•  


    ഒരു മിമിക്രിക്കാരന്‍റെ ഡയറിക്കുറിപ്പുകള്‍/ കഥ /വിനോദ് നാരായണന്‍

    ഒരു മിമിക്രിക്കാരന്‍റെ ഡയറിക്കുറിപ്പുകള്‍

    കഥ വിനോദ് നാരായണന്‍


    എന്‍റെ പേര് ആലി ഹുസൈന്‍. പത്താം വയസില്‍ ഒരു ആക്രിപെറുക്കുകാരനായാണ് എന്‍റെ ജീവിതം തുടങ്ങുന്നത്. ബാപ്പയുടെ ഒരു ഉന്തുവണ്ടി പൈതൃകസ്വത്തായി എനിക്കു ലഭിച്ചു. അതും ഉന്തിക്കൊണ്ട് ഞാന്‍ എന്‍റെ ഉപജീവനം ആരംഭിച്ചു. ഉമ്മയുടേയും രണ്ട് പെങ്ങന്മാരുടേയും വിശപ്പകറ്റാന്‍ അത് അത്യാവശ്യമായിരുന്നു. ഒരു ആക്രിപെറുക്കുകാരന്‍ എന്ന നിലയില്‍ എന്‍റെ കൈവശം പലതും വന്നുചേര്‍ന്നു. ചിലതൊക്കെ അമൂല്യമായിരുന്നു. ചിലപ്പോള്‍ ചില വീട്ടുകാര്‍ പഴയ പുസ്തകങ്ങള്‍ തൂക്കിത്തന്നപ്പോള്‍ വിലപിടിച്ച പലതും അതിനോടൊപ്പം പോന്നിട്ടുണ്ട്. എസ്എസ്എല്‍സി ബുക്കും പാസ്പോര്‍ട്ടും വരെ കിട്ടിയിട്ടുണ്ട്. ഞാനതൊക്കെ ഒരു പ്ലാസ്റ്റിക് കൂട്ടിലാക്കി ഭദ്രമാക്കി സൂക്ഷിച്ചിട്ടുണ്ട്. അങ്ങനെ മിനിഞ്ഞാന്ന് എനിക്കൊരു ഡയറി കിട്ടി. ഒരു മിമിക്രിക്കാരന്‍റെ വീട്ടില്‍ നിന്നും കിട്ടിയതാണ്. ദാരിദ്ര്യം സഹിക്കാനാകാതെ ഭാര്യ പഴയ പാത്രങ്ങളും പ്ലാസ്റ്റിക്കും  വില്‍ക്കുന്ന കൂട്ടത്തില്‍ കിട്ടിയതായിരുന്നു അത്.

    ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു, ഇത് ഒരു ഡയറിയാണല്ലോ. കുറേ എഴുതിയിട്ടുണ്ട്

    ആ സ്ത്രീ കാര്‍ക്കിച്ചൊരു തുപ്പ് - നാട്ടുകാരുടെ ത്ലലു കൊള്ളാന്‍ നടക്കുവാ നാറി. എനിക്കോ ആ നാറിയെക്കൊണ്ട് ഒരു രൂപയുടെ പ്രയോജനമില്ല. അവന്‍റെയൊരു ഡയറി.

    ഭാര്യയുടെ പ്രതികരണം കണ്ടപ്പോള്‍ മനസിലായി ഭാര്യക്ക് അവരുടെ ഭര്‍ത്താവായ ആ മിമിക്രിക്കാരനോട് വലിയ സ്നേഹമാണെന്ന്

    എനിക്കു ഭയങ്കര കൗതുകം തോന്നി. ഞാന്‍ വീട്ടില്‍ കൊണ്ടു വന്ന് അത് വിനീതപൂര്‍വം വായിച്ചുനോക്കി.

    കുറേ പേജുകള്‍ ശൂന്യമാണ്. ചിലതില്‍ ചില കണക്കുകള്‍ എഴുതിവച്ചിട്ടുണ്ട്. ചില പേജുകളില്‍ കവിത പോലെ എന്തോ കുറിച്ചിരിക്കുന്നു.


    ജനുവരി 2, 2020

    ഇന്ന് കെകെ ചാനലില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ ചെന്നു. ഗ്രൂമേഴ്സ് പരമാവധി ശ്രമിച്ചെങ്കിലും സംവിധായിക സമ്മതിച്ചില്ല. അതുകൊണ്ട് തിരികെ മണ്ടി. പുതുമയുള്ള എന്തെങ്കിലും വേണമത്രേ. ഞാന്‍ വീട്ടില്‍ വന്നിരുന്ന് രോമാഞ്ചം ചാനലിന്‍റെ  കോമഡി പ്രോഗ്രാമിന്‍റെ പഴയ യൂട്യൂബ് തപ്പിയെടുത്തു നോക്കി, ചൂണ്ടാന്‍ പറ്റിയ എന്തെങ്കിലുമുണ്ടോ എന്നറിയാന്‍..രമ തൊഴിലുറപ്പിനു പോയിരിക്കുന്നു. അവള്‍ ഇപ്പോള്‍ നേരേ കണ്ടാല്‍ തെറിയാണ്. മക്കള്‍ക്കാണെങ്കില്‍ ഒരു വിലയുമില്ല, അത് തന്‍റെ തന്നെയാണോ എന്നതാണ് സംശയം. 


    ജനുവരി 3, 2020


    ഇന്ന് ഞാന്‍ പുറത്തിറങ്ങിയില്ല. ഒരു സാധനം ചൂണ്ടിയിട്ടുണ്ട്. അതൊന്ന് മോഡിഫൈ ചെയ്ത് ആ തൊലിഞ്ഞ സംവിധായികയെ ഞെട്ടിക്കണം. സഹകളിക്കാരന്‍ രാജേഷ് വിളിച്ചിട്ടുണ്ട്. അവനുമായി ഡാലിയ ഹോട്ടലിന്‍റെ പിന്നാമ്പുറത്ത് പോയാല്‍ റിഹേഴ്സല്‍ നടക്കും.


    ജനിവരി 11, 2020


    ഇന്ന് കെക ചാനലിന്‍റെ കോമഡി ക്യാമ്പില്‍ ചെന്നു. ചൂണ്ടിയ സ്ക്രിപറ്റ് കാണിച്ചു. ഗ്രൂമേഴ്സും സംവിധായികയും പച്ചക്കൊടി കാണിച്ചു. ഒരു പണ്ടാരത്തി അരക്കെട്ടു പപ്പടം വില്‍ക്കാന്‍ തെരുവില്‍ വരുന്നതും പിള്ളേരും തെരുവുപട്ടികളും കൂടി പണ്ടാരത്തിയെ ഓടിക്കുന്നതുമാണ് കഥാ സന്ദര്‍ഭം. നേരത്തേ ഏതോ ഊളകള്‍ ചെയ്ത സാധനമാണ്.

    സാധനം മോഡിഫൈ ചെയ്ത് ഞങ്ങളങ്ങു വീശി.

    ചാനല്‍ എംഡി കുണ്ടന്‍ നായര്‍ ഹാപ്പിയായി.


    ജനുവരി 13, 2020


    രക്ഷയില്ലായിരുന്നു. ഇത് എവുതുന്നത് ഇടതുകൈ കൊണ്ടാണ്. കാരണം വലത്തേ കൈയ്യ് പണ്ടാരന്മാര്‍ തല്ലി ഒടിച്ചു. പൂങ്കൊടി കവലയില്‍ വച്ച് നാലഞ്ചു മുട്ടാളന്മാര്‍ പപ്പടം ഇടിക്കുന്ന ഇരുമ്പുകൈ കൊണ്ട് നല്ല പ്രയോഗമായിരുന്നു നടത്തിയത്. രാജേഷിനും കിട്ടി. ചാനല്‍ എംഡി. കുണ്ടനെ വീട്ടില്‍ കയറി തല്ലി എന്നും കേട്ടു. ഡോക്ടര്‍ രണ്ടാഴ്ച ബെഡ് റെസ്റ്റ് പറഞ്ഞിരിക്കുന്നു.


    ജനുവരി 30, 2020

    ഇന്ന് ഞാന്‍ കെക ചാനലില്‍ ചെന്നു. ബെഡ്റെസ്റ്റില്‍ കിടന്നുകൊണ്ട് ഒരു സാധനം ഞാന്‍ പെടച്ചിട്ടുണ്ട്. അതൊന്നു കാണിക്കണം. പക്ഷേ ഇനി മേലില്‍ ആ ചനലില്‍ എന്നോടു കാലു കുത്തരുതെന്ന് കുണ്ടന്‍ നായര്‍ ഓര്‍ഡറിട്ടുവത്രേ. ഞാന്‍ തിരികെ മണ്ടി. രമയുടെ സ്ഥിരം കലാപരിപാടികള്‍ ഇന്നും അരങ്ങേറി. മുട്ടുകാലിന് താഴെ നല്ല നീരുണ്ട്.


    ഫിബ്രവരി 5, 2020

    ഇന്ന് ചിഞ്ചുപിള്ളയുടെ ചാനലില്‍ ചെന്നു. രാജേഷുമുണ്ടായിരുന്നു. കോത്താഴം നസീറിന്‍റെ ടീമില്‍ ഒരു ചാന്‍സ് കിട്ടി. അവന്‍ ഒരു ജാഡത്തെണ്ടിയാണ്. എന്നാലും സഹിച്ചു. ഐറ്റമെടുത്തു കാച്ചി. ഒരു ഗുരുവിനെ ശിഷ്യന്മാര്‍ തേങ്ങക്കടിച്ചുകൊല്ലുന്നതും മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന പാട്ടിനൊപ്പിച്ച ഗുരു നാടോടി ന‍ൃത്തം കളിക്കുന്നതുമാണ് കോമഡി. സാധനം ചിഞ്ചുപിള്ളക്കും കോത്താഴം നസീറിനും രസിച്ചു. പ്രോഗ്രാം ചാനല്‍ അപ്രൂവ് കിട്ടി. മറ്റെന്നാള്‍ അതായത് ഫെബ്രുവരി ഏഴിന് കോമഡി സ്കിറ്റ് സംപ്രേഷണം ചെയ്യും.


    ഫെബ്രുവരി 8, 2020


    പുലര്‍ച്ചെയാണ് ഇത് എഴുതുന്നത്. അതുവരെ ഓടയില്‍ കിടക്കുകയായിരുന്നു. ഗുരുവിന്‍റെ ഒരു പത്തഞ്ഞൂറു പേരുണ്ടായിരുന്നു. തേങ്ങാ പൊതിക്കുന്ന ഉരുക്കുകൈകള്‍ കൊണ്ടുള്ള ഇടിയായിരുന്നു. രാജേഷ് രക്ഷപ്പെട്ടു. ഓടയില്‍ കിടന്ന് ഇടി മുഴുവന്‍ ഞാന്‍ കൊണ്ടു. ഒടുവില്‍ വെളുപ്പിനെങ്ങാണ്ട് പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതുകൊണ്ടൊന്നും ഞാന്‍ തോല്‍ക്കില്ല സുഹൃത്തുക്കളേ. എന്‍റെ പടയോട്ടം ഞാന്‍ തുടരും.


    ഫെബ്രുവരി 22, 2020

    ഇപ്പോള്‍ ആരോഗ്യം ഒരു വിധം നന്നായിട്ടുണ്ട്. ഒന്നു മെഴുത്തു എന്ന് എല്ലാവരും പറയുന്നുണ്ട്. ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ഞാന്‍ ഒരു സാധനം സ്ക്രിപ്റ്റാക്കി. നല്ല കിടിലന്‍ സാധനം. ഒരു പ്രവാചകനെ കുറിച്ചുള്ളതാണ്. കിടുക്കന്‍ കോമഡിയായിരിക്കും. ഇന്ന് തന്നെ ചിഞ്ചുപ്പിള്ളയേയും കോത്താഴം നസീറിനേയും വിവരമറിയിക്കണം.


    അതുകഴിഞ്ഞുള്ള പേജുകളൊക്കെ ശൂന്യമാണ്. ആലിഹുസൈന്‍റെ മുഖം വിവര്‍ണമായി. ഇവന്‍ കൊത്തിക്കൊത്തി മുറത്തേക്കേറി കൊത്തുവാണല്ലോ. എന്നിട്ട് ആ കോമഡി സ്കിറ്റ് റിലീസായോ. അങ്ങനെയാണേല്‍ അവന്‍റെ വാക്കരി ഞാന്‍ തന്നെയിട്ടേക്കാം. ആലിഹുസൈന്‍ ആ മിമിക്രിക്കാരന്‍റെ വീട്ടില്‍ ചെന്നു അയാളുടെ ഭാര്യ രമയോട് തിരക്കി

    - ഈ മിമിക്രിക്കാരന്‍ എവിടെയുണ്ട്.

    -താന്‍ ചെന്നന്വേഷിക്ക്. എനിക്കറിയാന്‍ മേല, കഴിഞ്ഞ കൊറോണക്കാലത്തിന് മുമ്പ് ഏതോ മിമിക്രിക്കാരന്‍ കോത്താഴം നസീറിനെ കാണാനെന്നു പറഞ്ഞിറങ്ങിയതാ. ഇതുവരെ ഒരു വിവരോമില്ല. അയാളുടെ സ്വഭാവം വച്ചിട്ട് ആരേലും തല്ലിക്കൊന്ന് എവിടേലും കുഴിച്ചിട്ടുകാണും...നാറി.

    ഭാര്യ പല്ലിറുമ്മിക്കൊണ്ട് അകത്തേക്കു കയറിപ്പോയി.

    ആലി ഹുസൈന്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് വീട്ടിലേക്കു നടന്നു.

    മിമിക്രിക്കാരന്‍റെ ഡയറി ഒരു കോമഡി പുസ്തകമായി അയാളുടെ കക്ഷത്തില്‍ ഇരുന്നു.   


    കഥ വിനോദ് നാരായണന്‍

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    About Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിന്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാര്‍ത്തകളേയും വിവരങ്ങളേയും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വിജ്ഞാനപ്രദവും വിനോദകരവുമായ കഥ, കവിത മുതലായ സാഹിത്യസൃഷ്ടികളുടേയും പ്രസിദ്ധീകരണം ലക്ഷ്യമിട്ടുള്ളതാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇവിടെ അവസരവും ലഭിക്കുന്നു. എഴുത്തുകാര്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ഇമെയിലിലേക്ക് അയക്കുക.

    Contact Us

    കട്ടന്‍ചായ മലയാളം ഓണ്‍ലൈന്‍ മാഗസിനുമായി ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം താഴെ കൊടുക്കുന്നു. boonsenter@gmail.com

    കോൺടാക്റ്റ് ഫോം

    നാമം

    ഇമെയില്‍ *

    സന്ദേശം *