മംഗളാദേവിയിലേക്കുള്ള ഓരോ യാത്രയും പൗരാണികമായ ദ്രാവിഡസ്മൃതികളിലേക്കുള്ള കയറ്റങ്ങളാണ്. തമിഴ്നാടും കേരളവുമായി അതിര്ത്തിപങ്കിടുന്ന സഹ്യപര്വ്വത നിരകളില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കുമളിയില്‍ നിന്ന് തേക്കടി വനത്തിലൂടെ പതിമൂന്ന് കിലോമീറ്റര്‍ മലകയറിയാല്‍ മംഗളാ ദേവിയിലെത്താം. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പെരിയാര്‍ വനം. മലമുകളില്‍ തമിഴ്നാട് അതിര്ത്തിയിലാണ് മംഗളാദേവി. വര്ഷത്തിലൊരിക്കല്മാത്രമെ മംഗളാ ദേവിയുടെ നട തുറക്കു. നട ഒരു സങ്കല്പ്പമാണ്. ഇടിഞ്ഞുതകര്ന്ന ക്ഷേത്ര സ്മാരകം. നൂറ്റാണ്ടുകളുടെ സ്മൃതിയും ചരിത്രവും ആലേഖനം ചെയ്ത ശിലാസ്മാരകങ്ങള്‍.
ചിത്രാ പൗര്ണ്ണമി ദിവസം അതീവ രാവിലെ തമിഴകത്തുനിന്നും കണ്ണകി ഭക്തര്‍ മലങ്കോട്ട കയറി സംഘം സംഘമായി മംഗളാ ദേവിയിലെത്തും. കേരളത്തില്‍ നിന്നുള്ള യാത്ര കുറച്ചുകൂടി അനായാസമാണ്. കുമളിയില്‍ ബസ്സിറങ്ങിയാല്‍ മംഗളാദേവി മലമുകലിലേക്കുള്ള ജീപ്പുകളുടെ നീണ്ട നിര. കുമളിയില്‍ നിന്ന് പുറപ്പെട്ട് തേക്കടി കവലയില്നിന്നും ഇടത്തോട്ട് തിരിഞ്ഞ് കാട്ടുപാതയിലേക്കെത്തിയാല്‍ പിന്നെ റോഡ് ഒരു സങ്കല്പ്പമാണ്. കാല് നടയായി മല കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും സംഘങ്ങള്‍ വന്നും പോയുമിരിക്കും. ദുര്ഘടമായ വഴിയിലൂടെ കുത്തനെയുള്ള കയറ്റം. പൊടിപടലങ്ങള്‍ പറത്തിയാണ് ജീപ്പുകല്‍ കിതച്ചു കയറുന്നത്. കാല്നടയാത്ര രസകരമാവാമെങ്കിലും സുരക്ഷിതമല്ലെന്നാണ് വനപാലകര്‍ പറയുന്നത്. പെരിയാര്‍ വനത്തിന്റെ ഉള്മേഖലയിലൂടെയാണ് കുന്നുകയറുന്നത്. വാഹനങ്ങളുടെയും ജനങ്ങളുടെയും ബഹളത്തില്‍ അരക്ഷിതരും അസ്വസ്ഥരുമായിരിക്കും വന്യമൃഗങ്ങള്‍.
കണ്ണകിയുടേയും കോവലന്‍റേയും കഥ പറയുന്ന ചിലപ്പതികാരം നോവലെറ്റ് ആമസോണ്‍ കിന്‍ഡില്‍ എഡിഷന്‍ ലഭ്യമാണ്. Click here
ചോളരാജ്യ തലസ്ഥാനമായ കാവേരി പൂംപട്ടണത്തെ പേര്കൊണ്ട നാവികന്റെ മകളായിരുന്നു കണ്ണകി. പട്ടണത്തിലെ ഒരു മഹാസാര്ത്ഥവാഹകന്റെ മകനായിരുന്നു കോവലന്‍. ഇരുവരും വിവാഹിതരായി. സുഖമായി പാര്ത്തു. അക്കാലത്താണ് കാവേരി പട്ടണത്ത് പ്രശസ്ത നര്ത്തകിയായ മാധവിയുടെ നൃത്തം നടന്നത്. മാധവിയില്‍ അനുരക്തനായ കോവലന്‍ കണ്ണകിയെ മറന്നു. അവള് ഏകാകിയും ദുഃഖിതയുമായി. നര്ത്തകിയുടെ പിന്നാലെ പോയ കോവലന്‍ ദരിദ്രനായി തിരിച്ചെത്തി. തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു. കച്ചവടം ചെയ്ത് വീണ്ടും സുഖമായൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനുള്ള മൂലധനം സംഘടിപ്പിക്കുന്നതിനായി കണ്ണകിയുടെ കാലിലെ രണ്ട് ചിലമ്പുകളില്‍ ഒന്ന് വില്ക്കാന് നിശ്ചയിച്ചു. ചിലമ്പുമായി മധുരയിലെത്തിയ കോവലനെ തട്ടാന്‍ ചതിച്ചു. കൊട്ടാരത്തില്‍ നിന്ന് കാണാതപോയ ചിലമ്പ് കോവലന്‍ മോഷ്ടിച്ചതാണെന്നു വന്നു. പാണ്ഡ്യരാജാവ് നെടുഞ്ചേവിയന്റെ ഉത്തരവുപ്രകാരം ഭടന്മാര് കോവലനെ വെട്ടിക്കൊന്നു. ഭര്ത്താവിനെ കൊന്നതറിഞ്ഞ നെഞ്ചുതകര്ന്ന കണ്ണകി കൊട്ടാരത്തിലെത്തി. അനാഥയായ കണ്ണകിയുടെ നീണ്ടിടംപെട്ട കണ്ണുകളില്‍ നിന്ന് ഇടമുറിയാതെ കണ്ണീര് വാര്‍ന്നു. കണ്ണുനീര് ചൊരിഞ്ഞ് പാണ്ഡ്യരാജാവിന്റെ ആയുസൊടുക്കിയ കണ്ണകിയുടെ കോപം അവിടെയും അവസാനിച്ചില്ല. 'മണി മുലൈയൈ വട്ടിത്തു, വിട്ടാളെറിന്താള്‍ വിളങ്കിഴൈയാള്..' എന്ന് ചിലപ്പതികാരം. മുലപറിച്ചെറിഞ്ഞ് കുലംമുടിച്ച് മധുരാനഗരം അഗ്നിക്കിരയാക്കി ഏകാകിയും ദുഃഖിതയുമായ കണ്ണകി വൈഗ തീരത്തുകൂടി പടിഞ്ഞേറേക്കു നടന്നു. മലനാട്ടിലുള്ള തിരുചെങ്കുന്ന് മലകയറി ഒരു വേങ്ങ മരച്ചോട്ടില്‍ നിന്നു. പതിനാലാം ദിവസം പകല്‍ പോയപ്പോള്‍ അവിടെ പ്രത്യക്ഷനായ കോവലനൊന്നിച്ച് വ്യോമയാനമേറി സ്വര്ഗ്ഗം പ്രാപിച്ചു എന്നാണ് കഥ.
ചേര രാജാവായ ചെങ്കുട്ടുവന് ഹിമാലയത്തില്‍ നിന്ന് ശിലകൊണ്ടുവന്ന്, ശില്പശാസ്ത്രത്തില് മറുകരകണ്ട കര്മ്മ കുശലന്മാരാല് കണ്ണകീ ബിംബം നിര്മ്മിച്ച്, വിശിഷ്ടങ്ങളും രുചിരങ്ങളുമായ ആഭരണങ്ങള്‍ മുടി മുതല്‍ അടിയോളം ചാര്ത്തി, ദിഗ്ദേവതകളെ കാവല്‍ നിര്‍ത്തി, ഹോമവും ഉല്സവവും ദിനംതോറും നടന്നുവരുമാറ് ഏര്പ്പാട് ചെയ്ത്, പ്രതിഷ്ഠ നടത്തിക്കൊള്‍വിന്‍ എന്ന് ഉത്തരദിക്കിലെ അരചന്മാരെ തലകുനിച്ച്, രാജസിംഹമായ ചെങ്കുട്ടുവന് അരുളി ചെയ്തു.' എന്നാണ് ചിലപ്പതികാരം ബിംബപ്രതിഷ്ഠാപനത്തില്‍ (നടുകര്കാതൈ) പറയുന്നത്.
കൊടും വനത്തിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ആരോരുമറിയാതെ അജ്ഞാതമായിക്കിടന്ന ഈ കല്ലു ക്ഷേത്രം എങ്ങനെയാകും പുറം ലോകമറിഞ്ഞത് എന്ന സംശയം ഇവിടെയെത്തുന്ന ഏതൊരാൾക്കുള്ളിലും മിന്നിമായുമെന്നുറപ്പാണ്.
ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്ക്കത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് മദ്രാസ് പ്രസിഡന്സി ക്ഷേത്രത്തിന് മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തിരുവിതാംകൂര്‍ എതിര്‍ത്തതോടെ സര്വ്വേ നടപടികള്‍ ആരംഭിച്ചു. 1817ല്‍ നടന്ന സര്വ്വേ അനുസരിച്ച് ക്ഷേത്രവും പരിസരവും പൂര്ണ്ണമായും തിരുവിതാകൂറിന്റേതാണെന്ന് വന്നു. ഇതിനത്തുടര്ന്ന് അസ്തമിച്ച തര്ക്കം 1979ല്‍ വീണ്ടും സജീവമായി. തമിഴ്നാട് ക്ഷേത്രത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. ജി. ആറിന് ക്ഷേത്ര ദര്ശനം നടത്താന്‍ മംഗളാദേവിയില്‍ ഹെിലിപ്പാട് നിര്‍മ്മിക്കാന്‍ തമിഴ്നാടിന്റെ നീക്കമാണ് വിവാദമയത്. അതോടെ കേരള - തമിഴ്നാട് അതിര്‍ത്തിയില്‍ സംഘര്‍ഷമായി.
1981ല്‍ വീണ്ടും സര്വ്വേ നടത്തി. ക്ഷേത്രവും അവശിഷ്ടങ്ങളും കാണപ്പെടുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ 62 സെന്റ് ഭൂമി പൂര്ണ്ണമായും കേരളത്തിന്റേതാണെന്നു സര്വ്വേ റിപ്പോര്ട്ട് വന്നു. അന്നൊടുങ്ങിയ വിവാദം 1991ല്‍ വീണ്ടും തലപൊക്കി. ഇക്കുറി കരുണാനിധിയാണ് ക്ഷേത്രത്തിനുവേണ്ടി രംഗത്തുവന്നത്. ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയും തമിഴ്നാട് അനുവദിച്ചു. 101 പടവുകളുള്ള ശിലാക്ഷേത്രവും ഗൂഡല്ലൂരില്‍ നിന്ന് മംഗളാദേവി വരെ റോഡും നിര്മ്മിക്കാനായിരുന്നു പദ്ധതി. ഇതേ തുടര്ന്ന് തമിഴ്നാട്ടില്‍ നിന്നും ആളുകള്‍ കാട്ടുപാതയിലൂടെ വ്യാപകമായി മംഗളാദേവിയിലേക്ക് എത്തിത്തുടങ്ങി. മലമുകളില്‍ കേരളാ പോലീസും വനംവകുപ്പും വന്സന്നാഹമൊരുക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞു. ഒടുവില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാതകള്‍ അടച്ചു. പ്രവേശനം നിരോധിച്ചു. ആ നില ഇപ്പോഴും തുടരുകയാണ്. വര്‍ഷത്തിലൊരിക്കല്‍ ചിത്തിരമാസത്തിലെ പൗര്ണ്ണമി നാള് ക്ഷേത്രം പൂജക്കായി തുറക്കും. അന്ന് സൂര്യന് അസ്തമിക്കുന്നതോടെ ഉല്സവം അവസാനിക്കുകയും ചെയ്യും.
മലമുകളില്‍ വീണ്ടും ഏകാകിതയില്‍ കണ്ണകി... പൗരാണികമായൊരു വിഷാദത്താല്‍ കാട് ഘനമൗനത്തിലാണ്ടു.
ബി. ഉമാദത്തന്‍, കായംകുളം
കൂടുതല്‍ യാത്രാ വിവരണങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ