"അങ്ങനെ മറവന്മാരുടെ ശല്യം അവസാനിച്ചു. ഇനി എന്താണ് പദ്ധതി?"
അമുദ ചോദിച്ചു
അവള്‍ സുമേരന്‍റെ നെഞ്ചില്‍ തല ചായ്ചു കിടക്കുകയായിരുന്നു. പത്തേമാരിയുടെ ഡെക്കിലെ ആളൊഴിഞ്ഞ മൂലയില്‍ പാമരവടങ്ങള്‍ കൂട്ടിയിട്ടതിന്‍റെ ഇടയിലായിരുന്നു അവരുടെ സമാഗമം.
"അറിയില്ല നീ പറയൂ.."
സുമേരന്‍ അവളുടെ മുടിയില്‍ തലോടി.
"മുന്നില്‍ മൂന്നു വഴികളുണ്ട്."
അമുദ പറഞ്ഞു
"ഏതൊക്കെയാണ്?"
സുമേരന് ആകാംക്ഷയായി
"ഒന്നുകില്‍ കോലത്തു നാട്ടിലേക്ക് തിരികെ പോവുക. കുറുമശേരി രാരുണ്ണി മേനോന്‍റെ പുത്രനായി ജീവി്ക്കുക. നല്ലൊരു തമ്പ്രാട്ടിക്കൊച്ചിനെ കെട്ടി സുഖമായി കഴിയുക. അല്ലെങ്കില്‍ കോണ്‍ഗ്രസിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്‍റെയൊപ്പം സമരം ചെയ്യുക.."
"അതുകൂടാതെ..?"
"അതുമല്ലെങ്കില്‍ ഈ കാട്ടുപെണ്ണിനെ കെട്ടി കരിനീലിക്കാട്ടില്‍ ഒരു കാടനായി കഴിയുക. എന്തു പറയുന്നു?"
അമുദ അവളുടെ കരിമിഴികള്‍ വിടര്‍ത്തി കൗതുകത്തോടെ അവനെ നോക്കി.
സുമേരന്‍ ആലോചനയില്‍ മുഴുകുന്നതായി അഭിനയിച്ചു. എന്നിട്ട് പൊടുന്നനെ അവളെ കെട്ടിപ്പിടിച്ച് അവളുടെ അധരങ്ങളില്‍ അമര്‍ത്തി ചുംബിച്ചു. എന്നിട്ട് അവളുടെ കണ്ണുകളില്‍ ഉറ്റുനോക്കിപ്പറഞ്ഞു
"എനിക്ക് ഈ കാട്ടുപെണ്ണിനെ മതി. ഏതു വലിയ സിംഹാസനവും പണവും പദവിയും മുന്നില്‍വച്ചു തന്നാലും നീ എന്‍റെ അരികില്‍ ഉള്ളിടത്തോളം സന്തോഷവും സമാധാനവും എനിക്കു വേറെ എവിടെ നി്ന്നും കിട്ടില്ല."
അതോടെ അമുദയുടെ കണ്ണുനിറഞ്ഞു
അവള്‍ അവന്‍റെ ശിരസു പിടിച്ചു നെഞ്ചോടു ചേര്‍ത്തു.
"പക്ഷേ..?"
അവള്‍ പൊടുന്നനെ പറഞ്ഞു
"പക്ഷേ..?"
സുമേരന്‍ ആശങ്കയോടെ അവളെ നോക്കി.
"എന്‍റമ്മ സമ്മതിച്ചില്ലെങ്കില്‍..?"
"അമ്മ സമ്മതിക്കാതിരിക്കുമോ?"
"അറിയില്ല."
"അമ്മ അഥവാ സമ്മതിക്കാതിരുന്നാല്‍ നീ എനിക്കൊപ്പം ജീവിക്കില്ലെന്നാണോ?"
"അമ്മ സമ്മതിക്കാതെ എനിക്കതിനു കഴിയില്ല സുമേരാ."
"ഛെ.."
സുമേരന്‍ അവളുടെ നെഞ്ചില്‍ നിന്നും നിരാശയോടെ അടര്‍ന്നുമാറി.
"പിണങ്ങല്ലേ പൊന്നേ.."
അമുദ അവനെ ചേര്‍ത്തുപിടിക്കാന്‍ നോക്കിയെങ്കിലും അവന്‍ വഴങ്ങിയില്ല.
"എന്‍റൊപ്പം ജീവിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് എന്നെയിങ്ങനെ മോഹിപ്പിച്ചു കൊണ്ടിരിക്കുന്നത്?"
അവന്‍ ഈര്‍ഷ്യയോടെ ചോദിച്ചു.
അമുദയുടെ കണ്ണു നിറഞ്ഞു. അവള്‍ പറഞ്ഞു
"ഞങ്ങളുടേത് കാട്ടിലെ നിയമമാണ് സുമേരാ. പുറമേ നിന്നൊരാളെ ഞങ്ങളുടെ സമൂഹം അംഗീകരിക്കില്ല. ഈ ബന്ധം അരുതെന്ന് വിചാരിച്ച് എത്ര തവണ ഞാന്‍ ഇതില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചതാണ്. പക്ഷേ പറ്റുന്നില്ല. ഏതോ അജ്ഞാത ശക്തി എന്നെ വീണ്ടും വീണ്ടും നിന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. എനിക്കു നിന്നെ വിട്ടുപോകാന്‍ പറ്റുന്നില്ല. ഇരുമ്പും കാന്തവും പോലെ നമ്മുടെ ആത്മാവുകള്‍ പറ്റിച്ചേര്‍ന്നിരിക്കുകയാണ്. ഞാനെന്താണ് ചെയ്യേണ്ടത്. നിന്നെ കിട്ടാതായാല്‍ തീര്‍ച്ചയായും എനിക്കു ഭ്രാന്തു പിടിക്കും. നീ എന്നെ അത്ഭുതപ്പെടുത്തുകയാണ് സുമേരാ. ഞാന്‍ എന്‍റെ വിലപിടിച്ചതെന്നു കരുതുന്നതെല്ലാം ഒരു ദുര്‍ബല നിമിഷത്തില്‍ നിനക്കു തന്നു കഴിഞ്ഞു. സത്യത്തില്‍ ഒരു കാട്ടുപെണ്ണിനോടുള്ള തമ്പ്രാന്‍റെ അഭിനിവേശം അവിടെ തീരേണ്ടതാണ്. പക്ഷേ നീ ഇപ്പോഴും എന്നെ പ്രേമിക്കുന്നു. പ്രേമിച്ചുകൊണ്ടേ ഇരിക്കുന്നു. ഇടതടവില്ലാതെ നിന്‍റെ സ്നേഹവും കരുതലും ഞാന്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ഭൂമിയില്‍ ഒരു പെണ്ണും ഇതുപോലെ ഭാഗ്യം ചെയ്തിട്ടുണ്ടാകില്ല."
അമുദ അതു പറഞ്ഞുവന്നപ്പോഴക്കും അവളുടെ നിയന്ത്രണം വിട്ടുപോയി.
അവള്‍ അവനെ കെട്ടിപ്പിടിച്ചു.
"നമുക്കു തമ്മില്‍ ഒരു പൂര്‍വജന്മ ബന്ധമുണ്ട്. ഒന്നല്ല, ഒരായിരം വട്ടം പല ജന്മങ്ങളിലായി നമ്മള്‍ ഇണകളായിരുന്നു. നരിയായും നായായായും മാനായും മയിലായും എറുമ്പായും കുയിലായും ഇണപ്രാവുകളായും നമ്മള്‍ ഇണകളായിത്തന്നെ ജീവിച്ചുമരിച്ചവരാണ്. നമുക്ക് ഇനി ഈ ജന്മത്തില്‍ വേര്‍പിരിയാന്‍ പറ്റുമോ..?"
അമുദ അതുപറഞ്ഞുകൊണ്ട് അവന്‍റെ മുഖത്തേക്കു നോക്കി.
അവന്‍ അവളുടെ ഈറനണിഞ്ഞ കണ്ണുകളിലേക്കു നോക്കി
"ഇതെല്ലാം നീ തന്നെയല്ലേ പറയുന്നത്. പക്ഷേ ഒരു കാര്യം എനിക്കറിയാം. നമുക്കു പിരിയാന്‍ പറ്റില്ല അമുദാ.. നീയെന്‍റേതാണ്.. നമ്മള്‍ തമ്മില്‍ പൂര്‍വജന്മ ബന്ധമുണ്ട്. അല്ലെങ്കില്‍ നീയെന്‍റെ മനസില്‍ ഇങ്ങനെ അള്ളിപ്പിടിച്ചു നില്‍ക്കുകയില്ല. നമ്മുടെ രണ്ടുപേരുടേയും ആ്ത്മാവുകള്‍ തമ്മില്‍ എപ്പോഴേ വിവാഹിതരായിരിക്കുന്നു. അവ തമ്മില്‍ പസ്പരം കെട്ടു പിണഞ്ഞുകിടക്കുകയാണെന്നു തോ്ന്നുന്നു, ആര്‍ക്കും വേര്‍പിരിക്കാന്‍ പറ്റാത്ത രീതിയില്‍.."
"സത്യം. അതാ നോക്കൂ.."
അമുദ അപ്പോള്‍ അത്യത്ഭുത്തോടെ ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചു
രണ്ടു വെളുത്ത ഇണക്കൊറ്റികള്‍ പറന്നുപോകുന്നതവന്‍ കണ്ടു. അവന്‍ അവളുടെ കാതില്‍ മന്ത്രിച്ചു.
"അതെ... പ്രപഞ്ചം നമ്മോടു പറയുന്നതെന്നതെന്താണെന്നു നോക്കൂ.."
അതുകേട്ട് അമുദ അവന്‍റെ കവിളില്‍ ആവേശത്തോടെ ചുംബിച്ചു.
അവള്‍ പറഞ്ഞു
"എനിക്കിപ്പോള്‍ ഒരു കാര്യം മനസിലായി. എന്‍റെ കുടിയും കുടിയിലെ നിയമങ്ങളും അമ്മയും സ്വന്തക്കാരും നമുക്കെതിരാണെങ്കില്‍ വിശാലമായ എന്‍റെ കരിനീലിക്കാട് നമ്മുക്കെതിരല്ല. ഈ പ്രപഞ്ചം നമ്മളോടൊപ്പമാണ്. നമ്മള്‍ ഒന്നുചേരാന്‍ ഈ പ്രപഞ്ചം തീര്‍്ച്ചയായും ആഗ്രഹിക്കുന്നു..എനിക്കു നിങ്ങളെ വേണം.. നിങ്ങളില്ലാതെ എനിക്കു പറ്റില്ല.."
അമുദ അവനെ ഇറുകെ പുണര്‍ന്നു. അറബിക്കടലിലൂടെ കുതിച്ചുപായുന്ന ആ പത്തേമാരിയുടെ ഇടതടവില്ലാതെ ചലിക്കുന്ന നയമ്പുകളുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങിയ ജലകണങ്ങള്‍ അവരുടെ മേല്‍ തെറിച്ചുവീണു.
ഇതേസമയം എടവണ്ണ നമ്പീശന്‍ ഏര്‍പ്പാടു ചെയ്ത രണ്ടു ബോട്ടുകളിലായി കാര്യാല രാഘവനും സംഘവും കോഴിക്കോടു തുറമുഖം വിട്ടു കഴിഞ്ഞിരുന്നു. ആ വലിയ ബോട്ടുകളില്‍ ആയുധധാരികളായ ഇരുന്നൂറോളം യോദ്ധാക്കളുണ്ടായിരുന്നു.
( KUKU FM ല്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന 'രുദ്രയാമം' എന്ന ഓഡിയോ സീരിസില്‍ നിന്ന് ഒരു ഭാഗം. ഈ സീരിസ് ക്ലൈമാക്സിലേക്ക് കടക്കുകയാണ്. വിനോദ് നാരായണന്‍ രചന നിര്‍വഹിക്കുന്ന ഈ സൂപ്പര്‍ഹിറ്റ് ഓഡിയോ സീരിസിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് അനന്തു മാധവാണ്)
ഈ ഓഡിയോ സീരിസ് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ