•  


    കഞ്ഞി വര്‍ക്കി


    കഞ്ഞി വര്ക്കി
                
    ഞ്ഞി വര്ക്കി, അങ്ങനെ ആരെങ്കിലും വിളിക്കുന്നതില് വര്ക്കിക്ക് തെല്ലും നാണക്കേടില്ലെന്നു മാത്രമല്ല, ആനന്ദം ലഭിക്കുകയും ചെയ്യും. കഞ്ഞിയും വര്ക്കിയും തമ്മിലുള്ള ബന്ധം അത്രമേല് ദൃഡമാണ്. കഞ്ഞിക്ക് വര്ക്കിയുടെ മേല് അതിനൊരു അവകാശവുമുണ്ട്. കഞ്ഞിയുടെ ഭാഷ അറിയാവുന്ന ഒരാള് ഭൂമി മലയാളത്തിലുണ്ടെങ്കില് അത് കറുകപ്പള്ളി ശൗരി മകന് വര്ക്കിയാണ്. തിളച്ചു മറിയുന്നതിനിടയില് കഞ്ഞി പറയുന്ന കാര്യങ്ങളില് പലതും മനസ്സിലാക്കാന് ആദ്യകാലങ്ങളില് വര്ക്കിക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് പിന്നീട് നീണ്ട സംഭാഷണമായി മാറി. കാലം കഴിഞ്ഞപ്പോള് കഞ്ഞി ഒന്നും മിണ്ടുന്നില്ലെങ്കില് കഞ്ഞിക്കെന്തോ കുഴപ്പമുണ്ടെന്ന് വര്ക്കിക്ക് ഊഹിക്കാമായിരുന്നു. അത്ര ആത്മ ബന്ധമുള്ള സുഹൃത്തിന്റെ പേരും കൂട്ടി താന് അറിയപ്പെടുന്നത് ചില്ലറ കാര്യമല്ല വര്ക്കിക്ക്.

    കാട്ടിക്കുന്ന് കുരിശുപള്ളിയില് യൗസേപ്പിതാവിന്റെ മരണതിരുനാളിന് വര്ഷങ്ങളായി നേര്ച്ചകഞ്ഞി വര്ക്കിയുടെ വകയാണ്. അന്നേ ദിവസം കഞ്ഞിയുടെ അടുത്തിരുന്നാണ് വര്ക്കി കുര്ബാന പോലും കൂടുന്നത്. ഓരോ വര്ഷവും തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം വര്ക്കിക്ക് മാര്ച്ച് 19 ലെ മരണതിരുനാള് ദിനമാണ്. അന്നാണ് ആളുകള് കൂടുതല് പേര് കഞ്ഞി കുടിക്കുന്നത്. ജീവിതവുമായി ഇത്ര ബന്ധമുള്ള കഞ്ഞിയെ മരണവുമായി കൂട്ടിക്കെട്ടിയതാരായിരിക്കും.
                അതേ ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ടിരുന്നോ. ആളുകള് കളിയാക്കും എന്റെ വില കളയരുത്. കഞ്ഞിയുടെ വിളി കേട്ടാണ് വര്ക്കി സ്വപ്നം വിട്ടുണര്ന്നത്. കഞ്ഞി കൃത്യം പാകത്തിനിറക്കണം. പാകമായാല് പിന്നെ അടുപ്പിലെ തീ അണച്ചു കളയണം. പാത്രത്തിന്റെ ചൂടു പോലും അരിയുടെ വേവ് മാറ്റിക്കളയും. ചൂടും കൂടി കണക്കാക്കി വേണം തീ അണയ്ക്കാന്.

    ആളുകള് കുര്ബാന കണ്ടിറങ്ങിതുടങ്ങി. ചിലര് അവസാനത്തെ ആശീര്വാദം പോലും സ്വീകരിക്കാതെ ഇറങ്ങിപ്പോരും. അവരു തന്നെയായിരിക്കും അവസാനം വന്നവരും. അവരെങ്ങും പോകില്ല. തൊട്ടടുത്ത പാരിഷ് ഹാളിന്റെ അരമതിലില് പോയിരുന്ന് അന്നത്തെ പള്ളി പ്രസംഗത്തിന്റെ കുറ്റങ്ങള് അപ്പത്തന്നെ പറഞ്ഞു തീര്ത്ത് നിത്യശാന്തി നേടും. കുര്ബാനയ്ക്ക് എങ്ങനെയെന്നറില്ല അവര്ക്കൊക്കെ കഞ്ഞി കുടിക്കാന് നല്ല ആത്മാര്ത്ഥതയാണ്. കഴിഞ്ഞ മരണ തിരുനാളിന് കുര്ബാനയ്ക്ക് ഒരമ്പത് അറുപത് പേര് വന്നുകാണും എന്നാണ് വികാരിയച്ചന്റെ കണക്ക്. പക്ഷേ ഇരുന്നൂറില് കുറയാത്ത പേര് കഞ്ഞിയും ചമ്മന്തിയും കഴിച്ചു എന്നതില് വര്ക്കിക്ക് തര്ക്കമില്ല. എത്ര നാഴി അരിയിട്ടാല് എത്ര പേര്ക്ക് വയറു നിറയെ കഴിക്കാം എന്ന കണക്ക് വര്ക്കിയോളം കഞ്ഞിക്കു പോലും അറിയില്ല. കുര്ബാ കാണാത്തവരും കഞ്ഞി കുടിക്കുന്നതു കൊണ്ട് വര്ക്കിക്ക് കഞ്ഞിയുടെ അളവ് പോലെ ഉറപ്പുള്ള മറ്റൊരു കാര്യം കൂടിയുണ്ട്. കുര്ബാനയിലുള്ളതിനേക്കാള് ബലമുള്ള കര്ത്താവ് കഞ്ഞിയിലുണ്ട്. നിഗമനം വര്ക്കി വെറും വാക്കു പറയുന്നതല്ല. സാധാരണ ഗതിയില് മൂന്നു വര്ഷം കൊണ്ട് ഒരു ഗവേഷണം പൂര്ത്തിയാക്കാമെങ്കില് 30 വര്ഷമെടുത്ത തന്റെ ഗവേഷണത്തിനൊടുക്കം വര്ക്കി കണ്ടെത്തിയ അറിവുകളില് ചിലതാണ് ഇവ. തന്റെ കണ്ടെത്തലുകള് അക്കമിട്ട് നിരത്തി ഏത് പാതിരാവിലും പകല് വെളിച്ചത്തിലും വര്ക്കിക്ക് പറയാന് കഴിയും കഞ്ഞിയുടെ കര്ത്താവുമായുള്ള ബന്ധം. അതിനു പുസ്തകമൊന്നും മറിച്ചു നോക്കേണ്ട, അങ്ങനൊരു പുസ്തകവുമില്ല. നിഗമനങ്ങളില് എത്താനുള്ള കാരണങ്ങള് ഇവയൊക്കെയാണ്. കുര്ബാനയ്ക്ക് പോകണമെങ്കില് കുളിക്കണം. മോടി (പുറംമോടി) വേണം. കഞ്ഞി കുടിക്കാന് വിശപ്പ് മാത്രം മതി. കുര്ബാനയ്ക്ക് വരുന്ന എല്ലാവരും ഒരുപോലെയല്ല. പാപികള്, പാപം ഇല്ലാത്തവര്. കഞ്ഞി കുടിക്കാന് വരുന്ന എല്ലാവരും ഒരേ ഗണം. വിശക്കുന്നവര്. കുര്ബാനയ്ക്ക് അച്ചന്റെ ഭാഷണം കൊണ്ട് വിശപ്പ് മാറ്റണം. വളരെ ചുരുക്കം അച്ചന്മാരുടെ ഭാഷണം മാത്രമേ ആത്മാവിന്റെ വിശപ്പ് കെടുത്താറുള്ളൂ. കൂടുതല് പേര് വിശപ്പ് ആളിക്കത്തിക്കുകയാണ് പതിവ്. വീട്ടില് സഹായിയായി വരുന്ന അന്നമ്മചേച്ചി പോലും പറയും ഞായറാഴ്ച വികാരിയച്ചന് എന്നതാണീ പറയണത്. ചിലര് ഭാഷിച്ച് ആളുകളെ ബോധം കെടുത്തി ഉറക്കിക്കളയും. കഞ്ഞി അങ്ങനെയല്ല, കഴിക്കുന്ന എല്ലാവര്ക്കും വിശപ്പകറ്റും. കുര്ബാനയ്ക്കിടയില് കര്ത്താവിന്റെ ചോര അച്ചന് ഊറ്റിക്കുടിക്കും. ചോരയില്ലാത്ത ശരീരം ജനത്തിന് തരും. അതും എല്ലാവര്ക്കുമില്ല. കഞ്ഞിയിലെ കര്ത്താവ് എല്ലാവര്ക്കും ഒരേ പോലെയാണ്. രക്തവും കിട്ടും, മാംസവും, അവസാനമായി കുര്ബാനയ്ക്ക് വരുന്നവര് ആരേയോ പേടിച്ച് എപ്പോള് തീരും എന്ന തിടുക്കം തുടക്കം മുതല് ഉള്ളില് സൂക്ഷിച്ച് പരമാവധി ഭയഭക്തി ബഹുമാനങ്ങള് ഉണ്ടെന്ന് നടിച്ച് കുര്ബാന കണ്ടവസാനിപ്പിക്കുന്നു. കഞ്ഞി കുടിക്കാന് വരുന്നവര് അങ്ങനെയല്ല. തികഞ്ഞ സന്തോഷത്തില് പരമാവധി മുന്നില് നിന്ന് വാങ്ങി തിരികെ പോകുന്നു. ഗവേഷണത്തില് കണ്ടെത്താത്തതും എന്നാല് വര്ക്കിക്ക് അറിയാനാവുന്നതുമായ മേല്പ്പറഞ്ഞവയെ സഹായിക്കാന് പോന്ന തരത്തില് അറിവുകള് ഇനിയുമുണ്ട്. അറിവ് പങ്കുവച്ച് ആളാകാന് വര്ക്കിക്ക് താല്പ്പര്യമില്ല.
               
    ചെമ്പില് നിന്നും കഞ്ഞിയുടെ അവസാനത്തെ ചോദ്യം ഉയര്ന്നു ഉപ്പിട് പാകത്തിന് അല്ലെങ്കില് കുടിക്കാന് നേരത്ത് ആള്ക്കാര് എന്റെ അപ്പനമ്മമാരെ തുമ്മിക്കും.

    അന്നാ ശരി വര്ക്കി എന്നു പറഞ്ഞുകൊണ്ട് അവസാനത്തെ തിളയും തിളച്ച് കഞ്ഞി വെന്തൊടുങ്ങി. പള്ളിയില് കുര്ബാന കഴിഞ്ഞ് ആളുകള് പാത്രങ്ങളുമായി നിരന്നു കഴിഞ്ഞു. ഇന്ന് ഓരോരുത്തര്ക്കും ആവശ്യമുള്ളത്ര കഞ്ഞി വാങ്ങാം. അതിനാല് വീട്ടില് കൊണ്ടു പോകാന് ആഗ്രഹിക്കുന്നവര് വലിയ പാത്രങ്ങള് കയ്യില് കരുതിയിട്ടുണ്ട്. കുട്ടികളും മുതിര്ന്നവരും പ്രായഭേദമില്ലാതെ സ്ത്രീകള് വയസ്സറിയിച്ചവരെന്നോ അറിയിക്കാത്തവരെന്നോ ഭേദമില്ലാതെ നിരന്നു നില്ക്കുന്നു. പുരുഷ വനിതാ ശിശു മതില് മുന്നില് നിന്ന് പിന്നോട്ട് കണ്ണോടിച്ചപ്പോള് അത്ര പിന്നിലല്ലാതെ വലിയ ഒരു പാത്രവുമായി നിരയില് നില്ക്കുന്ന ഒരു പത്തു വയസ്സുകാരന്റെ മുഖം വര്ക്കിയുടെ മനസ്സില് ഉടക്കി. കഞ്ഞി വാങ്ങാന് നിന്നവരുടെ നിരയില് നിന്ന് വര്ക്കി മനസ്സു കൊണ്ടു ഒരുപാട് പിന്നെയും പുറകോട്ടോടി. കൊല്ലങ്ങള്ക്ക് മുന്പ് ഇതുപോലൊരു നിരയില് കഞ്ഞി വാങ്ങാന് നിന്ന ഒരു പത്തു വയസ്സുകാരന് രണ്ടാമത് കഞ്ഞി ചോദിച്ചപ്പോള് കഞ്ഞിക്ക് പകരം കുഞ്ചിക്ക് പിടിച്ച് ഒരു തള്ളു കിട്ടിയതും കഞ്ഞിയും പാത്രവുമായി താന് പൂഴി മണ്ണില് വീണതും ചുറ്റിലും നിന്നുമുയര്ന്ന പരിഹാസങ്ങള്ക്കിടയില് നിന്ന് ചൂടു കഞ്ഞി വീണു പൊള്ളിയ ശരീരത്തേക്കാള് പൊള്ളുന്ന മനസ്സുമായി താന് തിരികെ പോന്നതും ഓര്ക്കുമ്പോള് ഇപ്പോഴും ഉള്ളത്തില് ഒരു പൊള്ളല് തോന്നുമെങ്കിലും തള്ളി വീഴ്ത്തല് വീഴ്ച അല്ലായിരുന്നു. തന്റെ ഉയര്ച്ചയായിരുന്നു എന്ന് വിശ്വസിക്കാനാണ് വര്ക്കിക്കിഷ്ടം. അതാണ് സത്യവും.
                വക്കാ കഞ്ഞി ഉഷാറായിട്ടുണ്ട്. വെണ്ണിപ്പറമ്പില് ആപ്പന് ചേട്ടന്റെ കമന്റ് കേട്ടാണ് വര്ക്കി ഉണര്ന്നത്. ഇടവകക്കാര് വക്കാ എന്നാണ് വര്ക്കിയെ വിളിക്കുന്നത്. അന്ന് കഞ്ഞി വാങ്ങാന് നിന്ന തന്നെ തള്ളി വീഴ്ത്തിയ ചെറിയാന് ചേട്ടന്റെ മകനാണ് ആപ്പന് ചേട്ടന്. തന്നേക്കാള് അഞ്ചു വയസ്സു കൂടും. വലിയ പാത്രത്തില് രണ്ടു ദിവസത്തേക്ക് തനിക്കും ഭാര്യയ്ക്കുമുള്ള കഞ്ഞിയും വാങ്ങിയാണ് ആപ്പന് ചേട്ടന്റെ പോക്ക്. പഴയ പ്രതാപമെല്ലാം നശിച്ചു. വകകളെല്ലാം വിറ്റ് അപ്പനും മകനും മാറിമാറി കുടിച്ചു തീര്ത്തു. മക്കള് അവരുടെ വഴിക്ക് പോയി. കാര്ന്നോരും കാര്ന്നോത്തിയും മാത്രം. പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെ ആയിരുന്നു. ഇപ്പ അപ്പാപ്പയാണ്. വര്ക്കി ഓര്ത്തു താന് കൊടുക്കുന്ന കഞ്ഞിയില് നിന്ന് വാങ്ങി തന്റെ മുന്നിലൂടെ പോകാന് ആപ്പന് ചേട്ടനിട വരുത്തിയത് ദൈവത്തിന്റെ ഇടപെടലായിരിക്കാം. സകല മനുഷ്യര്ക്കുമുള്ള ഒരോര്മമ്മപ്പെടുത്തല് കൂടിയാണത്. അത് കഞ്ഞിയുടെ സത്യമാണ്. സത്യമുള്ള ആഹാരമാണ് കഞ്ഞിയെന്ന കാര്യത്തില് വര്ക്കിക്ക് തര്ക്കമില്ല. ഇതൊക്കെ കൊണ്ടു കൂടിയാണ് തന്റെ ജീവിതത്തില് കഞ്ഞിയെ വര്ക്കി നിന്ദിച്ചിട്ടില്ലെന്ന് മാത്രമല്ല, സാധിക്കുന്നത്ര വന്ദിക്കുകയും ചെയ്യും.
               
    എടാ വാടാ പാത്രം കഴുകണ്ടേ? “
    സുഹൃത്ത് കേളന്റെ വിളി വീണ്ടും വര്ക്കിയെ വിളിച്ചുണര്ത്തി. തന്റെ പത്തു സെന്റിലെ കുടികിടപ്പുകാരില് ഒരാളാണെങ്കിലും കേളനാണ് വക്കന്റെ സഹോദരനും, സുഹൃത്തും, വിശ്വസ്തനും, തേരാളിയും, കാവല്ഭടനും എല്ലാം. കഞ്ഞി വച്ച കലങ്ങളും തവിയുമെല്ലാം കേളന് കിണറിനടുത്ത് എത്തിച്ചിരുന്നു. നേര്ച്ചകഞ്ഞി കൊടുക്കുന്ന ദിവസം കഞ്ഞിപാത്രം വക്കന് തന്നെ കഴുകും. അത് വക്കന്റെ പോളിസിയാണ്. ജീവിതത്തില് കൃത്യമായ പല പോളിസികളുമുള്ള വര്ക്കിക്ക് മറ്റ് പോളിസികള്ക്കെന്നതു പോലെ ഇതിനുമുണ്ട് യുക്തി, അരി കഴുകി അടുപ്പിലിട്ട് സ്വന്തമായി തീ കത്തിച്ച് വിളമ്പിക്കൊടുത്ത് കഞ്ഞി വച്ച പാത്രം സ്വന്തമായി കഴുകിയാലേ അത് നേര്ച്ചയാകൂ. കുറഞ്ഞ പക്ഷം കഞ്ഞിയുടെ കാര്യത്തിലെങ്കിലും വര്ക്കിക്ക് അതുറപ്പുണ്ട്. കൂലിക്കാരെ കൊണ്ട് ചെയ്യിച്ചാല് അത് കൂലി നേര്ച്ചയാകും. നേര്ച്ചകഞ്ഞി കുടിക്കുന്നയാള് കഞ്ഞി കുടിച്ച പാത്രവും കഴുകി വയ്ക്കണം. അന്നാലാണ് നേര്ച്ച നടത്തിയതിന്റെ ഫലം കിട്ടൂ. ഇന്ന് തിന്ന പാത്രം കഴുകാന് പറയുന്നവനെ പിന്തിരിപ്പന് എന്നും മാനേഴ്സ് ഇല്ലാത്ത കണ്ട്രി എന്നൊക്കെ വിളിക്കുന്നവര് ഇതൊക്കെ പറഞ്ഞാല് അംഗീകരിക്കുമോ ആവോ? സ്വന്തമായി പാത്രം കഴുകുന്ന പോളിസി ഓര്മ്മ വച്ച കാലം മുതല് വര്ക്കി ശീലമായി പാലിക്കുന്നു. ഓര്മ്മ വച്ച കാലമെന്നാണെന്ന് ഇപ്പോള് നന്നായി ഓര്ക്കുന്നില്ലെങ്കിലും. പാത്രം കഴുകുമ്പോഴും വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിന്റെ കാര്യത്തില് വര്ക്കിയുടെ അത്ര ജാഗ്രത പാലിക്കുന്ന ഒരാളെ കുറഞ്ഞ പക്ഷം കരയിലെങ്കിലും കാണാനാവില്ല. അതിനാല് വര്ക്കിക്കൊപ്പം പാത്രം കഴുകുക കേളന് തീരെ ഇഷ്ടമുള്ള കാര്യമല്ല. രണ്ടു കപ്പു വെള്ളം കൂടുതല് ഒഴിച്ചാല് അപ്പോള് വരും കമന്റ്. നീ വെള്ളം കോരിയൊഴിച്ച് കുളിക്കുകയാണോ അതോ പാത്രം കഴുകുകയാണോ? ജലം ജീവന്റെ വിലയുള്ളതാണ് കേളാ, ഒരായിരം തവണ കേട്ട പ്രയോഗം. പക്ഷേ ജലത്തിന് വേണ്ടി ഒരായിരമല്ല, എത്രായിരം വേണമെങ്കിലും വര്ക്കി അത് പറയും.
               
    വക്കച്ചന് നാനാരേ ഇന്നാണ് ഞങ്ങട വഴി വെട്ടണത്. അങ്ങോട്ട് വരികേലേ. നിങ്ങള് വന്നാല് ഞങ്ങക്കൊരു ബലമാണ്. നീതി കിട്ടുമെന്ന ഒരൊറപ്പാ നിങ്ങള്. ശരിയാണല്ലോ കാര്ത്യായനിയമ്മ പറഞ്ഞപ്പോഴാണ് അവരും അയല്ക്കാരന് വീരാവുണ്ണിയും തമ്മിലുള്ള അതിര്ത്തി തര്ക്കം പറഞ്ഞുതീര്ത്ത് വേലി കെട്ടിക്കാം എന്ന് തീരുമാനിച്ചതിന്നാണെന്ന വിവരം വര്ക്കി ഓര്ത്തത്. കാര്ത്യായനിയമ്മയുടെ ഭര്ത്താവ് അച്യുതന് നായര് ഒരു സാധുവാണ്. സംബന്ധക്കാരനായതിനാല് വീട്ടുകാരേയും നാട്ടുകാരേയും ഒക്കെ പേടിയുമാണ്. വീരാവുണ്ണിയുടെ മുന്നില് പിടിച്ചു നില്ക്കുന്നത് കാര്ത്യായനിയമ്മയുടെ നാക്കു കൊണ്ടു മാത്രമാണ്. വേലി കെട്ടുമ്പോള് നാക്ക് മാത്രം പോരല്ലോ. വീരാവുണ്ണിക്കല്പ്പം വക്രത്തരങ്ങളും അരികു മാന്തലുമൊക്കെ ഉള്ളതിനാല് വര്ക്കിയെ അത്രയ്ക്കങ്ങ് പിടുത്തമല്ല. പക്ഷേ ചങ്കൊറപ്പിന്റെയും പ്രായോഗികതയുടേയും മുന്നില് ആരേയും പോലെ വീരാവുണ്ണിയും പതറും. അപ്പോഴും അനീതി വര്ക്കി ചെയ്യില്ലെന്ന് ഉറപ്പും മറ്റുള്ളവരെപ്പോലെ വീരാവുണ്ണിക്കുമുണ്ട്. നീതിമാനായ വക്കന് എന്ന് നാട്ടുകാര് ഇടയ്ക്ക് കളിയാക്കി വിളിക്കാറുമുണ്ട്. അതും വര്ക്കിക്കിഷ്ടമാണ്. കാരണം ഗീവര്ഗീസ് പുണ്യാളന്റെ പേരാണെങ്കിലും, കുതിര മേലുള്ള ഇരുപ്പും തലയെടുപ്പും ഇഷ്ടമാണെങ്കിലും, നീതിമാനായ യൗസേപ്പ് പിതാവിനെയാണ് വര്ക്കിക്ക് ഇഷ്ടം. അത്ര ധൈര്യമുള്ളവര്ക്ക് മാത്രമേ വാക്കു പാലിക്കാനും നീതി പുലര്ത്താനും സാധിക്കൂ. അതിന് നല്ല ഉദാഹരണം യൗസേപ്പു പിതാവ് തന്നെ. അതു കൊണ്ട് നീതിമാനേ എന്നാരെങ്കിലും വിളിച്ചാല് താന് യൗസേപ്പു പിതാവായി മാറുന്നതു പോലെ വര്ക്കിക്ക് തോന്നും. അങ്ങനെ വിളിക്കുന്നവര് തന്റെ ആരാധകരാണെന്നും വര്ക്കി വേണമെങ്കില് സമ്മതിച്ചു തരും.
                ആകെയുള്ള മൂന്നു വെള്ള മുണ്ടുകള്, അതും ഒറ്റ മുണ്ടുകള് പള്ളിപ്പെരുന്നാള്, കല്യാണം, മരണം, ബന്ധുവീടുകളിലെ സന്ദര്ശനം എന്നിവയ്ക്കാണ് അതിലൊന്ന്. അതാണേറ്റവും പുതിയത്. രണ്ടാമത്തേത് സാധാരണ കുര്ബാനയ്ക്ക് പള്ളിയില് പോകുമ്പോള് ഉപയോഗിക്കും. മൂന്നാമത്തെ വെള്ള മുണ്ട് നാട്ടിലെ പൊതുയോഗങ്ങള്, സംഘത്തിന്റെ (കെട്ടുതെങ്ങ് സംഘം) കമ്മറ്റി തുടങ്ങിയ പൊതു ആവശ്യങ്ങള്ക്കും ഉപയോഗിക്കും. ബാക്കി സമയങ്ങളില് ചതുരക്കളങ്ങള് നിറഞ്ഞ കൈലിമുണ്ടാണ് വേഷം. വീട്ടിലും ചില വിശേഷ ദിവസങ്ങളിലോ വിരുന്നുകാര് ഉള്ളപ്പോഴോ മാത്രമേ കൈലി ഉടുക്കൂ. ഒട്ടുമുക്കാല് സമയത്തും ഒറ്റതോര്ത്ത്. അപൂര്വ്വം സമയങ്ങളില് കോണകം മാത്രമായാലും പരിഭവമില്ല. മരത്തില് കയറുമ്പോള് കോണകം ഉഷാറായിട്ടുടുത്ത് തോര്ത്ത് മുണ്ട് മടക്കിക്കുത്തി മാത്രമേ വര്ക്കി കയറാറുള്ളൂ. ഇതേ വേഷത്തില് ഒരു ദിവസം പോലും മുടങ്ങാതെ സന്ധ്യയ്ക്ക് ഒരു കലാപരിപാടിയുണ്ട്. നാട്ടില് പേരു കേട്ട വര്ക്കിക്കുളി. സ്വന്തം പറമ്പിലെ തേങ്ങ മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയില് കറിവേപ്പിലയും, കൂവളത്തിലയും, കൈയ്യുണ്ണിയും, ചെറുള്ളിയും ചേര്ത്ത് കാച്ചിയ എണ്ണ പുരട്ടി 20 മിനിട്ട് മസാജ് കഴിയുമ്പോള് മുറ്റത്ത് അടുപ്പില് ചെമ്പ് ചരിവത്തില് വെള്ളമുണ്ടാവും. വര്ക്കി തന്നെ തീപിടിപ്പിച്ച് തന്റെ പാകത്തിന് വെള്ളം ചൂടാക്കും. എണ്ണ പുരട്ടി തിരുമ്മി ചൂടുവെള്ളത്തില് ഒരു കുളി കുളിച്ചാല് ശരീരത്തിലേയും മനസ്സിലേയും എല്ലാ ക്ഷീണവും കഴുകിപ്പോകും എന്നതു കൊണ്ട് പതിവ് മുടക്കുന്ന പ്രശ്നമില്ല. കുളി കഴിഞ്ഞാല് സന്ധ്യാ പ്രാര്ത്ഥനയ്ക്കുള്ള പള്ളിമണി മുഴങ്ങും.

    അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും തരണേ.

    കുടുംബം ഒന്നിച്ചുള്ള അര മണിക്കൂര് പ്രാര്ത്ഥന കഴിയുമ്പോള് അല്പ്പം സ്വയം പ്രാര്ത്ഥനയുണ്ട്. അതു നാട്ടുകാര്ക്കു വേണ്ടിയാണ്. സമയത്ത് മേരി കഞ്ഞിയും ചമ്മന്തിയും മേശപ്പുറത്ത് റെഡിയാക്കിയിരിക്കും. ഓട്ടു പിഞ്ഞാണത്തിലെ നാട്ടരിയുടെ ചൂടു കഞ്ഞിയും കാന്താരി മുളകും കറിവേപ്പിലയും കല്ലുപ്പും ഇഞ്ചിയും ചേര്ത്ത് കല്ലിലരച്ച് അതിലേയ്ക്ക് നല്ല വിളഞ്ഞ നാളികേരം ചുരണ്ടിയതും കൂട്ടി വച്ച് ഒന്നൊതുക്കിയെടുത്ത ചമ്മന്തിയും കൂട്ടിയുള്ള കഞ്ഞികുടി സര്വ്വരോഗ സംഹാരിണിയും സര്വ്വാരോഗ്യകാരിണിയും ആണെന്ന് വര്ക്കി പറയും. പള്ളിയിലെ കഞ്ഞി വിളമ്പ് കഴിഞ്ഞ് ഉടുത്തിരുന്ന മുണ്ട് അഴിച്ചിടാന് വീട്ടില് വന്ന വര്ക്കി പതിവു പോലെ ഭാര്യയുടെ നീര് വച്ച് വീര്ത്ത മുഖം കണ്ടാണ് അകത്തേക്ക് കയറിയത്. ഇതൊരു പതിവ് കാഴ്ചയായതിനാല് വര്ക്കിക്ക് ഇതിലും വിഷമമില്ല. ഭാര്യ മേരിയുടെ ഭാഗത്തും ചില ശരികളുണ്ട് എന്നാണ് വര്ക്കിയും പറയുന്നത്. അവള് നന്നായി വെളുത്തിട്ടാണ്. സുന്ദരിക്ക് വേണ്ട എല്ലാ ലക്ഷണങ്ങളുമുണ്ട്. താനുമായി ശാരീരികമായി ഒരു പൊരുത്തവുമില്ല. ശരീരത്തിലെ പൊരുത്തക്കേട് മനസ്സിന്റെ പൊരുത്തതിലും ചില കേടുകളുണ്ടാക്കി. അതിപ്പോഴും കേടുകളായി തന്നെ തുടരുന്നു. മേരിയുടെ മുഖം കാണുമ്പോള് എത്ര ഓര്ത്തതാണെങ്കിലും ഇനിയൊരിക്കലും ഓര്ക്കരുതെന്നോര്ത്താലും പിന്നെയും പിന്നെയും വര്ക്കിയുടെ ഓര്മ്മയിലേയ്ക്ക് സംഭവം ഏണി വച്ച് കയറി വരും.
                അന്തോണി മാപ്ലയ്ക്ക് സാമ്പത്തികമായി ഗതിയൊന്നുമില്ലെങ്കിലും ഓണേഴ്സ് വരെ പോയ നാട്ടിലെ ഏക വ്യക്തി, സ്വാതന്ത്ര്യസമരത്തില് പങ്കെടുത്ത ചരിത്ര സ്മരണകളെ കൂടെക്കൂടെ ഓര്ക്കാറുമുണ്ട്, ഓര്മ്മിപ്പിക്കാറുമുണ്ട്. നാട്ടിലെ സാമൂഹ്യപ്രശ്നങ്ങളില് സജീവ സാന്നിധ്യമായ അന്തോണി മാപ്ലയെ വര്ക്കിക്ക് ഇഷ്ടവും ബഹുമാനവുമാണ്. ആദര്ശവും മര്യാദയും അന്തോണി മാപ്ലയില് നിന്ന് പഠിക്കണമെന്നാണ് വര്ക്കി പറയുന്നത്. ഇത് രണ്ടും പഠിച്ചെടുക്കാനായി അന്തോണി ആശാനെ ഗുരുവായി മനസ്സില് പ്രതിഷ്ഠിച്ച് നടക്കുകയായിരുന്നു വര്ക്കി. അന്തോണി ആശാന് തന്റെ ഒരേയൊരു മകളെ പറ്റുന്നതു പോലെ പഠിപ്പിച്ചെങ്കിലും മറ്റെല്ലാ പഠിത്തവും നിര്ത്തി ഇപ്പോള് ടൈപ്പും ഷോര്ട്ഹാന്റും പഠിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിക്കാന് പ്രായമായ മകള് അന്തോണിയുടെ ഉള്ളില് അര്ദ്ധരാത്രിയില് നേടിയ സ്വാതന്ത്ര്യത്തിന്റെ എല്ലാ സന്തോഷവും കെടുത്തിക്കളയുവാന് പോരുന്ന ദു:ഖമായി വളര്ന്നുകൊണ്ടിരുന്നു. അവളുടെ നടപ്പും ഇരുപ്പും ചില ഭാവങ്ങളും കാണുമ്പോള് അവളുടെ സ്വതന്ത്ര സാമ്രാജ്യത്തില് ഏതോ തീവ്രവാദി നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് അന്തോണിക്ക് കലശലായ സംശയമുണ്ട്. ഭാര്യ മരിച്ചില്ലായിരുന്നെങ്കില് ഇതവളോട് ചോദിക്കാമായിരുന്നു. ഇപ്പോള് ഇതാരോട് പറയാന്. സ്വാതന്ത്രം നേടാനുള്ള യാത്രയ്ക്കിടയില് വിവാഹം വൈകി. കുട്ടിയുണ്ടാകാന് പിന്നേയും വൈകി. ഇരുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തില് നാട്ടിലെ വായനശാലയ്ക്കു മുന്നില് പതാകയുയര്ത്തി മഹാത്മാഗാന്ധിക്ക് ജയ് വിളിച്ചു കൊണ്ട് താഴേയ്ക്ക് വീണ അന്തോണി മാപ്ല പിന്നെ കട്ടിലില് നിന്ന് എഴുന്നേറ്റു നിന്നിട്ടില്ല. തന്റെ കൈകളും കാലുകളും തലയും മാത്രമേ ഇപ്പോള് ചലിപ്പിക്കാന് കഴിയുകയുള്ളൂ. തന്റെ സാമൂഹ്യ ഗുരുവിനെ സന്ദര്ശിക്കാനും ആവശ്യത്തിന് മരുന്നും സമയാസമയങ്ങളില് ഭക്ഷണവും  എത്തിക്കുന്നതിന് വര്ക്കി മറന്നില്ല. അപ്പന്റെ ഭക്ഷണത്തിന്റെ ഒപ്പം മേരിയുടേയും അന്നം മുടങ്ങിയില്ല. പക്ഷേ വര്ക്കി വീട്ടില് വരുന്നതോ അയാളെ കാണുന്നതോ മേരിക്ക് ഇഷ്ടമല്ലായിരുന്നു. വര്ക്കിയെക്കുറിച്ച് മേരിക്ക് മോശം അഭിപ്രായം ഒന്നുമില്ല. ഉത്തമപുരുഷന് ചേരാത്ത യാതൊന്നും അയാളുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ല എന്ന പൂര്ണ്ണ ബോധ്യവും അവര്ക്കുണ്ട്. സമയാസമയങ്ങളില് ആഹാരം തരുന്നതിനുള്ള കൂറ് വര്ക്കിയോട് മേരിക്കുണ്ടെങ്കിലും തന്റെ ചുറ്റിക്കളി മറ്റാരെക്കാളും വേഗത്തില് മനസ്സിലാക്കാന് കഴിവുള്ളയാളും, അത് മറ്റാരറിഞ്ഞാലും അറിയാന് പാടില്ലാത്തയാളുമാണ് എന്നതിനാല് വര്ക്കിയെ കാണുമ്പോഴൊക്കെ ചൂടുകഞ്ഞി തൊള്ള തൊടാതെ വിഴുങ്ങുന്ന ഒരാന്തലാണ് മേരിക്ക്.
               
    അന്ന് പതിവില്ലാത്ത വിധം രാത്രിയുടെ കറുപ്പിന് ഉമിക്കരിയുടെ നിറമാണ് എന്ന് വര്ക്കിക്കു തോന്നി. ഇന്ന് കറുത്ത വാവാണ്. കറുത്ത പക്കത്തില് തീരെ പതിവില്ലാത്ത ഒരു ഭീതി വാരിപ്പൂശിയിട്ടുണ്ട് എന്ന് ഒരു തോന്നല്. കറുത്ത പക്കങ്ങള് വര്ക്കിക്ക് പേടി തരുന്ന ഒന്നല്ല എന്ന് മാത്രമല്ല, സന്തോഷം നല്കുന്നതുമാണ്. ചൂട്ടുകറ്റയും കത്തിച്ച് ഒറ്റാലുമായി പോകുന്ന ദിനങ്ങളിലാണ് കരിമീന് അധികവും കിട്ടുന്നത്. മാസത്തിലെ കറുത്ത പക്കത്തിന് വേണ്ടി വര്ക്കി കാത്തിരുന്നിട്ടേ ഉള്ളൂ. ഇന്നിനി ഒറ്റാന് പോകേണ്ട. അന്തോണി ആശാനെ കണ്ട് വര്ത്തമാനം പറഞ്ഞ് ഇന്നിനന്ത്യം കുറിക്കണം. ആശാന് ഉണക്കച്ചെമ്മീന് തേങ്ങയും ചേര്ത്തരച്ച ചമ്മന്തിയും ചുട്ട പപ്പടവും കഞ്ഞിയും ആയി വര്ക്കി അന്തോണി ആശാന്റെ വീട്ടിലെത്തി. തന്റെ തന്നെ പറമ്പിലെ മൂലയില് താമസിക്കുന്ന പുറംപോക്ക് താമസക്കാരി കാളിപ്പുലയിയുടെ ചമ്മന്തിയാണ് താന് കഴിച്ചിട്ടുള്ളതിലും കേട്ടിട്ടുള്ളതിലും വച്ച് ഏറ്റവും നല്ല ചമ്മന്തി. വര്ക്കിയുടെ ഭാഷയില് പറഞ്ഞാല് ഉഗ്രന് ചമ്മന്തി. ഇടയ്ക്കിടയ്ക്ക് ചെത്തു കള്ളു കുടിക്കാന് തൊട്ടു കൂട്ടാനായി വര്ക്കി ഇതു മാത്രമേ തെരഞ്ഞെടുക്കാറുള്ളൂ. ഒരു പാത്രത്തില് കഞ്ഞിയും വാഴയില വാട്ടിയതില് പൊതിഞ്ഞു ചമ്മന്തിയുമായി (ചമ്മന്തി വാഴയില വാട്ടി അതില് പൊതിഞ്ഞെടുത്താല് ചമ്മന്തിക്കൊരു പ്രത്യേക ടേസ്റ്റാ കശുവിന് മാങ്ങ വാറ്റാന് ഇട്ടതു പോലെയാ ഇരിക്കുംതോറും വീര്യം കൂടും) അന്തോണിയാശാന്റെ വീട്ടില് പോയി. വര്ക്കി ചെല്ലുമ്പോള് മേരി ചൂടുവെള്ളത്തില് തുണി മുക്കി അതു കൊണ്ട് അപ്പന്റെ നെഞ്ചില് തടവുകയായിരുന്നു. ആശാന് ശ്വാസമെടുക്കാന് വേണ്ടി നന്നായി വലിക്കുന്നുണ്ട്. വര്ക്കിയുടെ കാലൊച്ച തന്നെ ആശാന് തിരിച്ചറിയാന് കഴിയും. തന്റെ ശ്വാസതടസ്സം കൊണ്ട് തീരെ വയ്യാതിരുന്നെങ്കിലും ആശാന് നീട്ടി വിളിച്ചു. വര്ക്കീ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിനക്കോര്മ്മയുണ്ടോ? ഇന്ന് കറുത്ത വാവാണ്. ഒടുക്കത്തെ വലി കാണുമ്പോള് അറിയാന് മേലേ. അനങ്ങാതെ മിണ്ടാതെ കിടക്ക്. ആശാന് നിര്ത്തിയില്ല. വാവും പതിനാങ്കുമൊക്കെ പ്രകൃതിയുടെ തീരുമാനങ്ങള്. അത് മനുഷ്യന് മാറ്റാന് പറ്റില്ല. മനുഷ്യന് മനുഷ്യന്റെ തീരുമാനങ്ങള് മാത്രമേ മാറ്റാന് കഴിയൂഅങ്ങനെ നമ്മള് ഇന്താക്കാര് വലിയൊരു മാറ്റത്തിന് തീരുമാനമെടുത്ത ദിവസമാണിന്ന്ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം ആശാന്റെ ചിന്തകള് പുറകോട്ടോടി കിതച്ചു. തന്റെ ഓര്മ്മകള് പോലും അന്തോണി ആശാന് ആവേശം പകര്ന്നു. ആശാന്റെ വലിവിന് ശീഘ്രം കൂടി. അന്തോണി ആശാന്റെ ഭാവം വര്ക്കിക്ക് പോലും പേടിയുളവാക്കി. സാധാരണഗതിയില് വര്ക്കിക്ക് ഒന്നിനേയും പേടിയുള്ള ആളല്ല, പക്ഷേ ഇപ്പോള് ആശാന്റെ ഭാവം കണ്ടപ്പോള് വര്ക്കിക്കെന്തോ ഒരപകടം സംഭവിക്കാന് പോവുകയാണെന്നു തോന്നി. തോന്നല് ശരിയാകാന് അധികനേരം വേണ്ടി വന്നില്ല. അന്തോണി ആശാന് അവശനായി കട്ടിലിലേയ്ക്കു വീണു. എന്നാല് ശരിക്കും അപകടം വരാനിരിക്കുന്നതേയുള്ളൂ. വര്ക്കിയെ അടുത്തേക്ക് വിളിച്ച് അവന്റെ കയ്യില്പ്പിടിച്ച് ആശാന് പറഞ്ഞു. വര്ക്കീ നീ എന്റെ ഒരാഗ്രഹം സാധിച്ചു തരും എന്ന് വാക്കു തരണം. ആശാന് എന്താ വേണ്ടതെന്നു പറഞ്ഞാല് മതി ഞാന് സാധിച്ചു തരാം. എന്തെങ്കിലും വിശേഷപ്പെട്ടത് കഴിക്കാനോ കുടിക്കാനോ മോഹമായിരിക്കും എന്ന് വര്ക്കി വിചാരിച്ചു. നിന്റെ ഉറപ്പ് കിട്ടിയാല് മതി. നീ തല പോയാലും വാക്കു മാറ്റാത്തവനാണ് എന്നെനിക്കറിയാം ആശാന് ആവര്ത്തിച്ചു. ആശാന് ചോദിച്ചോളൂ എനിക്ക് വാക്കാണ് ദൈവം എന്ന് ആശാനറിയാമല്ലോ. എന്താണെങ്കിലും പറഞ്ഞോളൂ. അടുക്കളയിലായിരുന്ന മകള് മേരിയെ വിളിച്ച് വര്ക്കിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. മോളേ വര്ക്കിയാണ് നിന്റെ ഭര്ത്താവ്. അവന് നിന്നെ കല്യാണം കഴിക്കും. എനിക്കു വാക്കു തന്നിട്ടുണ്ട്. സംസാരം കൂടുതല് ഞെട്ടിച്ചത് വര്ക്കിയെയാണോ മേരിയേയാണോ എന്നത് അവര്ക്കിരുവര്ക്കും പോലും അറിയാത്ത സത്യമാണ്. അപകടമാണ് ഇന്നും അപകടമായി വര്ക്കിയും മേരിയും കെടാതെ കാത്തു സൂക്ഷിക്കുന്നത്. അവരിരുവരും ഞെട്ടലില് നിന്നുണര്ന്ന് എന്തെങ്കിലും പറയുന്നതിനു മുന്പു തന്നെ അവാച്യമായ ആഹ്ലാദത്തിന്റെ പതാക കൈയിലേന്തി നിത്യമായ സ്വാതന്ത്ര്യത്തിലേയ്ക്ക് അന്തോണി ആശാന് പറന്നുയര്ന്നിരുന്നു. പറഞ്ഞു പോയ തന്റെ വാക്കിന്റെ വില മൂലം ആളിക്കത്തിയ അകതീയില് തണുപ്പുള്ള കറുത്ത വാവ് രാത്രിയിലും വര്ക്കി വെട്ടി വിയര്ത്തു. അകത്ത് മുറിയില് അപ്പന് മരണം മൂലം ഉണ്ടാക്കിവച്ച നികത്താനാവാത്ത നഷ്ടത്തിന്റെ കണക്കില്പ്പെടുത്തി കരയാന് മേരി മാത്രമേ ഉള്ളൂ എങ്കിലും ഒരു പോള കണ്ണു പോലും അടക്കാതെ മേരി ഒരിറ്റു കണ്ണുനീര് പോലും വരാതെ രാത്രിക്കു കാവലിരുന്നു. തന്റെ മനസ്സും സ്വപ്നങ്ങളും താന് കൈമാറിപ്പോയി എന്ന് ഒരിക്കലെങ്കിലും അപ്പനോട് പറയാനാഗ്രഹിച്ചിരുന്ന മേരിക്ക് ഒരവസരം നല്കാതെ പ്രാണനെടുക്കുന്ന നേരത്ത് അപ്പന്റെ അനുഗ്രഹം അഗ്നിമഴയായിപ്പോയല്ലോ. അപ്പന് മരിച്ചു കിടക്കുമ്പോള് താന് കരയണോ അതോ? അതെ കരയുക തന്നെയല്ലാതെന്ത്, ഏത് വിധേനയും കരയുക തന്നെയാണ് തന്റെ നിയോഗം. കരയാന് കാരണമായ രണ്ടു കാര്യങ്ങള് ഒരുപോലെ വന്നാല് ഏതോര്ത്ത് കൂടുതല് കരയും. ചിലപ്പോള് രണ്ടു കരച്ചിലുകളും കൂടിച്ചേര്ന്ന് കണ്ണീരിനെ ഉണക്കിക്കളയും. മേരിക്കു അതു തന്നെ സംഭവിച്ചു. കണ്ണീരണിയാത്ത കരച്ചിലുമായി നിര്നിമേഷയായി അപ്പന്റെ മുഖത്തേക്കു മാത്രം നോക്കിയിരിക്കുന്ന മേരിയെ മേരിക്കല്ലാതെ അവിടെക്കൂടിയ മറ്റാര്ക്കും മനസ്സിലായില്ല.
                മുറ്റത്തെ മൂലയില് നില്ക്കുന്ന മാവിന് ചുവട്ടിലേക്ക് നീക്കിയിട്ട കസേരയില് ഏകനായി ചാരിയിരിക്കുമ്പോള് വര്ക്കിയെ കണ്ട ആര്ക്കും അവന്റെ ഉള്ളം പിടയുന്നത് സംശയം പോലും ജനിപ്പിച്ചില്ല. സ്വന്തം അപ്പന് മരിച്ചാല് ഉള്ള അതേ വേദന വര്ക്കിക്കുണ്ടാകുമെന്ന് ആശാനുമായുള്ള അയാളുടെ ബന്ധം അറിയാവുന്ന ആര്ക്കും പണമിട പോലും സംശയത്തിന് ഇട നല്കില്ല. വര്ക്കിയുടെ കണ്ണുകള് ചുവന്ന് കലങ്ങിയത് കരളു പൊടിഞ്ഞ് ചോര കണ്ണീരിലൂടെ പുറത്തു വരുന്നതാണെന്ന് വര്ക്കി എങ്ങനെ പറയും. ആശാന് തലയില് കൈവച്ച് അനുഗ്രഹിക്കുന്നതിന് പകരം തലയില് വച്ചു തന്നത് തന്റെ തല തകര്ക്കുന്ന തിരുക്കിരീടമാണ്. കേളനും മേരിയും തമ്മില് ഇഷ്ടത്തിലാണെന്ന് വര്ക്കി മനസ്സിലാക്കിയ ഒരുപാട് സന്ദര്ഭങ്ങളുണ്ട്. ഒരു മറുപടി വാക്കിനു പോലും കാത്തു നില്ക്കാതെയല്ലേ ആശാന് പോയത്. മേരിയുടെ അവസ്ഥ തന്റേതിനേക്കാള് വിഷമകരമാണ് എന്നയാള്ക്കറിയാം. അവള്ക്ക് അപ്പനോട് സത്യം പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നിരിക്കും. ഇവിടെ ആരാണ് ശരി. ആരാണ് തെറ്റ്. എല്ലാം ശരിയാണ്. അപ്പോള് ശരിയോടൊപ്പം തന്നെയാണ് താന് നിലകൊള്ളുന്നത്. താന് കൊടുത്ത വാക്ക് തനിക്കു തന്നെ ബാധ്യതയായി മാറുന്നു. എന്തായാലും കേളന് എന്തു പറയും എന്ന് കാത്തിരിക്കാം. പക്ഷേ കാത്തിരിപ്പ് നീണ്ടു പൊയ്ക്കൊണ്ടേയിരുന്നു. വര്ക്കിയുടെ വാക്കിന്റെ ഉറപ്പ് മറ്റാരെക്കാളും അറിയാമായിരുന്ന കേളന് വാക്കു മാറ്റുന്ന വര്ക്കിയെ സ്വപ്നത്തില് പോലും പ്രതീക്ഷിച്ചില്ല. തന്റെ പ്രേമം ഉള്ളില് സൂക്ഷിച്ച് വര്ക്കിയുടേയും ഇപ്പോള് മേരിയുടേയും കാവല്ക്കാരനായി തുടരുകയാണ് കേളന്.
                ദേ കാര്ത്യായനിയുടെ മകള് വന്ന് പുറത്തു നില്ക്കുന്നു. കേളന്റെ ശബ്ദം കേട്ടാണ് വര്ക്കി ഉണര്ന്നത്. അപ്പോഴാണറിഞ്ഞത് പതിവു പോലെ ഊണിനു ശേഷം കോറത്തുണി തുന്നിയിട്ട കോച്ചിയിലെ ഉച്ച ഉറക്കത്തിലായിരുന്നു തന്റെ സ്വപ്ന സഞ്ചാരമെന്ന്. കക്ഷം വരെ മാത്രം കൈയുള്ള കോട്ടണ് തുണി കൊണ്ട് തയ്പ്പിച്ച ബെറ്റിക്കോട്ട് പോലുള്ള ബനിയന് എടുത്തണിഞ്ഞ് (അത് നാട്ടില് വര്ക്കിയുടെ മാത്രം ബ്രാന്ഡാണ്) തോളില് തോര്ത്തുമിട്ട് കറുപ്പില് നിന്നും വെളുപ്പിലേക്ക് നിറം മാറ്റം നടത്തിയെങ്കിലും തുള വീഴാത്ത കാലന്കുടയുമെടുത്ത് കാര്ത്യായനിയുടെ വീടിനെ ലക്ഷ്യമാക്കി നടന്നു. ഒപ്പം കേളനും കൂടിയെന്ന് പറയേണ്ടതില്ലല്ലോ. ആറടി ഉയരത്തില് അരികു വഴി കഷണ്ടി കയറിയ തലയുയര്ത്തി അരക്കയ്യന് ജുബയുമിട്ട് ആരേയും കൂസാതെ ഒരു കയ്യില് കൈലിമുണ്ടിന്റെ കോന്തലയും മറുകയ്യില് വിടര്ത്തിയ കാലന് കുടയുമായി നടന്നുപോകുന്ന ഒരൊറ്റ കൊമ്പന്റെ ലുക്കാണ്. വീരാവുണ്ണിയുടെ വേലി ഇടംപല്ലന്മാരുടെ പല്ലു പോലെയാണ്. പത്തല് മൂന്നെണ്ണം കേറിയാല് രണ്ടെണ്ണം ഇറങ്ങി നില്ക്കും. അതിരിലെ മരം വണ്ണം വയ്ക്കുംതോറും വീരാവുണ്ണിയുടെ വട്ടവാരിയുടെ വിരിവും കൂടും. എത്ര വലുതായാലും മരം വീരാവുണ്ണിക്ക് അവകാശപ്പെട്ടതാണ്. ഒപ്പം മരം നില്ക്കുന്ന മണ്ണും പുള്ളി അങ്ങെടുക്കും. മരം സ്വന്തം പുരയിടത്തിലേയ്ക്കും വളരുമെങ്കിലും വട്ടവാരി അകത്തേക്ക് വച്ച് ചെറുതാക്കാനോ സ്വയം ചെറുതാകാനോ വീരുവുണ്ണി തയ്യാറാകാറില്ല. ഇപ്പോള് തര്ക്കം നില്ക്കുന്ന അതിരിലുമുണ്ട് തേക്കൊരെണ്ണം. വര്ക്കി ചെല്ലുമ്പോള് കാര്ത്യായനിയും വീരാവുണ്ണിയും നാക്കു കൊണ്ടുള്ള അടി തുടങ്ങിക്കഴിഞ്ഞിരുന്നു. വര്ക്കിയെ കണ്ടതും പരസ്പരമുള്ള നാക്കിനടി നിര്ത്തി വര്ക്കിയോടൊയി വീരാവുണ്ണി പറഞ്ഞു, വര്ക്കീ, തേക്കു വെട്ടുന്ന കാര്യം താന് പറയേണ്ട തേക്കനപ്പുറത്തു കൂടി കയറു പിടിച്ചാല് വേലി കെട്ട് എളുപ്പം കഴിയും. താന് തന്റെ വിലപ്പെട്ട നേരം നാട്ടുകാര്ക്കു വേണ്ടി കളയേണ്ട. തന്നോടുള്ള വീരാവുണ്ണിയുടെ സ്നേഹം വര്ക്കിക്ക് പെരുത്തങ്ങിഷ്ടമായി. തേക്കിന്റെ ഇപ്പുറം വഴി കയറു പിടിച്ചാല് എന്റെ രണ്ടു സെന്റ് സ്ഥലം അപ്പുറത്തേക്ക് പോകും. തന്റെ ഭാഗം ന്യായീകരിച്ച് കാര്ത്യായനിയും വന്നു. ഇത്തിരി സാമര്ത്ഥ്യക്കാരത്തിയാണെങ്കിലും അവര് അന്യന്റെ വസ്തുക്കള് ആഗ്രഹിക്കാത്തയാളാണ്. കയറു കെട്ടിപ്പിടിച്ചപ്പോള് വര്ക്കിക്കും തോന്നി ഇങ്ങനെ വേലി കെട്ടിയാല് തള്ളയുടെ രണ്ട് സെന്റ് പോകും. മരം വെട്ടാതെ കാര്യം നടക്കില്ല. വര്ക്കി ഒത്തുതീര്പ്പു ചര്ച്ചകള് ആരംഭിച്ചു. വീരാവുണ്ണി വഴങ്ങുന്നില്ല. അവസാനത്തെ ധാരണ വര്ക്കി പറഞ്ഞു. തേക്കിന് ഞാനൊരു വില നിശ്ചയിക്കും. വില സ്ത്രീ നിങ്ങള്ക്ക് തരും. അപ്പോള് പ്രശ്നം ഇവിടെ തീരും. കൃത്യമായി അതിരും കെട്ടാം. ഇപ്പോള് കാര്യമായി തടി വയ്ക്കാത്ത തേക്കിന്തടിയാണ്. തേക്ക് വെട്ടിയിട്ടുള്ള ഒരു കളിയും നടക്കില്ല. വീരാവുണ്ണി തീര്ത്തു പറഞ്ഞു. പിന്നെ വര്ക്കി പറഞ്ഞ ഉപായത്തിന് ഒരു ധാരണ ഞാന് പറയാം. ഞാന് തേക്ക് 10 വര്ഷം കഴിഞ്ഞാണ് വെട്ടാന് ഉദ്ദേശിക്കുന്നത്. അപ്പോള് എന്തു വില കിട്ടും വില ഇപ്പോള് തന്നാല് തേക്ക് വെട്ടാന് സമ്മതിക്കാം. വീരാവുണ്ണി ഒരു നടയ്ക്ക് പോവില്ലെന്ന് വര്ക്കിക്ക് മനസ്സിലായി. അയാള് കേളനോട് വള്ളപ്പണിക്കാരുടെ കയ്യില് നിന്നും തടി തുളയ്ക്കണ ബ്രഹ്മ വാങ്ങിക്കൊണ്ടു വരാന് പറഞ്ഞു. ഉത്തരം മുട്ടിനില്ക്കുന്ന വര്ക്കിയെ കണ്ട കാര്ത്യായനിക്ക് ആക്ഷേപവും വീരാവുണ്ണിക്ക് അഭിമാനവും തോന്നി. കയ്യില് ബ്രഹ്മയുമായി വന്ന കേളനോട് വര്ക്കി പറഞ്ഞു. തേക്കിന്റെ നടുവിലേയ്ക്ക് ഒരു ചെറിയ തുളയുണ്ടാക്ക്. അപ്പുറം ഇപ്പുറം കാണണം. മറ്റു പത്തലുകളെല്ലാം ഇട്ടോളൂ. തേക്കു മാത്രം ഒഴിവാക്കൂ. തെങ്ങ് വലിച്ചു കെട്ടാന് വാങ്ങിയ കമ്പിയുടെ ഒരു കഷണം വേണം. മരത്തിലുണ്ടാക്കിയ ദ്വാരത്തിലൂടെ കമ്പി അകത്തേക്ക് ഇട്ടു. അപ്പുറത്തേക്കും ഇപ്പുറത്തേക്കും നീണ്ടു കിടക്കുന്ന കമ്പിക്കഷണം വേലിയുടെ അതിരായി. ഇനി കെട്ടിക്കോളൂ. ഇത് തന്നെ അതിര്. മരം വലുതാകുമ്പോള് രണ്ടു പേര്ക്കും പപ്പാതി ലാഭം. ഉണങ്ങിപ്പോയാന് അതിനും രണ്ടു പേര്ക്കും നഷ്ടം. വര്ക്കിയുടെ ഒടുക്കത്തെ പണി കണ്ട് വീരാവുണ്ണി പറഞ്ഞു. കൊള്ളാം. മൂന്നു നാലു തെറി ഉച്ചത്തില് പറഞ്ഞ് അയാള് സ്ഥലം വിട്ടു. കാര്ത്യായനി ഭര്ത്താവിനേയും മക്കളേയും കൂട്ടി സമയം കളയാതെ വേലി കെട്ടല് പൂര്ത്തിയാക്കി.
                വേലി കെട്ട് കഴിഞ്ഞ് വീട്ടിലെത്തുമ്പോള് യൂത്ത് ക്ലബിന്റെ ഭാരവാഹികള്, പിറ്റെ ദിവസത്തെ ക്ലബിന്റെ വാര്ഷികവും വടംവലി മത്സരവും ഓര്മ്മിപ്പിക്കാന് വന്നതായിരുന്നു അവര്. ഒന്നാം സമ്മാനം സ്പോണ്സര് ചെയ്തിരിക്കുന്നത് വര്ക്കിയാണ്. യൂത്തിന്റെ പ്രൊമോട്ടറാണ് വര്ക്കി. എല്ലാ ഭാവുകങ്ങളും നേര്ന്ന് യൂത്തിനെ തിരിച്ചയച്ചു. തന്റെ തോര്ത്തുമുണ്ടും ഉടുത്ത് തന്റെ തൂമ്പായും തോളിലെടുത്തു നനയ്ക്കുന്നതിന് വേണ്ടി തെങ്ങിന്റെ തടം എടുക്കുന്നതില് വ്യാപൃതനായി.
                ഇന്ന് കാട്ടിക്കുന്നിന് ഉത്സവമാണ്. കാട്ടിക്കുന്ന് തരംഗിണി ക്ലബിന്റെ വാര്ഷികം നാട്ടുകാര് ഉത്സവമായാണ് ആഘോഷിക്കുന്നത്. കുഞ്ഞുകുട്ടി പരാധീനങ്ങളും അമ്പലമുറ്റത്തെത്തും. വടംവലി മത്സരം പ്രധാന ഇനമാണ്. പുറത്തു നിന്ന് മത്സരാര്ത്ഥികളില്ല. നാട്ടുകാര് തന്നെ രണ്ടോ നാലോ ആയി മത്സരിക്കും. ഒരു ടീമില് ഉറപ്പായും വര്ക്കി ഉണ്ടാകും. അയാളുടെ ടീം തന്നെയാണ് മിക്കവാറും കപ്പടിക്കാറാണ്. നല്ല താളത്തിലുള്ള ആര്പ്പുവിളിയില് തന്റെ ടീമിനെ ആവേശത്തിലെത്തിക്കാന് വര്ക്കിക്ക് കഴിയും. തിരിച്ചു വരുമ്പോള് കൂറയാകുമെങ്കിലും തരംഗിണിയുടെ വാര്ഷികത്തിന് പുതിയ മുണ്ടുടുത്ത് മരണവീട്ടിലോ കല്യാണവീട്ടിലോ പോകുന്നതു പോലെയേ വര്ക്കി പോകാറുള്ളൂ. വലിച്ച് മരിച്ച് തോല്ക്കാം. അല്ലെങ്കില് മരിച്ച് ജയിക്കാം. സന്തോഷമല്ലെങ്കില് സന്താപം. രണ്ടായാലും പുതിയ മുണ്ടു വേണം.
                പുതിയ മുണ്ടുടുത്ത് ചട്ടയിട്ട് തോര്ത്ത് തലയില് കിരീടം പോലെ കെട്ടി പാടത്ത് കൊയ്ത്തിനും തെങ്ങു കയറ്റിക്കാന് പോകുമ്പോഴും ക്ലബ് വാര്ഷികത്തിനും മാത്രമേ വര്ക്കി കിരീടം പോലെ തോര്ത്ത് കെട്ടാറുള്ളൂ. വാര്ഷികത്തിന് വര്ക്കിക്ക് എല്ലാവരോടും പ്രത്യേക സ്നേഹമാണ്. ഒരു ഗ്ലാസ് ഉപ്പിട്ട കഞ്ഞിയുടെ വെള്ളം മേരിയുടെ കയ്യില് നിന്നും വാങ്ങിക്കുടിച്ചാണ് പോവുക പതിവ്. ഇത്തവണ പതിവിലും കൂടുതല് സ്നേഹം വര്ക്കിക്ക് ഭാര്യയോട് തോന്നി. അയാള് പറഞ്ഞു. ഇതു പോലെ ക്ലബ് വാര്ഷികത്തിനാണ് നിന്നെ ഞാന് കെട്ടിയത്. ഇന്ന് നമ്മുടെ വിവാഹ വാര്ഷികം കൂടിയാണ്. എനിക്ക് നിന്നോട് ഒരു പിണക്കവുമില്ലെന്ന് നിനക്കറിയാം. നിനക്കെന്നോട് പിണക്കമുണ്ടെങ്കിലും എനിക്ക് പരിഭവമില്ല. സംഭവിച്ച കാര്യങ്ങള് എന്റെ തെറ്റു കൊണ്ടല്ലെന്ന് നമുക്കിരുവര്ക്കുമറിയാം. നമ്മുടെ നിസ്സഹായാവസ്ഥയില് ആയിരുന്നു അന്ന് അങ്ങനെയൊക്കെ സംഭവിച്ചത്. ജീവിതകാലം മുഴുവന് പ്രണയിക്കാന് വേണ്ടി പ്രേമിച്ചവരെ വേര്തിരിക്കുന്നത് എത്ര വേദനയാണെന്ന് എനിക്കറിയാം. വിശേഷിച്ച് ആത്മാര്ത്ഥമായി പ്രേമിക്കുന്ന പെണ്ണിന്. അതു കൊണ്ടാണ് അയല്പക്കത്തെ പെണ്ണിനെ പ്രേമിച്ച് മുങ്ങാന് നിന്ന നമ്മുടെ മകനെ രായ്ക്കുരാമാനം പിടിച്ച് അവളെക്കൊണ്ട് തന്നെ കെട്ടിച്ചത്. വര്ഷം മുപ്പത് കഴിഞ്ഞു. എനിക്ക് വയസ്സ് അറുപതായി. ഇനിയും പിണക്കം വേണ്ട. ഞാന് ദേ വലിച്ച് മരിക്കാന് പോവുകയാ. നീ ഒരു ഗ്ലാസ് കഞ്ഞിയുടെ വെള്ളം ഉപ്പിട്ടെടുത്തേ. ആദ്യമായി ഭര്ത്താവ് വെള്ളം ചോദിച്ചാലെന്ന പോലെ സന്തോഷത്തോടെ മേരി അലമാരയില് നിന്നും പുതിയ കുപ്പി ഗ്ലാസ് ഒരെണ്ണമെടുത്ത് ഉപ്പിട്ട കഞ്ഞി വെള്ളം വര്ക്കിക്ക് കൊടുത്തു. വെള്ളം രുചിച്ച അയാള് പറഞ്ഞു. ഇന്നത്തെ കഞ്ഞിയുടെ വെള്ളം ഉഗ്രന്. നല്ല പാകത്തിനുപ്പും. നല്ല രുചി. ഇന്ന് മുതലാണ് നമ്മള് പാകത്തിനായത് അപ്പ രുചി കൂടും.
                മൈതാനത്ത് വടംവലിക്കുള്ള ചെണ്ടമേളവും തപ്പടിയും മുറുകി. ഇത്തവണ രണ്ടു ടീമാണ്. ഒരു ടീമിന് ചെണ്ട അടുത്ത ടീമിന് തപ്പ്. തന്റെ ടീമംഗങ്ങളെ വട്ടം കൂട്ടി വര്ക്കി സ്ഥിരം ഡയലോഗ് വീശി. മരിച്ച് വലിച്ചോണം. മരിച്ചു വീണാലും വടം വിടരുത്. ഒന്നാമത്തെ വലി വര്ക്കിയുടെ ടീം ജയിച്ചു. രണ്ടാമത്തേത് എതിര് ടീമും. ഇനി ഫൈനല് വലിയാണ്. വര്ക്കി വീണ്ടും പറഞ്ഞു. മരണവലിയായിരിക്കണം. മരണവലി. മരിച്ചു വീണാലും വടം വിടരുത്. പോരാട്ടത്തില് വര്ക്കിയുടെ ടീം ജയിച്ചു. വിജയാരവത്തോടെ ടീമംഗങ്ങള് ചാടിയെഴുന്നേറ്റപ്പോള് വര്ക്കി വലിച്ചു വലിച്ചു വടം വിടാതെ മരണത്തിലേയ്ക്ക് ജയിച്ചു മുന്നേറി. വീട്ടില് തേങ്ങയും മാങ്ങയും ചേര്ത്തരച്ച വിശേഷമായ ചമ്മന്തിക്കൊപ്പം വാഴയിലയില് കരിമീന് പൊള്ളിച്ചതുമെടുത്തു വച്ച് വര്ക്കിയുടെ വരവിനായി കാത്തിരുന്നു മേരി.

                                                                                                    ജോഷി മേരി വര്ഗീസ്
                                                                                                         (കോളജ് അധ്യാപകനും പൊതുപ്രവര്‍ത്തകനുമാണ്.) 
    കാട്ടിക്കുന്നില്‍ താമസിക്കുന്നു





    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *