•  


    ഒടിയന്‍ സത്യമോ മിഥ്യയോ?

    ഒടിയന്‍ സത്യമോമിഥ്യയോ?

    ഏകദേശം 1960-70 കള്‍ വരെയാണ് എതിരാളികളെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്തിരുന്ന ആ കറുത്ത കാലം നിലവിലുണ്ടായിരുന്നതെന്നു പറയാം. ഇത് മാന്ത്രികതയാലും അനുഷ്ഠാനങ്ങളാലും പ്രാപ്യമായ നിലയിലുള്ളതും ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ നടത്തുകയും നടത്തുക എന്ന ലക്ഷ്യം മുന്‍നിറുത്തിയുമുള്ളതുമായിരുന്നു. ഒടി മറിയുക എന്നാല്‍ വേഷപ്രശ്ചന്നനാകുക എന്നാണ് അര്‍ത്ഥമാക്കുന്നത്.അമാവാസികളില്‍ ഇവര്‍ കാളകള്‍, പോത്തുകള്‍ തുടങ്ങിയ മൃഗങ്ങളായി രൂപമാറ്റം നടത്തുമെന്നും ആ സമയത്ത് ഇവരെ കണ്ടുമുട്ടുന്നവര്‍പോലും ഭയപ്പെടുകയും രോഗഗ്രസ്ഥരാവുകയും ചെയ്യാറുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. മരണപ്പെടുന്നവരുടെ കഴുത്ത് ഒടിഞ്ഞിരുന്നതിനാലാണ് ഒടിയന്‍ എന്ന പേര് വന്നത് എന്നും അനുമാനിക്കപ്പെടുന്നു. ഒടിയന്‍മാരുടെ ശല്ല്യം ഏറ്റവും കൂടുതലായി അനുഭവപ്പെട്ടിരുന്നത് പാലക്കാട്,തൃശൂര്‍, മലപ്പുറം ജില്ലകളിലായിരുന്നു. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, വിളയൂര്‍ ഭാഗങ്ങള്‍ ഇവയില്‍ എടുത്തു പറയേണ്ടതാണ്. ഒടിയന്‍റെ ശല്യത്താല്‍ പൊറുതിമുട്ടിയ സ്ഥലമായിരുന്നു പേരടിയൂര്‍ എന്ന ഗ്രാമം. വള്ളുവനാട്ടില്‍ അക്കാലത്ത് കളരി അഭ്യാസികളായ ആളുകള്‍ക്കിടയിലെ അതിശക്തിശാലികളും കണ്‍കെട്ട് വിദ്യക്കാരുമായ ചിലര്‍ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാന്‍ നടക്കുമായിരുന്നു. വടക്കന്‍ കേരളത്തില്‍ മാത്രമല്ല, ആന്ധ്രയിലും ഒരുകാലത്ത് ഒടിവിദ്യ പ്രചാരത്തിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.

    വളരെക്കാലങ്ങള്‍ക്കുമുമ്പ്, ജന്മിമാര്‍ കീഴാളരിലെ സ്ത്രീജനങ്ങളേയും അവരുടെ കുടുംബത്തെയും വളരെയേറെ പീഡിപ്പിച്ചിരുന്നു. ഭയം നിമിത്തവും ഈ ജന്മിമാരെ എതിര്‍ക്കാനുള്ള കെല്‍പ്പില്ലായ്മായും കാരണം അവര്‍ നേരിടുന്ന അപമാനങ്ങളും പീഢനങ്ങളും നിശബ്ദമായി സഹിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റം വരുത്തുവാനുറച്ച ഒരു പാണന്‍ മണ്ണു കുഴച്ചു പാകപ്പെടുത്തി ഒരു ബിംബത്തെ ഉണ്ടാക്കുകയും ആ ബിംബത്തെ അവര്‍ണ്ണര്‍ക്ക് ആരാധിക്കാന്‍ പറ്റിയ രൂപത്തിലാക്കുന്നതിനായി അഗ്നിയിലിട്ട് കരിച്ചെടുക്കുകയും ചെയ്തു. ഈ രൂപം കരിങ്കുട്ടി എന്ന പേരില്‍ വിളിക്കപ്പെട്ടു.  പാണന്‍ ഈ ബിംബത്തെ ദിവസവും ഉപാസിക്കുവാന്‍ തുടങ്ങി. ഒരിക്കല്‍ കരിങ്കുട്ടിയെന്ന ഉപാസനാമൂര്‍ത്തി പാണനില്‍ പ്രസാദിച്ച് അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ശക്തി തരുവാന്‍ പാണന്‍ മൂര്‍ത്തിയോട് അപേക്ഷിച്ചു.  എന്നാല്‍ അങ്ങനെയുള്ള ഒരു വരം കൊടുക്കാന്‍ കരിങ്കുട്ടിക്കു കഴിഞ്ഞില്ല. പരിഹാരമെന്ന നിലയില്‍ അത്തരം ഒരു ശക്തി ലഭിക്കാനുളള മരുന്ന് കരിങ്കുട്ടി  പാണനു പറഞ്ഞു കൊടുത്തു. തങ്ങളെ ദ്രോഹിക്കുന്നവനു മുന്നില്‍ ആഗ്രഹിക്കുന്ന ജീവിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് അവരെ നശീകരിക്കാനുള്ള മരുന്ന് ഉണ്ടാക്കാന്‍ കരിങ്കുട്ടി പറഞ്ഞുകൊടുത്ത വഴി അത്ര എളുപ്പമായിരുന്നില്ല.

    എത്ര പ്രയാസപ്പെട്ടും ആ മരുന്ന് ഉണ്ടാക്കിയെടുക്കാന്‍ തന്നെ പാണന്‍ തീരുമാനിച്ചുറച്ചു. അതിന് കടിഞ്ഞൂല്‍ ഗര്‍ഭമുള്ള ഏതെങ്കിലും ഒരു അന്തര്‍ജനത്തെ കണ്ടു പിടിക്കേണ്ടതുണ്ടായിരുന്നു. നിരന്തരമായ അന്വേഷണത്തില്‍ പാലക്കാടു നിന്ന് എത്തി താമസമാരംഭിച്ച ഒരു ബ്രാഹ്മണ കുടുംബത്തിലെ അന്തര്‍ജ്ജനത്തെക്കുറിച്ചു കേള്‍ക്കാനിടയായി. തന്നെയുമല്ല അവര്‍ ഗര്‍ഭിണിയുമാണ്. കണ്ടുപിടിക്കുക മാത്രമല്ല  അവര്‍ വീടിനു പുറത്തിറങ്ങുന്ന സമയം നോക്കി അവരെ തന്റെ മാസ്മരിക വിദ്യയിലൂടെ മയക്കി മുളങ്കത്തി ഉപയോഗിച്ചു വയറു കീറി പ്രായം തികയാത്ത ഭ്രൂണം ജീവനോടെ പുറത്തെടുത്ത് അതുപയോഗിച്ചാണ് മരുന്നുണ്ടാക്കുയും വേണ്ടതുണ്ടായിരുന്നു. പാണന്‍ ഉദ്ദിഷ്ടകാര്യം തന്നാലാവും വിധം വേഗതയില്‍ സാധിച്ചെടുക്കുകയും  സ്ത്രീയുടെ ശരീരം രായ്ക്കു രാമാനം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തുകയും ചെയ്തു.

    ഈ പ്രവൃത്തിയാല്‍ ഉണ്ടാക്കപ്പെട്ട മഷി ഒരു കുന്നിക്കുരുവോളമേയുണ്ടായിരുന്നുള്ളൂ. പാണന്‍ അതില്‍നിന്ന് അല്‍പ്പം എടുത്തു ദേഹത്ത് തൊട്ട്, ഏകനായി ഇരുട്ടില്‍ പോയി ഉപാസിക്കുകയും ഒടിയനായി നായ, പോത്ത്, കാള തുടങ്ങിയ തന്റെ ഇഷ്ടരൂപങ്ങള്‍ സ്വീകരിക്കുകയും ശത്രുക്കളെ കൈകാര്യം ചെയ്തുകൊണ്ടുമിരുന്നു.രൂപമാറ്റത്തെക്കുറിച്ചും പലവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒടിമറിയുന്നവര്‍ക്ക് രൂപഭേദം സംഭവിക്കുന്നതല്ല, വെറുമൊര മാസ്മരികവിദ്യയിലൂടെ, കാഴ്ചക്കാര്‍ക്ക് മുന്നില്‍ ഭീകരമായ ഒരു ജീവിയുടെ പ്രതീതി സൃഷ്ടിക്കപ്പെടുന്നതാണെന്നും വിശ്വസിക്കപ്പെടുന്നു.
    പാടത്ത് കൂടിയോ, ഇടവഴിയിലൂടെയോ ഒറ്റയ്ക്ക് നടക്കുന്നവരെ മാത്രമേ സാധാരയായി ഒടിയന്‍ ആക്രമിക്കാറുണ്ടായിരുന്നു. ഒടിയനു ചൂട് കൊണ്ടാല്‍ പ്പിന്നെ യഥാര്‍ത്ഥ രൂപത്തിലേക്ക് തിരിച്ചു വരാതെ മാര്‍ഗ്ഗമില്ല എന്ന കേട്ടറിവില്‍ അക്കാലത്ത് ആളുകള്‍ കൈയില്‍ ചൂട്ടുകറ്റ പോലെ തൊട്ടാല്‍ പൊള്ളുന്ന എന്തെങ്കിലുമൊക്കെ കരുതാറുണ്ടായിരുന്നു.

    പാതി രാത്രിയില്‍ അനുഷ്ഠാനപരമായ പ്രത്യേക പൂജകള്‍ക്കു ശേഷം ഒടിയനാകുവാന്‍ തയ്യാറാക്കപ്പെട്ട ആള്‍ വിവസ്ത്രനായതിനു ശേഷം ഇരു ചെവികളിലും പിള്ള തൈലം അഥവാ പിണ്ണതൈലം എന്നറിയപ്പെടുന്ന മാന്ത്രിക മഷി പുരട്ടുന്നതോടെ അയാള്‍ കാളയായോ പോത്തായോ അവന്‍ ആഗ്രഹിക്കുന്ന രീതിയില്‍ രൂപം മാറ്റം നടത്തുകയോ അദൃശ്യനാകുകയോ ആണ് ചെയ്യുന്നത്. കൂടുതല്‍ കേട്ടറിവുകളിലും കാള, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങളാണ് പൊതുവായി സ്വീകരിച്ചിരുന്നത്. ഈ ശക്തി സ്വായത്തമാക്കിയ ആള്‍ തനിക്കോ തന്നെ നിയോഗിച്ച ആള്‍ക്കോ ശത്രുതയുള്ളവരെ നിരന്തരം നിരീക്ഷിക്കുകയും ഏതെങ്കിലും കുറ്റിക്കാട്ടിലോ വളവിലോ പൊന്തയിലോ ഒളിഞ്ഞിരിക്കുകയും ഇര സമീപത്തെത്തുമ്പോള്‍ നൊടിയിടയില്‍ ഇവര്‍ മറ്റുരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ആക്രമിക്കുകയുമെന്നതാണ് പൊതുവായ രീതി. പെട്ടെന്നുള്ള ആക്രമണത്തില്‍ അസ്ഥപ്രജ്ഞരാകുന്ന ഇരയുടെ മരണം ഉടനടിയോ  അല്ലെങ്കില്‍ പേടിച്ചു പനിപിടിച്ചു ബോധം മറഞ്ഞോ സംഭവിക്കുന്നു.

    ഒടിയന്‍മാര്‍ക്ക് അസാധാരണമായ കാഴ്ചശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. നത്തിന്‍റെ തലയില് നിന്നുണ്ടാകുന്ന ഒരു പ്രത്യേക മഷി കണ്ണില്‍ പുരട്ടി അവര്‍ രാത്രിയിലെ കാഴ്ചശക്തി നേടിയിരുന്നുവത്രേ.

    ഒടിയന്‍, മൃഗങ്ങളുടെ രൂപമാണെടുക്കുന്നതെങ്കില്‍ നല്ല നിരീക്ഷണ പാടവം ഉള്ളവര്‍ക്ക് ഒടിയനെ നിഷ്പ്രയാസം കണ്ടുപിടിക്കാന്‍ കഴിയും. ഒരുകാളയുടെ രൂപമാണെങ്കില്‍ ആ കാളക്കൂറ്റന് ഒരു കൊമ്പിന്‍റെ കുറവോ കാലിന്‍റെ കുറവോ അല്ലെങ്കില്‍ വാലോ ഇല്ലായിരിക്കും. രൂപ പരിണാമത്തില്‍ ഒടിയനു 100 ശതമാനം ആ രൂപം നേടാന് സാധിക്കില്ല എന്നാണ് വയ്പ്പ്. ഇത്തരം നിരീക്ഷണങ്ങളിലൂടെ സമര്‍ത്ഥരായ മാന്ത്രികന്മാര്‍ ഓടിയന്മാരെ കണ്ടെത്തിയിരുന്നു. ഒരു അതി സമര്‍ത്ഥനായ മാന്ത്രികന്‍ പണ്ടുകാലത്തൊരിക്കല്‍ അര്‍ദ്ധരാത്രി വീട്ടിലേയ്ക്കു മടങ്ങി വരുമ്പോള്‍ മുമ്പില്‍ രണ്ടു കാളകള്‍ മുക്രയിട്ടുകൊണ്ടു പ്രത്യക്ഷപ്പെട്ടു. മാന്ത്രികന്‍റെ സൂക്ഷ്മ നിരീക്ഷണത്തില്‍ ആ കാളകള്‍ക്ക് അംഗവൈകല്യമുണ്ടായിരുന്നു. ആ മാന്ത്രികന്‍ തല്‍ക്ഷണം കാളകളെ ബന്ധിക്കുകയും ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും ചെയ്തപ്പോള്‍ കാളകളുടെ സ്ഥാനത്ത് രണ്ടു നഗ്നരായ മനുഷ്യരെയാണ് കാണുവാന്‍ സാധിച്ചത്. ഇങ്ങനെ ധീരന്മാരായ ചിലര്‍ മൃഗമായി വരുന്ന ഒടിയനെ തിരിച്ചാക്രമിക്കുകയും മരുന്ന് എടുത്തുമാറ്റി തനിസ്വരൂപത്തില്‍ പിടികൂടിയ കഥകളും ധാരാളമായി കേള്‍ക്കാവുന്നതാണ്.

    ഒരു ദിവസം ഒരു പാണന്‍ കൈവശം തൈലവും വച്ചുകൊണ്ട് ഉയരമുള്ള ഒരു പാറപ്പുറത്തിരുന്ന് മന്ത്രം ചൊല്ലി രൂപമാറ്റം നടത്തുന്നത് തെങ്ങിന്‍ മുകളില്‍ കയറി കള്ളു കുടിച്ചു പൂസായ ഒരു കള്ളന്‍ കാണാനിടയായി. ഒടിയന്‍, തൈലത്തിന്റെ സഹായത്താല്‍ രൂപമാറ്റം നടത്തി ഒരു പോത്തിന്റെ രൂപം ധരിക്കുകയും ദൂരേയ്ക്കു് ഓടിപ്പോകുകയും ചെയ്തു. കള്ളന്‍ ഇതുകണ്ട് അത്ഭുത പരതന്ത്രനായി. തെങ്ങിനു ത്ഴെയിറങ്ങിയ കള്ളന്‍ ഇതു പരീക്ഷിക്കാനുറച്ചു. പാറയുടെ വിടവില്‍നിന്നു തൈലം കണ്ടെടുത്ത കള്ളന്‍ അതുപയോഗിച്ച് മുമ്പുകേട്ട മന്ത്രം ഉരുവിട്ടപ്പോള്‍ ഉടനടി ഒരു വെട്ടുപോത്തായിത്തീര്‍ന്നു. എങ്ങിനെ പഴയ രൂപത്തിലെത്തുമെന്നുള്ള കാര്യത്തില്‍ കള്ളനു യാതൊരു ധാരണയുമില്ലായിരുന്നു. കളളുകുടിച്ചു പൂസായിരുന്ന പോത്തു രൂപത്തിലുള്ള കള്ളന്, ഒടിയന്‍ മുമ്പു പോയ വഴിയേ ഓടിപ്പോയെങ്കിലും ഒടിയനെ കണ്ടുപിടിക്കുവാന്‍ സാധിച്ചില്ല. പരവശനായ കള്ളന്‍ എങ്ങോട്ടെന്നില്ലാതെ ഓട്ടം തുടങ്ങി. ഓടിയോടി ഒരു കാടിനു സമീപമെത്തിയപ്പോള്‍ ഒടിയന്‍ പോത്തുരൂപത്തില്‍ അവിടെ ആരെയോ നോക്കി നില്‍ക്കുന്നതു കാണായി. ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയ ഒടിയന്‍ തന്റെ നേരേ മറ്റൊരു പോത്ത് പാഞ്ഞുചെല്ലുന്നതു കണ്ടു സംഭ്രമിച്ചുപോയി. ഞൊടിയിടയില്‍ ഒടിയന്‍ അവിടെനിന്നു പരമാവധി വേഗത്തിലോടുകയും ഏറെ ദൂരം പിന്നിടവേ രക്ഷയില്ലെന്നു കണ്ട് സ്വന്തം വീടു ലക്ഷ്യമാക്കി ഓടി. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയില്‍ ഒടിയനായ പോത്തും കള്ളുകുടിയനായ പോത്തും ഒടിയന്റെ വീടിനു മുന്നിലെത്തി. ശബ്ദം കേട്ട് ഒടിയന്റെ ഭാര്യ പുറത്തിറങ്ങി നോക്കിയപ്പോള്‍ സംഭ്രമിച്ചു പോയി. രണ്ടു പോത്തുകള്‍  മുന്നില് നില്‍ക്കുന്നു. ഇതില്‍ ഏതാണ് തന്റെ ഭര്‍ത്താവെന്നു നിശ്ചയമില്ലാതിരുന്ന അവര്‍ രണ്ടു പോത്തുകളെ മേലേയ്ക്കും ചൂടുവെള്ളം കോരിയൊഴിച്ചു. സ്വന്തം ശരീരത്തിലേയ്ക്കു ഉടനടി കൂടുമാറ്റ നടത്തിയ വിവസ്ത്രനായ കള്ളന്‍ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോയി.

    (തൃശൂര്‍ ജില്ലയിലെ കാളി ചാത്തന്‍ ഉപാസകനും മാന്ത്രിക വിദ്യകളിലും നിഗൂഢശാസ്ത്രങ്ങളിലും നിപുണനുമായ ശ്രീ തട്ടയില്‍ നാണുവാശാനുമായി സംസാരിച്ചതില്‍ നിന്ന് തയ്യാറാക്കിയത്. )

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *