തികച്ചും കുത്സിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ് മലയാളസാഹിത്യം എന്നു പറയാതെ വയ്യ. ഒരു നോവലിസ്റ്റോ ഒരു വാരികയോ ഒരു പ്രസാധകനോ എന്തുചെയ്തു എന്നതിലുപരി സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഇടതുപക്ഷവും അവരുടെ 'ബുദ്ധിജീവികളും' എടുക്കുന്ന ഇരട്ടത്താപ്പുള്ള നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മലയാളസാഹിത്യത്തിന്‍റെ അപചയമായി കരുതാവുന്നതും വിരലിലെണ്ണാവുന്നതുമായ ഏതാനും കുത്തക ശക്തികളുടെ പ്രസിദ്ധീകരണങ്ങള്‍ മലയാളിയുടെ വായനയെ അന്ധകാരത്തിലേക്ക് തള്ളിവിടുന്നു എന്നത് നിസ്തര്‍ക്കമാണ്. 'ബുദ്ധിജീവികള്‍' ചമയുന്ന സ്വാര്‍ത്ഥമതികളും കുത്സിത ചിന്താഗതിക്കരുമായ അത്തരം പ്രസിദ്ധകരണങ്ങളുടെ സാഹിത്യ നടത്തിപ്പുകാര്‍ കളിക്കുന്ന വില കുറഞ്ഞ കളികളുടെ പ്രതിഫലനമാണ് ഇക്കാണുന്ന വിവാദങ്ങളൊക്കെയും.
പല കാരണങ്ങള്‍ കൊണ്ടും വിവാദമാക്കിയ ഒരു നോവലിനെ ചുറ്റിപ്പറ്റിയുള്ള പുകപടലങ്ങള്‍ കേരളത്തിന്‍റെ സാംസ്കാരിക അന്തരീഷത്തെ മലിനമാക്കുമ്പോള്‍ മലയാളസാഹിത്യം തികച്ചും കുപ്പത്തൊട്ടിയാക്കിയ പുഴുക്കുത്തുകളുടെ അളിഞ്ഞ കൂമ്പാരത്തിലേക്ക് കൂപ്പുകുത്തിക്കിടക്കുകയാണ് എന്ന് പറയേണ്ടി വരും. സാഹിത്യകാരന്‍ ഒരു സിനിമാക്കാരനെപ്പോലെ അധഃപതിക്കുകയും നിലനില്‍പ്പിന് വേണ്ടിയും പ്രശസ്തിക്കു വേണ്ടിയും വില കുറഞ്ഞ കളികള്‍ കളിക്കുകയും ചെയ്യുന്നതും ഭൂഷണമല്ല. എന്നാല്‍ ആധുനികകാലത്ത് കാണാന്‍ കഴിയുന്നത് അത്തരക്കാരുടെ വൃത്തികെട്ട കളികളാണ്. രമണന്‍ എന്ന കൃതി എഴുതി അച്ചടിപ്പിച്ച് തലച്ചുമടായി കൊണ്ടു നടന്ന വിറ്റ ചങ്ങമ്പുഴയുടെ നാടാണ് ഇത്. ജനങ്ങളിലേക്ക് ഒരു കൃതി എത്തുന്നതും അവ ആസ്വദിക്കപ്പെടുന്നതും യഥാര്‍ത്ഥമായ മേഖലകളിലൂടെയായിരുന്നു. ഇക്കാലത്ത് അനര്‍ഹരയാവരെ പ്രൊമോട്ട് ചെയ്യുന്ന കുത്തക പ്രസീദ്ധീകരണങ്ങള്‍ക്ക് അവരുടെ കൃതികള്‍ ജനങ്ങളിലേക്കെത്തിക്കാനും പ്രതികള്‍ കൂട്ടാനും ചീഞ്ഞ കളികള്‍ കളിക്കേണ്ടി വരുന്നത് മൂല്യശോഷണത്തിന്‍റെ ഗതികേടുകൊണ്ടാണ്.
കലയിലും സാഹിത്യത്തിലും രാഷ്ട്രീയം ഇടപെടുമ്പോള്‍ മൂല്യത്തകര്‍ച്ച സംഭവിക്കുന്നു എന്നു പറയാന്‍ ഞാനാളല്ല, കാരണം ലോകത്തെ ഉത്തമമായ പല കൃതികളും രചിക്കപ്പെട്ടത് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായാണ് എന്നതാണ് സത്യം. അത് പക്ഷേ അരക്ഷിതമായ കാലഘട്ടത്തിലെ സത്യസന്ധമായ രാഷ്ട്രീയത്തിന്‍റെ നേര്‍ച്ചിത്രമായിരുന്നുവെങ്കില്‍ കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി മറിച്ചാണ്. കക്ഷി രാഷ്ട്രീയം ഇവിടത്തെ സാഹിത്യ സാംസ്കാരിക മേഖലകളെയും കായിക മേഖലയേയും നശിപ്പിച്ചിരിക്കുന്നു. യാതൊരു കഴിവുമില്ലാത്ത, അല്പം രാഷ്രീയ പിന്തുണയുടെ ബലം മാത്രമുള്ള ചിലര്‍ ഇത്തരം അധികാരമേഖലഖില്‍ അവരോധിക്കപ്പെടുകയും നിലവാരമില്ലാത്തവരെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിനും സ്ഥാപനത്തിനും നഷ്ടമുണ്ടാക്കുകയും സംസ്ഥാനത്തിന്‍റെ സാഹിത്യ സാംസ്കാരിക മേഖലകളെയും കായിക മേഖലയേയും നശിപ്പിക്കുകയും ആ മേഖലകളിലെ ഏതാനും ഷണ്ഡന്മാരെ സംസ്ഥാനപ്രതിനിധകളായി വാര്‍ത്തെടുക്കുകയും ചെയ്യുന്നു. ഈ സത്യം ആരാണ് കണ്ടില്ലെന്ന് നടിക്കുന്നത്. ഹനാന്‍ എന്ന കുട്ടിയ സൈബര്‍ ആക്രമണത്തിന് വിധേയമാക്കിയ ആളുകള്‍ക്കെതിരെ നടപടിയെടുത്ത അതേ മനസോടെ ഹൈന്ദവതയുടെ ആത്മാവ് ആക്രമിക്കപ്പെടുമ്പോഴും നടപടിയെക്കാന്‍ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും ഭൂരിപക്ഷം വരുന്ന ഇടത് പക്ഷപാതികളായ സാംസ്കാരിക സാഹിത്യകാരന്മാര്‍ക്കും എന്തുകൊണ്ട് കഴിയാതെ പോകുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഹൈന്ദവത ആക്രമിക്കപ്പെടേണ്ട ഒന്നാണ് എന്ന് എന്തുകൊണ്ട് ഇവര്‍ കരുതുന്നു.
സംഘപരിവാര് ശക്തികളുടെ കുത്തകയാണ് ഹൈന്ദവ സംസ്കാരം എന്നു സ്ഥാപിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നതുപോലെ തോന്നും ഇടതുപക്ഷ ബുദ്ധിജീവികളുടെ പെരുമാറ്റം കണ്ടാല്‍. ഇടതുപക്ഷത്തെ ക്രിസ്ത്യാനി, ക്രിസ്ത്യാനിയായും മുസ്ലിം, മുസ്ലിമായും പെരുമാറ്റുമ്പോള്‍ അതിലെ ഹിന്ദുനാമധാരിയും പാര്‍ട്ടി ഒന്നടങ്കവും ഹൈന്ദവ വിരുദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇസ്ലാമിക തീവ്രവാദികള്‍ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന വസ്തുത പത്തു കൊല്ലത്തിനുള്ളില്‍ പാര്‍ട്ടി മനസിലാക്കിയിട്ടില്ല എന്നു പറയുന്നതില്‍ അസത്യമുണ്ട്. കണ്ണടച്ചു എന്നു പറയുന്നതാകും ശരി. കാരണം വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള വിലകുറഞ്ഞ ഒരു പ്രകടനമായിരുന്നു പ്രസ്തുത പാര്‍ട്ടിയുടേത് എന്ന് പറയാതെ വയ്യ. പുറം നാടുകളില്‍ ഇസ്ലാമിക തീവ്രവാദികളുടെ നിലപാടുകളെ പിന്തുണച്ചുകൊണ്ടും അവര്‍ക്കിടയിലെ അഭയാര്‍ഥി പ്രവാഹങ്ങളെ ന്യായീകരിച്ചുകൊണ്ടും തീവ്രവാദത്തലവന്മാര്‍ കൊല്ലപ്പെടുമ്പോള്‍ ഇവിടെ ബന്ദ് നടത്തിക്കൊണ്ടും തെറ്റായ ഒരു പ്രവണതക്ക് ഇടതുപക്ഷം കോപ്പുകൂട്ടി. അങ്ങനെ ചെയ്യുമ്പോള്‍ ഇവിടത്തെ മുസ്ലിങ്ങളുടെ പിന്തുണ വോട്ടായി കിട്ടും എന്ന് അവര്‍ കരുതി. അത് ഏറെക്കുറെ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്തു. പക്ഷേ ഇടതുപക്ഷത്തിന്‍റെ തണലില്‍ കേരളത്തില്‍ ഒരു ഇസ്ലാമിക തീവ്രവാദപ്രസ്ഥാനം കരുത്താര്‍ജ്ജിക്കുന്നത് കാണാനുള്ള കണ്ണ് അവര്‍ക്കില്ലാതെ പോയത് എന്തുകൊണ്ട്. ഹൈന്ദവതയെ സംഘപരിവാര്‍ ശക്തികള്‍ വിട്ടുകൊടുക്കാതെ എല്ലാ മതങ്ങളേയും ഒരേ പോലെ കാണുകയും അല്ലെങ്കില്‍ എല്ലാത്തരം വര്‍ഗീയതയേയും ഒരേ രീതിയില്‍ ചെറുക്കുകയും ചെയ്താല്‍ ഇടതുപക്ഷം വിശ്വസനീയമായേനെ. ന്യൂനപക്ഷസമുദായങ്ങളുടെ വോട്ട് ലഭിക്കില്ല എന്ന കാരണത്താലോ ഹൈന്ദവത ആക്രമിക്കപ്പെട്ടാല്‍ മാത്രമേ ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുകയുള്ളൂ എന്ന അജണ്ട ഉള്ളതിനാലോ ആണ് ഇടതുപക്ഷം ഇങ്ങനെ പെരുമാറുന്നത് എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെ പുല്‍കുകയും ഒടുവില്‍ മാഹാരാജാസില്‍ അഭിമന്യു എന്ന പാവം വിദ്യാര്‍ത്ഥിയുടെ ജീവനെടുക്കുകയും ചെയ്തതിലൂടെ ഇടതുപക്ഷം ഇനിയും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.
ഒന്നുകില്‍ അവര്‍ കൃത്യമായ സ്വത്വബോധം ഉണ്ടാവണം. വര്‍ഗീയതയെ എല്ലാത്തരത്തിലും എതിര്‍ക്കാന്‍ കഴിയണം. വിഎസ് അച്യുതാനന്ദനെ പോലുള്ളവര്‍ എല്ലാത്തരം വര്‍ഗീയതയേയും സമഭാവനയോടെ എതിര്ക്കുകയും പാര്‍ട്ടി മതത്തിനും ജാതിക്കും അതീതമാണെന്ന ധാരണ ഊട്ടിയുറപ്പിക്കുകയും ചെയ്ത ഒരു കാലം ഉണ്ടായിരുന്നു.
ആ കാലത്തെ അട്ടിമറിച്ചാണ് സ്വാര്‍ത്ഥമതികളുടേതായാ പുതിയ അധികാരവര്‍ഗ്ഗം ഉദയം ചെയ്യുകയും പാര്‍ട്ടിയുടെ അടിസ്ഥാനതത്വങ്ങളെ കേവലം വോട്ടു ബാങ്കിന്‍റേയും സാമ്പത്തിക വളര്‍ച്ചയുടേയും തല്‍ക്കാല ലാഭം മാത്രം ലക്ഷ്യമാക്കി പാര്‍ട്ടിയുടെ നട്ടെല്ല് തന്നെ തച്ചു തകര്‍ത്തത്. ഇപ്പോള്‍ ആ പാര്‍ട്ടി കേവലം ആശയത്തിന്‍റെ പ്രേതം മാത്രമായി അധപതിച്ചിരിക്കുന്നു. പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്യുന്ന, അല്ലെങ്കില്‍ പാര്‍ട്ടിയുടെ പ്രിയപ്പെട്ടവരായ കുറച്ചുപേരെ ബുദ്ധിജീവികളാക്കിയും സാഹിത്യകാരന്മാരാക്കിയും സാംസ്കാരിക നായകന്മാരാക്കിയും ലോഗോ ചെയ്ത് സാഹിത്യ അക്കാദമി മുതല്‍ കാര്‍ട്ടൂണ് അക്കാദമി വരെയുള്ള സര്‍ക്കാര്‍ സ്പോണ്‍സേഡ് സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നതോടെ കേരളത്തിന്‍റെ സാംസ്കാരികരംഗം പൂര്‍ണമായും അധഃപതിച്ചു.
താടി, മുടി, ജൂബ്ബ, മദ്യം, ഹൈന്ദവവിരുദ്ധത ഇത്രയുമായാല്‍ സാംസ്കാരിക നായകനായി എന്നാണ് പാര്‍ട്ടിയുടെ സാംസ്കാരിക നായക യോഗ്യതയായി വിലയിരുത്തപ്പെടുന്നത്. ഇത്തരക്കാര്‍ ഛര്‍ദ്ദിച്ചുവയ്ക്കുന്ന സാഹിത്യ കലാരൂപങ്ങള്‍ അവാര്‍ഡുകള്‍ നല്കപ്പെട്ട് പൊന്നാടയിട്ട് ആദരിക്കപ്പെടുന്നതോടെ ഇതാണ് സാഹിത്യം, ഇതാണ് കല എന്ന് പൊതുസമൂഹം ധരിക്കുന്നു. പുറംലോകം ഇവരെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍ രാജാക്കന്മാരായി വിലയിരുത്തപ്പെടുന്നത് ഇവരറിയുന്നില്ല.
അറിഞ്ഞാലും ആസനത്തില്‍ ആലമുളച്ചവന് അതും തണല് എന്ന നിലപാടുകാര്‍ക്ക് എന്ത് വികാരം. ഇത്തരം അക്കാദമി ഭരണ ബുദ്ധിജീവികള്‍ തങ്ങളേക്കാള്‍ തരംതാണ സാഹിത്യമോ കലയോ ആയി ചെല്ലുന്നവരെ പ്രത്യേകിച്ച് അവര്‍ പാര്‍ട്ടിത്തണലിലാണെങ്കിലും അല്ലെങ്കിലും പ്രോത്സാഹിപ്പിക്കും. കാമ്പുള്ളത് കണ്ടാല്‍ ആട്ടിയോടിക്കും. കാരണം തങ്ങളാണ് ഏറ്റവും മേന്മയുള്ളത് ചെയ്യുന്നത്, അതിനേക്കാള്‍ താഴ്ന്നതേ പ്രോത്സാഹിപ്പിക്കപ്പെടാവൂ എന്ന നിര്‍ബന്ധബുദ്ധിയുണ്ട് അവര്‍ക്ക്.
ഇരട്ത്താപ്പുകളെ മാറ്റിനിര്‍ത്തിക്കൊണ്ട് ക്രിസ്ത്യാനികള്‍ക്ക് കുമ്പസാരവിഷയത്തിലും ശബരിമലയിലെ സ്ത്രീപ്രവേശനവിഷയത്തിലും കൃത്യമായ നിലപാട് എടുക്കാന്‍ ഭരണകൂടത്തിനും അത് നിയന്ത്രിക്കുന്ന പാര്‍ട്ടിക്കും കഴിഞ്ഞില്ലെങ്കില്‍ തെറ്റായ വലിയ സന്ദേശമാകും ജനത്തിന് നല്‍കപ്പെടുക എന്നോര്‍ക്കുക.
എല്ലാത്തിനേയും ആവിഷ്കാര സ്വാതന്ത്രത്തോടെ കാണാന്‍ കഴിയുമോ.
മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണം ചോദ്യപ്പേപ്പറില്‍ വളരെ മോശമായി ചിത്രീകരിച്ചയാളോട് പ്രസ്തുത മതവാദികള്‍ പ്രതികരിച്ചത് നാം കണ്ടതാണ്. ആ ചോദ്യപ്പേപ്പര്‍ എഴുതിയ വ്യക്തിക്ക് അതിന്‍റെ ഒരു ആവശ്യവുമില്ല. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമായാല്‍പ്പോലും നോവലിസ്റ്റ് ഇവിടെ സ്വീകരിച്ചത് ന്യായീകരിക്കാന്‍ നിവൃത്തിയില്ല. ദിനപ്പത്രവും വാരികയും തമ്മിലുള്ള രാഷ്ട്രീയപോരും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ പേരിലാണ്.
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയ പ്രസാധകന്‍ ആ പ്രസാധനസ്ഥാപനത്തിന്‍റെ പൂര്‍വമായ എല്ലാ മേന്മകളേയും കാറ്റില്‍ പറത്തുകയും ചെയ്തു. അദ്ദേഹം ഒരു കച്ചവടക്കാരന്‍ എന്നതിനാല്‍ അദ്ദേഹത്തെ വിട്ടുകളയാം. പക്ഷേ സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് തെറ്റായ സന്ദേശം നല്‍കരുത് എന്നു മാത്രമേ പറയാനുള്ളൂ. മേന്മയുള്ള ഒരു സര്‍ക്കാരും ഇരട്ടത്താപ്പ് കളിക്കുകയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ