ലവ് ഇന്‍ ഗോസ്റ്റ്ഹൗസ്
എസെക്സിലെ ബോര്‍ലി വില്ലേജിലേക്കുള്ള ഹോള്‍ റോഡിലേക്ക് മൈക്കിളിന്‍റെ വാഹനം പതിയെ ടേണ്‍ ചെയ്ത് കയറി. മൈക്കിള്‍ വഴിയോരത്തേക്ക് നോക്കി. കഥകളിലും സിനിമകളിലും കണ്ട ഭീകരതയൊന്നും വഴിയില്‍ കാണാനില്ല. ബോര്‍ലി പള്ളിയിലേക്ക് ഏഴു കിലോമീറ്റര്‍ എന്ന സൈന്‍ ബോര്‍ഡ് റോഡരികില്‍ കണ്ടു. അവന്‍ തനിക്കരികിലിരിക്കുന്ന റെബേക്കയെ നോക്കി, അവള്‍ മ്യൂസിക് സിസ്റ്റത്തില്‍ പാട്ടുകള്‍ മാറി മാറി തിരഞ്ഞെടുക്കുന്ന പണിയിലാണ്. ഒരുഗ്രന്‍ റൊമാന്‍റിക് സോങ്ങാണ് കക്ഷി തിരയുന്നത്. ഈ വട്ടുപെണ്ണിനെ കൂടെ കൊണ്ടു പോകുന്നത് കുഴപ്പമാകുമോ എന്ന് മൈക്കിള്‍ ഇടക്കിടെ സ്വയം ചോദിക്കുന്നുണ്ട്. റെബേക്കയ്ക്ക് ഒരു പാട്ടു കിട്ടി. ഒരു പ്രണയഗീതം. അവള്‍ അത് ഉറക്കെ വച്ചുകൊണ്ട് ആര്‍ത്ത് വിളിച്ച് മൈക്കിളിന്‍റെ കൈയില്‍ തൂങ്ങി. സ്റ്റിയറിംഗ് ബാലന്‍സ് തെറ്റി വണ്ടി ഒരു വശത്തേക്കു പോയി
"എടീ കൈയേന്നു വിടെടി.."
മൈക്കിള്‍ ഒച്ചയെടുത്തു.
ചെറിയ തോതില്‍ ഹിമപാതമുണ്ട്. അതിനാല്‍ റോഡിലെമ്പാടും മഞ്ഞ് ചിതറിക്കിടക്കുന്നുണ്ട്. വണ്ടി തെന്നിമറിയുമോ എന്ന ഭയം മൈക്കിളിനുണ്ട്.
"നീ കൈയേന്നു വിട് റെബേക്കാ."
മൈക്കിള്‍ ആവര്‍ത്തിച്ചു. അവള്‍ വിടാന്‍ ഭാവമില്ലായിരുന്നു.
എതിരെ വന്ന വണ്ടികള്‍, ഈ വണ്ടിയുടെ ചാഞ്ചാട്ടം കണ്ട് അരികൊതുക്കി ചേര്‍ത്ത് അതിലെ ഡ്രൈവര്‍മാര്‍ തല പുറത്തേക്കിട്ട് ചീത്ത വിളിച്ചുകൊണ്ടാണ് പോകുന്നത്.
സഹികെട്ട് മൈക്കിള്‍ വണ്ടി റോഡിനു നടുവില്‍ നിര്‍ത്തി. അവളുടെ കൈ വിടുവിച്ച് ദേഷ്യത്തോടെ ഒരു തള്ളുവച്ചുകൊടുത്തു. അവള്‍ കാറിന്‍റെ വിന്‍ഡോയുടെ അരികില്‍ പോയി വീണു. എവിടേയോ തലയിടിച്ചെന്നു തോന്നുന്നു. അവള്‍ക്കതൊന്നും പ്രശ്നമല്ല. പക്ഷേ ആള്‍ ചിരി നിര്‍ത്തി ഗൗരവത്തിലായി.
മൈക്കിള്‍ അരിശത്തോടെ പറഞ്ഞു
"എടീ കണ്ടില്ലേ മഞ്ഞുവീഴ്ചയുണ്ട്. റോഡില്‍ മഞ്ഞു വീണു കിടക്കുകയാണ്. വണ്ടി എവിടെയെങ്കിലും ചെന്നിടിച്ചാല്‍ നീയും ഞാനും ചാകും. "
"ചാകട്ടെ.."
റെബേക്ക ആ വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മുതിരാതെ വിന്‍ഡോയുടെ അരികില്‍ ചാരിക്കിടന്നുകൊണ്ട് പറഞ്ഞു
"എന്തോന്ന്?"
മൈക്കിള്‍ എടുത്തു ചോദിച്ചു
റെബേക്ക രണ്ടാമതും അതിനുത്തരം പറഞ്ഞു
"ചാകട്ടേന്ന്.."
അത് മൈക്കിളിനിഷ്ടപ്പെട്ടില്ല.
"നീ ചാകണേല്‍ ചത്തോ... അതിന് എന്നേക്കൂടി കൊല്ലണോ..?"
റെബേക്കാ അതുകേട്ടപ്പോള്‍ ദീനമായി അവന്‍റെ മുഖത്തേക്കു നോക്കി.
അതവന്‍റെ മനസില്‍ കൊണ്ടു.
അപ്പോഴേക്കും പിന്നില്‍ വന്ന വാഹനങ്ങള്‍ ഹോണടിക്കാന്‍ തുടങ്ങിയതിനാല്‍ മൈക്കിള്‍ വാഹനം റോഡരികിലേക്കൊതുക്കി.
മൈക്കിള്‍ റെബേക്കയെ നോക്കി.
അവളുടെ കണ്ണുകള്‍ കുടുകുടാ നിറഞ്ഞൊഴുകുകയാണ്
"എന്താ റെബേക്കാ ഇത്?"
മൈക്കിള്‍ കൈ നീട്ടി അവളുടെ കൈയില്‍ പിടിച്ചു വലിച്ച് തന്നോടടുപ്പിച്ചിരുത്തി. അവളുടെ നിറഞ്ഞ കണ്ണുകള്‍ അവള്‍ കൈ നീട്ടി തുടച്ചു കളഞ്ഞു.
"സോറി."
മൈക്കിള്‍ സ്നേഹപൂര്‍വം പറഞ്ഞു.
റെബേക്ക പൊടുന്നനെ അവനെ കെട്ടിപ്പുണര്‍ന്നു. എന്നിട്ട് കാതില്‍ മെല്ലെ മന്ത്രിച്ചു
"ഐ ലവ് യൂ.."
"ഓക്കേ."
മൈക്കിള്‍ അവളുടെ പുറത്തു മെല്ലെ തട്ടി.
"അതെന്താ നീ തിരിച്ചു പറയാത്തത് മൈക്കിള്‍..?"
അവള്‍ തലയുയര്‍ത്തി അവന്‍റെ കണ്ണുകളില്‍ നോക്കി. അവളുടെ നീല നിറമുള്ള കണ്ണുകളില്‍ സമുദ്രം പോലെ നിറഞ്ഞുകിടക്കുന്ന പ്രണയത്തിന്‍റെ ആഴം അവന്‍ കണ്ടു.
റെബേക്ക ചോദ്യം ആവര്‍ത്തിച്ചു
"എന്തേ പറയാത്തെ... ?"
അവള്‍ അവന്‍റെ നെഞ്ചില്‍ തല ചായ്ച്ചുകൊണ്ട് പ്രണയപൂര്‍വം പറഞ്ഞു
"ഞാന്‍ ഐ ലവ് യൂ എന്ന് പറഞ്ഞിട്ട നീയെന്തേ പ്രതികരിക്കാത്തെ.. അത് പഴയ വാചകമായതുകൊണ്ടാണോ.. എനിക്കു സഹിക്കാന്‍ പറ്റുന്നില്ല മൈക്കിള്‍ .. നീ എന്‍റെ ജീവനാണ്..നമ്മുടെ രണ്ടാത്മാവുകളും നമ്മള്‍ മരിച്ചു കഴിയുമ്പോള്‍ ഒന്നു ചേര്‍ന്ന് ഒരാത്മാവായി മാറും. ട്വിന്‍ ഫ്ളെയിംസ് എന്ന് കേട്ടിട്ടില്ലേ. ഒരാത്മാവ് രണ്ടു ശരീരങ്ങളിലായി സ്പ്ലിറ്റ് ചെയ്ത് ഭൂമിയില്‍ പിറക്കുകയും പിന്നീട് ആര്‍ക്കും പിരിക്കാന്‍ പറ്റാത്തവിധം ഒന്നായി ചേരുകയും മരിക്കുമ്പോള്‍ വീണ്ടും ഒരാത്മാവായി മാറുകയും ചെയ്യുന്ന പ്രതിഭാസം. എനിക്കങ്ങനെയാണ് തോന്നുന്നത്. എന്‍റെ മനസ് അങ്ങനെ പറയുന്നു. നിനക്കിപ്പോള്‍ ഐ ലവ് യൂ എന്നു പറഞ്ഞാല്‍ എന്താണ് പ്രശ്നം മൈക്കിള്‍..?"
താനതു പറയാത്തിടത്തോളും അവള്‍ തനിക്കു സ്വസ്ഥത തരില്ല എന്നു മനസിലായപ്പോള്‍ മൈക്കിള്‍ പറഞ്ഞു
"ഐ ലവ് യൂ.."
അവള്‍ക്കു സന്തോഷമായി. അവള്‍ ഒരാവശ്യം കൂടി മുന്നോട്ടു വച്ചു.
"അങ്ങനെയല്ല, ഐ ലവ് യൂ റെബേക്ക എന്നു പറയണം. എന്നിട്ട് സ്നേഹത്തോടെ എന്‍റെ മുടിയില്‍ തലോടണം.. "
"ഓക്കേ അങ്ങനെ ആയിക്കോട്ടെ."
അവന്‍റെ നെഞ്ചില്‍ തല ചായ്ചു കിടക്കുന്ന റെബേക്കയുടെ സ്വര്‍ണനിറമുള്ള തലമുടിയില്‍ മെല്ലെ തലോടിക്കൊണ്ട് മൈക്കിള്‍ പറഞ്ഞു
"ഐ ലവ് യൂ റെബേക്ക.."
അവന്‍റെ നെഞ്ചില്‍ തല ചായ്ചു വച്ച് കാതോര്‍ത്തു കൊണ്ട് റെബേക്ക പറഞ്ഞു
"മൈക്കിള്‍ നിന്‍റെ ഹൃദയമിടി്പ്പ് എനിക്കിപ്പോള്‍ നന്നായി കേള്‍ക്കാം... ഇത് എന്‍റെ ഹൃദയം മിടിക്കുന്നപോലെ തന്നെ തോന്നുന്നു.."
അതും പറഞ്ഞ് റെബേക്ക മുഖം ഉയര്‍ത്തി അവന്‍റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.
അത് അപ്രതീക്ഷിതമായിരുന്നതിനാല്‍ അവനതിന് വഴങ്ങുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. സ്ട്രോബറി സുഗന്ധമുള്ള അവളുടെ ലിപ്സ്റ്റിക്ക് അവന്‍റെ ചുണ്ടുകളില്‍ പുരണ്ടു. ഏതാനും നിമിഷത്തേക്ക് ഏതോ മാസ്മരലോകത്തില്‍ അകപ്പെട്ടപോലെ മൈക്കിളിന് തോന്നി. പിന്നെ റോഡരികിലാണ് ഈ ഫ്രഞ്ച് കിസ് അരങ്ങേറുന്നത് എന്ന് സ്വബോധം വന്നപ്പോള്‍ മൈക്കിള്‍ അടര്‍ന്നുമാറാന്‍ ശ്രമിച്ചു. പക്ഷേ റെബേക്ക വിടാന്‍ ഭാവമില്ലായിരുന്നു. ഇവളെന്നെ സ്നേഹിച്ചു കൊല്ലുമല്ലോ ദൈവമേ എന്ന് മനസില്‍ നിലവിളിച്ചുകൊണ്ട് അവന്‍ മെല്ലെ അവളുടെ കാതില്‍ നുള്ളി.
അവള്‍ തെല്ലു വേദനയോടെ ചുണ്ടുകള്‍ അടര്‍ത്തി
"എന്താ?"
അവള്‍ ചെറിയ ഈര്‍ഷ്യയോടെ ചോദിച്ചു
"ഇത് റോഡാണ് പൊന്നേ.."
മൈക്കിള്‍ അവളെ അനുനയി്പ്പിച്ചു. അവളെ തന്‍റെ നെഞ്ചില്‍ നിന്നും അടര്‍ത്തിമാറ്റി.
"അതിനെന്താ?"
റെബേക്ക വീണ്ടു അവനെ കെട്ടിപ്പിടിക്കാന്‍ മുതിര്‍ന്നപ്പോള്‍ മൈക്കിള്‍ പറഞ്ഞു
"അതിനൊന്നുമില്ല. നേരം ഇരുട്ടാന്‍ തുടങ്ങി. രാത്രിയാകും മുമ്പ് നമുക്ക് ബോര്‍ലി വില്ലേജിലെ ബോര്‍ലി റെക്ടറി എന്ന ആ ഗൃഹത്തിലെത്തണം. ഇംഗ്ലണ്ടിലെ അതിഭയങ്കരമായ പ്രേതബാധയുള്ള വീടാണത്. ബോര്‍ലി പള്ളിയുടെ അടുത്താണ് ആ വീട്."
"രാത്രിയാകട്ടെ.. .അപ്പോഴല്ലേ പ്രേതങ്ങള്‍ വരൂ.."
റെബേക്ക ഉത്സാഹവതിയായി.
"പക്ഷേ അതിനുമുമ്പ് അവിടെ ചില ജോലികളുണ്ട്."
മൈക്കില്‍ പറഞ്ഞു
"എന്തു ജോലി.. ചെല്ലുക. അവിടെ കറങ്ങി നടന്നു പ്രേതത്തെ കാണുക.. അത്ര തന്നെ.."
"അങ്ങനെയൊന്നുമല്ലെടി മണ്ടി.. നെഗറ്റീവ് എനര്‍ജികളെ അതായത് ഗോസ്റ്റുകളെ കൃത്യമായി ടാര്‍ജറ്റ് ചെയ്യാനും അനലൈസ് ചെയ്തു കണ്ടുപിടിക്കാനും ചില ഉപകരണങ്ങളുണ്ട്. അതെല്ലാം നേരത്തേ സെറ്റു ചെയ്യണം.. അതിനാണ് നേരത്തേ ചെല്ലണമെന്ന് പറഞ്ഞത്."
"ഓഹോ.. അങ്ങനെയാണേല്‍ ഓക്കേ. വണ്ടി വിടൂ മോനേ മൈക്കിളേ."
റെബേക്ക ആവേശത്തോടെ പറഞ്ഞു
മൈക്കിള്‍ ആശ്വാസത്തോടെ വണ്ടി മുന്നോട്ടെടുത്തു.
ആപത്തുകള്‍ പതിയിരിക്കുന്ന ഭീകരതയുടെ കൂടാരത്തിലേക്കാണ് ആ യാത്രയെന്ന് അവരറിഞ്ഞിരുന്നില്ല.
0000 00000 0000
മൈക്കിളും റെബേക്കയും എസെക്സിലെ ബോര്‍ലി ഗ്രാമത്തില്‍ എത്തിയപ്പോള്‍ വൈകുന്നേരമായി. നല്ല മഞ്ഞു വീഴ്ചയുണ്ട്. അതിനാല്‍ പെട്ടെന്ന് നേരം ഇരുട്ടുന്നതുപോലെ തോന്നിച്ചു. സ്ഥലം വിജനമായിരുന്നു. ഉയരം കൂടിയ മതിലിനും തുരുമ്പിച്ചടര്‍ന്നു തുടങ്ങിയ ഗേറ്റിനും പിന്നിലായി ബോര്‍ലി റെക്ടറി എന്ന ആ പ്രേതമാളിക തല ഉയര്‍ത്തി നില്‍ക്കുന്നു. ആരേയും ഭയപ്പെടുത്തുന്ന ദൃശ്യമായിരുുന്നു അത്. അതിന്‍റെ ഒരു ഭാഗം പൊളിച്ച നിലയിലാണ്. പക്ഷേ പൂര്‍ണമായി പൊളിക്കാന്‍ കഴിഞ്ഞിട്ടില്ല. മൈക്കിള്‍ കാറ് തൊട്ടടുത്തുള്ള വിജനമായ പറമ്പിലേക്ക് കയറ്റി പാര്‍ക്കു ചെയ്തു. ആ മാളികയെ ചുറ്റിപ്പറ്റി ഒരു വീടും പോലും വേറേ കാണാനില്ല. വ്യാപാര സ്ഥാപനങ്ങളുമില്ല. ഇടക്കിടെ മഞ്ഞു വീഴ്ചക്കിടയിലൂടെ ഹോണടി്ച്ചു കൊണ്ട് കടന്നുപോകുന്ന വാഹനങ്ങളുടെ ഫോഗ് ലാമ്പുകളുടെ തിളക്കം കാണാം. അല്‍പം ദൂരെയായി ബോര്‍ലി പള്ളി മഞ്ഞില്‍ മൂടി നില്‍ക്കുന്നത് കാണാം. റെബേക്ക ഉത്സാഹപൂര്‍വം ഒരു വൂളന്‍ കോട്ട് എടുത്തിട്ടു. മൈക്കിള്‍ കോട്ടിനകത്ത് ഒരു ജാക്കറ്റ് ധരിച്ചിരുന്നു. ചില ചെറിയ ഉപകരണങ്ങള്‍ ജാക്കറ്റിലെ പോക്കറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചു. പിന്നെ പ്രധാന ഉപകരണങ്ങള്‍ അടങ്ങിയ ബാഗും എടുത്ത് അവര്‍ പുറത്തിറങ്ങി.
റെബേക്ക കാറിനു വെളിയില്‍ ഇറങ്ങി ബോര്‍ലി റെക്ടറി വീടിനെ നോക്കി കളിയായി പ്രാര്‍ത്ഥിച്ചു
"കര്‍ത്താവേ ഇന്നൊരു ഉഗ്രന്‍ പ്രേതത്തെ എനിക്കു കാണിച്ചു തന്നേക്കണേ.."
മ്ക്കൈിള്‍ അതു കണ്ടു. അവന് പെട്ടെന്ന് അരിശം വന്നു
-"എടീ പെണ്ണേ.. ഇത് നീയുദ്ദേശിക്കുന്നപോലെ ഹൊറര്‍ ഫാന്‍റസി പാര്‍ക്കല്ല.. ഒറിജിനല്‍ പ്രേതങ്ങളുള്ള സ്ഥലമാണ് .. ചുമ്മാ ഓരോന്നു വിളിച്ചു പറയരുത്."
"എന്‍റെ ചക്കരക്കുട്ടനായ ഗോസ്റ്റ് ഹണ്ടര്‍ കൂടെയുള്ളപ്പോള്‍ പിന്നെ ഞാനേതു പ്രേതത്തേയാ പേടിക്കണ്ടേ.. ഒന്നു വേഗം വാടാ കുട്ടാ.."
റെബേക്ക മുന്നിട്ടു നടന്നു. അവളുടെ പോക്ക് ഗേറ്റിലേക്കായിരുന്നു
മൈക്കിള്‍ ചോദിച്ചു,
"എങ്ങോട്ട് നീ ഈ പോകുന്നേ.."
"ഗേറ്റിലേക്ക് "
"അതു തുറന്നു തരാന്‍ അവിടെ സെക്യൂരിറ്റിയൊന്നുമില്ല."
"തുറന്നു തന്നില്ലെങ്കില്‍ ചാടിക്കടക്കണം മാഷേ"
"എടീ അതു തുരുമ്പി്ച്ച് പണ്ടാരമടങ്ങിയതാണ്. അസ്ഥാനത്ത് വല്ല തുരുമ്പും കു്ത്തിക്കയറി സെപ്റ്റിക്കാകും."
"അയ്യോ എന്‍റെ പൊന്നോ.. എന്നാല്‍ വേണ്ട.. വേറേതു വഴി കേറും. മതിലിനാണേല്‍ എന്നാ പൊക്കമാണ്. "
"ദോ .. അവിടെ മതിലിനൊരു ചായ് വ് ഉണ്ട്. നേരത്തേ ഇവിടെ സന്ദര്‍ശിച്ച ഗോസ്റ്റ് ഹണ്ടര്‍ വാല്‍വിന്‍ ഹോ്സ്റ്റര്‍ എന്ന ഫ്രഞ്ചുകാരന്‍ എന്‍റെ സുഹൃത്താണ്. അവന്‍ ചില ഉപദേശങ്ങളൊക്കെ എനിക്കു തന്നിട്ടുണ്ട്."
മൈക്കിള്‍ അതു പറഞ്ഞു കൊണ്ട് വിജനമായ പറമ്പിന്‍റെ അറ്റത്തേക്കു നടന്നു. നടക്കുന്നതിനിടെ അവന്‍ ആ പ്രേതമാളികയെ ആകമാനം ഒന്നു നോക്കി. മേഘ്ാവൃതമായ ആകാശത്തിന്‍റെ പശ്ചാത്തലത്തില്‍ കരിമ്പായല്‍ പിടിച്ച ചുവരുകളും പൂതലിച്ച് അടര്‍ന്ന ജനല്‍ വാതിലുകളും പേറിക്കൊണ്ട് ഒരു ഭീകരസ്വത്വത്തെപ്പോലെ അത് നില കൊണ്ടു. പെട്ടെന്ന് മൂന്നാം നിലയിലെ ഒരു ജനലിന്‍റെ പിന്നില്‍ ഒരു അവ്യക്തരൂപം പ്രത്യക്ഷമായോ. അവനൊന്നു സൂക്ഷിച്ചു നോ്ക്കി. അതെ അവിടൊരു രൂപം തങ്ങളെത്തന്നെ വീക്ഷിച്ചു കൊണ്ടു നില്‍ക്കുന്നുണ്ട്. അതെ. അതൊരുു കന്യാസ്ത്രീയുടെ രൂപമാണ്. മൈക്കിളിന്‍റെ ഉ്ള്ളില്‍ ഒരു വെളളിടി വെട്ടിയപോലെ തോന്നി.
മൈക്കിള്‍ ഒന്നു കണ്ണുചി്മ്മിയിട്ട് ഒരിക്കല്‍ക്കൂടി ആ ജാലകത്തിനു നേരേ നോക്കി.
ആ കന്യാസ്ത്രീയുടെ രൂപം അവിടെ ഇ്ല്ലായിരുന്നു.
അവനതൊന്നും റെബേക്കയോടു പറഞ്ഞില്ല. അവന്‍ അവളേയും വിളിച്ചുകൊണ്ട് വേഗം വിജനമായ പറമ്പിന് അതിരിടുന്ന ബോര്‍ലി റെക്ടരി ഹൗസിന്‍റെ മതിലിനരികിലേക്കു നടന്നു.
സ്കോട്ട്ലാന്‍ഡ് സ്റ്റെപ്പികളില്‍ കാണുന്ന തരം നീളം കുറഞ്ഞ പുല്ലുകള്‍, ബോര്‍ലി റെക്ടര്‍ ഹൗസിനോടു ചേര്‍ന്നു കിടക്കുന്ന ആ വിജനമായ പറമ്പില്‍ ധാരാളമായി ഉണ്ടായിരുന്നു. പുല്‍ത്തലപ്പുകളില്‍ മഞ്ഞു വീണ് അതൊരു വെളുത്ത പൂക്കളുടെ പാടം പോലെ തോന്നിച്ചു.
മതിലിനടുത്തെത്തിയപ്പോള്‍ മൈക്കിള്‍ പറഞ്ഞു
"നീ ആദ്യം കയറൂ റെബേക്ക.. "
"അയ്യോ എനിക്കു പേടിയാ.. ഞാനപ്പുറത്ത് ഒറ്റക്കായിപ്പോവില്ലേ .. ആ സമയത്തെങ്ങാനും പ്രേതം വന്നാലോ?"
"എടീ കഴുതേ.. ഞാന്‍ ആദ്യം അപ്പുറത്ത് ചെന്നാല്‍ നീ എങ്ങനെ ഈ മതില്‍ കയറും. ആരെങ്കിലും പൊക്കിയെടുത്തു മതിലിനു മുകളിലേക്ക് നിന്നെ വയ്ക്കണ്ടേ.. നിന്നെ ഡാഡി വ്ന്നു സഹായിക്കുമോ.."
"ഓഹോ അപ്പോള്‍ നീ എന്നെ എടുത്തു പൊക്കി വയ്ക്കാന്‍ വേണ്ടിയാണ് ഈ പറയുന്നതല്ലേ. ഓക്കേ എന്നാല്‍ ഞാന്‍ നൂറു വട്ടം റെഡി. ഇതാദ്യമേ പറയണ്ടേ എന്‍റെ പൊന്നേ.."
റെബേക്ക മതിലിനു മുകളില്‍ കയറാന്‍ തയ്യാറായി. ധരിച്ചിരുന്ന വൂളന്‍ കോട്ട് അവളുടെ കാലുകളെ മറയ്ക്കാന്‍ പര്യാപ്തമായിരുന്നില്ല. ചുവപ്പും കറുപ്പും ചെക്കുള്ള മിനി സ്കര്‍ട്ട് അവള്‍ കൂട്ടിപ്പിടിച്ചു.
മൈക്കിള്‍ പാവാട ചേര്‍ത്ത് അവളുടെ തുടകളെ പൊതിഞ്ഞ് എടുത്തുയര്‍ത്തി. അവള്‍ മതിലില്‍ എത്തിപ്പിടിച്ചു. മൈക്കിള്‍ അപ്പോള്‍ അവളുടെ നഗ്നമായ കണങ്കാലുകളില്‍ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചു.
അവള്‍ ഇക്കിളി പൂണ്ട് ചിരിച്ചു
"എടാ നീയിങ്ങനെ പിടിക്കുമ്പോള്‍ എനിക്കിക്കിളി ആകുന്നു. ഈ സമയമായതോണ്ടാ. അല്ലേല്‍ ഞാനതങ്ങ് എന്‍ജോയ് ചെയ്തേനേ.. പ്ലീസ് ഇക്കിളിയാക്കല്ലേടാ.."
"ഞാനിക്കിളിയാക്കിയതല്ലാ.. പിടിച്ചിട്ടേ ഉള്ളൂ... വേണേല്‍ ഇക്കിളിയാക്കാം.."
അവന്‍ ആ വെളുത്തു തുടുത്ത കാല്‍വണ്ണകളില്‍ നോക്കി.
അതില്‍ പുല്‍ നാമ്പുകളുരഞ്ഞ് പലയിടത്തും ചോര പൊടിഞ്ഞിട്ടുണ്ട്. മൈക്കിളിന്‍റെ മനസില്‍ പൊടുന്നനെ എന്തോ ഒരു കാളിമ പടര്‍ന്നു. രക്ഷസുകള്‍ക്ക് നറുംചോര വളരെ പഥ്യമാണ്. ഡ്രാക്കുള കോട്ടയില്‍ എത്തിപ്പെട്ട ജൊനാതന്‍ ഹോര്‍ക്കര്‍ ഷേവ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മുറിഞ്ഞു ചോര പൊടിഞ്ഞതു കണ്ട് ആര്‍ത്തിയോടെ അടുത്തു ഡ്രാക്കുള പ്രഭുവിനേയാണ് ഓര്‍മ വരുന്നത്.
മൈക്കിള്‍ പറഞ്ഞു
"റെബേക്ക നിനക്കു വല്ല ജീന്‍സും ഇട്ടാല്‍ മതിയായിരുന്നല്ലോ.. "
"എന്താ മോനേ, നിനക്ക് എന്‍റെ കാലു കണ്ടിട്ട് ഇരിക്കപ്പൊറുതി ഇല്ലാല്ലേ."
"ദേ ഞാ്ന്‍ വല്ലോം പറഞ്ഞാലുണ്ടല്ലോ. എടീ നിന്‍റെ കാല് പലയിടത്തും മുറിഞ്ഞിട്ടുണ്ട്. ചോര വരുന്നുണ്ട്. പ്രേതങ്ങള്‍ക്ക് ചോര വലിയ ഇഷ്ടമാണേ... ചോര തുടച്ചു കളഞ്ഞ് ആന്‍റി സെപ്റ്റിക് ലോഷന്‍ വച്ചിട്ടു അകത്തേക്കു കയറിയാല്‍ മതി."
"ഓക്കേ സാര്‍. എന്നെയൊന്നു പൊക്കിത്തായോ"
റെബേക്ക മതിലില്‍ തൂങ്ങിക്കിടന്നു വിളിച്ചു കൂവി..
"എടീ നീ വിളിച്ചു കൂവി ഒച്ചയെടുക്കാതെ.. ഇതൊരു സീക്രട്ട് മിഷനാണ്. നാട്ടുകാരേയും പ്രേതങ്ങളേയും വെറുതേ വിളിച്ചെഴുന്നേല്‍പ്പിച്ചു പ്രശ്നമുണ്ടാക്കണ്ട.."
മൈക്കിള്‍ അവളുടെ കാലുകളില്‍ ശക്തിയായി പിടിച്ച് ഉയര്‍ത്തിക്കൊടുത്തു. റെബേക്ക ഒരു വിധത്തില്‍ മതിലിനുമുകളില്‍ വലിഞ്ഞു കയറി അപ്പുറത്തേക്കു ചാടി. മൈക്കിളും മതില്‍ ചാടി അപ്പുറത്തെത്തി.
"നീയവിടെ ഇരുന്നേ."
മൈക്കിള്‍ റെബേക്കയെ അവിടെ തഴച്ചു വളര്‍ന്നു നിന്നിരുന്ന പുല്‍ത്തകിടിയില്‍ ഇരുത്തി.
അവന്‍ ബാഗില്‍ നിന്നും ആന്‍റി സെപ്റ്റിക് ലോഷനും പഞ്ഞിയുമെടുത്തു
"നിന്‍റെ കാലുകള്‍ കാണിക്ക്...ചോര പൊടിഞ്ഞിട്ടുണ്ട്."
അവന്‍ റെബേക്കയുടെ കണങ്കാലുകളിലെ ചോര പഞ്ഞികൊണ്ട് ഒപ്പിമാറ്റി. റെബേക്ക അവനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണുകളില്‍ പ്രണയത്തിന്‍റെ തിളക്കം ദൃശ്യമായിരുന്നു. മ്ക്കൈിള്‍ ചോര പൊടിഞ്ഞ അവളുടെ ചെറു മുറിവുകളില്‍ കൈവിരലുകള്‍ കൊണ്ട് ലോഷന്‍ പുരട്ടി.
"ഹൗ.."
അവള്‍ നീറ്റല്‍ കൊണ്ട് ഒരു സീല്‍ക്കാര ശബ്ദം ഉയര്‍ത്തി.
"വേദനിച്ചോ?"
മൈക്കിള്‍ ചോദിച്ചു.
"ങും.. "
അവള്‍ രാഗാര്‍ദ്രയായി മൂളി. എന്നിട്ടു പറഞ്ഞു
"നിന്‍റെ കൈ വിരലുകള്‍ ഇങ്ങനെ പെരുമാറുമ്പോള്‍ എനിക്കു വേറെന്തൊക്കെയോ തോന്നുന്നുണ്ട് കേട്ടോ.."
"ഉവ്വോ!"
മൈക്കിള്‍ കുസൃതിയോടെ ചോദിച്ചു.
റബേക്ക മിനി സ്കെര്‍ട്ട് കുറച്ചുകൂടി പൊക്കി വച്ചു. അപ്പോള്‍ അവളുടെ വെളുത്ത മിനുസമാര്‍ന്ന തുടകള്‍ ദൃശ്യമായി.
അതുകണ്ട് മൈക്കിള്‍ പറഞ്ഞു
"വേണ്ട.. ഇനിയും സ്കര്‍ട്ട് ഉയര്‍ത്തണ്ട. അവിടെയൊന്നും മുറിഞ്ഞിട്ടി്ല്ല.."
"സാരമില്ല, പുരട്ടിക്കോളൂന്നേ."
റെബേക്ക നിര്‍ബന്ധിച്ചു. അവള്‍ അവന്‍റെ കണ്ണിലേക്ക് നോക്കി. അവളുടെ കണ്ണുകളിലേക്ക് അവനു നോക്കാതിരിക്കാനായില്ല. ആ നീല കണ്ണുകളുടെ ആഴങ്ങളില്‍ പ്രണയത്തിന്‍റെ അഗാധ സമുദ്രം അലയടിക്കുന്നത് അവന്‍ കണ്ടു. അവനെന്തോ വല്ലാ്ത്ത ഭയം തോന്നി.അവന്‍ അവളുടെ കണ്ണുകളില്‍ കുടുങ്ങി നില്‍ക്കുന്നതറിഞ്ഞ് റെബേക്ക മന്ത്രിച്ചു
"എന്തേയ്..?"
"എന്ത്..?"
"ഇങ്ങനെ നോക്കുന്നതെന്താന്ന്.."
"നീയല്ലേ നോക്കിയത്.. ഞാനാണോ..?"
അവന്‍ അവളുടെ കണ്ണുകളില്‍ നിന്നും നോ്ട്ടം പിന്‍വലിച്ചു. അകതാരില്‍ എന്തോ കാന്തശക്തി കൊളുത്തിപ്പിടിച്ചപോലെ.
റെബേക്ക അവന്‍റെ കൈ പിടിച്ച് തന്‍റെ തുടയില്‍ വച്ചു. എന്നിട്ടു ചോദിച്ചു
"ഇവിടെ ലോഷന്‍ പുരട്ടുന്നില്ലേ..."
"വേണ്ടാന്നേയ്.."
മൈക്കിള്‍ ചിരിയോടെ സ്നേഹപൂര്‍വം നിരസിച്ചു.
അവന്‍ ലോഷന്‍റെ കുപ്പി ബാഗിലെടുത്തിട്ട് എഴുന്നേറ്റു.
"എഴുന്നേറ്റു വാടി പെണ്ണേ.."
റെബേക്ക ഒരു കുസൃതിച്ചിരിയോടെ എഴുന്നേറ്റ് അവന്‍റെ പിന്നാലെ ആട്ടിന്‍കുട്ടിയെപ്പോലെ തുള്ളിച്ചാടി ചെന്നു.
ബോര്‍ലി റെക്ടര്‍ ഹൗസ് എ്ന്ന ഇംഗ്ലണ്ടിലെ ഏറ്റവും ഭീതിജനകമായ ആ വീടിന്‍റെ മുന്‍വാതില്‍ സ്കോട്ടിഷ് ആര്‍കിടെക്ട് രീതിയില്‍ പണി കഴിപ്പിച്ചതായിരുന്നു. പൂതലിച്ച് അടര്‍ന്നു തുടങ്ങിയ ആ വാതില്‍ പാതി ചാരിയ നിലയിലായിരുന്നു. അവര്‍ ആ വീടിനകത്തേക്കു കടന്നു. വിശാലമായ ഒരു ഹാള്‍ ആയിരുന്നു അവരെ സ്വാഗതം ചെയ്തത്. ഹാളില്‍ നിന്നും പല വശത്തേക്കും വാതിലുകളുണ്ട്. കൃത്യം നടുമധ്യത്തില്‍ നിന്നും ഇരുവശത്തേക്കു കടന്നു പോകുന്ന, ചിത്രപ്പണികളുള്ള അഴികള്‍ ഇട്ട ഗോവണി.
"എന്തൊരു ദുര്‍ഗന്ധമാണ് ഇവിടെ!"
റെബേക്ക മൂക്കു പൊത്തി.
"നീ വരുന്നതും പ്രമാണിച്ച് ഇവിടെ എയര്‍ റിഫ്ഷ്നര്‍ അടിച്ചു വയ്ക്കാന്‍ പ്രേതങ്ങളോട് പറയാമായിരുന്നു."
മൈക്കിള്‍ തമാശ പറഞ്ഞു. റെബേക്ക വലിയ കാര്യത്തില്‍ പൊട്ടിച്ചിരിച്ചു.
"ഉവ്വ്. ഇവിടെ കെയര്‍ ടേക്കര്‍ ആരുമില്ലേ.. ?"
"ഒരു മനുഷ്യജീവി പോലുമില്ല. ഇവിടെ എന്നല്ല ഈ വീടിന്‍റെ ഏഴയലത്തു പോലുമില്ല."
"അയ്യോ.. നമ്മളിന്നു രാത്രി എവിടെ കിടക്കും. നമുക്ക് ഉറങ്ങണ്ടേ..!"
"അടിപൊളി.. എടീ കഴുതേ .. അതിനു നമ്മള്‍ ഇവിടെ ഹണിമൂണിനു വന്നതല്ല.. ഗോസ്റ്റ് ഹണ്ടിങ്ങിനു വന്നതാണ്. ഇന്ന് രാത്രി നമുക്ക് ഉറക്കമില്ലാത്ത കാളരാത്രിയാണ്."
മൈക്കിള്‍ അതു പറഞ്ഞപ്പോള്‍ റെബേക്ക വലതു വശത്തേക്കു തിരിയുന്ന ഗോവണി ചെന്നവസാനിക്കുന്ന രണ്ടാം നിലയുടെ സ്റ്റെയര്‍കേസ് ലാന്‍ഡിങ്ങ് ഇടത്തേക്കു ഭയത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. അവിടെ ഒരു ഇടനാഴി തുടങ്ങുന്നുണ്ട് എന്നു തോന്നുന്നു.
"എന്തേടി... എന്തേ ഇങ്ങനെ നോക്കുന്നേ?"
മൈക്കിള്‍ ചോദിച്ചു.
റെബേക്ക അവിടേക്കു കൈ ചൂണ്ടി
"അവിടെ ഒരു നിഴല്‍.. അ്ല്ല ഒരു ഇരുണ്ട രൂപം. നമ്മളെപ്പോലെ വേറെ വല്ല വിസിറ്റേഴ്സും ആയിരിക്കുമോ?"
അതും പറഞ്ഞ് റെബേക്ക ഉറക്കെ വിളിച്ചു ചോദിച്ചു
"ഹലോ.. എനി ബഡി ദേര്‍... ആരാത്..?"
മൈക്കിള്‍ ഉടന്‍ അവളുടെ വായ് പൊത്തി
"നോ.."
മൈക്കിള്‍ അവിടേക്കു നോക്കിപ്പോള്‍ ഒരു രൂപം മിന്നായം പോലെ മറയുന്നതു കണ്ടു.
"ഗോസ്റ്റ്.!"
അവന്‍ പിറുപിറുത്തു.
റെബേക്ക അതുകേട്ട ഉടന്‍തന്നെ ഭയത്തോടെ അവന്‍റെ നെഞ്ചത്തു വന്നു അള്ളിപ്പിടിച്ചു.
അവളുടെ ഹൃദയം ഒരു മാന്‍പേടയുടേതെന്നപോലെ മിടിച്ചു കൊണ്ടിരുന്നു.
(വിനോദ് നാരായണന്‍റെ രചനയില്‍ KUKU FM ല്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പര്‍ഹിറ്റ് ഓഡിയോ വെബ് സീരീസ് ആയ 'നീലി ദ ഡെഡ്ലി ബ്യൂട്ടി' യിലെ ഒരു സീന്‍ ആണ് ഇത്. പ്രശസ്തയായ റേഡിയോ ജോക്കി സൂര്യാസാജന്‍റെ ശബ്ദത്തില്‍ ഈ ഓഡിയോ സീരിസ് ആസ്വദിക്കൂ. Click here )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ