പ്രളയകാലം
തമ്മില് പുണരാന് കൊതി പൂണ്ട് ആര്ത്തലച്ചു വരുന്ന തിരയോട് ഒരിക്കല് തീരം ചോദിച്ചു: “അങ്ങെന്താണ് എന്നിലേക്ക് ഓടിയണഞ്ഞ് എന്നെ ഇക്കിളിപ്പെടുത്തിക്കൊണ്ട് പെട്ടെന്നങ്ങ് മടങ്ങുന്നത്?”
തീരത്തിന്റെ കാമം നിറഞ്ഞ ചോദ്യം കേട്ട് തിര പറഞ്ഞു: “കൊതിയോടെ നിന്നെ പുണര്ന്ന് ആ മാറിന്റെ ചൂടില് മയങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഞാനോടിയെത്തുക. പക്ഷേ..”
ദുഃഖത്തോടെയുള്ള തീരത്തിന്റെ മറുപടി കേട്ട് തീരം ചോദിച്ചു:
“എന്താണ് പക്ഷേ..?”
“പ്രണയാതുരനായി നിന്നില് പടര്ന്നു കയറാന് തുടങ്ങുമ്പോഴേ ഏതോ ഒരു ശക്തി പിന്നിലേക്ക് എന്നെ വലിക്കുന്നു. നിന്നിലൊന്നാകാന് ആഗ്രഹിച്ചതിന്റെ പതിډടങ്ങ് ശക്തിയോടെ നിന്നെ പിരിയാന് ഞാന് പ്രേരിതനാകുന്നു.”
ആഗ്രഹത്തോടെയോടിയെത്തി ഒന്നാകാനാകാതെ നിരാശയുടെ നിലയില്ലാക്കയത്തിലേക്ക് കൂപ്പു കുത്തുന്ന, ഹൃദയവ്യഥയോടെയുള്ള തിരയുടെ മറുപടി കേട്ട് തീരം പറഞ്ഞു: “ഒരിക്കലും നിരാശയരുതേ, പുണരാനെത്തുന്ന അങ്ങയുടെ സാമിപ്യം മതിയെനിക്ക്. അങ്ങെന്നെ ആഗ്രഹിക്കുന്നുവെന്ന ചിന്ത തന്നെ എന്നെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ട് ഞാന് തൃപ്തയായിക്കൊള്ളാം.”
എന്നെങ്കിലുമൊരിക്കല് തീരത്തിന്റെ ആഗ്രഹം സാധ്യമാക്കുമെന്നുള്ള ഉറപ്പോടെ , കുന്നോളം പോന്ന സങ്കടമിറക്കിവച്ച് തിര മടങ്ങി.
പതിവു സന്ദര്ശനങ്ങള്ക്ക് മുടക്കം വരുത്താതെ നൈമിഷമായെങ്കിലും അവര് പുണര്ന്നുകൊണ്ടേയിരുന്നു.
ശക്തമായ ഒരുള്ത്തള്ളലാല് നയിക്കപ്പെട്ട് ഒരിക്കലവള് തീരത്തിന്റെ മാറിലേക്ക് ഓടിയടടുത്തു.
മറുത്തൊന്നു ചിന്തിക്കാന് കഴിയുന്നതിന് മുമ്പേ തന്നെ പുണര്ന്ന് തന്നിലൊന്നായിത്തീര്ന്ന ആ നിമിഷത്തിന്റെ ആനന്ദമൂര്ച്ഛയില് അനങ്ങാനാവാതെ തിരയോട് ചേര്ന്ന് അവളങ്ങനെ കിടന്നു.
നാളുകളായി കാത്ത ആഗ്രഹത്തിന്റെ ആത്മസാക്ഷാത്ക്കാരമെന്നോണം.
അപ്പോള് മുതല് പ്രളയം ആരംഭിച്ചു.
നിമ്മി അനില്
(എറണാകുളം നളന്ദ പബ്ലിക് സ്കൂളില് ടീച്ചറാണ്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ