക്ക് മുന്നിലുണ്ട്.

    കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, പന്നി, ആട്, പോത്ത് വളർത്തൽ, മത്സ്യകൃഷി, അതിന്റെ വൈവിധ്യവൽക്കരണം എന്നിവയ്ക്ക് മുന്തിയ പ്രാധാന്യം നൽകി നമ്മുടെ ഭാവി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും.
    മുട്ട, മാംസം തുടങ്ങിയവയുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിന് നടപടി സ്വീകരിക്കും. സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉൽപാദിപ്പിക്കുന്നത്തിനുള്ള സൗകര്യങ്ങളും സഹായവും ഒരുക്കും.

    സഹകരണ സംഘങ്ങൾ മുഖേന കാർഷികരംഗത്ത് പുതിയ ദൗത്യങ്ങൾക്ക് ആവശ്യമായ വായ്പ ലഭ്യമാക്കാൻ വിപുലമായ പദ്ധതി നടപ്പാക്കും. ഇതിനായി നബാർഡിന്റെ സഹായം തേടും.
    കുടുംബത്തിൽ ഒന്ന്, രണ്ട് പശുക്കളെ വളർത്താനുള്ള പദ്ധതി ആരംഭിക്കും. അതോടൊപ്പം പഞ്ചായത്ത് തലത്തിൽ അഞ്ച്, പത്ത് പശുക്കളെ വളർത്തുന്ന ഫാമുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തുടങ്ങും.

    കേരള ചിക്കൻ പദ്ധതി സംസ്ഥാന വ്യാപകമാക്കും. കോഴിയിറച്ചിയുടെ ലഭ്യതയും വിലസ്ഥിരതയും ഇതിലൂടെ ഉറപ്പാക്കാൻ കഴിയും. ഈ വർഷം 200 ഔട്ട്‌ലെറ്റുകൾ തുടങ്ങും. കുടുംബശ്രീക്ക് സ്വന്തമായി ഇറച്ചിക്കോഴി സംസ്‌കരണത്തിന് പ്ലാന്റ് അടിയന്തരമായി പൂർത്തിയാക്കും.
    ക്ഷീരരംഗത്തെ പ്രധാന പ്രശ്‌നം അടുത്ത രണ്ടു വർഷത്തിനുള്ളിൽ പാലുൽപാദനം വലിയതോതിൽ വർധിച്ചാൽ അധികം വരുന്ന പാൽ പാൽപ്പൊടിയോ ബാഷ്പീകരിച്ച പാലോ ആയി പരിവർത്തനം ചെയ്യണം. ഇതിനായി സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ പാൽപ്പൊടി പ്ലാന്റ് സ്ഥാപിക്കും. അതോടൊപ്പം ഒരു ബാഷ്പീകരണ പ്ലാന്റും സ്ഥാപിക്കാൻ ആലോചിക്കുന്നു. ഇതിനുള്ള സാധ്യതാ പഠനം ഉടൻ നടത്തും.

    പാലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളായ ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ ഉൽപാദനം വർധിപ്പിക്കും. നിലവിലുള്ള ഡയറി പ്ലാന്റുകളിൽ ഉൽപ്പന്ന വൈവിധ്യവൽക്കരണം നടത്തും. ക്ഷീര സഹകരണ സംഘങ്ങൾ നവീകരിക്കും. കറവയന്ത്രങ്ങൾക്കുള്ള സബ്‌സിഡി വർധിപ്പിക്കും. 15,000 ഏക്കർ സ്ഥലം കണ്ടുപിടിച്ച് സമയബന്ധിതമായി കാലിത്തീറ്റ കൃഷി വ്യാപിപ്പിക്കും.
    മത്സ്യമേഖലയ്ക്ക് സമഗ്രമായ സാമ്പത്തിക പാക്കേജ് പരിഗണിക്കണമെന്ന ആവശ്യം വിശദമായി കേന്ദ്ര സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കും.


    കോവിഡിനു ശേഷമുള്ള ഘട്ടത്തിൽ അതിജീവനത്തിനായി മത്സ്യബന്ധന മേഖലയിൽ അടിയന്തര പുനരുജ്ജീവന നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബദൽ ഉപജീവനമാർഗം നൽകുന്നതിന് പ്രാമുഖ്യം നൽകും.
    മത്സ്യം, പാൽ, മുട്ട മേഖലകളിലെ വിതരണ ശൃംഖലകളുടെ നവീകരണം ഏറ്റെടുക്കും. മത്സ്യ വിതരണശൃംഖല പരിഷ്‌കരിക്കുന്നതിന് പുതിയ മൊബൈൽ ആപ്ലിക്കേഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തും.

    സംസ്ഥാനത്തെ വലിയ ജലാശയങ്ങൾ ഉൾനാടൻ മത്സ്യകൃഷിക്ക് കീഴിൽ കൊണ്ടുവരും. അവയിൽ തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മത്സ്യ കൃഷി വ്യാപിപ്പിക്കും. മത്സ്യകുഞ്ഞുങ്ങളെ പൊതു ജലാശയത്തിൽ നിക്ഷേപിക്കും. ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങൾ നിശ്ചിത വർഷത്തേക്ക് പ്രത്യേക വ്യവസ്ഥയിൽ മത്സ്യകൃഷിക്ക് ഉപയോഗയോഗ്യമാക്കുന്ന കാര്യം പരിഗണിക്കും. സ്വകാര്യ മത്സ്യ വളർത്തൽ കേന്ദ്രങ്ങൾ ആരംഭിക്കും.

    മത്സ്യമേഖലയിലെ സ്ഥാപന വായ്പ വർധിപ്പിക്കാൻ പുതിയ വായ്പാനയം രൂപീകരിക്കും. ഉൾനാടൻ മത്സബന്ധനം ഉൾപ്പെടെയുള്ള മത്സ്യമേഖലയുടെ വായ്പാ ആവശ്യങ്ങൾ വിലയിരുത്താൻ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സംവിധാനമുണ്ടാക്കും.

    മത്സ്യം കടലിൽ എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം ആഴക്കടൽ മത്സ്യബന്ധനത്തിന് തടസ്സമാകുന്നു. മത്സ്യബന്ധനത്തിലേർപ്പെടുന്നുവർക്ക് വിവരങ്ങൾ യഥാവിധി വിതരണം ചെയ്യുന്നതിന് സാങ്കേതിക സംവിധാനം ഉണ്ടാക്കും.

    ഗുണനിലവാരമുള്ള മത്സ്യവിത്ത് ഉൽപാദനം ശക്തിപ്പെടുത്തും. ശുദ്ധജല ചെമ്മീൻ, ഉപ്പുവെള്ള ചെമ്മീൻ, കടുക്ക (കല്ലുമ്മേക്കായ്), ചിപ്പി, ഞണ്ട് എന്നിവയുടെ വിത്തുൽപാദനത്തിന് പ്രത്യേക ശ്രദ്ധ നൽകും.
    നമുക്ക് ഏറെ പരിചയമില്ലാത്തതാണ് കടൽ മത്സ്യകൃഷി. ഇത് ഇന്ത്യൻ സമുദ്ര മത്സ്യബന്ധനത്തിന്റെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ സാധ്യത പരിശോധിക്കാനും കടൽത്തീര പ്രദേശങ്ങളിൽ ഉപ്പുവെള്ളത്തിലെ കൃഷി വിപുലീകരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു.
    അലങ്കാര മത്സ്യമേഖലയിലെ സാധ്യത കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തദ്ദേശീയ അലങ്കാര മത്സ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും.

    കരിമീൻ ഉൾപ്പെടെയുള്ള ഫിൻഫിഷ് കൃഷി വാണിജ്യാധിഷ്ഠിത ഉൽപാദനത്തിന് ഉതകുന്ന വിധം വർധിപ്പിക്കും. ഇതിനുവേണ്ട വിത്തുകളുടെ വിതരണവും ഫലപ്രദമാക്കും. വനിതാ സ്വാശ്രയ സംഘങ്ങൾക്കുള്ള ഉപജീവന സഹായപദ്ധതിയായി ഇതും ചിപ്പികൃഷിയും വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.

    രോഗപ്രതിരോധ ശേഷിയും അതിവേഗ വളർച്ചയും കൂടുതൽ വാണിജ്യസാധ്യതയുമുള്ള വനാമി ചെമ്മീൻ കൃഷി വ്യാപകമാക്കാനുള്ള മുൻ തീരുമാനം നടപ്പാക്കും. ഇതിലൂടെ ചെമ്മീൻ കൃഷിയിൽ സമീപകാലത്തുണ്ടായ തിരിച്ചടി അതിജീവിക്കാൻ കഴിയും എന്നാണ് കരുതുന്നത്.
    കുറേ വർഷങ്ങളായി നെൽകൃഷി ചെയ്യാത്ത ജലാശയങ്ങളിൽ വർഷം മുഴുവൻ ചെമ്മീൻ കൃഷി നടത്താൻ സൗകര്യമൊരുക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *